സൗഹൃദ സംഗമം - വാണിവിശ്വനാഥും പൊന്നമ്മബാബുവും
വര്‍ഷങ്ങളായുള്ള സൗഹൃദം പങ്കിടുന്ന വാണിവിശ്വനാഥും പൊന്നമ്മബാബുവും 'നാന'യ്ക്കൊപ്പം
മലയാള പ്രേക്ഷകര്‍ക്ക് വാണിവിശ്വനാഥ് എന്നുപറയുന്നത് വളരെ കരുത്തുറ്റ ഒരു നായികയാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ വാണി കരുത്തുറ്റ ഒരു സ്ത്രീ തന്നെയാണോ?
ഒരിക്കലുമല്ല. അഭിനയത്തിന് മാത്രമേ ശക്തിയുള്ളൂ. യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ അത്ര പവര്‍ഫുള്‍ ഒന്നുമല്ല. പക്ഷേ എന്തെങ്കിലും തിരിച്ചടികള്‍ വരുമ്പോഴോ തെറ്റായ ആരോപണങ്ങള്‍ ഉണ്ടാകുമ്പോഴൊക്കെ പ്രതികരിക്കാന്‍ ഒരു ശക്തിക്കുറവുമില്ല.
എന്‍റെ അച്ഛന്‍ എനിക്ക് ചെറുപ്പം മുതലേ എം.ജി.ആറിന്‍റേയും ബ്രൂസിലിയുടെയും രജനികാന്തിന്‍റെയും ഒക്കെ സിനിമകളാണ് കാണിച്ചുതന്നിരുന്നത്. ഞാന്‍ പണ്ടുതൊട്ടേ ഒരു ഹീറോ ആണെന്ന് ഭാവിച്ചു. എനിക്ക് ഹീറോയിന്‍ ആവേണ്ടായിരുന്നു. എനിക്ക് നായികമാരേക്കാളും നായകന്മാരോടാണ് ഇഷ്ടം. എന്‍റെ വെല്ലുവിളി നായികയല്ല, നായകന്മാരാണ്. ലാലേട്ടന്‍റെ കൂടെ അഭിനയിച്ചപ്പോഴും മമ്മൂക്കയുടെ കൂടെ അഭിനയിച്ചപ്പോഴും ഒക്കെ ഞാന്‍ അവരെ ശ്രദ്ധയോടെ വീക്ഷിക്കും.

അപ്പോള്‍, ഒരു സ്ത്രൈണത നിറഞ്ഞ വേഷം അതായത് ഒരു നാടന്‍ പെണ്‍കുട്ടി- ഗ്രാമീണ ശൈലിയിലുള്ള യുവതിയുടെ വേഷമൊക്കെ കിട്ടുന്നത് എങ്ങനെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്?
കമലഹാസന്‍ സാറിന് അവ്വയ് ഷണ്‍മുഖി വേഷം കിട്ടിയ പോലെയായിരുന്നു. ഭയങ്കര ബുദ്ധിമുട്ടായിരുന്നു ചെയ്യാന്‍. സ്വര്‍ണ്ണകിരീടം ഒക്കെ ചെയ്യുന്ന സമയത്ത് ഒക്കെ ആ വേഷം ഭയങ്കര സോഫ്റ്റ് ആയ കഥാപാത്രമാണല്ലോ. എന്നെക്കൊണ്ട് സത്യം പറഞ്ഞാല്‍ അതൊക്കെ ചെയ്യാന്‍ റിസ്കാണ്.
റൈഫിള്‍ ക്ലബ്ബിലെ വേഷം വാണിക്ക് വേണ്ടി മാത്രം എഴുതിയത് പോലെയുണ്ട്...?
അതെ. ആ വേഷവും എന്‍റെ ഡയലോഗും ഒക്കെ വാണി വിശ്വനാഥുമായി കൂടുതല്‍ കണക്റ്റാണ്. അവരെന്നെ സിനിമയിലേക്ക് വിളിക്കുമ്പോള്‍ ഈ ഡയലോഗിനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ അത് ഭയങ്കര ക്ലിക്കായി. എനിക്ക് പകരം ആ സിനിമയില്‍ വേറെ ഒരു കഥാപാത്രത്തെ കാണാന്‍ കഴിയില്ല എന്ന് പ്രേക്ഷകര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ വളരെ സന്തോഷമാണ് തോന്നുന്നത്.
വാണിവിശ്വനാഥ് റൈഫിള്‍ ക്ലബ്ബിലേക്ക് വരുന്നു എന്ന് കേട്ടപ്പോള്‍ എന്താണ് പൊന്നമ്മയ്ക്ക് തോന്നിയത്?
പൊന്നമ്മ: എനിക്കും വാണിക്കും വര്‍ഷങ്ങളായുള്ള ബന്ധം ആണുള്ളത്. 1998 തൊട്ടുള്ള ബന്ധം. കുറച്ച് സിനിമകള്‍ ചെയ്തതിനുശേഷം വാണി വിവാഹിതയായി. പിന്നെ അങ്ങനെ സംസാരിച്ചിരുന്നില്ല. തിരിച്ച് ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം വരുമ്പോള്‍ ഞാന്‍ ഏത് വാണിയാണോ മുന്നേ കണ്ടത് അതേ വാണി തന്നെയായിരുന്നു ഇപ്പോഴും.

പൊന്നമ്മയ്ക്ക് എന്ത് മാറ്റമാണ് ഇത്ര വര്‍ഷം കൊണ്ട് ഉണ്ടായത്? വാണിക്ക് എന്ത് തോന്നുന്നു?
വാണി: ഞങ്ങള്‍ അത്ര ക്ലോസ് ആയിരുന്നു. അത് ഒന്നുകൂടെ കൂടി എന്നെ പറയാനുള്ളൂ. എന്‍റെ എല്ലാ കാര്യങ്ങളും സെറ്റില്‍ ആണെങ്കിലും ചേച്ചി ശ്രദ്ധിക്കും. ഭയങ്കര സ്നേഹമാണ് ചേച്ചിക്ക് എന്നോട്.
എങ്ങനെയാണ് ന്യൂജന്‍ സിനിമയായ റൈഫിള്‍ ക്ലബ്ബിലെ വേഷം ചെയ്തത്?
പൊന്നമ്മ: വളരെ സന്തോഷത്തോടെ ആണ് അത് ചെയ്തത്. എന്‍റെ കഥാപാത്രത്തിന് നല്ല സ്വീകരണം ലഭിച്ചു. തോക്കുമായുള്ള കളികള്‍ ഒക്കെ ആദ്യമായിട്ടാണ്. ഞാന്‍ ഒരു കളിത്തോക്ക് പോലും എടുത്തിട്ടില്ല. ഭയങ്കര കനം ആയിരുന്നു അതിന്. ഒരുപാട് കഷ്ടപ്പെട്ടെങ്കിലും സീന്‍ ഒക്കെ അടിപൊളി ആയി.
വാണി: ന്യൂജെന്‍പടം ആണെന്ന് തോന്നിയില്ല. സത്യം പറഞ്ഞാല്‍. ഹിറ്റ്ലര്‍ സിനിമയുടെ സെറ്റില്‍ ഞങ്ങല്‍ അങ്ങനെയായിരുന്നു. അതുപോലെതന്നെയായിരുന്നു ഭയങ്കര ടൈറ്റ് ഷൂട്ട് ആയതുകൊണ്ട് സെറ്റ്
മുഴുവന്‍ നല്ല രസമായിരുന്നു. നന്നായി ഭക്ഷണം കഴിക്കുക, വിനോദ പരിപാടികള്‍ ചെയ്യുക, കുറെയധികം സംസാരിക്കുക അങ്ങനെയായിരുന്നു മുഴുവന്‍സമയ സെറ്റ്.
വാണിവിശ്വനാഥ് ചെയ്ത സിനിമകളില്‍ പൊന്നമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷങ്ങള്‍?
പൊന്നമ്മ: റൈഫിള്‍ ക്ലബ്ബ് എനിക്ക് ഇഷ്ടമാണ്. സ്വര്‍ണ്ണകിരീടം, മാന്നാര്‍ മത്തായി, ഒക്കെ ഇഷ്ടമാണ്. വാണിയോട് ഇനിയും ഒരുപാട് സിനിമകള്‍ ചെയ്യാന്‍ ആണ് ഞാന്‍ പറയുന്നത്.

വാണിവിശ്വനാഥിനെ അധികം പുറത്ത് കാണാറില്ല എന്ന് പറയാറുണ്ട്..?
ഞാന്‍ പണ്ടുതൊട്ടേ അങ്ങനെയാണ്. വിവാഹം കഴിഞ്ഞതിനുശേഷം കുറച്ചൊക്കെ മക്കള്‍, കുടുംബം അങ്ങനെ ആയി. പിന്നെ അന്നുതന്നെ ഞാന്‍ അധികം പുറംലോകത്തേയ്ക്ക് ഒന്നും ഇടപെടാറില്ല. എന്തെങ്കിലും ഉദ്ഘാടനം ഒക്കെ ഉണ്ടെങ്കില്‍ പോകും. അത്രയേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ആണെങ്കിലും സോഷ്യല്‍മീഡിയ ഒന്നും ഞാന്‍ ഉപയോഗിക്കില്ല.