Wednesday, 07 October 2026 | 11:46 PM

Exclusive

ചിത്രജാലക്കാഴ്ചകള്: പ്രണയത്തെ ഹൃദയം കൊണ്ടാവാഹിച്ച അപൂര്‍വ്വം നടന്മാരെ മലയാളത്തിലുള്ളൂ. അതില്‍ ശങ്കര്‍ പണിക്കര്‍ എന്ന ശങ്കറിന്‍റെ പേര് ഒരിക്കലും ഒഴിവാക്കാനാവില്ല

എന്‍.ടി. സതീഷ് 22 June 2026 07:25 AM
ചിത്രജാലക്കാഴ്ചകള്:  പ്രണയത്തെ ഹൃദയം കൊണ്ടാവാഹിച്ച അപൂര്‍വ്വം നടന്മാരെ മലയാളത്തിലുള്ളൂ. അതില്‍ ശങ്കര്‍ പണിക്കര്‍ എന്ന ശങ്കറിന്‍റെ പേര് ഒരിക്കലും ഒഴിവാക്കാനാവില്ല

Highlights

പ്രണയത്തെ ഹൃദയം കൊണ്ടാവാഹിച്ച അപൂര്‍വ്വം നടന്മാരെ മലയാളത്തിലുള്ളൂ. അതില്‍ ശങ്കര്‍ പണിക്കര്‍ എന്ന ശങ്കറിന്‍റെ പേര് ഒരിക്കലും ഒഴിവാക്കാനാവില്ല. ഇന്ന് പല താരങ്ങളും സൂപ്പര്‍താരപദവി അലങ്കരിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് പ്രണയത്തിന്‍റെ കെമിസ്ട്രി തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ കഴിയില്ലെന്നത് പ്രത്യക്ഷസത്യമാണ്.അവിടെയാണ് ശങ്കറിനെപ്പോലുള്ള നടന്മാരെ പ്രേക്ഷകര്‍ പ്രത്യേക അനുഭാവത്തോടെ, അനുഭൂതിയോടെ ആരാധിക്കുന്നതും അവരുടെ സിനിമകള്‍ വമ്പിച്ച വിജയം കൈവരിക്കുന്നതും.
‍
പ്രണയത്തെ ഹൃദയം കൊണ്ടാവാഹിച്ച അപൂര്‍വ്വം നടന്മാരെ മലയാളത്തിലുള്ളൂ. അതില്‍ ശങ്കര്‍ പണിക്കര്‍ എന്ന ശങ്കറിന്‍റെ പേര് ഒരിക്കലും ഒഴിവാക്കാനാവില്ല. ഇന്ന് പല താരങ്ങളും സൂപ്പര്‍താരപദവി അലങ്കരിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് പ്രണയത്തിന്‍റെ കെമിസ്ട്രി തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ കഴിയില്ലെന്നത് പ്രത്യക്ഷസത്യമാണ്.
അവിടെയാണ് ശങ്കറിനെപ്പോലുള്ള നടന്മാരെ പ്രേക്ഷകര്‍ പ്രത്യേക അനുഭാവത്തോടെ, അനുഭൂതിയോടെ ആരാധിക്കുന്നതും അവരുടെ സിനിമകള്‍ വമ്പിച്ച വിജയം കൈവരിക്കുന്നതും. മലയാളത്തിലും തമിഴിലുമുള്ള ചിത്രങ്ങളിലൂടെയാണ് ശങ്കര്‍ നടനെന്ന നിലയില്‍ പ്രശസ്തനാകുന്നത്. 1980 കളില്‍ നിരവധി സിനിമകളില്‍ നായകനായി അഭിനയിച്ച് അതുവരെ നിലനിന്നിരുന്ന താരസങ്കല്‍പ്പങ്ങളില്‍ നിന്ന് വേറിട്ട് സ്വന്തമായൊരു ശൈലി ആവിഷ്ക്കരിച്ച് കാണികളുടെ മനസ്സില്‍ ഇടംപിടിക്കാന്‍ ശങ്കറിന് കഴിഞ്ഞു.
ഇന്നും ചില ശങ്കര്‍ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നതിന് പ്രധാനകാരണം അതിലെ മിഴിവും മികവും ഹൃദയാവര്‍ജ്ജകമായ ഗാനങ്ങളും കൊണ്ടാണ്. അങ്ങനെ എത്രയെത്ര ചിത്രങ്ങളാണ് ശങ്കര്‍ നമുക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, എങ്ങനെ നീ മറക്കും, എന്‍റെ മോഹങ്ങള്‍ പൂവണിഞ്ഞു, മുത്തോട് മുത്ത്, ആരോരുമറിയാതെ, അര്‍ച്ചന ആരാധന, മൗനനൊമ്പരം, സുഖമോ ദേവീ, നാളെ ഞങ്ങളുടെ വിവാഹം തുടങ്ങിയ ചിത്രങ്ങള്‍ അവയില്‍ ചിലതുമാത്രമാണ്.
മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‍റേയും പല ഹിറ്റ് ചിത്രങ്ങളിലും ഉപനായക വേഷത്തില്‍ ശങ്കര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അങ്ങനെ മലയാള സിനിമാചരിത്രത്തില്‍ വ്യക്തമായ കയ്യൊപ്പ് ചാര്‍ത്തി ശ്രദ്ധേയനായിരിക്കുമ്പോഴാണ് വ്യക്തിപരമായ ചില കാരണങ്ങളാലും ബിസിനസ്സ് സംബന്ധമായ കാര്യങ്ങളാലും ശങ്കര്‍ അമേരിക്കയിലേയ്ക്ക് താമസം മാറ്റുന്നത്. അത് സിനിമയുടെ തിരക്കുകളില്‍ നിന്നും സ്വയം ഒഴിഞ്ഞുപോകാനുള്ള സാഹചര്യം തന്നെ സൃഷ്ടിച്ചു.
കുറച്ചുകാലം കഴിഞ്ഞ് ചലച്ചിത്രരംഗത്തേയ്ക്ക് ശങ്കര്‍ മടങ്ങി വന്നെങ്കിലും വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. അഭിനയിച്ച ചിത്രങ്ങളാകട്ടെ വിജയിച്ചതുമില്ല. തുടര്‍ന്നാണ് ശങ്കര്‍ ചലച്ചിത്ര സംവിധാകയകനാകാനുള്ള ശ്രമം തുടങ്ങിയത്. അങ്ങനെ 2006 ല്‍ ബാലവേലയെ ആസ്പദമാക്കി ശങ്കര്‍ സംവിധാനം ചെയ്ത ഒരു വീഡിയോ ചിത്രത്തിന് ടെലിവിഷന്‍ പ്രേക്ഷകരില്‍ നിന്ന് മികച്ച സംവിധായകനുള്ള ദൃശ്യ അവാര്‍ഡുകള്‍ ലഭിച്ചു.
എച്ച്.ഐ.വി/ എയ്ഡ്സ് ബാധിതരെ സമൂഹത്തില്‍ നിന്ന് മാറ്റിനിറുത്തരുതെന്ന് സമൂഹത്തെ ഉദ്ബോധിപ്പിക്കുന്ന 'വൈറസ്' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്നെ ഫീച്ചര്‍ ഫിലിം സംവിധാന അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് കേരളോത്സവം, എഴുത്തോല, തമിഴ് ചിത്രമായ സാന്‍ഡ് സിറ്റി എന്നിവ സംവിധാനം ചെയ്തു. എഴുത്തോല ചില വിദേശ ചലച്ചിത്രമേളകളില്‍ അംഗീകാരം നേടുകയുണ്ടായി.
ശങ്കറിന്‍റെ ചലച്ചിത്രാഭിനയത്തുടക്കം തമിഴ് ചിത്രമായ ഒരു തലൈരാഗത്തിലാണ്. പിന്നീടാണ് ഫാസില്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ നായകനായെത്തുന്നത്. വില്ലന്‍ വേഷത്തിലെത്തിയ മോഹന്‍ലാലിന്‍റെ ആദ്യചലച്ചിത്രം ഇതുതന്നെയായിരുന്നു. ശങ്കര്‍ ചിത്രങ്ങളില്‍ കൂടുതലും നായികമാരായി അഭിനയിച്ചത് മേനകയും അംബികയുമായിരുന്നു. ശങ്കര്‍- മേനകാ സിനിമാഭിനയപ്രണയത്തിന്‍റെ രസതന്ത്രം പ്രേക്ഷകര്‍ക്ക് ഇഷ്ടമായിരുന്നതുപോലെതന്നെ ഇരുവരും തമ്മിലുള്ള പ്രണയഗോസിപ്പുകള്‍ക്കും ഏറെ ആസ്വാദ്യതയുണ്ടായിരുന്നു.
ഇവിടെ ഇപ്പോള്‍ എന്താണ് ഒരു ശങ്കര്‍ പ്രതിപാദനത്തിന്‍റെ ആവശ്യമെന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. കാരണം മറ്റൊന്നുമല്ല. 1985 ഡിസംബറിലെ രണ്ട് നാന മറിച്ചുനോക്കിയപ്പോള്‍ അതില്‍ ശങ്കറിന്‍റെ 'എന്‍റെ ആല്‍ബത്തില്‍ നിന്ന്' എന്നൊരു പംക്തി ശ്രദ്ധയില്‍പ്പെട്ടു. അതില്‍ അപൂര്‍വ്വമായ ചിത്രങ്ങള്‍ അവതരിപ്പിച്ചിരുന്നു. അതില്‍ ആദ്യത്തേത് ഒരു പ്രച്ഛന്ന വേഷമത്സരത്തിന്‍റേതാണ്. ഒരു വര്‍ഷം ഓണക്കാലത്താണ് ഇങ്ങനൊരു വേഷത്തില്‍ ശങ്കര്‍ പ്രത്യക്ഷപ്പെട്ടത്.
അന്ന് ആഡിറ്റോറിയത്തില്‍ ഇരിക്കുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റണമെന്നേ ആഗ്രഹിച്ചുള്ളൂ. അതിന്‍പ്രകാരം പാന്‍റും ഷര്‍ട്ടും കോട്ടും കണ്ണടയും തൊപ്പിയുമെല്ലാം സംഘടിപ്പിച്ചു. മാത്രമല്ല വീട്ടുകാരുള്‍പ്പെടെ എല്ലാവരുടെയും മുന്നില്‍നിന്ന് സിഗററ്റും വലിച്ചു. മറ്റൊന്ന് സരിതയോടൊപ്പം കെ. വിജയന്‍ സംവിധാനം ചെയ്ത 'കോയില്‍പുറ' എന്ന സിനിമയിലെ ഒരു ആദ്യരാത്രിച്ചിത്രമാണ്. അതേപ്പറ്റി ശങ്കര്‍ പറയുന്നു, സരിതയുടെ ഭര്‍ത്താവായി എന്നെ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ എന്‍റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഭാര്യയും ഭര്‍ത്താവും ചേര്‍ന്നുള്ള ആദ്യരാത്രി..
സിനിമയിലെ ആദ്യരാത്രിയായിരുന്നിട്ടുകൂടി എനിക്ക് ഭയമായിരുന്നു. ആദ്യരാത്രിയില്‍ എല്ലാവര്‍ക്കും പേടി തോന്നാറുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ എന്‍റെ ധൈര്യം ചോര്‍ന്നുപോയിരുന്നു. പിന്നെ കുഞ്ഞുശങ്കറിന്‍റെ ആദ്യത്തെ ചിത്രം, ശങ്കറിന്‍റെയും അനുജന്‍ കൃഷ്ണകുമാറിന്‍റെയും ബാല്യകാല മുതിര്‍ന്നകാല ചിത്രങ്ങള്‍, കുടുംബചിത്രങ്ങള്‍, കൗമാരചിത്രം എന്നിവയെല്ലാം ചേര്‍ന്നാണ് ശങ്കറിന്‍റെ ആല്‍ബം പൂര്‍ണ്ണമാകുന്നത്. കൃഷ്ണകുമാര്‍ ഒരു പ്രവാസിയും ചലച്ചിത്ര നിര്‍മ്മാതാവുമാണ്. സിബിമലയില്‍ സംവിധാനം ചെയ്ത 'ചേക്കേറാന്‍ ഒരു ചില്ല' എന്ന ചിത്രം കൃഷ്ണകുമാര്‍ നിര്‍മ്മിച്ചതാണ്.
ശങ്കറിനെക്കുറിച്ച് അല്‍പ്പമെങ്കിലും ഓര്‍ക്കാനും പറയാനും നിമിത്തമായത് ആ പഴയകാല നാനയാണ്. ആ കാലത്തിനും നാനയ്ക്കും നന്ദി പറഞ്ഞുകൊണ്ട് നിറുത്തുന്നു.
 
Tags
ShankarPanicker Shankar