Thursday, 12 November 2026 | 08:17 AM

Exclusive

മലയാളത്തിനപ്പുറം സഞ്ചരിച്ച നായികമാര്

നാനാജി 11 November 2026 07:10 AM
മലയാളത്തിനപ്പുറം സഞ്ചരിച്ച  നായികമാര്

Highlights

പ്രാദേശികമായി താരതമ്യേന ചെറിയൊരു സിനിമാവ്യവസായമാണ് മോളിവുഡ്. എന്നാല്‍, നിര്‍മ്മാണച്ചെലവിലോ, വിപണിയുടെ വലിപ്പത്തിലോ അല്ല, മറിച്ച് കഥകളുടെ കരുത്തിലും കഥാപാത്രങ്ങളുടെ സ്വാഭാവികതയിലുമാണ് മലയാള സിനിമ എപ്പോഴും വിസ്മയിപ്പിച്ചിട്ടുള്ളത്. ഈ സവിശേഷത തന്നെയാണ് ഇവിടുത്തെ നായികമാരെയും വ്യത്യസ്തരാക്കുന്നത്. അതുകൊണ്ടുതന്നെ, മലയാളത്തിന്‍റെ അതിരുകള്‍ ഭേദിച്ച് തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കും ബോളിവുഡ്ഡിലേക്കുമൊക്കെ നമ്മുടെ നായികമാര്‍ ചേക്കേറുന്നതും അവിടെ വിജയക്കൊടി പാറിക്കുന്നതും ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു ട്രെന്‍ഡല്ല. പതിറ്റാണ്ടുകളായി ഇത് തുടരുന്നു. ഇന്നും ആ ഡിമാന്‍ഡിന് ഒരു കുറവുമില്ല.

 

സൗന്ദര്യത്തിനപ്പുറം,അഭിനയത്തികവിന്‍റെ ഡിമാന്‍ഡ്

ബാഹ്യസൗന്ദര്യം കൊണ്ടുമാത്രം അന്യഭാഷകളില്‍ ചുവടുറപ്പിച്ചവരല്ല മലയാളത്തില്‍ നിന്നുള്ള നായികമാര്‍. ഭാവപ്രകടനങ്ങളിലേ തനിമയും, ഏത് കഥാപാത്രത്തെയും തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള കഴിവുമാണ് അവരെ മറ്റ് വലിയ ഇന്‍ഡസ്ട്രികളില്‍ പ്രിയങ്കരികളാക്കുന്നത്. 

ഗ്ലാമര്‍വേഷങ്ങള്‍ക്കപ്പുറം പ്രകടനത്തിന് പ്രാധാന്യമുള്ള വേഷങ്ങള്‍ വരുമ്പോള്‍ പല പ്രമുഖ സംവിധായകരുടെയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് മലയാള നായികമാരുടെ മുഖമാണ്. നായികമാരുടെ ശാലീനത തന്നെയാണ് മിക്ക പ്രേക്ഷകരും എടുത്തുപറയാറുള്ളത്. എങ്കിലും അവരുടെ അഭിനയമികവും കഴിവും വലിയൊരു ഘടകം തന്നെയാണ്.
ചരിത്രം കുറിച്ച 

പഴയകാല നായികമാര്‍: തെന്നിന്ത്യയുടെ ഹൃദയം കീഴടക്കിയവര്‍

മലയാള നായികമാരുടെ അന്യഭാഷാ വിജയം ഇന്നത്തെ തലമുറയില്‍ തുടങ്ങിയതല്ല. ഇതിഹാസനായികമാരായ ശാരദ, ഷീല, ജയഭാരതി എന്നിവരുടെ കാലം തൊട്ടേ ഈ സ്വാധീനം വ്യക്തമാണ്. തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ സിനിമ ഭരിച്ചിരുന്നത് ശോഭനയും രേവതിയുമായിരുന്നു എന്നുപറയാം. ശോഭനയുടെ നൃത്തവൈഭവവും അഭിനയമികവും തമിഴിലും തെലുങ്കിലും അവരെ വലിയ താരമാക്കി മാറ്റി, പ്രത്യേകിച്ച് 'ദളപതി' പോലുള്ള ചിത്രങ്ങള്‍. രേവതിയാകട്ടെ തമിഴിലും ഹിന്ദിയിലും ഒരേപോലെ സ്വാധീനമുണ്ടാക്കി. മണിരത്നത്തിന്‍റെ 'മൗനരാഗം'പോലുള്ള ചിത്രങ്ങളിലൂടെ തമിഴകത്തിന്‍റെ പ്രിയങ്കരിയായി അവര്‍ മാറി.

ഹാസ്യവും ക്യാരക്ടര്‍ റോളുകളും ഒരുപോലെ വഴങ്ങുന്ന ഉര്‍വശി തമിഴ് സിനിമയില്‍ കെ. ഭാഗ്യരാജ്, കമല്‍ഹാസന്‍ തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിയോടെയാണ് തിളങ്ങിയത്. ഇന്നും തമിഴകത്ത് ഉര്‍വശിക്ക് വലിയ ബഹുമാനമാണ് ലഭിക്കുന്നത്. തമിഴിലും കന്നഡയിലും തങ്ങളുടെ സാന്നിധ്യമറിയിച്ചവരാണ് ഗീതുമോഹന്‍ദാസും കാവ്യാമാധവനും. ഗീതുമോഹന്‍ദാസ് പിന്നീട് സംവിധായിക എന്ന നിലയില്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

2000 കളിലെ തരംഗവും ലേഡി സൂപ്പര്‍സ്റ്റാര്‍ യുഗവും

ഭരതനാട്യത്തിന്‍റെ ലാവണ്യവുമായി വന്ന് തെന്നിന്ത്യയുടെ മനസ്സ് കവര്‍ന്ന മോനിഷ മുതല്‍ ഈ യാത്ര നീളുന്നു. പകരക്കാരില്ലാത്ത അഭിനയശൈലി കൊണ്ട് തമിഴകത്തേയും കന്നഡയെയും വിസ്മയിപ്പിച്ചവരാണ് ഭാവന, നവ്യനായര്‍, ഗോപിക, മീരാ ജാസ്മിന്‍ എന്നിവര്‍. മലയാളത്തില്‍ 'മനസ്സിനക്കരെ'യില്‍ തുടങ്ങി പിന്നീട് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന സിംഹാസനത്തിലേക്ക് ഉയര്‍ന്ന നയന്‍താര, ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന, സ്വന്തം പേരില്‍ സിനിമ വിജയിപ്പിക്കാന്‍ ശേഷിയുളള്ള നടിയാണ്.

മലയാളത്തില്‍ നിന്ന് തമിഴിലെ മുന്‍നിര നായികയായി ഉയരുകയും, പിന്നീട് എ.ആര്‍. മുരുകദോസിന്‍റെ 'ഗജിനി'യിലൂടെ അമീര്‍ഖാന്‍റെ നായികയായി ബോളിവുഡിന്‍റെ മുന്‍നിരയിലേക്ക് ചേക്കേറുകയും ചെയ്ത അസിന്‍ മലയാളത്തിന്‍റെ വലിയൊരു അഭിമാനമാണ്.

സമകാലിക സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറുകളും കരുത്തുറ്റ നായികമാരും

ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും വലിയ പ്രോജക്ടുകളുടെ ഭാഗമാണ് മലയാളത്തിന്‍റെ സ്വന്തം മഞ്ജുവാര്യര്‍. അജിത്(തുനിവ്), രജനികാന്ത്(വേട്ടയ്യന്‍) തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളിലൂടെ തമിഴകത്ത് മഞ്ജു തന്‍റേതായ ഒരിടം ഉറപ്പിച്ചുകഴിഞ്ഞു. തെന്നിന്ത്യ കടന്ന് ബോളിവുഡിലും ഒടിടി പ്ലാറ്റ്ഫോമുകളിലും ഒരുപോലെ സാന്നിധ്യമറിയിച്ച പ്രതിഭയാണ് പാര്‍വ്വതി തിരുവോത്ത്. പാര്‍വതിയുടെ അഭിനയത്തിന് തമിഴില്‍ ഒരു വിഭാഗം ആരാധകരുണ്ട്.

കഥാപാത്രത്തിന്‍റെ ആഴം എത്രത്തോളമുണ്ടോ, അത്രത്തോളം മികച്ചതായി അതിനെ സ്ക്രീനിലെത്തിക്കാന്‍ കഴിയുന്ന നിമിഷ സജയന്‍, ഐശ്വര്യലക്ഷ്മി, മാളവിക മോഹനന്‍, സംയുക്ത എന്നിവരും തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രികളില്‍ വലിയ ഡിമാന്‍ഡുള്ള നായികമാരാണ്.

തരംഗമാകുന്ന യുവതലമുറ

ഈ ട്രെന്‍ഡ് ഇവിടെയൊന്നും അവസാനിക്കുന്നില്ലെന്ന് തെളിയിക്കുകയാണ് ഏറ്റവും പുതിയ യുവതാരങ്ങള്‍. വളരെ ചുരുങ്ങിയ കാലം കൊണ്ട് തമിഴിലും തെലുങ്കിലും വലിയ ഫാന്‍ ബേസ് ഉണ്ടാക്കിയെടുക്കാന്‍ അനശ്വരരാജനും മമിത പ്രമോദിനും കഴിഞ്ഞു. 'പ്രേമലു' പോലുള്ള ചിത്രങ്ങളുടെ പാന്‍ ഇന്ത്യന്‍ വിജയം മമിതയെപ്പോലുള്ള യുവതാരങ്ങള്‍ക്ക് തെന്നിന്ത്യയിലാകെ വന്‍ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. തമിഴകത്തെ പ്രമുഖ നിര്‍മ്മാണ കമ്പനികളും സംവിധായകരും ഇന്ന് അവരുടെ ഡേറ്റുകള്‍ക്കായി കാത്തിരിക്കുന്നു. ഇവര്‍ക്കൊപ്പം തന്നെ അനിഷ്മ അനില്‍കുമാര്‍, മീനാക്ഷി ദിനേഷ് തുടങ്ങിയ പുതുമുഖ നായികമാരും തങ്ങളുടെ അഭിനയമികവ് തെളിയിച്ച് അന്യഭാഷാ ചിത്രങ്ങളിലേക്ക് ശക്തമായ ചുവടുവെപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

വലിപ്പച്ചെറുപ്പമില്ലാതെ, ഭാഷാഭേദമെന്യേ സിനിമയെ സ്നേഹിക്കുന്ന ഏവരും മലയാള സിനിമയിലെ നായികമാരെ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഗ്ലാമറിനപ്പുറം അവര്‍ കഥാപാത്രങ്ങള്‍ക്ക് നല്‍കുന്ന ജീവനാണ് മറ്റ് ഇന്‍ഡസ്ട്രികളില്‍ അവര്‍ക്ക് വലിയ ബഹുമാനവും പ്രശംസയും നേടിക്കൊടുക്കുന്നത്. ഇന്‍ഡസ്ട്രിയുടെ വലിപ്പമല്ല, പ്രതിഭയുടെ തിളക്കമാണ് പ്രധാനം എന്ന് ഇവര്‍ വീണ്ടും വീണ്ടും തെളിയിക്കുന്നു. വരുംനാളുകളിലും ഇന്ത്യന്‍ സിനിമയുടെ ഭാവുകത്വത്തെ സ്വാധീനിക്കാന്‍ പോന്ന, അഭിനയത്തികവുള്ള കൂടുതല്‍ കൂടുതല്‍ യുവനായികമാരെ സംഭാവനചെയ്യാന്‍ നമ്മുടെ മലയാള സിനിമയ്ക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കാം.