ചിത്രജാലക്കാഴ്ചകള്‍:- രാഗിണിയുടെ മരണം പത്മിനി പറയുന്നു
Highlights
വരുന്ന ഡിസംബര്‍ മാസത്തില്‍ രാഗിണി വിടപറഞ്ഞിട്ട് അന്‍പതുവര്‍ഷം തികയുന്നു. 1985 ല്‍ പ്രസിദ്ധീകരിച്ച 'നാന'യില്‍ സഹോദരിയും നടിയും നര്‍ത്തകിയും ആയിരുന്ന പത്മിനി രാമചന്ദ്രന്‍ എഴുതിയിരുന്ന 'നിഴലുകള്‍ വെളിച്ച'ങ്ങള്‍ എന്ന പംക്തിയില്‍ രാഗിണിയുടെ അസുഖത്തെക്കുറിച്ചും മരണത്തെക്കുറിച്ചും പ്രതിപാദിച്ചിരുന്നു. അതിലെ പ്രസക്തമായ ചില ഭാഗങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1976 ഡിസംബര്‍ 14 നാണ് രാഗിണി കാന്‍സര്‍ രോഗബാധിതനായി ഇഹലോകജീവിതം വെടിയുന്നത്. ഐ.വി. ശശിയുടെ 'ആലിംഗനം' എന്ന ചിത്രമായിരുന്നു രാഗിണിയുടെ അവസാനത്തെ ചിത്രം
തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന ലളിത പത്മിനി രാഗിണിമാരില്‍ ഇളയവളായിരുന്നു പ്രശസ്ത നടിയും നര്‍ത്തകിയും ആയിരുന്ന രാഗിണി. സഹോദരി പത്മിനിയോടൊപ്പം 1950 കളുടെ മധ്യത്തിലാണ് രാഗിണി തന്‍റെ സിനിമാജീവിതത്തിന് തുടക്കം കുറിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകള്‍ക്കൊപ്പം ഹിന്ദിയിലും നിരവധി ചിത്രങ്ങളില്‍ രാഗിണി അഭിനയിച്ചിരുന്നു.
ആധിരാത് കെ ബാദ്, ഗഹരാ ദാഗ്, നാഗ്റാണി, ശിഖാരി, അമര്‍ദീപ്, മിസ്റ്റര്‍ എക്സ്, പായല്‍, സിതാംഘര്‍ തുടങ്ങിയ ഹിന്ദി ചിത്രങ്ങള്‍ രാഗിണിയുടെ അഭിനയപ്രതിഭ കൊണ്ട് ശ്രദ്ധേയങ്ങളാണ്. തമിഴില്‍ വീരപാണ്ഡ്യ കട്ടബൊമ്മന്‍ അടക്കം ഹിറ്റുകള്‍ സൃഷ്ടിച്ച നടിയായിരുന്നു അവര്‍. മലയാളത്തില്‍ രാഗിണി കയ്യൊപ്പുചാര്‍ത്തിയ ചിത്രങ്ങള്‍ പ്രേക്ഷകമനസ്സില്‍ ഇപ്പോഴും നറുവെണ്ണിലാവായി തിളങ്ങി നില്‍ക്കുന്നുണ്ട്. ഭാര്യ, ഉണ്ണിയാര്‍ച്ച, നായരുപിടിച്ച പുലിവാല്, മണവാട്ടി, എറണാകുളം ജംഗ്ഷന്‍, ലങ്കാദഹനം, പഞ്ചവന്‍ കാട്, അരനാഴികനേരം, തുറക്കാത്ത വാതില്‍, ഒതേനന്‍റെ മകന്‍ തുടങ്ങിയ ചിത്രങ്ങള്‍ അതില്‍ ചിലതുമാത്രമാണ്. 1976 ഡിസംബര്‍ 14 നാണ് രാഗിണി കാന്‍സര്‍ രോഗബാധിതനായി ഇഹലോകജീവിതം വെടിയുന്നത്.
വരുന്ന ഡിസംബര്‍ മാസത്തില്‍ രാഗിണി വിടപറഞ്ഞിട്ട് അന്‍പതുവര്‍ഷം തികയുന്നു. 1985 ല്‍ പ്രസിദ്ധീകരിച്ച 'നാന'യില്‍ സഹോദരിയും നടിയും നര്‍ത്തകിയും ആയിരുന്ന പത്മിനി രാമചന്ദ്രന്‍ എഴുതിയിരുന്ന 'നിഴലുകള്‍ വെളിച്ച'ങ്ങള്‍ എന്ന പംക്തിയില്‍ രാഗിണിയുടെ അസുഖത്തെക്കുറിച്ചും മരണത്തെക്കുറിച്ചും പ്രതിപാദിച്ചിരുന്നു. അതിലെ പ്രസക്തമായ ചില ഭാഗങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
1976 ആഗസ്റ്റില്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയപ്പോഴായിരുന്നു രാഗിണിയുടെ അസുഖത്തെക്കുറിച്ച് അറിയുന്നത്. ഞങ്ങള്‍ മൂന്നുപേരില്‍ കൂടുതല്‍ മനോധൈര്യം അവള്‍ക്കായിരുന്നു. വിശ്രമമില്ലാത്ത ജീവിതയാത്രയായിരുന്നു രാഗിണിയുടേത്. നൃത്തപരിപാടിയോ, ഷൂട്ടിംഗോ ഇല്ലാത്ത ദിവസങ്ങളില്ല. അല്‍പ്പമെങ്കിലും വിശ്രമം കിട്ടാനാണ് ഞാനവളെ അമേരിക്കയിലേയ്ക്ക് ക്ഷണിച്ചത്. അങ്ങനെ അവള്‍ അമേരിക്കയിലെത്തിയപ്പോള്‍ കാന്‍സറിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി.
നെഞ്ചില്‍ ഒരു ഭാരം എടുത്തുവച്ചതുപോലെ തോന്നുന്നുവെന്ന് അവള്‍ പറഞ്ഞു. ഡോക്ടറുടെ ചുമതലയില്‍ പൂര്‍ണ്ണമായി ചെക്കപ്പ് നടത്തി. മാറില്‍ ഒരു കാന്‍സര്‍ വളര്‍ച്ച കണ്ടുപിടിച്ചു. ഒരു ഓപ്പറേഷനിലൂടെ അതെടുത്തുമാറ്റാമെന്ന് ഡോക്ടര്‍ അറിയിച്ചു. കാന്‍സറിന്‍റെ പ്രഥമഘട്ടത്തില്‍ ആയിരുന്നത്.
ഇന്ത്യയിലെത്തി ശസ്ത്രക്രിയ നടത്തിയെങ്കിലും അതിനുശേഷം വേണ്ട കാര്യങ്ങളൊന്നും ചെയ്യാന്‍ അവള്‍ കൂട്ടാക്കിയില്ല. ഒടുവില്‍ അസുഖം അവളെ പൂര്‍ണ്ണമായി കീഴടക്കുകയായിരുന്നു. അസുഖം മൂര്‍ച്ഛിക്കുന്നതിന് മുമ്പ് രാഗിണി അഭിനയിച്ചുതീര്‍ത്തത് ഐ.വി. ശശിയുടെ 'ആലിംഗനം' എന്ന ചിത്രമായിരുന്നു. പിന്നീട് ഒരു വിമാനാപകടത്തില്‍ അന്തരിച്ച റാണിചന്ദ്രയും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ആലിംഗനത്തിന്‍റെ ഡബ്ബിംഗ് നടക്കുമ്പോള്‍ രാഗിണി ആകെ പരിക്ഷീണയായിരുന്നു. ഒടുവില്‍ എല്ലാവരും കൂടി ഒരു തീരുമാനത്തിലെത്തി. രാഗിണിക്കുവേണ്ടി ഞാന്‍ ശബ്ദം നല്‍കണമെന്ന്. ഞാനത് ചെയ്തു. ചിത്രം തീയേറ്ററിലെത്തിയപ്പോള്‍ ശബ്ദമാറ്റം ആരും തിരിച്ചറിഞ്ഞില്ല.
ഐ.വി. ശശിയുടെ മികച്ച ചിത്രമായിരുന്നു ആലിംഗനം. റാണി ചന്ദ്രയുടെയും രാഗിണിയുടെയും അവസാനത്തെ ചിത്രം കൂടിയായിരുന്നത്.
രാഗിണി ഇനി അധികനാള്‍ ഉണ്ടാകില്ലെന്ന് പലര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ട് അവള്‍ ആഗ്രഹിക്കുന്നതെന്തും ചെയ്തുകൊടുക്കാന്‍ എല്ലാവരും സദാ സന്നദ്ധരായിരുന്നു. പുട്ടപര്‍ത്തിയില്‍ കൊണ്ടുപോയി സായിബാബയെ കാണണമെന്ന് അവള്‍ ആഗ്രഹം പ്രകടിപ്പിച്ചു. അവളെ വീല്‍ച്ചെയറിലിരുത്തി സായിബാബയുടെ ആശ്രമത്തിലേയ്ക്ക് കൊണ്ടുപോയി. മറ്റൊരിക്കല്‍ തന്‍റെ ഇഷ്ടതാരമായ നര്‍ഗ്ഗീസിനെ കാണണമെന്നവള്‍ പറഞ്ഞു. അതിനും അവസരമുണ്ടായി.
'മദര്‍ ഇന്ത്യ' തമിഴില്‍ റീമേക്ക് ചെയ്യാന്‍ ബാലാജി തീരുമാനിച്ച സമയമായിരുന്നത്. ശിവാജിയും വാണിശ്രീയും ചിത്രത്തില്‍ പ്രധാന ഭാഗം അഭിനയിച്ചു. ആ ചിത്രത്തിന്‍റെ പൂജാവേളയില്‍ ബാലാജി നര്‍ഗ്ഗീസിനെ ക്ഷണിച്ചിരുന്നു. ആദ്യഷോട്ടിന് ഞാന്‍ ക്ലാപ്പടിച്ചു. സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത് നര്‍ഗ്ഗീസ് ആയിരുന്നു. അന്നുച്ചയ്ക്ക് നര്‍ഗ്ഗീസിനും എനിക്കും വാണിശ്രീയുടെ വീട്ടിലായിരുന്നു വിരുന്ന്. രാത്രി അത്താഴവിരുന്നിന് നര്‍ഗ്ഗീസിനെ ശിവാജി ക്ഷണിച്ചിരുന്നു. കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ആ രാത്രിതന്നെ നര്‍ഗ്ഗീസ് രാഗിണിയെ ചെന്നുകണ്ടു. നര്‍ഗ്ഗീസിനെക്കണ്ടതും രാഗിണി വിങ്ങിപ്പൊട്ടിക്കരഞ്ഞു. നര്‍ഗ്ഗീസ് അവളെ ആശ്വസിപ്പിച്ചു.
രാഗിണി മരിക്കുമ്പോള്‍ ഞാന്‍ അമേരിക്കയില്‍ മാന്‍ഹാട്ടനിലെ ഒരു ഡാന്‍സ് സ്ക്കൂളിലായിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പുവരെ രാഗിണി എല്ലാവരോടും സംസാരിച്ചിരുന്നതായി അറിഞ്ഞു. ഡോ. രംഗഭാഷ്യത്തിന്‍റെ രമണാ നേഴ്സിംഗ് ഹോമിലാണ് അഡ്മിറ്റ് ചെയ്യപ്പെട്ടത്. ആശുപത്രി രജിസ്റ്ററില്‍ രാഗിണി തമ്പി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ മിക്ക സമയങ്ങളിലും അവള്‍ അവിടെ ഉണ്ടായിരിക്കില്ല.
മൂര്‍ മാര്‍ക്കറ്റിലോ, സിനിമാതിയേറ്ററിലോ അവളെ കണ്ടതായി പലരും പറയുമായിരുന്നു. ചിലപ്പോള്‍ ആശുപത്രിമുറ്റത്തുള്ള മരത്തണലില്‍ തേങ്ങിക്കൊണ്ടിരിക്കുന്നതും കണ്ടിട്ടുണ്ട്. അതുകൊണ്ട് എപ്പോള്‍ പുറത്തുപോകും എപ്പോള്‍ മടങ്ങിവരുമെന്ന് ആര്‍ക്കും അറിഞ്ഞുകൂടായിരുന്നു. വലിയ വേദനയായിരിക്കും കാന്‍സര്‍ രോഗികള്‍ അനുഭവിക്കുന്നതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ അത്തരം അവസ്ഥകളൊന്നും അവള്‍ക്കുണ്ടായിരുന്നെന്ന് തോന്നിയിട്ടില്ല.
അവള്‍ മരിക്കുന്ന ദിവസം രാവിലെ മദ്രാസ്സിലുണ്ടായിരുന്ന മലയാള ചലച്ചിത്ര നടീനടന്മാരെല്ലാം ആശുപത്രിയിലെത്തി അവളെക്കണ്ടു. പ്രേംനസീറുമുണ്ടായിരുന്നു കൂട്ടത്തില്‍. അന്നുരാത്രി എട്ടുമണിക്ക് നസീര്‍ വീണ്ടും വന്നു. രാഗിയമ്മേ, നിങ്ങള്‍ക്കെന്താണ് വേണ്ടതെന്ന് പറയുക. ഞാനത് വാങ്ങിക്കൊണ്ടുവരാം. നസീര്‍ അവളോട് ചോദിച്ചു. രാഗിണി കരിമ്പ് ആവശ്യപ്പെട്ടു. ഉടന്‍തന്നെ നസീര്‍ ആളിനെവിട്ട് കരിമ്പുവാങ്ങി അവള്‍ക്ക് നല്‍കി. അത് തിന്നുതീരുന്നതുവരെ നസീര്‍ അവിടുണ്ടായിരുന്നു.
രാഗിണി മരിക്കുന്നതുവരെ, അവസാനത്തെ മൂന്നുമാസക്കാലം ലളിതച്ചേച്ചി അവളോടൊപ്പം ഉണ്ടായിരുന്നു. അന്നുരാത്രി നസീര്‍ പോയശേഷം ആരോ ഒരാള്‍ തിരുപ്പതിയിലെ പ്രസാദവുമായി അവിടെ വന്നു. രാത്രി ബാത്ത്റൂമിലേയ്ക്ക് പോകാന്‍ ലളിതച്ചേച്ചി അവളെ സഹായിച്ചു. ഒരു ജഗ്ഗില്‍ വെള്ളവുമായാണ് രാഗിണി മടങ്ങിവന്നത്. ആ വെള്ളം കൊണ്ട് അവള്‍ ലളിതച്ചേച്ചിയുടെ കാല്‍ കഴുകിത്തുടച്ചു. ഈ പ്രവൃത്തി കണ്ട് അമ്പരന്ന ചേച്ചി അതിന്‍റെ കാരണം അന്വേഷിച്ചു.
'ചേച്ചിയുടേതല്ലാത്ത ഞാന്‍ ഇനി ആരുടെ കാലാണ് കഴുകുക. എന്നെ അനുഗ്രഹിക്കൂ ചേച്ചീ' ഇത്രയും പറഞ്ഞ് രാഗിണി കട്ടിലില്‍ ചെന്നുകിടന്നു. ഉറക്കത്തില്‍ തന്നെ അവള്‍ മരിച്ചു.