മമ്മൂക്ക ഞങ്ങള്‍ക്കെല്ലാം വല്ല്യേട്ടന്‍ (പ്രൊഡക്ഷന്‍ ബോയ്സ് (പദയാത്ര മൂവി ലൊക്കേഷന്‍))
മലയാള സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ പണ്ടുകാലം മുതലെ ഫുഡ് നല്‍കുന്നതിന് പതിവായുള്ള ഒരു രീതിയുണ്ട്. ആ രീതികള്‍ അവലംബിച്ചാണ് ഇന്നും മലയാള സിനിമയുടെ ചിത്രീകരണം എവിടെയും നടക്കുന്നത്.
അതിരാവിലെ ഹോട്ടലുകളില്‍ താമസിക്കുന്ന എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്നീഷ്യന്‍സിനും ചായ കൊടുക്കുന്നു. ഏഴര, എട്ടുമണിയോടെ ബ്രേക്ക്ഫാസ്റ്റ്, പത്തുമണിയോടെ ചായയും ബിസ്ക്കറ്റും, അക്കൂട്ടത്തില്‍ നാരങ്ങാജൂസ്, തണ്ണിമത്തന്‍ ജൂസ്, വേണ്ടവര്‍ക്ക് അതും നല്‍കും. ഉച്ചയ്ക്ക് ഒരു മണിയോടെ ലഞ്ച് ബ്രേക്ക് പറഞ്ഞാല്‍ ഊണും ചപ്പാത്തിയും കൊടുത്തുതുടങ്ങും. ഊണിനുശേഷം ഏറെ വൈകാതെ ലെമണ്‍ ടീ. നാലുമണി കഴിഞ്ഞാല്‍ ചായയും സ്നാക്സും. വൈകിട്ട് കഞ്ഞിയോ ചപ്പാത്തിയോ ഇഷ്ടമനുസരിച്ച് നല്‍കും. ഇതാണ് രീതി.
സിനിമയില്‍ അണിയറപ്രവര്‍ത്തകര്‍ പല വിഭാഗക്കാരുണ്ടല്ലോ. ഇക്കൂട്ടരെ പ്രൊഡക്ഷന്‍ ബോയ്സ് എന്ന് വിളിക്കുന്നു. ഒരു സിനിമയുടെ ചിത്രീകരണം തുടങ്ങിയാല്‍ ആദ്യം ഉണരേണ്ടവരും വൈകി ഉറങ്ങുന്നവരും ഈ പ്രൊഡക്ഷന്‍ ബോയ്സാണെന്ന കാര്യം ശ്രദ്ധേയമാണ്.
ഇത്രയും കാര്യങ്ങള്‍ പറഞ്ഞുവന്നത് പ്രൊഡക്ഷന്‍ രംഗത്തെ ഏതാനും പേരെ പരിചയപ്പെടുത്താന്‍ വേണ്ടിയാണ്.
തിരുവനന്തപുരം മണക്കാട് സ്വദേശിയായ അനി കഴിഞ്ഞ 35 വര്‍ഷങ്ങളായി സിനിമാരംഗത്ത് പ്രൊഡക്ഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ്. അനിയുടെ ഏറ്റവും പുതിയ സിനിമ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുകയും മമ്മൂട്ടി നായകനാകുകയും ചെയ്യുന്ന 'പദയാത്ര'യാണ്.
സിനിമ കണ്ടുകണ്ട് സിനിമയോട് മോഹമുണ്ടായിരുന്ന അനിക്ക് പക്ഷേ, അഭിനയിക്കാനുള്ള താല്‍പ്പര്യങ്ങളൊന്നുമില്ലായിരുന്നു. സിനിമാരംഗത്ത് ഒരു ജോലി വേണമെന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ജയന്‍ അഭിനയിച്ച സിനിമകളെല്ലാം ആദ്യദിവസം തന്നെ ആദ്യത്തെ ഷോ കാണുമായിരുന്നു. പിന്നെ, നസീര്‍സാര്‍, മധുസാര്‍, തിക്കുറുശ്ശിച്ചേട്ടന്‍, ഭാസിച്ചേട്ടന്‍ തുടങ്ങി, സുകുമാരന്‍, സോമന്‍, മമ്മൂട്ടി, മോഹന്‍ലാല്‍... തുടങ്ങിയവരുടെയെല്ലാം സിനിമകള്‍ കണ്ടുകണ്ടാണ് സിനിമയ്ക്കുള്ളില്‍ ഏതെങ്കിലും രംഗത്ത് എന്തെങ്കിലും ജോലി ചെയ്യണമെന്ന് ആഗ്രഹിച്ചത്. ഒരു സുഹൃത്ത് മുഖേന അങ്ങനെ എത്തിപ്പെടുകയും ചെയ്തു.
ഐ.വി. ശശി, ഭരതന്‍, ജോഷി സാര്‍... തുടങ്ങിയവരുടെ ഒട്ടുമിക്ക സിനിമകളിലും വര്‍ക്ക് ചെയ്തിട്ടുണ്ട്. അഭിനയമോഹം ഇല്ലായിരുന്നുവെങ്കില്‍ പ്പോലും ചില സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദിലീപിനൊപ്പം പാട്ടുസീനില്‍വരെ അഭിനയിച്ചിട്ടുണ്ടെന്നാണ് അനി പറഞ്ഞത്. ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയായിരുന്നുവെന്നും അതില്‍ സെന്‍ട്രല്‍ ജയിലിലെ ഒരു പോലീസുകാരനായിട്ടാണ് അഭിനയിച്ചതെന്നും അത് സംവിധായകന്‍ വിനയന്‍ സാര്‍ പറഞ്ഞിട്ട് അഭിനയിച്ചതാണെന്നും അനി പറഞ്ഞു.
വര്‍ഷങ്ങള്‍ക്കുമുമ്പ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ദിവസേനയുള്ള ഫുഡ്ഡിന്‍റെ കാര്യങ്ങള്‍ ശ്രദ്ധിക്കുമായിരുന്നുവെന്നും ആ ജോലി ഉത്തരവാദിത്തത്തോടെയും അവരുടെ ഇഷ്ടങ്ങളും താല്‍പ്പര്യങ്ങളും അനുസരിച്ച് ചെയ്യുമായിരുന്നുവെന്നും അനി ഓര്‍മ്മിക്കുന്നു. 'പദയാത്ര'യുടെ സെറ്റില്‍ അനി ഹാപ്പിയാണ്. കാരണം മമ്മൂക്ക സെറ്റിലുണ്ടല്ലോയെന്ന് അനി ചിരിച്ചുകൊണ്ട് പറഞ്ഞു. ഷാജി കൈലാസിന്‍റെ മമ്മൂട്ടി ചിത്രമായ 'വല്ല്യേട്ടന്‍റെ' സെറ്റില്‍ വച്ചും ഞാന്‍ മമ്മൂക്കയുടെ ഫുഡ് കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ആ സിനിമയുടെ പേരുപോലെതന്നെ ഇന്നും എനിക്ക് മമ്മൂക്ക വല്ല്യേട്ടനെപ്പോലെയാണ്- അനി പറയുകയുണ്ടായി.
'പദയാത്ര'യുടെ സെറ്റില്‍ അനിയോടൊപ്പം പ്രൊഡക്ഷന്‍ സൈഡില്‍ വര്‍ക്ക് ചെയ്യുന്ന മറ്റ് മൂന്നുപേരാണ് സന്തോഷ് തിരുവല്ലം, പ്രദീപ്കുമാര്‍, അനീഷ്കുമാര്‍ എന്നിവര്‍. മമ്മൂക്ക അഭിനയിക്കുന്ന സെറ്റില്‍ ഞങ്ങള്‍ക്കും ഒരു പ്രത്യേക ഉണര്‍വ്വാണ് കിട്ടുന്നതെന്ന് മൂന്നുപേരും പറഞ്ഞു.