Tuesday, 23 June 2026 | 05:49 PM

Top News

മമ്മൂട്ടി രാഷ്ട്രപതിയിൽ നിന്നും പദ്മഭൂഷൺ ഏറ്റുവാങ്ങി

sreyas 23 June 2026 12:16 PM
മമ്മൂട്ടി രാഷ്ട്രപതിയിൽ നിന്നും പദ്മഭൂഷൺ ഏറ്റുവാങ്ങി

Highlights

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി നടേശനും ചടങ്ങിൽ പദ്മഭൂഷൺ ബഹുമതി സ്വീകരിച്ചു

ന്യൂഡൽഹി: രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്‌കാരം സമ്മാനിച്ചത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി നടേശനും ചടങ്ങിൽ പദ്മഭൂഷൺ ബഹുമതി സ്വീകരിച്ചു.

പുരസ്‌കാരദാനച്ചടങ്ങിൽ പങ്കെടുക്കാൻ മമ്മൂട്ടി കുടുംബത്തോടൊപ്പം ഡൽഹിയിലെത്തിയിരുന്നു. ബഹുമതി സ്വീകരിക്കുന്ന വേളയിൽ സദസ്സിലിരുന്ന് കൈയടിച്ച് അഭിനന്ദിക്കുന്ന മകൻ ദുൽഖർ സൽമാൻ ദൃശ്യങ്ങളിൽ ശ്രദ്ധേയനായി. ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭ സ്പീക്കർ ഓം പ്രകാശ് ബിർല, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ അഭിവാദ്യം ചെയ്ത ശേഷമാണ് മമ്മൂട്ടി രാഷ്ട്രപതിയിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ചത്.

മമ്മൂട്ടിയുടെ അടുത്ത സുഹൃത്തും നിർമാതാവുമായ എസ്. ജോർജും ചടങ്ങിൽ സന്നിഹിതനായിരുന്നു. പ്രമുഖ നിർമാതാവ് ആന്റോ ജോസഫും പുരസ്‌കാരദാന ചടങ്ങിന് സാക്ഷ്യം വഹിച്ചു. രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ പദ്മഭൂഷൺ ലഭിച്ചതോടെ മലയാള സിനിമയ്ക്കും കേരളത്തിനും അഭിമാനനിമിഷമായി ഈ നേട്ടം മാറി.