Friday, 21 August 2026 | 11:44 AM

Interviews

എന്നെ സംബന്ധിച്ച് കഥാപാത്രത്തിന്‍റെ ആഴത്തിനാണ് പ്രഥമപരിഗണന. വസ്ത്രങ്ങള്‍ക്കും അണിഞ്ഞൊരുങ്ങലുകള്‍ക്കും ഒക്കെ സ്ഥാനം അതിന് ശേഷമേയുള്ളൂ... -മധുബാല

അപ്പൂസ് കെ.എസ് 19 August 2026 07:21 AM
എന്നെ സംബന്ധിച്ച് കഥാപാത്രത്തിന്‍റെ ആഴത്തിനാണ് പ്രഥമപരിഗണന. വസ്ത്രങ്ങള്‍ക്കും അണിഞ്ഞൊരുങ്ങലുകള്‍ക്കും ഒക്കെ സ്ഥാനം അതിന് ശേഷമേയുള്ളൂ... -മധുബാല

Highlights

വിവിധ ഭാഷകളിലെ വിജയചിത്രങ്ങളിലെ കേന്ദ്ര കഥാപാത്രമായി തിളങ്ങിയ മധുബാലയുടെ പുതിയ വിശേഷങ്ങള്‍

മധു റിയല്‍ ലൈഫില്‍ ഭയങ്കര ചില്ലായ, എനര്‍ജറ്റിക്കായ ഒരാളാണ്. പക്ഷേ ഈ അടുത്ത കാലത്ത് ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ വളരെ ശാന്തവും നിശ്ശബ്ദവുമായ ഭാവങ്ങളുള്ളവയാണ്. ഇത്തരം റോളുകള്‍ ചെയ്യുന്നതില്‍ എത്രത്തോളം കംഫര്‍ട്ടബിള്‍ ആണ്?

സത്യത്തില്‍ എന്‍റെ ഇത്തരം ശാന്തമായ കഥാപാത്രങ്ങളെയാണ് ആളുകള്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടിട്ടുള്ളത്. സിനിമയില്‍ കോസ്റ്റ്യൂമിനും മേക്കപ്പിനും ഞാന്‍ അത്രയധികം പ്രാധാന്യം നല്‍കാറില്ല. ഇന്നതുപോലെയുള്ള വേഷമേ ചെയ്യൂ എന്ന വാശിയുമില്ല. സംവിധായകന്‍റെ മനസ്സിലെ സങ്കല്‍പ്പത്തിന് മാക്സിമം ഔട്ട്പുട്ട് നല്‍കുക എന്നതാണ് എന്‍റെ രീതി. അതുകൊണ്ട് നാളെ ഒരു റോക്ക് സ്റ്റാര്‍ കഥാപാത്രമാണ് വരുന്നതെങ്കില്‍ പോലും ഞാന്‍ അത് സന്തോഷത്തോടെ ചെയ്യും. എന്നെ സംബന്ധിച്ച് കഥാപാത്രത്തിന്‍റെ ആഴത്തിനാണ് പ്രഥമപരിഗണന. വസ്ത്രങ്ങള്‍ക്കും അണിഞ്ഞൊരുങ്ങലുകള്‍ക്കും ഒക്കെ സ്ഥാനം അതിന് ശേഷമേയുള്ളൂ.

ഒരു അഭിനേത്രി എന്ന നിലയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ പരീക്ഷിച്ച് നോക്കാനുള്ള ആഗ്രഹം എനിക്ക് വേണ്ടുവോളമുണ്ട്. ഒരു പോലീസ് ഓഫീസര്‍, സൈക്കോ കഥാപാത്രം, അല്ലെങ്കില്‍ ഒരു റോക്ക് സ്റ്റാര്‍.. ഇതൊക്കെ ചെയ്യാന്‍ എനിക്ക് വലിയ കൊതിയുണ്ട്. ഇപ്പോള്‍ അങ്ങനെയൊരു അവസരം വന്നാല്‍ ഞാന്‍ തീര്‍ച്ചയായും അത് സ്വീകരിക്കും.

ഇത്രയും വര്‍ഷത്തെ സിനിമാജീവിതത്തില്‍, ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും മധുവിനോടൊപ്പം ഇന്നും ചേര്‍ന്നുനില്‍ക്കുന്ന, ഏറ്റവും പ്രിയപ്പെട്ട ആ ഒരു വേഷം ഏതാണ്?

എന്‍റെ കരിയറിന്‍റെ ആദ്യഘട്ടത്തിലേക്ക് നോക്കിയാല്‍ റോജ തന്നെയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം. ആ സിനിമ എനിക്ക് കുറെ കാര്യങ്ങള്‍ തന്നു. അതിനുശേഷം വര്‍ഷങ്ങള്‍ കടന്നുപോയി. ഏകദേശം 15 വര്‍ഷത്തോളം ഞാന്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

എന്‍റെ ഈ രണ്ടാം വരവിലെ പ്രോജക്ടുകള്‍ എടുത്തുനോക്കിയാല്‍ സ്വീറ്റ് കാരം കോഫി എന്ന വെബ് സീരീസിലെ വേഷമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഒരു സ്ത്രീയെ വളരെ പുരോഗമനപരമായ ചിന്താഗതികളോടെയാണ് അതില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതുതന്നെയാണ് ആ കഥാപാത്രം എന്നെ ഇത്രയധികം ആകര്‍ഷിക്കാനുള്ള കാരണവും. അതുപോലെതന്നെ ഞാന്‍ ഏറെ ആസ്വദിച്ച് ചെയ്ത, എനിക്ക് അത്രമേല്‍ പ്രിയപ്പെട്ട മറ്റൊരു കഥാപാത്രമാണ് പുതിയ ചിത്രമായ 'ചിന്ന ചിന്ന ആസൈ'യിലേതും.

 

Tags
madhubala madhoo