സ്ക്രിപ്റ്റ് പൂര്‍ണ്ണമായും വായിച്ച് കഥാപാത്രത്തെക്കുറിച്ച് മനസ്സിലാക്കി ഇഷ്ടപ്പെട്ടെങ്കില്‍ മാത്രമേ ഡേറ്റ് നല്‍കാറുള്ളൂ...
താങ്കളുടേത് ഓരോ സിനിമകളുടേയും കഥ കേട്ട് ഡേറ്റ് നല്‍കുന്ന രീതിയാണോ...?
സ്ക്രിപ്റ്റ് പൂര്‍ണ്ണമായും വായിച്ച് കഥാപാത്രത്തെക്കുറിച്ച് മനസ്സിലാക്കി ഇഷ്ടപ്പെട്ടെങ്കില്‍ മാത്രമേ ഡേറ്റ് നല്‍കാറുള്ളൂ. വായിക്കുന്ന ഘട്ടത്തില്‍ ഗംഭീരമായ കഥയായിരിക്കുമെങ്കിലും ക്യാമറയുടെ മുന്നിലെത്തുമ്പോള്‍ കഥയെ നശിപ്പിക്കുന്നവരുമുണ്ട്. അതേസമയം ഏറ്റവും മനോഹരമായി ചെയ്യുന്ന മിടുക്കരായ ചില സംവിധായകരുണ്ട്.
40 വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ ഒരിക്കലും വിസ്മരിക്കാനാവാത്ത ഓര്‍മ്മകളെക്കുറിച്ച് സൂചിപ്പിക്കാമോ?
ഒരിക്കലും മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങളുണ്ട്. ഇതില്‍ പ്രധാനം ഇഷ്ടമുള്ളവരുടെ വേര്‍പാടാണ്. സിനിമയില്‍ എത്താന്‍ എന്നെ പല ഘട്ടങ്ങളിലും സഹായിച്ചവരുടെ വേര്‍പാട് മനസ്സില്‍ വേദനയായി നിലനില്‍ക്കുന്നു. അകാലത്തില്‍ പൊലിഞ്ഞ പത്മരാജന്‍ സാറെയും, സിദ്ധിഖ് സാറെയും ഞാന്‍ ഓര്‍ക്കാറുണ്ട്. അതോടൊപ്പം എനിക്ക് പ്രോത്സാഹനം നല്‍കാറുള്ള ജഗതി ചേട്ടന്‍, ഉര്‍വ്വശി ഉള്‍പ്പെടെയുള്ള ഒരുപാട് പേര്‍ എന്‍റെ മനസ്സിലുണ്ട്.
പുതിയ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴുള്ള എക്സ്പീരിയെന്‍സ്..?
പുതിയ സംവിധായകന്‍ വരുമ്പോള്‍ വല്ലാത്തൊരു പ്രതീക്ഷയാണ്. ആദ്യം വിരിയുന്ന പൂവാണ്. ഇവരെടുക്കുന്ന സിനിമ ലൈഫുമായി ചേര്‍ന്ന് നില്‍ക്കുന്നു. പുതിയ പ്രതിഭയുള്ള സംവിധായകര്‍ കഥ പറയുന്നതിലും വ്യത്യസ്തത പുലര്‍ത്താറുണ്ട്. പുതിയ എഴുത്തുകാരുടെ സിനിമകളില്‍ അഭിനയിക്കാനും സമയം കണ്ടെത്താറുണ്ട്. പഴയ തലമുറയിലേയും, പുതിയ കാലത്തെ സംവിധായകരുടേയും ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചയാളാണ് ഞാന്‍. പുതിയ സംവിധായകരോടൊപ്പമുള്ള വര്‍ക്ക് വല്ലാത്തൊരു എക്സ്പീരിയെന്‍സ് തന്നെയാണ്. ആരോടും വഴക്കടിക്കാനൊന്നും ഞാന്‍ നില്‍ക്കാറില്ല. മിക്കവരും സിനിമയെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്നവരാണ്. അവര്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ഷൂട്ട് ചെയ്യും. അവര്‍ക്ക് ഇഷ്ടമുള്ളത് ചേര്‍ക്കും. കഥ പറയാന്‍ വരുമ്പോള്‍ പുതിയ ആള്‍ക്കാരെ ഞാനൊരിക്കലും നിരാശപ്പെടുത്താറില്ല.