ചിത്രജാലകക്കാഴ്ചകള്‍:- വേണു നടത്തിയ അന്തസ്സുള്ള കഥാപാത്രങ്ങളുടെ ഘോഷയാത്രകള്
Highlights
ഇന്ത്യന്‍ സിനിമാചരിത്രത്തിലെ പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാള്‍. തമിഴിലും മലയാളത്തിലുമുള്‍പ്പെടെ അഞ്ഞൂറിലധികം സിനിമകളില്‍ ആവര്‍ത്തനവിരസത സൃഷ്ടിക്കാത്ത വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍. താരസങ്കല്‍പ്പങ്ങള്‍ക്കുമപ്പുറം ജീവിതത്തെ പച്ചയായി വെള്ളിത്തിരയില്‍ പ്രതിഫലിപ്പിച്ച യഥാര്‍ത്ഥ നടന്‍ തന്നെയായിരുന്നു വേണു. നെടുമുടി വേണുവിന്‍റെ അഭിനയപൂര്‍ണ്ണത അദ്ദേഹം നടത്തിയ കലാസഞ്ചാരങ്ങളില്‍ അടയാളപ്പെട്ടുകിടക്കുന്ന യാഥാര്‍ത്ഥ്യതയാണ്. അതേപ്പറ്റി 1985 ഒക്ടോബര്‍ 6 ലക്കത്തിലെ നാനയിലെ ഒരു അഭിമുഖത്തില്‍ വേണു തന്നെ പറയുന്നുണ്ട്- നല്ല നടനുള്ള ദേശീയ അംഗീകാരം നഷ്ടപ്പെട്ടത് നോര്‍ത്തിന്ത്യന്‍ ലോബിയുടെ വഞ്ചനയുടെ ഫലമായാണ്. അല്ലെങ്കില്‍ മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടത്തിലെ അഭിനയത്തിന് ആ അവാര്‍ഡ് ലഭിച്ചിരുന്നേനെ.
കെ.വേണുഗോപാല്‍ എന്ന പേര് ചലച്ചിത്രപ്രേമികള്‍ക്ക് അത്ര പരിചയമില്ലാത്തതാണ്. എന്നാല്‍ നെടുമുടി വേണു എന്നുകേള്‍ക്കുമ്പോള്‍ ഹൃദയത്തില്‍ ഒരായിരം കയ്യടികള്‍ ഉയരും. കാരണം നെടുമുടി വേണു ഒരു മുഖവുര ആവശ്യമില്ലാത്ത നടനാണ്. ഇന്ത്യന്‍ സിനിമാചരിത്രത്തിലെ പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാള്‍. തമിഴിലും മലയാളത്തിലുമുള്‍പ്പെടെ അഞ്ഞൂറിലധികം സിനിമകളില്‍ ആവര്‍ത്തനവിരസത സൃഷ്ടിക്കാത്ത വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍. താരസങ്കല്‍പ്പങ്ങള്‍ക്കുമപ്പുറം ജീവിതത്തെ പച്ചയായി വെള്ളിത്തിരയില്‍ പ്രതിഫലിപ്പിച്ച യഥാര്‍ത്ഥ നടന്‍ തന്നെയായിരുന്നു വേണു.
നെടുമുടി വേണുവിന്‍റെ അഭിനയത്തിന്‍റെ തുടക്കം ആലപ്പുഴ എസ്.ഡി. കോളേജ് പഠനകാലത്താണ്. സഹപാഠിയായ ഫാസില്‍(സംവിധായകന്‍) രചിച്ച കോളേജ് നാടകങ്ങളിലെ സ്ഥിരം നടനായിരുന്നു വേണു. അത് കലാരംഗത്ത് വേണുവിനെ കൂടുതല്‍ സജീവമാകാന്‍ സഹായിച്ചു. കോളേജ് പഠനശേഷം കലാകൗമുദിയില്‍ കുറെക്കാലം പത്രപ്രവര്‍ത്തകനായ വേണു ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി വേണു സിനിമാരംഗത്തെത്തപ്പെടുന്നത്. അതിന് നിമിത്തമായത് തിരുവനന്തപുരത്തേയ്ക്കുള്ള താമസമാണ്. അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി തുടങ്ങിയവരുമായുള്ള സൗഹൃദം ആത്യന്തികമായ സിനിമാജീവിതത്തിന് വഴിയൊരുക്കുകയും ചെയ്തു. ജയന്‍ മരിക്കുകയും മലയാള സിനിമയില്‍ നവോത്ഥാനം സംഭവിക്കുകയും ചെയ്ത സമയത്താണ് നെടുമുടി വേണു ചലച്ചിത്രലോകത്തെത്തുന്നത്.
1978 ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു വേണുവിന്‍റെ ചലച്ചിത്രാഭിനയത്തുടക്കം. തുടര്‍ന്ന് ഭരതന്‍റെ ആരവം ചിത്രത്തിലെ മരുതെന്ന കഥാപാത്രം ശ്രദ്ധേയനാക്കി. അതോടൊപ്പം പത്മരാജന്‍ സംവിധാനം ചെയ്ത ഒരിടത്തൊരു ഫയല്‍വാന്‍ ചിത്രത്തിലെ കാരണവരുടെ വേഷവും വേണുവിന്‍റെ അഭിനയജീവിതത്തില്‍ മാറ്റത്തിന് വഴിതെളിച്ചു. പിന്നീട് വ്യത്യസ്ത വേഷങ്ങളുടെ അന്തസ്സുള്ള ഒരു ഘോഷയാത്ര തന്നെയുണ്ട് വേണുവിന്‍റെ അഭിനയയാത്രയില്‍. ഇതില്‍ ഏതുമെച്ചം എന്നു വേര്‍തിരിക്കുവാന്‍ പോലും കാണികള്‍ക്ക് അല്‍പ്പം ക്ലേശിക്കേണ്ടി വരും. പ്രസാദാത്മകതയാണ് നെടുമുടിയുടെ അഭിനയത്തിന്‍റെ മുഖമുദ്ര എന്നുവേണമെങ്കില്‍ പറയാം.
ഏതൊരു വേഷം കയ്യാളുമ്പോഴും നൂതനത്വം പ്രകടിപ്പിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം അവിടെ കാണാന്‍ കഴിയും. ഗ്ലാമര്‍ താരങ്ങളെ ആരാധിക്കുന്നവര്‍ പോലും മനസ്സില്‍ വേണുവിന് പ്രത്യേകം ഇരിപ്പിടം സൂചിപ്പിച്ചിരുന്നു എന്ത് നിഷേധിക്കാനാവാത്ത സത്യമാണ്. വിട പറയും മുമ്പെയിലെ സേവിയര്‍, ചാമരത്തിലെ അച്ചന്‍, മര്‍മ്മരത്തിലെ പുരോഗമനവാദി, കള്ളന്‍ പവിത്രനിലെ കള്ളന്‍, ഗുരുജി ഒരു വാക്കിലെ ചാര്‍ലി, ആരൂഢത്തിലെ തമ്പുരാന്‍, തകരയിലെ ചെല്ലപ്പനാചാരി, മിന്നാമിനുങ്ങന്‍റെ നുറുങ്ങുവെട്ടത്തിലെ റിട്ടയേര്‍ഡ് അധ്യാപകന്‍, ഹിസ് ഹൈനസ്സ് അബ്ദുള്ളയിലെ രാജാവ്, അമ്പട ഞാനേയിലെ അപ്പൂപ്പന്‍, ഭരതത്തിലെ മദ്യപനായ സംഗീതജ്ഞന്‍ തുടങ്ങി പല കഥാപാത്രങ്ങളിലൂടെ നമ്മുടെ സമൂഹത്തിലെ വിവിധ തട്ടുകളിലെ മനുഷ്യരുടെ ഒന്നാന്തരം കാരിക്കേച്ചറുകള്‍ മലയാള സിനിമയില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ച നടന്‍ എന്ന ബഹുമതിയാണ് നെടുമുടി വേണുവിനെ നിത്യം പ്രേക്ഷകഹൃദന്തത്തില്‍ ധന്യമാക്കുന്നത്.
നെടുമുടി വേണുവിന്‍റെ അഭിനയപൂര്‍ണ്ണത അദ്ദേഹം നടത്തിയ കലാസഞ്ചാരങ്ങളില്‍ അടയാളപ്പെട്ടുകിടക്കുന്ന യാഥാര്‍ത്ഥ്യതയാണ്. അതേപ്പറ്റി 1985 ഒക്ടോബര്‍ 6 ലക്കത്തിലെ നാനയിലെ ഒരു അഭിമുഖത്തില്‍ വേണു തന്നെ പറയുന്നുണ്ട്-
'എന്‍റെ അഭിനയപരിശീലനം നാടകരംഗത്തുനിന്നുതന്നെയാണ്. ഹൈസ്ക്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കെ കലകളോട് കമ്പമായിരുന്നു. പിന്നെ നടനായി നാടകരംഗത്തെത്തിയപ്പോള്‍ എല്ലാത്തരത്തിലും രംഗവേദിയോട് ഇടപെടാനുള്ള അവസരമുണ്ടായി. കുരുത്തോല കെട്ടി അലങ്കരിക്കുന്നതിലും പ്രകാശക്രമീകരണത്തിലും പശ്ചാത്തലത്തില്‍ മൃദംഗം വായിക്കുന്നതിലുമൊക്കെ സഹകരിച്ചു. പരിശീലിച്ചു. അതിന്‍റെ കാരണം അച്ഛന്‍റെ ശിക്ഷണം തന്നെ.
ഹെഡ്മാസ്റ്ററും മിസ്ട്രസ്സുമായിരുന്നു അച്ഛനമ്മമാര്‍. കര്‍ശനമായ മേല്‍നോട്ടം. അഞ്ചുമക്കളില്‍ ചിലര്‍ക്ക് കലാവാസന പ്രകടമായപ്പോള്‍ ആ വഴിക്ക് ചിട്ടയോടുള്ള പരിശീലനത്തിന് ഏര്‍പ്പാടുണ്ടാക്കുകയാണ് ചെയ്തത്. അങ്ങനെ വീട്ടിലിരുന്നുതന്നെ കഥകളിസംഗീതം, ശാസ്ത്രീയസംഗീതം, മൃദംഗം എന്നിവ അഭ്യസിച്ചു. സ്ക്കൂള്‍ കോളേജ്, വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ പിന്നെ ആലപ്പുഴയില്‍ കാവാലം നാരായണപ്പണിക്കരും ദല്‍ഹിയിലെ സ്ക്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നുവന്ന കുമാരവര്‍മ്മയും ചേര്‍ന്ന് സംഘടിപ്പിച്ച 'തിരുവരങ്ങില്‍' ചേര്‍ന്നു. അഭിനയപരിശീലനത്തിന്‍റെ പുതിയ മേഖലകള്‍.
അഭിനയസമ്പ്രദായത്തെ വിശദമായ പരിചയപ്പെടുന്നതവിടെയാണ്. അതില്‍ ആംഗികം, വാചികം, ആഹാര്യം, സാത്വികം എന്നിങ്ങനെ നാലുവേര്‍തിരിവുകളുണ്ട്. അതില്‍ ഏറ്റവും പ്രധാനം സാത്വികമാണ്. ഉള്ളില്‍ കഥാപാത്രത്തെ രൂപപ്പെടുത്തി, സ്വയം അതായിത്തീരുക- മെന്‍റല്‍ ആക്ടിംഗ്. അഭിനയം ജന്മസിദ്ധമായ വാസനയാണ്. ഓരോ മനുഷ്യനിലും ഒരു അഭിനേതാവുണ്ട്. തെറ്റുചെയ്ത കുട്ടി നിഷ്ക്കളങ്ക ഭാവം വരുത്തി അത് ഞാനല്ല എന്ന് കുറ്റം നിഷേധിക്കുന്നത് ജീവിതത്തിലെ അഭിനയമാണ്.
ഇങ്ങനെ അഭിനയവൈപുല്യത, ബോധം ഉള്ള ഒരു നടന് ഒരിക്കലും തനിക്ക് ലഭിക്കുന്ന കഥാപാത്രത്തില്‍ കളങ്കം ചാര്‍ത്താന്‍ കഴിയില്ലാ, അതായിത്തീരാനേ കഴിയൂ. അങ്ങനൊരു നടനായിരുന്നു നെടുമുടി വേണു. കള്ളനായാലും രാജാവായാലും നൂറുശതമാനവും അതായിത്തീരുന്ന നടന്‍.
സംഗീതവിദുഷിയാണെങ്കില്‍ വേണുവിനെക്കഴിഞ്ഞേ മറ്റൊരാളെ കണ്ടെത്താന്‍ സംവിധായകന്‍ തയ്യാറാകൂ. വേണുവിലെ ഈ അഭിനയ പരിപൂര്‍ണ്ണത കണ്ടെത്തിയ കമലഹാസന് ഒരിക്കല്‍ അദ്ദേഹത്തോടൊപ്പം ഒന്നിച്ചഭിനയിക്കാന്‍ മോഹമുണ്ടായി. അത് കമല്‍ സാധിച്ചെടുത്തത് 'ഇന്ത്യന്‍' ചിത്രത്തില്‍ വേണുവിന് ഒരു അന്വേഷണോദ്യോഗസ്ഥന്‍റെ വേഷം നല്‍കിയാണ്.
കാറ്റത്തെ കിളിക്കൂട് ഉള്‍പ്പെടെ ചില ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും ചമച്ചിട്ടുണ്ട് വേണു. പൂരം എന്നൊരു ചലച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ദൂരദര്‍ശന്‍റെ ആദ്യകാല ഹ്രസ്വചലച്ചിത്രങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു നെടുമുടി വേണു. പ്രേക്ഷകമനസ്സില്‍ അത്തരത്തില്‍ പെട്ടെന്ന് ഓര്‍ക്കപ്പെടുന്നത് വൈക്കം മുഹമ്മദ് ബഷീറിന്‍റെ 'പൂവമ്പഴം' എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരമാണ്. നെടുമുടി വേണുവിനൊപ്പം നടി സീനത്താണ് പ്രധാന വേഷത്തിലെത്തിയത്.
നല്ല സഹനടനും പ്രത്യേകപരാമര്‍ശവുമായി രണ്ട് ദേശീയപുരസ്ക്കാരങ്ങളും ആറ് സംസ്ഥാന അവാര്‍ഡുകളും വേണുവിന് ലഭിച്ചിട്ടുണ്ടെങ്കിലും നല്ല നടനുള്ള ദേശീയ അംഗീകാരം നഷ്ടപ്പെട്ടത് നോര്‍ത്തിന്ത്യന്‍ ലോബിയുടെ വഞ്ചനയുടെ ഫലമായാണ്. അല്ലെങ്കില്‍ മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടത്തിലെ അഭിനയത്തിന് ആ അവാര്‍ഡ് ലഭിച്ചിരുന്നേനെ.