Wednesday, 10 June 2026 | 01:46 PM

Interviews

രുഗ്മിണിയുടെ സിനിമാസഞ്ചാരം

അജയ്കുമാര്‍ 05 May 2026 12:30 PM
രുഗ്മിണിയുടെ സിനിമാസഞ്ചാരം

 

വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍ എന്നിവര്‍ക്കൊപ്പം ജോഡി ചേര്‍ന്നുകൊണ്ട് തമിഴ് സിനിമയില്‍ നായികയായി എത്തുന്ന കന്നട സുന്ദരിയാണ് രുഗ്മിണി.

വിജയ്സേതുപതിക്കൊപ്പം 'എയ്സ്' എന്ന സിനിമയില്‍ അഭിനയിച്ച രുഗ്മിണി വസന്ത് ഇപ്പോള്‍ ശിവകാര്‍ത്തികേയനൊപ്പം 'മദരാസി' എന്ന സിനിമയിലും അഭിനയിച്ചു. ഈ താരസുന്ദരി ബാംഗ്ലൂരുവില്‍ ജനിച്ച് ലണ്ടനില്‍ പഠിച്ചുവളര്‍ന്നതാണെങ്കിലും കന്നട പോലെ തന്നെ തമിഴും സരളം. കന്നട സിനിമകളിലെ അഭിനയത്തിന് 'ഫിലിം ഫേര്‍' ഉള്‍പ്പെടെയുള്ള അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് എന്നത് എക്സ്ട്രാ ബഹുമതിയാണ് രുഗ്മിണിക്ക്. അടുത്തിടെ ചെന്നൈയിലെത്തിയ രുഗ്മിണി വസന്തുമായി ഒരു മുഖാമുഖം തരപ്പെട്ടപ്പോള്‍ ചോദിച്ചു.

പ്രഗത്ഭ നടനായ വിജയ് സേതുപതിക്ക് ഒപ്പം അഭിനയിക്കുമ്പോള്‍, അദ്ദേഹത്തിന്‍റെ അഭിനയത്തിന് ഈടുകൊടുക്കുവാനായി എന്തെങ്കിലും പ്രത്യേക പരിശ്രമം നടത്തിയിരുന്നോ?

ഒരു നടിയായി എന്‍റെ പ്രയാണം തുടങ്ങുന്നതേയുള്ളൂ. അദ്ദേഹത്തെപ്പോലെ മികവോടെ ഒരു രംഗത്ത്  അഭിനയിക്കാന്‍ മാത്രമുള്ള അനുഭവമൊന്നും എനിക്കിനിയും ആയിട്ടില്ല. അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ക്ക് ഈടുനല്‍കുവാന്‍ ഞാനും ശ്രമിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്നും ധാരാളം പഠിച്ചെടുക്കുവാന്‍ കഴിഞ്ഞു. അതൊരു നേട്ടം തന്നെ.

രക്ഷിത് ഷെട്ടിക്കൊപ്പം അഭിനയിച്ച 'സപ്ത സാഗര്‍ ദാച്ചേ എല്ലോ- സൈഡ് എ' എന്ന സിനിമയിലെ പ്രിയാ എന്ന നിങ്ങളുടെ കഥാപാത്രത്തെ കന്നട ആരാധകര്‍ കൊണ്ടാടിയിരുന്നുവല്ലോ? ഭാവി സിനിമകളിലും അത് പ്രതീക്ഷിക്കാമോ?

എനിക്ക് സ്വയം ഒരു പാത്രസൃഷ്ടി നടത്താന്‍ കഴിയില്ല ഒരു സിനിമയിലും.. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ പ്രിയാ എന്ന എന്‍റെ കഥാപാത്രത്തിന് ഇത്രയും വലിയ സ്വീകരണം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. ആദ്യം കന്നടത്തിലാണ് ആ സിനിമ റിലീസ് ചെയ്തത്. അതിന് ലഭിച്ച സ്വീകാര്യത കണ്ടിട്ട് തമിഴിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്തു. അതുകൊണ്ട് ആ കഥാപാത്രം ദക്ഷിണേന്ത്യയില്‍ ആകമാനം ചര്‍ച്ച ചെയ്യപ്പെട്ടു.

'മദരാസി'യില്‍ ശിവകാര്‍ത്തികേയനൊപ്പം അഭിനയിച്ചപ്പോള്‍...?

അതെ, നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ തന്നെയായിരിക്കും 'മദരാസി'  സിനിമയും. ശിവാ(ശിവകാര്‍ത്തികേയന്‍) സാറിന്‍റെ 'റോ ആന്‍റ് റസ്റ്റിക്ക്' (ഞമം മിറ ൃൗശെേര) ആയ ഒരു സിനിമയായിരിക്കും ഇത്.

ഒരു സിനിമയില്‍ ആദ്യന്തം ഗ്ലാമര്‍ വേഷമാണെങ്കില്‍ രുഗ്മിണി അത് സ്വീകരിക്കുമോ?

ഇതുവരെ അത്തരത്തിലൊരു കഥാപാത്രം എന്നെത്തേടി എത്തിയിട്ടില്ല. ഭാവിയില്‍ ഏതെങ്കിലും സംവിധായകന്‍ വെറും ഗ്ലാമര്‍ കഥാപാത്രം മാത്രമേയുള്ളു, രുഗ്മിണി അഭിനയിച്ചാല്‍ നന്നായിരിക്കും എന്ന് പറഞ്ഞ് എന്നെ സമീപിച്ചാല്‍ ആ കഥാപാത്രം എനിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നായിരിക്കും. എന്തുകൊണ്ടെന്നാല്‍ ഗ്ലാമര്‍ ചെയ്യണമെങ്കില്‍ ശാരീരികമായ ഫിറ്റ്നസ്(വടിവ്)ഉണ്ടായിരിക്കണം. അതിനുവേണ്ടി ആഹാരരീതികളില്‍ തുടങ്ങി പല കാര്യങ്ങളിലും നിയന്ത്രണം വേണ്ടി വരും. അത് കടുത്ത വെല്ലുവിളിയായിരിക്കും. പാട്ട്, നൃത്തം ഏതാണെങ്കിലും അതൊരു വെല്ലുവിളിയായ കാര്യമാണ്. ഒരു കഥാപാത്രത്തെ അല്ലെങ്കില്‍ ഒരു രംഗത്ത്  അനായാസമായി അഭിനയിക്കാം എന്ന് കരുതാനാവില്ല. ആ കഥാപാത്രങ്ങള്‍ക്കനുസരിച്ചുള്ള വെല്ലുവിളികള്‍ എപ്പോഴും ഉണ്ടാവും.

പല നായികനടിമാര്‍ക്കും ഗ്ലാമറായി അഭിനയിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതിന് ആത്മവിശ്വാസം വേണം എന്നുപറഞ്ഞിട്ടുണ്ടല്ലോ?

അതെ,  അവര്‍ പറഞ്ഞത് വാസ്തവം തന്നെ. ഗ്ലാമര്‍ ഡ്രസ്സില്‍ തിരശ്ശീലയ്ക്ക് മുന്നില്‍ വന്ന് നില്‍ക്കാനും നൃത്തം ചെയ്യാനുമൊക്കെ ആത്മവിശ്വാസം അത്യന്താപേക്ഷിതമാണ്.

ഞാന്‍ ഈ ശൈലിയിലുള്ള വസ്ത്രങ്ങളേ ധരിക്കൂ എന്ന് എടുത്തുപറയത്തക്ക വസ്ത്രധാരണം വല്ലതും രുഗ്മിണിക്കുണ്ടോ?

ഏത് വസ്ത്രമാണോ എനിക്ക് സൗകര്യപ്രദം അത് ഞാന്‍ താല്‍പ്പര്യത്തോടെ ധരിക്കും. ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ അതിനനുസരിച്ചുള്ള വസ്ത്രം ധരിക്കണം. സിനിമയ്ക്ക് പോകുമ്പോള്‍ വേറൊരു ശൈലിയിലുള്ള വസ്ത്രം ധരിക്കണം. അതുപോലെ വീട്ടിലാണെങ്കില്‍ വളരെ ലളിതമായിട്ടുള്ള വസ്ത്രം ധരിക്കണം. ഏത് വസ്ത്രമായാലും ആ വസ്ത്രം എനിക്ക് കംഫര്‍ട്ടബിള്‍ ആവണം. അതില്‍ നിര്‍ബന്ധമുണ്ട്.

നിങ്ങളുടെ സൗന്ദര്യവും ആരോഗ്യവും പരിചരിക്കാന്‍ എന്തൊക്കെ പാലിക്കുന്നുണ്ട്?

ധാരാളം വെള്ളം കുടിക്കും. ചര്‍മ്മത്തിന് ഗുണമേകുന്ന ഇലക്ട്രോലൈറ്റ് ഇളനീരില്‍ ധാരാളമുണ്ട്. അതുകൊണ്ട് ഇളനീര്‍ പതിവായി കുടിക്കും.

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ത്രീയായി കരുതുന്നത് ആരെയാണ്?

എന്താ സംശയം അമ്മയെതന്നെ. എന്‍റെ അമ്മയില്‍ നിന്നും ധാരാളം കാര്യങ്ങള്‍ ഞാന്‍ പഠിച്ചു. എന്‍റെ അമ്മ എനിക്ക് അമ്മ മാത്രമല്ല എന്‍റെ അച്ഛനും കൂടിയാണ്. എന്‍റെ അച്ഛന്‍ മരിച്ച് ആറുമാസത്തിനുശേഷം അമ്മ ഒരു എന്‍ജിഒ(സന്നദ്ധസേവാ സംഘം) ആരംഭിച്ചു. അവരെപ്പോലെ ഭര്‍ത്താവ് നഷ്ടപ്പെട്ട് കുട്ടികള്‍ക്കായി ജീവിക്കുന്ന സ്ത്രീകള്‍ക്കുവേണ്ടിയാണത് ആരംഭിച്ചത്. തന്‍റെ അവസ്ഥയിലുള്ള പല സ്ത്രീകള്‍ക്കുവേണ്ടി, അമ്മ അത് നടത്തുന്നു എന്നത് ഞാന്‍ അത്ഭുതത്തോടെയാണ് കാണുന്നത്. ഞാനും എന്‍റെ രീതിയില്‍ സഹായങ്ങള്‍ ചെയ്തുകൊടുത്താലും എനിക്ക് അവരെപ്പോലെ മനോബലമുണ്ടാവുമോ എന്ന് അറിഞ്ഞുകൂടാ. അവരെപ്പോലെ ഒരു ദിവസം എനിക്കും മനോബലം ഉണ്ടാവും എന്ന് വിശ്വസിക്കുന്നു.

അച്ഛനെക്കുറിച്ച്?

അച്ഛന്‍ മിലിട്ടറിയിലായിരുന്നു. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍, മൂന്നുനാലു മാസത്തിനിടെ ഒരു പ്രാവശ്യം മാത്രമേ നേരില്‍ കാണാന്‍ കഴിയുമായിരുന്നുള്ളൂ. ചിലപ്പോള്‍ അദ്ദേഹത്തെ കാണാന്‍ ചെറുപ്പകാലത്ത് കുടുംബം ഒന്നടങ്കം കാശ്മീരില്‍ പോകുമായിരുന്നു. കുറച്ചുദിവസം അദ്ദേഹത്തോടൊപ്പം കഴിയുമായിരുന്നു. കുറച്ചുവളര്‍ന്ന ശേഷമാണ് ജീവിതത്തില്‍ അച്ചടക്കമൊക്കെ പഠിച്ചത്. അച്ഛനെക്കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനം മാത്രമേയുള്ളൂ.

 

Tags
rukmini vasantha Kanthara Chapter 1 Rishab Shetty