ഞാന്‍ ഒരു കടുത്ത മമ്മുക്ക ഫാനാണ്; അദ്ദേഹത്തോടൊപ്പം സ്റ്റേജില്‍ നില്‍ക്കാന്‍ കഴിഞ്ഞത് സിനിമാജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു... -സുശീല്‍ സുരേന്ദ്രന്
Highlights
സിനിമയോടുള്ള ഒടുങ്ങാത്ത പ്രണയം, നാഷണല്‍ ഫിലിം സ്ക്കൂളിലെ പഠനം, 'കുറുപ്പി'ലെയും 'കളങ്കാവലി'ലെയും അനുഭവങ്ങള്‍, പുതുതലമുറയിലെ ശ്രദ്ധേയനായ നടന്‍ സുശീല്‍ സുരേന്ദ്രന്‍ 'നാന'യോട് തന്‍റെ സിനിമായാത്രയെക്കുറിച്ച് സംസാരിക്കുന്നു.
എങ്ങനെയാണ് അഭിനയരംഗത്തേയ്ക്ക് കടന്നുവരുന്നത്? സിനിമ ഒരു കരിയര്‍ ആക്കണമെന്ന് തീരുമാനിച്ചത് എപ്പോഴാണ്?
ഡിഗ്രി അവസാനവര്‍ഷം പഠിക്കുമ്പോഴാണ് പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോള്‍ സാറിന്‍റെ മുന്നില്‍ ആദ്യമായി ഒരു ഓഡിഷന്‍ നല്‍കുന്നത്. അത് പാസ്സായെങ്കിലും നിര്‍ഭാഗ്യവശാല്‍ ആ പ്രോജക്ട് നടന്നില്ല. പിന്നീട് പി.ജി കഴിഞ്ഞ് രണ്ടുവര്‍ഷത്തോളം സൗദി അറേബ്യയില്‍ ജോലി ചെയ്തു. നാട്ടില്‍ തിരിച്ചെത്തി ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന സമയത്താണ് അഭിനയത്തെക്കുറിച്ച് കൂടുതല്‍ ഗൗരവമായി ചിന്തിക്കുന്നത്. അന്തര്‍ദേശീയ തലത്തിലെ മികച്ച നടന്മാരുടെ ചരിത്രം നോക്കിയപ്പോള്‍ അവരെല്ലാം പ്രൊഫഷണല്‍ പരിശീലനം നേടിയവരാണെന്ന് മനസ്സിലായി. അങ്ങനെ 2016- ല്‍ ജോലി രാജിവെച്ച് കെ.ആര്‍. നാരായണന്‍ നാഷണല്‍ ഫിലിം സ്ക്കൂളില്‍ പ്രവേശനം നേടി. അവിടെ നിന്നുള്ള ആറുവര്‍ഷത്തെ ഓറിയന്‍റേഷനും മികച്ച ഗുരുക്കന്മാരുമാണ് എന്നെ ഒരു നടനായി പാകപ്പെടുത്തിയത്.
ദുല്‍ഖര്‍ സല്‍മാന്‍റെ 'കുറുപ്പ്' എന്ന വലിയ ചിത്രത്തിലേക്ക് എത്തിയത് എങ്ങനെയായിരുന്നു? ദുല്‍ഖറിനൊപ്പമുള്ള അനുഭവം?
'കുറുപ്പ്' പ്രഖ്യാപിച്ചപ്പോള്‍ അതൊരു വലിയ ഡ്രീം പ്രോജക്ട് ആയതിനാല്‍ എനിക്ക് അവസരം കിട്ടുമെന്ന് കരുതിയിരുന്നില്ല. എങ്കിലും പാലക്കാട്ട് വെച്ചു നടന്ന ഓഡിഷനില്‍ പങ്കെടുത്തു. പിന്നീട് പ്രതീക്ഷയൊന്നും ഇല്ലാതിരിക്കുമ്പോഴാണ് അവരുടെ കോള്‍ വരുന്നത്. ലൊക്കേഷനിലെത്തി സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനെ കണ്ടു ഷൂട്ടിങ്ങിന് തൊട്ടുതലേന്നാണ് എന്നെ ലോക്ക് ചെയ്യുന്നത്. രാത്രി തുടങ്ങി പുലര്‍ച്ചെ വരെ നീണ്ട ഷൂട്ടിങ് ആയിരുന്നു. ഒരു വശത്ത് ദുല്‍ഖര്‍ സല്‍മാന്‍, മറുവശത്ത് ഷൈന്‍ ടോം ചാക്കോ, അതൊരു വലിയ ڇവൗവ് മൊമെന്‍റും മറക്കാനാകാത്ത അനുഭവവുമാണ്.
മമ്മൂട്ടിച്ചിത്രമായ 'കളങ്കാവലി'ലേക്ക് എത്തിയതിനെക്കുറിച്ച്? ജിതിന്‍ കെ. ജോസ് എന്ന സംവിധായകനുമായുള്ള സൗഹൃദം എങ്ങനെ സഹായിച്ചു?
'കുറുപ്പിന്‍റെ റൈറ്റര്‍ ആയിരുന്നു ജിതിന്‍ കെ. ജോസ്. ആ പരിചയത്തിന്‍റെ പുറത്താണ് 'കളങ്കാവലി'ലെ തമിഴ് കഥാപാത്രത്തിലേക്ക് ജിതിന്‍ എന്നെ വിളിക്കുന്നത്. ഇത്രയും വലിയൊരു സിനിമയില്‍ ഒരു പ്രശസ്തനടനെ വെയ്ക്കാമായിരുന്നിട്ടും എന്നെ സഹായിക്കണമെന്ന ഒരൊറ്റ ചിന്തയിലാണ് ജിതിന്‍ ആ റിസ്ക് എടുത്തത്. എനിക്ക് തമിഴ് സംസാരിക്കാന്‍ അറിയുമോ എന്ന് പോലും ചോദിക്കാതെയാണ് അദ്ദേഹം ആ വേഷം തന്നത്. പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആരോമല്‍ മോഹനാണ് എന്നെ വിളിച്ച് വളരെ പ്രൊഫഷണലായി കാര്യങ്ങള്‍ സംസാരിച്ചത്. ഞാന്‍ ഒരു കടുത്ത മമ്മുക്ക ഫാനാണ്; അദ്ദേഹത്തോടൊപ്പം സ്റ്റേജില്‍ നില്‍ക്കാന്‍ കഴിഞ്ഞത് സിനിമാജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു.
സിനിമയില്‍ ഗോഡ്ഫാദര്‍മാരില്ലാതെ നിലനില്‍ക്കുക എന്നത് എത്രത്തോളം കഠിനമാണ്? സാമ്പത്തിക സുരക്ഷിതത്വം ഇതില്‍ എത്രത്തോളം പ്രധാനമാണ്?
സിനിമയില്‍ ഒട്ടും സുരക്ഷിതത്വമില്ലാത്ത ഒരു ഡെയ്ലി കോമ്പറ്റീഷനാണ് നടക്കുന്നത്. ഇവിടെ സര്‍വൈവ് ചെയ്യാന്‍ പണം അത്യാവശ്യമാണ്. നല്ലൊരു പ്രോജക്റ്റിനായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരുമ്പോള്‍ അതിനിടയില്‍ ജീവിക്കാന്‍ മറ്റ് വരുമാനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടി വരും. ഭാഗ്യവശാല്‍, എന്‍റെ പാഷന്‍ മനസ്സിലാക്കി വീട്ടുകാര്‍ എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തു. സിനിമയില്‍ പലപ്പോഴും മോശം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. പക്ഷേ, സിനിമയ്ക്ക് ഒരു മാന്ത്രികതയുണ്ട്; ഒരു ദിവസത്തെ നല്ല അനുഭവം ഉണ്ടായാല്‍ നമ്മള്‍ ഭൂതകാലത്തിലെ എല്ലാ കഷ്ടപ്പാടുകളും മറക്കും. മമ്മൂക്കയുടെയും രജനിസാറിന്‍റെയുമൊക്കെ തുടക്കകാലത്തെ കഷ്ടപ്പാടുകള്‍ നമുക്ക് വലിയ പ്രചോദനമാണ്.
ഭാവിയില്‍ സുശീല്‍ എന്ന നടനെ ഏത് പൊസിഷനിലാണ് കാണാന്‍ ആഗ്രഹിക്കുന്നത്?
ഏതുതരം വേഷങ്ങള്‍ തന്നാലും അതെന്നില്‍ ഭദ്രമായിരിക്കും എന്ന് സംവിധായകര്‍ക്ക് തോന്നുന്ന തരത്തില്‍ ഒരു മികച്ച വേഴ്സറ്റൈല്‍ ആക്ടര്‍ ആയി മാറണമെന്നാണ് ആഗ്രഹം. ഒപ്പം ഒരു നായകനായി അഭിനയിക്കണമെന്ന മോഹവുമുണ്ട്. എന്‍റെ കഴിവുകള്‍ കൂടുതല്‍ ഫൈന്‍ ട്യൂണ്‍ ചെയ്യാനുള്ള യാത്രയിലാണ് ഞാനിപ്പോഴും.