വരുണ്‍ ദയാലന്‍ എന്ന കഥാപാത്രത്തിന് വേണ്ടി ഞാന്‍ പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല... -ജോണ്‍ കൊക്കന്
Highlights
തിയേറ്ററുകളല്‍ വലിയ തരംഗം സൃഷ്ടിച്ച തമിഴ് ചിത്രം ബ്ലാസ്റ്റിലൂടെ മലയാളികളുടെയും പ്രിയങ്കരനായി മാറിയിരിക്കുകയാണ് ജോണ്‍ കൊക്കന്‍. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ വരുണ്‍ ദയാലനെ മികച്ച രീതിയില്‍ അവതരിപ്പിച്ച ജോണ്‍ സിനിമയെക്കുറിച്ചും തന്‍റെ കരിയറിനെക്കുറിച്ചും സംസാരിക്കുന്നു.
ബ്ലാസ്റ്റിലെ വരുണ്‍ ദയാലന്‍ എന്ന കഥാപാത്രത്തിലേക്ക് എങ്ങനെയാണ് എത്തിപ്പെട്ടത്?
വരുണ്‍ ദയാലന്‍ എന്ന കഥാപാത്രത്തിന് വേണ്ടി ഞാന്‍ പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല. അമല്‍നീരദ് സാറിന്‍റെ സിനിമകള്‍ ഞാന്‍ ഒരുപാട് കാണാറുണ്ട്. പ്രത്യേകിച്ച് എന്‍റെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ 'ഭീഷ്മപര്‍വ്വം.' അദ്ദേഹത്തിന്‍റെ സിനിമകളിലെ സ്റ്റൈല്‍ ഫാക്ടറുകളില്‍ നിന്നൊക്കെ ഞാന്‍ ഒരുപാട് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്.
ബ്ലാസ്റ്റിന്‍റെ സംവിധായകന്‍ സുഭാഷിനെ മീറ്റ് ചെയ്തപ്പോഴാണ് എന്നോട് ഇങ്ങനെ ഒരു കഥാപാത്രമുണ്ടെന്ന് പറയുന്നത്. നല്ല താല്‍പ്പര്യം തോന്നുന്ന, അല്‍പ്പം വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു അത്. ഞാന്‍ ഇതുവരെ വര്‍ക്ക് ചെയ്തതില്‍ വെച്ച് ഏറ്റവും പ്രായം കുറഞ്ഞ, എന്നാല്‍ വളരെയധികം പ്രതിഭയുള്ള ഒരു സംവിധായകനാണ് സുഭാഷ്. വളരെ രസകരമായിരുന്നു ആ അനുഭവം.
സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് വരുണ്‍ ദയാലനോട് ഒരു വെറുപ്പ് തോന്നും. അത്രയും നെഗറ്റീവായ ഒരു കഥാപാത്രത്തെ എങ്ങനെയാണ് ഇത്രയും തന്മയത്വത്തോടെ അവതരിപ്പിച്ചത്?
ആ കഥാപാത്രം അങ്ങനെയായിരുന്നു. എന്നാല്‍ അതിലേക്ക് അല്‍പ്പം സ്റ്റൈലും സ്വാഗും ഒക്കെ കൊണ്ടുവന്ന് കുറച്ചുകൂടി സട്ടില്‍ ആയാണ് ഞങ്ങള്‍ അത് ചെയ്തത്. വളരെ ശാന്തനായ, കൂളായ ഒരു വില്ലന്‍! സാധാരണ സിനിമകളില്‍ കാണുന്നതുപോലെ 'ആ... ഊ...' എന്നൊക്കെയുള്ള അലര്‍ച്ചകളോ ആക്ഷനുകളോ ഇല്ലാതെ കാര്യങ്ങള്‍ വളരെ കൂളായി കൈകാര്യം ചെയ്യുന്ന ഒരാള്‍. എന്നാല്‍ സിനിമയുടെ അവസാനത്തോടടുക്കുമ്പോള്‍ അയാള്‍ക്ക് ആ നിയന്ത്രണം നഷ്ടപ്പെടുന്നുണ്ട്. അയാള്‍ക്ക് ആ കഥാപാത്രത്തിലൂടെ ആറായിരം കോടിയുടെ റിസ്ക്കാണ് ഉള്ളത്. അതിനുവേണ്ടിയാണ് അയാള്‍ ഇതെല്ലാം ചെയ്യുന്നത്. ആറായിരം കോടിയുടെ സ്വപ്നം കണ്ടിരിക്കുന്ന, അതിനായി എന്തും ചെയ്യാന്‍ മടിക്കാത്ത, അതീവ അഭിലാഷിയായ ഒരു മനുഷ്യനാണയാള്‍. അതുകൊണ്ടുതന്നെയാണ് പ്രേക്ഷകര്‍ക്ക് അയാളോട് വെറുപ്പ് തോന്നുന്നത്.
വരുണ്‍ ദയാലന്‍റെ ആ 'സ്റ്റൈലിഷ് ലുക്ക്' എങ്ങനെയാണ് ക്രിയേറ്റ് ചെയ്തത്?
സംവിധായകന്‍റെ ദീര്‍ഘവീക്ഷണത്തിലുള്ള ആ ലുക്ക് പൂര്‍ണ്ണമായും ക്രിയേറ്റ് ചെയ്തത് സംവിധായകന്‍ സുഭാഷാണ്. കഥാപാത്രത്തിന് ഇങ്ങനെയൊരു ലുക്കും സ്റ്റൈലും വേണമെന്ന് പുള്ളിക്കാരന് നിര്‍ബന്ധമുണ്ടായിരുന്നു. നമ്മുടെ നടത്തത്തിലും ഇരിപ്പിലും ഒക്കെ ഒരു പ്രത്യേക അതോറിറ്റിയും സ്റ്റൈലും കൊണ്ടുവരാന്‍ ശ്രദ്ധിച്ചിരുന്നു.
ധരിക്കുന്ന ഗ്ലാസ്, ക്ലൈമാക്സില്‍ ആ ഗ്ലാസ് എറിയുന്ന രീതി എന്നിവയെല്ലാം വളരെ സ്റ്റൈലിഷായി ചെയ്യണമെന്ന് സംവിധായകന് ഉണ്ടായിരുന്നു. അദ്ദേഹം എന്നില്‍ നിന്ന് പ്രതീക്ഷിച്ച കാര്യങ്ങള്‍ മാക്സിമം നന്നായി ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.
ബ്ലാസ്റ്റിന് കേരളത്തില്‍ ഇത്രയും വലിയൊരു സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
സത്യം പറഞ്ഞാല്‍ ഞങ്ങള്‍ ആരും ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. തമിഴ്നാട്ടില്‍ റിലീസ് ചെയ്ത സമയത്തുപോലും ഞങ്ങള്‍ക്ക് സ്ക്രീനുകള്‍ വളരെ കുറവായിരുന്നു. എന്നാല്‍ ആദ്യത്തെ ഒന്നുരണ്ട് ദിവസങ്ങള്‍ക്കുശേഷം നല്ല അഭിപ്രായങ്ങള്‍ വരാന്‍ തുടങ്ങി. തിയേറ്ററുകളില്‍ ആളുകള്‍ കൂടുകയും സ്ക്രീനുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
അതിനുശേഷമാണ് കേരളത്തിലും ആളുകള്‍ ഈ സിനിമയെക്കുറിച്ച് റീലുകള്‍ ഒക്കെ ചെയ്യാന്‍ തുടങ്ങിയ വിവരം ഞങ്ങള്‍ അറിയുന്നത്. ഇന്‍സ്റ്റഗ്രാം തുറന്നാല്‍ ബ്ലാസ്റ്റിനെക്കുറിച്ചുള്ള റീലുകളാണ്. സാധാരണക്കാരായ പ്രേക്ഷകര്‍ ഈ സിനിമയെ ഏറ്റെടുക്കുകയും മറ്റുള്ളവരോട് കാണാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. കേരളത്തില്‍ ഇത് ഇത്ര വലിയ വിജയമാകുമെന്ന് കരുതിയതേയില്ല.