വരികള്‍, ഗായകന്‍, അഭിനേതാക്കള്‍, ഡാന്‍സ് കൊറിയോഗ്രാഫി എന്നിവയില്‍ ഏതെങ്കിലും ഒന്നാകാം ഒരു പാട്ടിനെ ജനപ്രിയമാക്കുന്നത്... - ഹിഷാം അബ്ദുള്‍ വഹാബ്
Highlights
പ്രശസ്ത സംഗീതസംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് മനസ്സ് തുറന്നപ്പോള്‍....
'ഹൃദയം' പോലുള്ള സിനിമകളിലെ ഗാനങ്ങളുടെ വിജയം മറ്റ് ഭാഷകളിലേക്ക് എത്താന്‍ സഹായിച്ചോ?
തീര്‍ച്ചയായും 'ഹൃദയം' എന്ന ചിത്രത്തിലെ പാട്ടുകള്‍ സൃഷ്ടിച്ച തരംഗവും 'ദര്‍ശന' എന്ന ഗാനത്തിന്‍റെ വലിയ വിജയവുമാണ് മറ്റ് ഭാഷാ സിനിമകളിലേക്കുള്ള വഴിതുറക്കാന്‍ സഹായിച്ചത്. ആ ഗാനങ്ങള്‍ മറ്റ് ഇന്‍ഡസ്ട്രികളിലെ സിനിമാപ്രവര്‍ത്തകരുടെയും പ്രേക്ഷകരുടെയും ശ്രദ്ധനേടാന്‍ സഹായിച്ചു.
ഒരു പാട്ട് ജനപ്രിയമാകുന്നതിന് പ്രത്യേകിച്ച് ഒരു ഫോര്‍മുലയുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ?
ജനപ്രിയഗാനങ്ങള്‍ക്ക് സ്ഥിരമായ ഒരു ഫോര്‍മുലയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വരികള്‍, ഗായകന്‍, അഭിനേതാക്കള്‍, ഡാന്‍സ് കൊറിയോഗ്രാഫി എന്നിവയില്‍ ഏതെങ്കിലും ഒന്നാകാം ഒരു പാട്ടിനെ ജനപ്രിയമാക്കുന്നത്.
വ്യത്യസ്ത ഭാഷകളില്‍ സംഗീതം ചെയ്യുമ്പോള്‍ ആ ഭാഷ മനസ്സിലാക്കുന്നത് എത്ര പ്രധാനമാണ്?
ഭാഷയറിയാതെ സംഗീതം നല്‍കുന്നതിനേക്കാള്‍, ആ ഭാഷയിലെ സാഹിത്യവും ശൈലിയും മനസ്സിലാക്കി കമ്പോസ് ചെയ്യുമ്പോള്‍ പാട്ടിന് കൂടുതല്‍ ആഴം ലഭിക്കും. അതുകൊണ്ടുതന്നെ ഭാഷയും അതിലെ വാക്കുകളും മനസ്സിലാക്കിയുള്ള കമ്പോസിംഗ് വളരെ പ്രധാനമാണ്.
ഹുക്ക് ലൈനുകള്‍ ഒരു പാട്ടിന്‍റെ വിജയത്തില്‍ എത്രത്തോളം പ്രധാനമാണ്?
ആളുകള്‍ക്ക് എളുപ്പത്തില്‍ ഓര്‍ത്തുവയ്ക്കാന്‍ കഴിയുന്ന വാക്കുകളും കോറസ് ഭാഗങ്ങളും പാട്ടുകളെ കൂടുതല്‍ ശ്രദ്ധേയമാക്കും. 'ഖുഷി'യിലെ 'നാ റോജ നുവ്വേ'പോലെയോ തമിഴിലെ 'വാ കണ്ണമ്മ' പോലെയോ ആളുകളുടെ മനസ്സില്‍ പെട്ടെന്ന് പതിയുന്ന വാക്കുകള്‍ പാട്ടിന്‍റെ സ്വീകാര്യതയ്ക്ക് സഹായിക്കും.
ഇനി തമിഴില്‍ ആരോടൊപ്പമാണ് വര്‍ക്ക് ചെയ്യണമെന്ന ആഗ്രഹം?
തമിഴില്‍ ഞാന്‍ ഇഷ്ടപ്പെടുന്ന കുറച്ച് സംവിധായകരോടൊപ്പം വര്‍ക്ക് ചെയ്യണം എന്നാണ് ഇനി സ്വപ്നം കാണുന്നത്. ശങ്കര്‍സാര്‍, മണിരത്നം സാര്‍ തുടങ്ങിയ സംവിധായകരോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്. അതുപോലെ പുതിയ തലമുറയിലെ സിങ്ക് ആവുന്ന ഡയറക്ടേഴ്സിനൊപ്പവും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്.
ഒരു സംവിധായകനില്‍ നിന്ന് നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്നത് എന്താണ്?
നമ്മുടെ സംഗീതത്തിന്‍റെ ഏറ്റവും നല്ല ക്വാളിറ്റിയും മോശം ക്വാളിറ്റിയും മനസ്സിലാക്കി, നമ്മുടെ ബെസ്റ്റ് പുറത്തുകൊണ്ടുവരാന്‍ കഴിയുന്ന ഡയറക്ടേഴ്സിനൊപ്പം വര്‍ക്ക് ചെയ്യണം എന്നതാണ് ഏറ്റവും വലിയ ആഗ്രഹം.
പുതിയ പ്രോജക്ടുകള്‍ ഏതൊക്കെയാണ്?
അടുത്ത റിലീസ് തമിഴില്‍ 'സൂപ്പര്‍ഹീറോ' ആണ്. കന്നഡയില്‍ 'ബൃന്ദാവിഹാരി' ആണ്. തെലുങ്കില്‍ 'എപിക്'യും 'എമോ എമോ ഇടി'യുമാണ്.