'കപ്പേള' മുഹമ്മദ് മുസ്തഫയുടെ സംവിധാനത്തിൽ നിമിഷ സജയനും ഏഞ്ചൽ മരിയയും അഭിനയിക്കുന്ന തമിഴ് ചിത്രം...
Highlights
തമിഴ് സിനിമയിൽ ഇപ്പോൾ മലയാളി സംവിധായകർക്ക് പ്രിയം ഏറിവരികയാണ്
തമിഴ് സിനിമയിൽ ഇപ്പോൾ മലയാളി സംവിധായകർക്ക് പ്രിയം ഏറിവരികയാണ് എന്ന് പറയാം! തമിഴിലെ മുൻനിര നായക നടന്മാരിൽ ഒരാളായ ജീവ നായകനായി അഭിനയിച്ച് ഈയിടെ റിലീസായി വമ്പൻ വിജയമായ തമിഴ് ചിത്രമാണ് 'തലൈവർ തമ്പി തലൈമെയിൽ'. ഈ ചിത്രം സംവിധാനം ചെയ്തത് മലയാളിയായ നിതീഷ് സഹദേവ് ആണ്. അടുത്ത് തന്നെ റിലീസാകാനിരിക്കുന്ന സൂര്യയും, നസ്രിയയും ജോഡിയായി അഭിനയിക്കുന്ന ചിത്രമാണ് 'സീൻ'. ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് 'ആവേശം' ഫെയിം ജിത്തു മാധവനാണ്. ഈ സാഹചര്യത്തിലാണ് നടൻ ജീവ താൻ പുതിയതായി തുടങ്ങിയിരിക്കുന്ന 'സൂപ്പർ സ്റ്റുഡിയോസ്' എന്ന ബാനർ മുഖേന സിനിമകൾ നിർമ്മിക്കാൻ തുടങ്ങിയിരിക്കുന്നത്.
ഈ ബാനറിൽ നിർമ്മിക്കുന്ന ആദ്യത്തെ ചിത്രം സംവിധാനം ചെയ്യാൻ ജീവ അവസരം നൽകിയിരിക്കുന്നത് മറ്റൊരു മലയാളി സംവിധായകനായ മുഹമ്മദ് മുസ്തഫക്കാണ്. 'കപ്പേള' എന്ന മലയാള ചിത്രം മുഖേന ശ്രദ്ധയാകർഷിച്ച സംവിധായകനായ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ഈ തമിഴ് ചിത്രത്തിൽ നിമിഷ സജയൻ, 'വാഴ- 2' എന്ന ചിത്രത്തിൽ അഭിനയിച്ച ഏഞ്ചൽ മരിയ എന്നിവരാണത്രേ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങി നടന്നു വരികയാണ് എന്നുള്ള വാർത്തയും ലഭിച്ചിട്ടുണ്ട്. എന്നാൽ ചിത്രം കുറിച്ചുള്ള മറ്റുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മലയാളി സംവിധായകനായ നിതീഷ് സഹദേവ് സംവിധാനം ചെയ്തു താൻ നായകനായി അഭിനയിച്ച 'തലൈവർ തമ്പി തലൈമെയിൽ'. എന്ന ചിത്രം വമ്പൻ വിജയമായതിനാലാണ് ജീവ മറ്റൊരു മലയാളി സംവിധായകനെ തിരഞ്ഞെടുത്തിരിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്.