Saturday, 31 October 2026 | 03:24 PM

Interviews

പൊക്കിള്‍ ഒണ്ടോ സേട്ടാ... - ബിൽബിൻ

ജി. കൃഷ്ണന് 28 October 2026 09:55 AM
പൊക്കിള്‍  ഒണ്ടോ സേട്ടാ... - ബിൽബിൻ

Highlights

ചില പെണ്‍കുട്ടികളുടെ കാര്യം പറയുമ്പോള്‍ അവള്‍ ഈ വീടിന്‍റെ വിളക്കാണെന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്. പുരുഷന്മാരെക്കുറിച്ച് ഇങ്ങനെയൊരു കാര്യം പറഞ്ഞു കേള്‍ക്കാറുമില്ല. എന്നാല്‍, പുരുഷന്മാരിലും വീടിന്‍റെ വിളക്കാണെന്ന് പറയാന്‍ ചിലരുണ്ട്. അതില്‍ ഒരാളാണ് മിമിക്രി കലാകാരനും കോമഡി ആര്‍ട്ടിസ്റ്റും ചലച്ചിത്രനടനുമായ ബിൽബിൻ.

 

ബിൽബിൻ തന്നെയാണ് ഇത് അവകാശപ്പെടുന്നത്. ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് ഞാനെന്ന് ബിബില്‍ പറയുന്നു. കുട്ടിക്കാലത്ത് തന്‍റെ വീട് വൈയ്ക്കോല്‍ കൊണ്ട് മേഞ്ഞതായിരുന്നു. വീട്ടില്‍ കറന്‍റൊന്നുമില്ലാത്ത കാലം. കുപ്പിക്കുള്ളില്‍ മണ്ണെണ്ണ നിറച്ച് അതിന്‍റെ അടപ്പില്‍ തിരിവച്ച് കത്തിച്ചാണ് രാത്രി കഴിച്ചുകൂട്ടുന്നത്. മണ്ണെണ്ണവിളക്കിന് മുന്നിലിരുന്ന് പഠിക്കാന്‍ തുടങ്ങുമ്പോഴാണ് ഞാന്‍ ഇത്തിരി വെള്ളം കുടിക്കാന്‍ അടുക്കള വരെ പോയത്. തിരിച്ചു വന്നപ്പോഴേയ്ക്കും മുറിക്കുള്ളില്‍ ഭയങ്കര വെട്ടം. ഇത്രയും വെട്ടം നേരത്തെ ഇല്ലായിരുന്നുവല്ലോ എന്നോര്‍ത്ത് ഒരു നിമിഷം പകച്ചുനിന്നപ്പോഴാണ് വൈക്കോല്‍ പുര മുഴുവനും ആളിക്കത്തുന്നത് കണ്ടത്.

മണ്ണെണ്ണവിളക്കിന്‍റെ തിരി വച്ചതില്‍ എന്തോ ഒരു ടെക്നിക്കല്‍ പ്രോബ്ലമായിരുന്നുവെന്ന് പിന്നീട് മനസ്സിലായെങ്കിലും വീട് മുഴുവനും കത്തിച്ചാരമായി. അതുകൊണ്ടാണ് ബിബില്‍ വീടിന്‍റെ വിളക്കാണെന്ന് പറയാന്‍ കാരണം.(മണ്ണെണ്ണവിളക്കായിരുന്നുവെന്ന് മാത്രം)
വീട് കത്തിച്ചാരമായെങ്കിലും ഈ പ്രക്രിയയില്‍ നിന്നും
ബിൽബിൻ മറ്റൊരു കാര്യം പിന്നീട് കണ്ടുപിടിച്ചു. ഒരു ആര്‍ട്ട് ഡയറക്ടറുടെ ബുദ്ധിയും കഴിവും  ശക്തിയും കഴിവും ഒക്കെ തനിക്കുണ്ടെന്നുള്ള കാര്യം. അന്നുപക്ഷേ, ആ ബാലമനസ്സില്‍ അതൊന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പില്‍ക്കാലത്ത് ഒരു കലാസംവിധായകന്‍റെ മാനസിക ചിന്തകളോടെ പലതും ചെയ്തുവന്നപ്പോഴാണ് പണ്ട് തനിയെ മണ്ണെണ്ണവിളക്കുണ്ടാക്കിയ കാര്യം ബിബില്‍ ഓര്‍ത്തെടുത്തത്.

ചിത്രകല ബിബിലിന് ജന്മനാകിട്ടിയ കഴിവായിരുന്നുവെങ്കിലും ശാസ്ത്രീയമായി അത് കൂടുതല്‍ പഠിച്ചെടുക്കണമെന്നെല്ലാം മനസ്സ് ആഗ്രഹിച്ചിരുന്നു. എന്നാല്‍, അപ്പോള്‍ മതപരിവര്‍ത്തനം നടത്തിയതിനാല്‍ മക്കളായ ഞങ്ങളും മതം മാറിയാലെ അഡ്മിഷന്‍ തരുള്ളൂ എന്നുപറഞ്ഞു. അതിനാല്‍ ആര്‍.എല്‍.വിയില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് സ്വദേശമായ കൂത്താട്ടുകുളത്ത് ബാനറും ബോര്‍ഡുമൊക്കെ എഴുതുന്ന 'മുദ്ര ആര്‍ട്സ്' എന്ന സ്ഥാപനത്തില്‍ ചേര്‍ന്നു. അവിടെ വരച്ചും എഴുതിയും ഒക്കെ കുറച്ചുനാള്‍ നിന്നു. അവിടെ വച്ച് ലാല്‍ജന്‍ മധുര എന്നൊരു ആര്‍ട്ട് ഡയറക്ടറെ പരിചയപ്പെടുകയും അദ്ദേഹത്തിന്‍റെ ശിഷ്യനായി കൂടുകയും ചെയ്തു. 

പത്രപ്രവര്‍ത്തകനായ ബി.സി. നൗഫല്‍ സൂര്യ ടി.വിയ്ക്കുവേണ്ടി ചെയ്ത പലപ്രോഗ്രാമിനുവേണ്ടിയും ബിബില്‍ ജോലി ചെയ്തു. മലയാളി ജംഗ്ഷനായിരുന്നു ആദ്യത്തെ പ്രോഗ്രാം. പിന്നീട് രസികരാജ നമ്പര്‍ വണ്‍, നിങ്ങളാണ് താരം, ആടാം പാടാം, തില്ലാന... തില്ലാന.. തുടങ്ങി കുറെ പ്രോഗ്രാമിനുവേണ്ടി ഞാന്‍ ആര്‍ട്ട് അസിസ്റ്റന്‍റായും അല്ലെങ്കില്‍ ആര്‍ട്ട് ഡയറക്ടറായും ഒക്കെ പ്രവര്‍ത്തിച്ചുവന്നു. ആര്‍ട്ട് ജോലിക്കിടയില്‍ ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയവും തുടങ്ങി.

അതിനുശേഷം കെ.എസ്. പ്രസാദിന്‍റെ ട്രൂപ്പിലേക്ക് വിളിക്കുകയും ആര്‍ട്ട് ഡയറക്ടറായി ഞാന്‍ ജോയിന്‍ ചെയ്യുകയും ചെയ്തു. അവിടെ എത്തിയത് മറ്റൊരു വഴിത്തിരിവായി. കോമഡിയും മിമിക്സും പിന്നെ ഞാനും എന്ന പ്രോഗ്രാമില്‍ വര്‍ക്ക് ചെയ്തുതുടങ്ങിയപ്പോള്‍ കുറെ വിദേശരാജ്യങ്ങളില്‍ പോകാന്‍ കഴിഞ്ഞു. കാനഡയിലും, ഗള്‍ഫ് രാജ്യങ്ങളിലുമൊക്കെ പോയി. മിമിക്രിരംഗത്തേയ്ക്ക് ഞാന്‍ വരുന്നത് അങ്ങനെയാണ്. അതിനുശേഷമാണ് കോമഡിഷോകളിലേക്ക് വരുന്നത്. എന്‍റെ നാട്ടുകാരന്‍ തന്നെയായ അജിത്ത് കൂത്താട്ടുകുളം, ജോബി പാലാ, മനോജ് വഴിപ്പണി, ഉല്ലാസ് പന്തളം എന്നിവരോടൊപ്പം കുറെ പ്രോഗ്രാം ചെയ്തു. അതുകഴിഞ്ഞ് പോള്‍സണ്‍- ഭാസി കൂട്ടുകെട്ടില്‍ കുറെ വര്‍ക്ക് ചെയ്തു. അവര്‍ക്കൊപ്പം ചെയ്തുവന്ന പല പ്രോഗ്രാമും ഹിറ്റായി. എന്നെ പലരും തിരിച്ചറിഞ്ഞുതുടങ്ങിയതും ആ പ്രോഗ്രാമിലൂടെയായിരുന്നു.

സിനിമാനടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ ഷൈജു അടിമാലിയോട് ഞാനൊരു ആശയം ഒരിക്കല്‍ പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ ബംഗാളികള്‍ ഇങ്ങനെ മേഞ്ഞുനടക്കുകയാണല്ലോ. അവര്‍ എത്തിപ്പെടാത്ത ഒരു മേഖലയില്‍ ഒരു ബംഗാളി വരുന്നു. ആ സന്ദര്‍ഭം ഉണ്ടാക്കുന്ന കോമഡി. അതും ഹിറ്റായി. ഒരു പൂജാകര്‍മ്മത്തില്‍ പൂജാരിയായി ഒരു ബംഗാളി വന്നാലുള്ള അവസ്ഥ അത് ഷൈജു നന്നായി ഡെവലപ്പ് ചെയ്തെടുത്തു. 'പൊക്കിള്‍ ഒണ്ടോ സേട്ടാ...' എന്ന ഡയലോഗും ഒക്കെ വലിയ ഹിറ്റായി മാറിയിരുന്നു. തുടര്‍ന്നും ധാരാളം ഹിറ്റുകള്‍...

അതുകഴിഞ്ഞപ്പോള്‍ അനീഷ്ബാല്‍ എന്നെ വിളിച്ചിട്ട് ബംബര്‍ ചിരി എന്ന മഴവില്‍ മനോരമയിലെ പ്രോഗ്രാമിനുവേണ്ടി നമുക്കൊരുമിച്ച് ചെയ്യാമെന്ന് പറയുകയും ഞങ്ങള്‍ ഒരുമിച്ച് നിന്ന് കുറെ കോമഡിഷോ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിലൊന്നാണ് ഭാര്യയുടെ പേര് മറന്നുപോയിട്ട് മോളേ... ചക്കരേ... എന്നെല്ലാം ഭാര്യയെ വിളിച്ച് അഡ്ജസ്റ്റ് ചെയ്ത് ജീവിതം നയിച്ച ഒരു എപ്പിസോഡ്. അത് ഒരുപാട് പേര്‍ക്ക് ഇഷ്ടമാകുകയും ആ ഒരു സീന്‍ റീല്‍സില്‍ പലരും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ, കുറെ പെണ്‍വേഷങ്ങള്‍.. ഡോക്ടര്‍.. എന്നിങ്ങനെ പോകുന്നു.

ഇതെല്ലാം കുറച്ച് ടാസ്ക്കായി തോന്നാറുണ്ടോ?

തോന്നാറുണ്ട്. തോന്നാറുണ്ട്. പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ജോലി ഭയങ്കര ടാസ്ക്ക് തന്നെയാണ്. ചാനലുകാരുടെ പ്രഷര്‍ ഇപ്പോള്‍ കൂടുതലുമാണ്. റേറ്റിംഗ് കുറഞ്ഞാല്‍ ഞങ്ങള്‍ക്കും പ്രശ്നം... ചാനലുകാര്‍ക്കും പ്രശ്നം. ടി.വിയും പ്രേക്ഷകരും തമ്മിലുള്ള ആത്മബന്ധത്തിന് ഈ രീതിയില്‍ ഇപ്പോള്‍ പരിമിതികളുമുണ്ടായി തുടങ്ങിയിട്ടുണ്ട്.

സിനിമകള്‍ ഏതൊക്കെ ചെയ്തിരിക്കുന്നു?

സ്വര്‍ണ്ണക്കടുവ എന്ന സിനിമയില്‍ തീരെ ചെറിയ ഒരു വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഗുലാന്‍റെ തട്ടുകട എന്ന സിനിമയില്‍ അഭിനയിച്ചു. ആ സിനിമ പക്ഷേ, റിലീസായിട്ടില്ല. അണലിത്തുരുത്താണ് മറ്റൊരു സിനിമ. ഷൂട്ടിംഗ് തീരാനുണ്ട്.

കുടുംബത്തെക്കുറിച്ച് പറയാമോ?

ഭാര്യ ബിന്‍സി. ഒരു മകന്‍. പേര് ശ്രാവണ്‍. ബിന്‍സി ഗവണ്‍മെന്‍റ് സ്ക്കൂള്‍ അദ്ധ്യാപികയാണ്. മിമിക്രിരംഗത്തും കോമഡി രംഗത്തും ഒക്കെ ഞാനെന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന്‍റെ പരിപൂര്‍ണ്ണ ക്രെഡിറ്റ് ബിന്‍സിക്കുള്ളതാണ്. ഞാനിപ്പോള്‍ ഈ ധരിച്ചിരിക്കുന്ന ഷര്‍ട്ടുപോലും ബിന്‍സി വാങ്ങിത്തന്നതാണ്. ഇങ്ങനെയുള്ള എന്‍റെ എല്ലാക്കാര്യങ്ങളും നോക്കുന്നത് ബിന്‍സിയാണ്. ഞങ്ങളുടേത് പ്രേമ വിവാഹമായിരുന്നു. എന്‍റെ വീടിനടുത്തു തന്നെയാണ് ബിന്‍സിയുടേയും വീട്.

എന്തായാലും എന്നെ ഇപ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നുണ്ട്. അതില്‍ വലിയ സന്തോഷമുണ്ട്. ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരത്തുനിന്നും വീട്ടിലേയ്ക്ക് പോരുമ്പോള്‍ ബസ്സിലെ മറ്റ് യാത്രക്കാര്‍ പലരും എന്നെ കണ്ട് തിരിച്ചറിയുകയും സെല്‍ഫിയെടുക്കണമെന്ന് പറഞ്ഞ് അവര്‍ ഫോട്ടോയെടുക്കുകയും ചെയ്തു. കണ്ടക്ടര്‍ ഉള്‍പ്പെടെ ഫോട്ടോയെടുത്തപ്പോള്‍, സത്യം പറയാമല്ലോ, എന്‍റെ മനസ്സ് സന്തോഷിച്ചുകേട്ടൊ...

ജി. കൃഷ്ണന്‍

Tags
bibil