Tuesday, 23 June 2026 | 08:06 PM

Interviews

സിനിമയെ മോഹിക്കുന്ന ജ്യേഷ്ഠ സഹോദരന്മാര്‍ -ജോഷിമാത്യു, സോമുമാത്യു

ജി. കൃഷ്ണന്‍ 05 May 2026 12:30 PM
സിനിമയെ മോഹിക്കുന്ന ജ്യേഷ്ഠ സഹോദരന്മാര്‍ -ജോഷിമാത്യു, സോമുമാത്യു

 

ര്‍ഷങ്ങള്‍ക്കുമുമ്പ് കോളേജ് പഠനം കഴിഞ്ഞ സമയത്തുതന്നെ സിനിമയോടുള്ള മോഹം കൊണ്ട് 'ദി യൂത്ത്' എന്നൊരു ഷോര്‍ട്ട് ഫിലിം ചിത്രീകരിക്കാന്‍ ജോഷിമാത്യുവിന് കഴിഞ്ഞിരുന്നു.

പില്‍ക്കാലത്ത് 'ഇനിയും കുരുക്ഷേത്രം' എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായി ജോഷിമാത്യു. ശശികുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം ഹിറ്റായതോടെ മറ്റൊരു സിനിമ കൂടി ജോഷിമാത്യു റോയല്‍ മൂവിമേക്കേഴ്സുമായി ചേര്‍ന്ന് നിര്‍മ്മിച്ചു. മോഹന്‍ ലാലും സുരേഷ്ഗോപിയും വിജയരാഘവനും പ്രധാന വേഷത്തില്‍ അഭിനയിച്ച മനസ്സിലൊരു മണിമുത്തായിരുന്നു ആ ചിത്രം.

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ പി. പത്മരാജനോടൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചുതുടങ്ങിയ ജോഷിമാത്യു അദ്ദേഹത്തിന്‍റെ 'ഞാന്‍ ഗന്ധര്‍വ്വന്‍' എന്ന സിനിമ വരെ ഒപ്പമുണ്ടായിരുന്നു.

പിന്നീടാണ് 'നക്ഷത്രക്കൂടാരം' എന്ന സിനിമയിലൂടെ ജോഷിമാത്യു സ്വതന്ത്ര സംവിധായകനാകുന്നത്. സുരേഷ് ഗോപിയും ശ്വേതാമേനോനുമായിരുന്നു ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍.

ഒരു കടങ്കഥ പോലെ, പത്താം നിലയിലെ തീവണ്ടി, ബ്ലാക്ക് ഫോറസ്റ്റ്, അങ്ങ് ദൂരെ ഒരു ദേശത്ത്, നൊമ്പരക്കൂട് തുടങ്ങിയ സിനിമകള്‍ പില്‍ക്കാലത്ത് പുറത്തുവന്നിരുന്നു. ഇതില്‍ 'ബ്ലാക്ക് ഫോറസ്റ്റ്' എന്ന സിനിമയ്ക്ക് ഏറ്റവും നല്ല പരിസ്ഥിതി സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ഇപ്പോള്‍ നാല് കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി 'ദൈവത്താന്‍കുന്ന്' എന്നൊരു സിനിമ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ജോഷിമാത്യു.

ഭാരതത്തില്‍ വിശ്വസിക്കുന്ന, ആദിവാസി സമൂഹത്തിന്‍റെ ഒരു മിത്തിനെ ആസ്പദമാക്കിയുള്ള ഈ സിനിമ അബുദാബി ഫിലിം ഫെസ്റ്റിവലിലേക്കും മുംബൈയിലെ ജാഗരണ്‍ ഫിലിം ഫെസ്റ്റിവലിലേക്കും തിരഞ്ഞെടുത്തിരുന്നു.

കാടിന്‍റെയും ആദിവാസി സമൂഹത്തിന്‍റെയും കഥ പറഞ്ഞ ഈ ചിത്രത്തില്‍ ഒരു ഊരിന്‍റെ മൂപ്പനായി അഭിനയിച്ചത് സോമുമാത്യുവാണ്. ഏതാണ്ട് എണ്‍പതിലധികം വയസ്സ് തോന്നിക്കുന്ന ഒരു മൂപ്പന്‍.

മേക്കപ്പ് രംഗത്തെ അതികായന്മാരായ പട്ടണം റഷീദും പട്ടണം ഷായും കൂടി ചേര്‍ന്നുള്ള രണ്ടുമണിക്കൂര്‍ സമയത്തെ മേക്കോവറിലൂടെയാണ് സോമുമാത്യു എന്ന കലാകാരന്‍ ഒരു കാടിന്‍റെ മൂപ്പനായി മാറുന്നത്.

വിദേശത്ത് ജോലി ചെയ്തുകൊണ്ടിരുന്ന സോമുമാത്യു സിനിമയോടും അഭിനയത്തിനോടുമുള്ള അതിയായ മോഹം കൊണ്ട് പ്രവാസജീവീതം മതിയാക്കി കോട്ടയത്ത് തിരിച്ചെത്തുകയും ഒരു സിനിമ നിര്‍മ്മിക്കുകയും ചെയതു. ജ്യേഷ്ഠസഹോദരനായ ജോഷിമാത്യു സംവിധാനം ചെയ്ത 'പത്താം നിലയിലെ തീവണ്ടി'യായിരുന്നു പ്രസ്തുത ചിത്രം. ജോഷി മാത്യുവിന്‍റെ തന്നെ 'നൊമ്പരക്കൂട്' എന്ന സിനിമയില്‍ മറവിരോഗം ബാധിച്ച കേണല്‍ എന്ന നായകകഥാപാത്രത്തെ അവതരിപ്പിച്ചത് സോമുമാത്യുവായിരുന്നു.

 

Tags
joshy mathew Somu Mathew VDAIVATHAN KUNNU