തീയറ്ററുകളിൽ പോപ്‌കോൺ വില കുറച്ചാൽ നല്ലതെന്ന് രാം ചരൺ
Highlights
ഇന്ത്യയിലെ ഏറ്റവും ചെലവ് കുറവുള്ള വിനോദോപാധി ഇപ്പോഴും സിനിമയാണ്
തിയേറ്ററുകളിലെ പോപ്‌കോണിന്റെയും മറ്റ് ഭക്ഷ്യവസ്തുക്കളുടെയും അമിതവില പലപ്പോഴും പ്രേക്ഷകരുടെ വിമർശനത്തിന് ഇടയാക്കാറുണ്ട്. ടിക്കറ്റ് വിൽപ്പനയെക്കാൾ കൂടുതൽ വരുമാനം പല തിയേറ്റർ ശൃംഖലകളും ഭക്ഷണ-പാനീയ വിൽപ്പനയിൽ നിന്നാണ് നേടുന്നതെന്ന റിപ്പോർട്ടുകളും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ഈ സാഹചര്യത്തിൽ തിയേറ്ററുകളിലെ പോപ്‌കോൺ വിലയെ കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് താരം രാം ചരൺ. ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ടിവി സമ്മിറ്റിൽ സംസാരിക്കവെയാണ് അദ്ദേഹം വിഷയത്തെ പരാമർശിച്ചത്. തമാശയുടെ സ്വരത്തിലായിരുന്നെങ്കിലും, പോപ്‌കോണിന്റെ ഉയർന്ന വിലയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടുകയാണ്.
തിയേറ്ററുകളിൽ ലഭിക്കുന്ന പോപ്‌കോണിന്റെ വില സാധാരണക്കാരന് ഏറെ ഭാരമാണെന്ന പൊതുവികാരത്തിന് രാം ചരണിന്റെ വാക്കുകൾ കൂടുതൽ ശക്തി പകരുന്നതായാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. താരത്തിന്റെ പരാമർശം ഇതിനോടകം തന്നെ നിരവധി സിനിമാപ്രേമികൾ ഏറ്റെടുത്തുകഴിഞ്ഞു.
'ഇന്ത്യയിലെ ഏറ്റവും ചെലവ് കുറവുള്ള വിനോദോപാധി ഇപ്പോഴും സിനിമയാണ്. നമ്മൾ കുടുംബവുമായി ഒന്നിച്ച് സിനിമയ്ക്ക് പോകുന്നു, സിനിമ കഴിഞ്ഞ് അതേക്കുറിച്ച് നമ്മൾ ചർച്ച ചെയ്യുന്നു. അതൊരു മികച്ച സാമൂഹ്യ പ്രക്രിയ കൂടിയമാണ്. എന്നാൽ പോപ്‌കോൺ വില അൽപ്പം കുറച്ചാൽ അത് മികച്ച തീരുമാനമായിരിക്കും.' -രാം ചരൺ പറഞ്ഞു.
രൺവീർ സിങ്ങിന്റെ ധുരന്ധർ അതിശയകരവും അസാധാരണവുമായ ചിത്രമാണെന്നും രാം ചരൺ പറഞ്ഞു. അടുത്തിടെയാണ് താൻ ചിത്രം ഒടിടിയിൽ കണ്ടത്. ധുരന്ധർ ഇന്ത്യയെ ഒന്നിപ്പിച്ചു. 1800 കോടിയിലേറെയാണ് ചിത്രം കളക്ട് ചെയ്തത്. പണത്തിന്റെ കണക്കല്ല, എത്ര പേർ തിയേറ്ററിൽ ചിത്രം കണ്ടുവെന്നതിലാണ് കാര്യമെന്നും രാം ചരൺ പറഞ്ഞു.