Tuesday, 23 June 2026 | 06:58 PM

Breaking News

'അമ്മ'യിൽ വൻ അട്ടിമറി: ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള വനിതാ ഭരണസമിതി കൂട്ടത്തോടെ രാജിവെച്ചു

സുരേഷ് വണ്ടന്നൂർ 22 June 2026 05:25 AM
'അമ്മ'യിൽ വൻ അട്ടിമറി: ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള വനിതാ ഭരണസമിതി കൂട്ടത്തോടെ രാജിവെച്ചു

Highlights

മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യിൽ  നാടകീയ നീക്കങ്ങൾക്കൊടുവിൽ വൻ പൊട്ടിത്തെറി. ആഭ്യന്തര തർക്കങ്ങളും കടുത്ത ഭിന്നതകളും മൂർച്ഛിച്ചതിനെ തുടർന്ന് പ്രസിഡന്റ് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള 17 അംഗ ഭരണസമിതി ഒട്ടാകെ ഒന്നിച്ച് രാജിവെച്ചു. 

ലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യിൽ  നാടകീയ നീക്കങ്ങൾക്കൊടുവിൽ വൻ പൊട്ടിത്തെറി. ആഭ്യന്തര തർക്കങ്ങളും കടുത്ത ഭിന്നതകളും മൂർച്ഛിച്ചതിനെ തുടർന്ന് പ്രസിഡന്റ് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള 17 അംഗ ഭരണസമിതി ഒട്ടാകെ ഒന്നിച്ച് രാജിവെച്ചു. 31 വർഷത്തെ പുരുഷാധിപത്യത്തിന് അറുതി വരുത്തിക്കൊണ്ട് വലിയ പ്രതീക്ഷകളോടെ അധികാരമേറ്റ വനിതാ നേതൃത്വമാണ് വെറും 10 മാസം തികയും മുൻപ് തകർന്നു വീണത്. ഭരണസമിതിയിൽ നിന്ന് മാത്രമല്ല, സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും താൻ രാജിവെക്കുകയാണെന്ന് ശ്വേതാ മേനോൻ പ്രഖ്യാപിച്ചു.

​നടിയെ ആക്രമിച്ച കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുൻ ഭാരവാഹികൾ കുറ്റാരോപിതരെ സംരക്ഷിക്കുന്നു എന്ന ആക്ഷേപം ശക്തമായപ്പോഴാണ് കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും ശ്വേത മേനോൻ പ്രസിഡന്റായും വനിതാ സമിതി അധികാരമേറ്റത്. എന്നാൽ തുടക്കം മുതൽ ഭാരവാഹികൾക്കിടയിലുണ്ടായ അധികാരത്തർക്കങ്ങളാണ് ഒടുവിൽ കൂട്ടരാജ കലാശിച്ചത്.
 

​സമിതിയുടെ തകർച്ചയ്ക്ക് കാരണമായ 4 പ്രധാന സംഭവങ്ങൾ:

​ആഭ്യന്തര അധികാരത്തർക്കം: ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും ട്രഷറർ ഉണ്ണി ശിവപാലും ചേർന്ന് തന്നെയറിയാതെ സംഘടനയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു എന്നതായിരുന്നു ശ്വേതയുടെ പ്രധാന പരാതി. ശ്വേതയോട് ആലോചിക്കാതെ ഓഫീസ് മാനേജരെ പിരിച്ചുവിട്ടതോടെ തർക്കം രൂക്ഷമായി. ഒടുവിൽ ജീവനക്കാരിയെ തിരിച്ചെടുക്കുകയും ട്രഷററെ നിർബന്ധിത അവധിയിൽ വിടുകയുമാണുണ്ടായത്.

​അൻസിബയുടെ വെളിപ്പെടുത്തലുകളും രാജിയും: ഫെബ്രുവരിയിൽ ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ കമ്മിറ്റി അംഗങ്ങളായ ടിനി ടോം, ലക്ഷ്മിപ്രിയ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന് പിന്നാലെ അൻസിബ സ്ഥാനം രാജിവെച്ചു.

​70 ലക്ഷത്തിന്റെ സ്പോൺസർഷിപ്പ് വിവാദം: ഫെബ്രുവരിയിൽ നടന്ന കുടുംബസംഗമത്തിനായി ഒരു ക്ഷേത്ര ട്രസ്റ്റിൽ നിന്ന് 70 ലക്ഷം രൂപ സ്പോൺസർഷിപ്പ് കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് സംഘടനയ്ക്കുള്ളിൽ വലിയ എതിർപ്പുകൾ ഉയർന്നിരുന്നു.
​കാണാതായ കണക്കുകൾ: കാക്കനാട് നടന്ന പൊതുയോഗത്തിൽ കുടുംബസംഗമത്തിന്റെ 67 ലക്ഷം രൂപയുടെ കണക്കുകൾ വ്യക്തമല്ലെന്ന് കാട്ടി ഒരു വിഭാഗം ബഹളം വെച്ചു. എന്നാൽ മുൻപ് ബാബുരാജിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ കുഴപ്പങ്ങൾ കൊണ്ടാണ് കണക്കുകൾ പൂർത്തിയാക്കാൻ കഴിയാത്തതെന്നായിരുന്നു ശ്വേതയുടെ വിശദീകരണം.

​ഇനി നിയന്ത്രണം അഡ്ഹോക്ക് കമ്മിറ്റിക്ക്

​ഭരണസമിതി പരാജയപ്പെട്ടതോടെ സംഘടനയുടെ താൽക്കാലിക ചുമതലയ്ക്കായി പുതിയ അഡ്ഹോക്ക് കമ്മിറ്റിയെ തിരഞ്ഞെടുത്തു. രമേഷ് പിഷാരടി എം.എൽ.എ കൺവീനറായ കമ്മിറ്റിയിൽ ജഗദീഷ്, കെ.ബി. ഗണേഷ് കുമാർ എന്നിവരാണ് മറ്റ് പ്രധാന നേതാക്കൾ. നാല് മാസത്തിന് ശേഷം പൊതുയോഗം ചേർന്ന് കൃത്യമായ കണക്കുകളും റിപ്പോർട്ടും അവതരിപ്പിക്കാനാണ് പുതിയ സമിതിയുടെ തീരുമാനം.

​"പാവയാകാൻ ഞാൻ തയ്യാറല്ല" - ശ്വേതാ മേനോൻ

​സംഘടന വിട്ടതിന് പിന്നാലെ കടുത്ത പ്രതികരണവുമായി ശ്വേതാ മേനോൻ രംഗത്തെത്തി:
​"ഞാൻ ഇനി അമ്മയിൽ അംഗമല്ല. ചില കുറ്റാരോപിതർ ഗൂഢാലോചന നടത്തിയാണ് വനിതാ നേതൃത്വത്തെ പുറത്താക്കിയത്. വനിതകൾ വെറും പാവകളല്ല, പാവയാകാൻ ഞാൻ തയ്യാറുമല്ല. മുൻ കമ്മിറ്റിയുടെ വീഴ്ചകൾ കാരണമാണ് കണക്കുകൾ കൃത്യമായി അവതരിപ്പിക്കാൻ കഴിയാതെ പോയത്. തുറന്നു പറയാൻ എനിക്ക് ഇനിയും ഒരുപാടുണ്ട്..."

 


 

Tags
Amma Association Swetha Menon