സ്മാരകം സലിംകുമാറിന് മാത്രം മതിയോ? അൻസിബയെ തീവ്രവാദി എന്ന് വിളിച്ചത് ആശങ്കപ്പെടുത്തുന്നെന്നും കമൽ
Highlights
'കേരള സ്റ്റോറി' പോലെയുള്ള പ്രൊപ്പഗാണ്ട സിനിമകൾ അത്രമാത്രം ജനങ്ങളിലേക്ക് എത്തുന്ന ഒരു കാലഘട്ടമാണിത്
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ നിലനിൽക്കുന്ന വിവാദങ്ങൾ സംഘടനയുടെ ആഭ്യന്തര വിഷയങ്ങളാണെങ്കിലും, നടി അൻസിബ ഹസ്സനെ മതപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ അതീവ ഗൗരവത്തോടെ കാണേണ്ട സാമൂഹിക പ്രശ്നമാണെന്ന് സംവിധായകൻ കമൽ പറഞ്ഞു.
‘അമ്മ’യിൽ ആരാണ് പ്രസിഡന്റാകേണ്ടത്, ആരാണ് സെക്രട്ടറിയാകേണ്ടത് എന്നതൊന്നും പൊതുസമൂഹത്തെ നേരിട്ട് ബാധിക്കുന്ന വിഷയമല്ല. എന്നാൽ സംഘടനയ്ക്കുള്ളിൽ നിന്നുതന്നെ ഒരു നടിയെ ‘ജിഹാദി’, ‘തീവ്രവാദി’ എന്നീ വിശേഷണങ്ങൾ ഉപയോഗിച്ച് അപമാനിച്ചിട്ടുണ്ടെങ്കിൽ അതിനെ നിസാരമായി കാണാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലയാള സിനിമയുടെ മതേതര പാരമ്പര്യവും സൗഹാർദ അന്തരീക്ഷവും സംരക്ഷിക്കാൻ മുതിർന്ന താരങ്ങളും സിനിമാ പ്രവർത്തകരും ശക്തമായി ഇടപെടേണ്ട സമയമാണിതെന്നും കമൽ അഭിപ്രായപ്പെട്ടു.
അതേസമയം, സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ കലാകാരന്മാരുടെ സ്മാരക പദ്ധതികളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കലാകാരന്മാരെ ആദരിക്കുന്നതിൽ സ്മാരകങ്ങൾക്കപ്പുറം അവരുടെ കലാസൃഷ്ടികളും സംഭാവനകളും ജനങ്ങളിലേക്കെത്തിക്കുന്ന പദ്ധതികൾക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്ന നിലപാടും മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ കമൽ പങ്കുവെച്ചു.
കമലിന്റെ വാക്കുകൾ ഇങ്ങനെ:
‘അമ്മ സംഘടനയിൽ നിലവിൽ നടക്കുന്ന ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചോ അല്ലെങ്കിൽ അവർക്കിടയിലുള്ള പരസ്പര കലഹങ്ങളെക്കുറിച്ചോ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് പൂർണ്ണമായും അവരുടെ ആഭ്യന്തര കാര്യമാണ്, സംഘടനയ്ക്കകത്തുള്ള പ്രശ്നമാണ്. 'അമ്മ' എന്ന സംഘടനയെ നമ്മൾ ബഹുമാനിക്കുന്നു; കാരണം കുറേ വർഷങ്ങളായി മലയാള സിനിമയിൽ നിലനിൽക്കുന്ന ഒന്നാണത്. ഒരുപാട് മഹാരഥന്മാർ ചേർന്നുണ്ടാക്കിയ ആ സംഘടനയുടെ പാരമ്പര്യം വളരെ വലുതാണ്. മറ്റെല്ലാ സിനിമാ സംഘടനകളുമായി നല്ല രീതിയിൽ മുന്നോട്ടുപോകുന്ന ഒരു സംഘടന കൂടിയാണത് എന്നതിൽ ഞാൻ അതിനെ അനുമോദിക്കുന്നു. ഒപ്പം, ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ തീർച്ചയായും അവരുടെ ആഭ്യന്തര കാര്യങ്ങൾ മാത്രമാണ്.
എങ്കിലും, 'അമ്മ' സംഘടനയിൽ നിന്ന് ഇപ്പോൾ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ഒരു വിഷയം നമ്മളെ ചെറിയ രീതിയിൽ ആശങ്കപ്പെടുത്തുന്നുണ്ട് എന്ന് പറയാതെ വയ്യ. അൻസിബ എന്ന കുട്ടിയുടെ മതവുമായി ബന്ധപ്പെടുത്തി, അവരൊരു തീവ്രവാദിയാണെന്നും ജിഹാദിയാണെന്നും ഒക്കെയുള്ള പ്രസ്താവനകൾ മാധ്യമങ്ങളിൽ കാണാൻ ഇടയായി. ഇത് എന്നെ ശരിക്കും ആശങ്കപ്പെടുത്തുന്നു. മലയാള സിനിമയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണിത്. ആരുടെയെങ്കിലും ഭാഗത്തുനിന്ന്, ഇനിയിപ്പോൾ ഒരു തമാശയ്ക്ക് വേണ്ടിയാണെങ്കിൽ പോലും അത്തരം ഒരു പ്രസ്താവന വന്നിട്ടുണ്ടെങ്കിൽ, അതും ഒരു സംഘടനയുടെ അകത്തുനിന്ന് അതിന്റെ ഭാരവാഹികളിൽ നിന്നാണ് വന്നതെങ്കിൽ, അത് വളരെ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. അതൊരു സാമൂഹിക പ്രശ്നമാണ്, അല്ലാതെ വെറുമൊരു സംഘടനയുടെ ആഭ്യന്തര കാര്യമായി മാത്രം കണ്ട് തള്ളിക്കളയാൻ കഴിയില്ല. എനിക്ക് ഈയൊരു കാര്യത്തിൽ മാത്രമേ പ്രതികരിക്കാനുള്ളൂ.
അടുത്തകാലത്തായി കേരളീയ സമൂഹത്തിൽ ഏത് രീതിയിലാണ് സംഘപരിവാർ സംഘടനകളും അവരുടെ ആശയങ്ങളും ജനങ്ങളിലേക്ക് എത്തുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. ഒളിഞ്ഞും തെളിഞ്ഞും മലയാള സിനിമയിലും അതിന്റെതായ അനുരണനങ്ങൾ പല രീതിയിൽ ഉണ്ടാകുന്നുണ്ട് എന്നതാണ് സത്യം. പലയിടത്തുനിന്നും ഇത്തരം കാര്യങ്ങൾ വരുന്നത് നമ്മളെ വിഷമിപ്പിക്കുന്നുണ്ട്. നമ്മളൊക്കെ ഇഷ്ടപ്പെടുന്ന പല കലാകാരന്മാരും പ്രത്യക്ഷമായിത്തന്നെ രാഷ്ട്രീയത്തിൽ നിൽക്കുന്ന ഒരു കാലഘട്ടമാണിത്. അതുകൊണ്ടുതന്നെ അവർ കുറച്ചുകൂടി ജാഗ്രത കാണിക്കേണ്ടതുണ്ട്. കാരണം, മലയാള സിനിമ എന്നും നിലനിന്നിട്ടുള്ളത് ഒരു സെക്കുലർ പ്ലാറ്റ്‌ഫോമിലാണ്. മലയാളികൾക്കുള്ള ആ സെക്കുലർ മനസ്സ് നഷ്ടപ്പെടുന്നതിന് സിനിമ ഒരു കാരണവശാലും ഇടയാക്കരുത്, അതിൽ ഏത് സംഘടനയായാലും വ്യക്തികളായാലും ശരി. അതുകൊണ്ട് അൻസിബ പറയുന്നത് എന്താണെന്ന് കേൾക്കാൻ തയ്യാറാകണം. അവർ ഉന്നയിക്കുന്ന കാര്യങ്ങൾ വളരെ ഗൗരവമുള്ളതാണ്; വ്യക്തമായ കാഴ്ചപ്പാടുള്ള, വെറുതെ കാര്യങ്ങൾ പറയുന്ന ഒരു കുട്ടിയല്ല അവർ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത്തരം ചെറുപ്പക്കാരുടെ വാക്കുകൾക്ക് നമ്മൾ വില കൊടുക്കണം. മലയാള സിനിമയിൽ എവിടെയെങ്കിലും ഇത്തരം ഒരു ചിന്താഗതി ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കരുത്, അതിനെക്കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യേണ്ടത്. അല്ലാതെ സംഘടനയിൽ ആര് പ്രസിഡന്റാകണം, ആര് ജനറൽ സെക്രട്ടറിയാകണം എന്നതൊന്നും പൊതുസമൂഹത്തിന്റെയോ ചലച്ചിത്ര മേഖലയിലുള്ള ഞങ്ങളെപ്പോലുള്ളവരുടെയോ വിഷയമല്ല.
സിനിമയിലെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും ബിജെപി ബന്ധം ആരോപിച്ചതിനെക്കുറിച്ചും ചോദിച്ചാൽ, രാഷ്ട്രീയ പ്രവർത്തനം നടത്താൻ ഇവിടെ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഏത് സംഘടനയിലുള്ള ആളായാലും അവർക്കൊരു പ്രത്യക്ഷ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടാകാം, അതിനോടൊപ്പം നിൽക്കുന്നതിൽ യാതൊരു തെറ്റുമില്ല. അത് അവരുടെ വ്യക്തിപരമായ കാര്യമാണ്, അതിൽ എനിക്ക് അഭിപ്രായവ്യത്യാസമില്ല. എന്നാൽ ചില ആശയങ്ങൾ സംഘടനയിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതാണ് പ്രശ്നം. ആ കുട്ടി പറഞ്ഞതിന്റെ പ്രധാന വശവും അതാണ്. അത് വലിയ ഭവിഷ്യത്താണ് ഉണ്ടാക്കുക. പ്രത്യേകിച്ചും പുതിയ തലമുറയിൽ! ഇപ്പോൾ ഇന്ത്യയിൽത്തന്നെ നമ്മൾ കാണുന്നതാണ്, 'കേരള സ്റ്റോറി' പോലെയുള്ള പ്രൊപ്പഗാണ്ട സിനിമകൾ അത്രമാത്രം ജനങ്ങളിലേക്ക് എത്തുന്ന ഒരു കാലഘട്ടമാണിത്. മലയാളത്തിൽ നിന്ന് അത്തരം സിനിമകൾ ഉണ്ടാകുന്ന ഒരു അവസ്ഥ വരാൻ പാടില്ലല്ലോ. ഈ വെറുപ്പ് പ്രചരിപ്പിക്കുന്ന ആശയങ്ങൾ ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവരിലേക്ക് പടരുകയും, അത്തരം സിനിമകൾ മലയാളത്തിൽ വരികയും ചെയ്താൽ ഉണ്ടാകുന്ന അവസ്ഥ ആലോചിച്ചു നോക്കൂ. അതുകൊണ്ട് ഇത്തരം കാര്യങ്ങളാണ് അവിടെ ചർച്ച ചെയ്യേണ്ടത്, അല്ലാതെ മറ്റു തർക്കങ്ങളല്ല.
മമ്മൂട്ടി ഉൾപ്പെടെയുള്ള മുതിർന്ന അംഗങ്ങൾക്ക് ഇതിൽ തീർച്ചയായും ഉത്തരവാദിത്തമുണ്ട്. കാരണം, അത്രമാത്രം സെക്കുലർ മനസ്സോടെ ഇത്രയും വർഷങ്ങളായി സിനിമയിൽ നിൽക്കുന്നവരാണവർ. അവരുടെ ജീവിതം കണ്ടാലും പ്രസ്താവനകൾ കണ്ടാലും അവർ സഹകരിച്ചിട്ടുള്ള സിനിമകൾ നോക്കിയാലും നമുക്കത് മനസ്സിലാകും. അതുകൊണ്ട് അവർക്കിതിൽ വലിയൊരു ഉത്തരവാദിത്തമുണ്ട്, അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ല. സംഘടനയിലുള്ളവർ മാത്രമല്ല, മറ്റു സംഘടനകളിലുള്ളവരും ഇതിനെക്കുറിച്ച് ചിന്തിക്കണം, ഇത്തരം കാര്യങ്ങൾ പരിഹരിക്കപ്പെടണം. അല്ലാതെ ഒരാൾ രാജിവച്ചു പോകുന്നു, വേറൊരാൾ വരുന്നു എന്നതൊക്കെ വേറെ വിഷയങ്ങളാണ്; അത് സമൂഹത്തെയോ പൊതുജനങ്ങളെയോ ബാധിക്കുന്ന കാര്യമല്ല. ഈ താരങ്ങൾ തമ്മിലുള്ള തർക്കങ്ങൾ സിനിമയെ ബാധിക്കില്ലേ എന്ന് ചോദിച്ചാൽ, അതൊക്കെ ആ പ്ലാറ്റ്‌ഫോമിൽ മാത്രമുള്ള തർക്കങ്ങളാണ്. അതൊരു സിനിമയുടെ സെറ്റിലേക്ക് വരുമെന്നോ സിനിമയെ നെഗറ്റീവായി ബാധിക്കുമെന്നോ ഞാൻ കരുതുന്നില്ല; അവരത് ചർച്ച ചെയ്ത് പരിഹരിച്ചോളും. അത്തരം കാര്യങ്ങളിൽ എനിക്ക് അഭിപ്രായമില്ല.
ഇതുമായി ബന്ധമില്ലാത്ത, എന്നാൽ മാധ്യമങ്ങൾക്ക് മുന്നിൽ എവിടെയെങ്കിലും പറയണമെന്ന് വിചാരിച്ച ഒരു കാര്യം കൂടി ഈ അവസരത്തിൽ ഞാൻ പങ്കുവയ്ക്കുകയാണ്. ഇത്തവണത്തെ ബജറ്റിൽ സലിംകുമാറിന് സ്മാരകം ഉണ്ടാക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. അത് നല്ല കാര്യമാണ്, സലിമിനെപ്പോലെയുള്ള ഒരാൾക്ക് ഇവിടെ സ്മാരകം ഉണ്ടാകേണ്ടത് തന്നെയാണ്. പക്ഷേ, അതുപോലെ ഒരുപാട് പേർ ഇവിടെയുണ്ട്. നമ്മുടെ വിഖ്യാത ഗായകൻ ജയചന്ദ്രന്റെ പേരിൽ ഒരു സ്മാരകമില്ല; ജോൺസന്റെ പേരിൽ മ്യൂസിക് അക്കാദമി വരുമ്പോൾ ജയേട്ടനെ തഴയുന്ന അവസ്ഥയുണ്ടാകുന്നു. അഭിനേതാക്കളുടെ കാര്യം എടുത്താൽ നെടുമുടി വേണു, ശ്രീനിവാസൻ, തിലകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, പി.ജെ. ആന്റണി തുടങ്ങി ഒരുപാട് പ്രമുഖരുണ്ട്. പി.ജെ. ആന്റണിക്ക് പോലും ഇവിടെ സ്മാരകമില്ല. ഓരോ സ്ഥലത്തും ഓരോ സ്മാരകങ്ങൾ ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല, കേവലം ഒരു പ്രതിമ ഉണ്ടാക്കിവെച്ചതുകൊണ്ട് ഭാവിതലമുറയ്ക്ക് എന്താണ് ഗുണം എന്നൊരു ചോദ്യവുമുണ്ട്.
കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് എല്ലാ ജില്ലകളിലും സാംസ്കാരിക സമുച്ചയങ്ങൾ നിർമ്മിച്ചിരുന്നു. എന്നാൽ അവയുടെ ഇപ്പോഴത്തെ പ്രവർത്തനം എന്താണെന്ന് അറിയില്ല, ബജറ്റിൽ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. അത് തുടരുന്നുണ്ടോ അതോ നിർത്തിവെച്ചിരിക്കുകയാണോ എന്ന് വ്യക്തമല്ല; രണ്ടോ മൂന്നോ ജില്ലകളിൽ മാത്രമാണ് അത് പൂർണ്ണമായിട്ടുള്ളത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഞാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്ന കാലത്ത് അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രിക്ക് മുന്നിൽ ഒരു പ്രൊപ്പോസൽ വച്ചിട്ടുണ്ടായിരുന്നു. അന്ന് ചാലക്കുടിയിൽ കലാഭവൻ മണിയുടെ സ്മാരകവും ചിറയിൻകീഴിൽ പ്രേം നസീറിന്റെ സ്മാരകവും ഒക്കെ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വന്നപ്പോഴാണ് ഞാൻ ഈ ആശയം മുന്നോട്ടുവെച്ചത്. കലാകാരന്മാർക്കായി ഓരോ സ്ഥലത്തും വെവ്വേറെ സ്മാരകങ്ങൾ ഉണ്ടാക്കുന്നതിന് പകരം, എല്ലാവർക്കും കൂടി ഒരുമിച്ച് ഒരു വലിയ സ്മാരകം ഉണ്ടാക്കുക എന്നതായിരുന്നു അത്.
തുഞ്ചൻപറമ്പിൽ പോയാൽ ഒരുപാട് സാഹിത്യകാരന്മാരെക്കുറിച്ച് അറിയാൻ സാധിക്കുന്നത് പോലെ, പുതിയ കാലഘട്ടത്തിലെ കുട്ടികൾക്ക് വിർച്വൽ പ്ലാറ്റ്‌ഫോമിലൂടെ എല്ലാ കലാകാരന്മാരെയും കുറിച്ച് മനസ്സിലാക്കാൻ പറ്റുന്ന ഒരു കേന്ദ്രം ഉണ്ടാകണം. ചിത്രാഞ്ജലി പോലെ സർക്കാരിന്റെ കീഴിൽ സ്ഥലമുള്ള ഒരിടത്ത് ഇത് ചെയ്യാവുന്നതാണ്. ഇപ്പോൾ ജെ.സി. ദാനിയേലിന്റെ പേരിൽ ഇവിടെ ചലച്ചിത്ര സ്ഥാപനം ഉണ്ടാകുന്നത് വലിയ കാര്യമാണ്. അങ്ങനെയുള്ള ഒരു വലിയ വേദിയിൽത്തന്നെ അന്തരിച്ച എല്ലാ മഹാൻമാരായ സംവിധായകരുടെയും അഭിനേതാക്കളുടെയും സ്മാരകങ്ങൾ ഒരുക്കാം. രാമു കാര്യാട്ടിന്റെ പേരിൽ ഒരു സ്മാരകമോ പ്രതിമയോ പോലുമില്ല; കെ.എസ്. സേതുമാധവൻ ഉൾപ്പെടെ ഒരുപാട് പേർ മരിച്ചുപോയി, വയലാറിന്റെ പേരിൽ ഒരു പ്രതിമയുണ്ടെന്നതല്ലാതെ മറ്റൊന്നുമില്ല. യൂറോപ്പിലൊക്കെ പോയാൽ ഒട്ടനവധി കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും രാഷ്ട്രീയക്കാരുടെയും പ്രതിമകളും ഓർമകളും ഒരുമിച്ച് ഒരിടത്ത് വച്ചിരിക്കുന്നത് കാണാം. പ്രതിമകൾ തന്നെ വേണമെന്നില്ല; പുതിയ സാങ്കേതികവിദ്യയും വിർച്വൽ ദൃശ്യങ്ങളും ഉപയോഗിച്ച് ഒരു വലിയ കേന്ദ്രം ഒരുക്കിയാൽ അതൊരു മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറും, ഒരുപാട് വിനോദസഞ്ചാരികളെ ആകർഷിക്കും.
ഇക്കാര്യം ഞാൻ കഴിഞ്ഞ തവണ നടന്ന സിനിമ കോൺക്ലേവിലും അന്നത്തെ സാംസ്കാരിക മന്ത്രിയോടും അവതരിപ്പിച്ചതാണ്, പക്ഷേ അത് എങ്ങും എത്തിയില്ല. പുതിയ സർക്കാർ ഇതിനെക്കുറിച്ച് ആലോചിക്കണം. അങ്ങനെയാണെങ്കിൽ ഇവരുടെ സ്മാരകം ഉണ്ടാക്കിയില്ല, അവരുടെ സ്മാരകം ഉണ്ടാക്കിയില്ല എന്നുള്ള പരാതികൾ ആർക്കും ഉണ്ടാവില്ല. ഇത് സാഹിത്യകാരന്മാരുടെ കാര്യത്തിലും ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് കോഴിക്കോട് പോലെയുള്ള സ്ഥലങ്ങളിൽ 'ഭാഷാ നഗരി' എന്ന രീതിയിൽ സാഹിത്യകാരന്മാർക്കായി ഇത്തരം ഒരു ബൃഹത് പദ്ധതി ആലോചിക്കാം. അതൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറിയാൽ അടുത്ത തലമുറയ്ക്ക് അതൊരു വലിയ ഗുണമാകും. ഒപ്പം, സിനിമ ഒരു വ്യവസായമായി മാറുന്നതിനെക്കുറിച്ചുള്ള ചർച്ചകളെ ഞാൻ പൂർണ്ണമായും സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു; അത്തരം നല്ല കാര്യങ്ങൾ ഇവിടെ ഉണ്ടാകട്ടെ എന്നതിൽ യാതൊരു സംശയവുമില്ല’.