വിജയലക്ഷ്മി വീരമണി. തന്‍റെ അഭിനയത്തെക്കുറിച്ചും, ചര്‍മ്മത്തിന്‍റെ നിറത്തിന്‍റെ പേരില്‍ നേരിടേണ്ടി വന്ന അവഗണനകളെ അതിജീവിച്ചതിനെക്കുറിച്ചും, ലോകേഷ് കനകരാജ് അടക്കമുള്ള പ്രതിഭകള്‍ക്കൊപ്പമുള്ള സിനിമാനുഭവങ്ങളെക്കുറിച്ചും 'നാന'യോട്
Highlights
പാന്‍ ഇന്ത്യന്‍ തലത്തില്‍ തരംഗം സൃഷ്ടിച്ച അരുണ്‍ മാതേശ്വര്‍ ചിത്രം 'ഡിസി' (DC), തിയേറ്ററുകളില്‍ ചരിത്രവിജയം കുറിച്ച 'മഞ്ഞുമ്മല്‍ബോയ്സ്' എന്നീ സിനിമകളിലൂടെ സൗത്ത് ഇന്ത്യന്‍ സിനിമാപ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ അഭിനേത്രിയാണ് വിജയലക്ഷ്മി വീരമണി. തന്‍റെ അഭിനയത്തെക്കുറിച്ചും, ചര്‍മ്മത്തിന്‍റെ നിറത്തിന്‍റെ പേരില്‍ നേരിടേണ്ടി വന്ന അവഗണനകളെ അതിജീവിച്ചതിനെക്കുറിച്ചും, ലോകേഷ് കനകരാജ് അടക്കമുള്ള പ്രതിഭകള്‍ക്കൊപ്പമുള്ള സിനിമാനുഭവങ്ങളെക്കുറിച്ചും വിജി 'നാന'യോട് വിശദമായി സംസാരിക്കുന്നു.
പാന്‍ ഇന്‍ഡ്യന്‍ ഹിറ്റായ 'ഡിസി' സിനിമയിലെ അമ്മവേഷം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ആ അനുഭവം എന്തായിരുന്നു?
സത്യം പറഞ്ഞാല്‍ ആ കഥാപാത്രം ഇത്രയധികം ആഴത്തില്‍ പ്രേക്ഷകരിലേക്ക് എത്തുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സാധാരണയായി മിക്ക സിനിമകളിലും ഇമോഷണലായ ഇത്തരം ഫാമിലി രംഗങ്ങള്‍ നമ്മള്‍ കാണാറുള്ളതാണ്. എന്നാല്‍ ഈ സിനിമയില്‍ ആ രംഗത്തിന് വലിയൊരു ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ചു. സിനിമ റിലീസായ ശേഷം കണ്ടവരെല്ലാം എന്‍റെ കഥാപാത്രത്തെ പ്രത്യേകം എടുത്തുപറഞ്ഞു അഭിനന്ദിച്ചപ്പോള്‍ വലിയ സന്തോഷവും സംതൃപ്തിയും തോന്നി. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വലിയൊരു കോണ്‍ഫിഡന്‍സ് നല്‍കിയ ചിത്രമാണിത്.
സംവിധായകന്‍ അരുണ്‍ മാതേശ്വരനും ഒപ്പം അഭിനയിച്ച ലോകേഷ് കനകരാജ് സാറുമെല്ലാം സെറ്റില്‍ നല്‍കിയ സ്വാതന്ത്ര്യവും പിന്തുണയും വളരെ വലുതായിരുന്നു. അഭിനേതാക്കള്‍ക്ക് ഏറ്റവും കംഫര്‍ട്ടബിള്‍ ആയ ഒരു അന്തരീക്ഷമാണ് അവര്‍ ഒരുക്കിത്തന്നത്. വളരെ റിലാക്സ്ഡ് ആയിട്ടാണ് ഞാന്‍ ആ കഥാപാത്രത്തെ സമീപിച്ചതും അഭിനയിച്ചുതീര്‍ത്തതും.
ഈ പ്രോജക്റ്റിലേക്ക് എങ്ങനെയാണ് എത്തിച്ചേരുന്നത്?
അരുണ്‍ സാര്‍ സംവിധാനം ചെയ്യാനിരുന്ന മറ്റൊരു ചിത്രത്തിന് വേണ്ടിയായിരുന്നു ഞാന്‍ ആദ്യം ഓഡിഷന്‍ കൊടുത്തത്. എന്നാല്‍ ചില കാരണങ്ങളാല്‍ ആ പ്രോജക്ട് ഹോള്‍ഡിലായി. അതിനുശേഷമാണ് പെട്ടെന്ന് ഈ സിനിമയുടെ കാസ്റ്റിംഗ് ആരംഭിക്കുന്നതും എന്നെ തിരിച്ചുവിളിക്കുന്നതും. തമിഴിലെ ഒരു ക്ലാസിക് സിനിമയിലെ ഇമോഷണല്‍ രംഗം നല്‍കിയാണ് അവര്‍ ഓഡിഷന്‍ നടത്തിയത്. അത് നന്നായി ചെയ്തു എന്ന് അവര്‍ പറഞ്ഞു. പക്ഷേ സാധാരണയായി നമ്മള്‍ പങ്കെടുക്കുന്ന ഓഡിഷനുകള്‍ എല്ലാം പോസിറ്റീവ് ആകണമെന്നില്ലല്ലോ.
അതുകൊണ്ട് കുറച്ചുദിവസത്തേയ്ക്ക് കോള്‍ ഒന്നും വരാതിരുന്നപ്പോള്‍ ഞാന്‍ അത് വിട്ടു. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം വിളിച്ച് സെലക്ഷന്‍ ഉറപ്പിക്കുകയും ഒരു പ്രോപ്പര്‍ ലുക്ക് ടെസ്റ്റിനായി വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്‍റെ കരിയറില്‍ ആദ്യമായാണ് ഒരുസിനിമയ്ക്കായ പ്രോപ്പര്‍ ലുക്ക് ടെസ്റ്റ് നടക്കുന്നത്. എന്‍റെ വസ്ത്രങ്ങള്‍ പോലും സംവിധായകന്‍ നേരിട്ടാണ് തിരഞ്ഞെടുത്തത്.
സിനിമയുടെ തുടക്കത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെടുന്ന രംഗം പ്രേക്ഷകരെ ഏറെ ഭയപ്പെടുത്തുന്ന ഒന്നാണ്. അതിനായി എന്തെങ്കിലും പ്രത്യേക ഹോംവര്‍ക്കുകള്‍ ചെയ്തിരുന്നോ?
പ്രത്യേകം തയ്യാറെടുപ്പുകളോ പ്ലാനിങ്ങോ ഒന്നും ഉണ്ടായിരുന്നില്ല. സിനിമയിലെ ഞങ്ങളുടെ കുടുംബരംഗങ്ങളാണ് ആദ്യം ഷൂട്ട് ചെയ്തത്. അതുകൊണ്ടുതന്നെ ഭര്‍ത്താവായി അഭിനയിച്ച ആളുമായും മകനുമായും സ്വാഭാവികമായ ഒരു ആത്മബന്ധം തുടക്കത്തിലേ രൂപപ്പെട്ടിരുന്നു. ഞങ്ങള്‍ ശരിക്കും ഒരു കുടുംബമാണെന്ന ഫീല്‍ ഉള്ളിലുണ്ടായിരുന്നു.
പെട്ടെന്ന് നമ്മുടെ ജീവിതത്തില്‍ നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വലിയ ദുരന്തം സംഭവിച്ചാല്‍ ഉള്ളില്‍ നിന്നുണ്ടാകുന്ന സ്വാഭാവികമായ നടുക്കവും നിലവിളിയുമുണ്ട്. അത് കൃത്യമായി അനുഭവിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. മുന്‍കൂട്ടി ചിന്തിച്ചുകൂട്ടാതെ, ആ സിറ്റുവേഷനില്‍ ഒരു സാധാരണ സ്ത്രീ എങ്ങനെ റിയാക്ട് ചെയ്യുമോ, അത് ആ നിമിഷത്തില്‍ സ്വാഭാവികമായി പുറത്തെടുക്കുകയായിരുന്നു.
ഡാര്‍ക്ക് സ്കിന്‍ ടോണുള്ള കഥാപാത്രങ്ങളെ മുന്‍പ് മേക്കപ്പിലൂടെയായിരുന്നു മാറ്റിയെടുത്തിരുന്നത്. ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ അതിന് എന്തുമാത്രം മാറ്റം വന്നിട്ടുണ്ട്?
തീര്‍ച്ചയായും, ഇപ്പോള്‍ വളരെ പോസിറ്റീവായ മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. എന്‍റെ തുടക്കക്കാലത്ത് ഞാന്‍ ഒരു വിജെ ആയി മാധ്യമരംഗത്ത് ജോലി ചെയ്തിരുന്നു. ആ സമയത്ത് നിറം കുറവാണെന്ന ഒരൊറ്റ കാരണത്താല്‍ പ്രമുഖ ചാനലുകളൊന്നും എനിക്ക് അവസരം തന്നിരുന്നില്ല. എന്നാല്‍ അഭിനയരംഗത്തേയ്ക്ക് കടന്നുവന്നപ്പോള്‍ എനിക്ക് മൈനസ് ആയി നിന്ന അതേ നിറം തന്നെ വലിയൊരു പ്ലസ് പോയിന്‍റായി മാറി.ഡാര്‍ക്ക് സ്കിന്‍ ടോണുള്ള റിയലിസ്റ്റിക് കഥാപാത്രങ്ങള്‍ക്കായി സംവിധായകര്‍ എന്നെ നേരിട്ട് കാസ്റ്റ് ചെയ്യാന്‍ തുടങ്ങി.
ഇപ്പോള്‍ തമിഴ് സിനിമയിലെ ഒരുപാട് സംവിധായകര്‍ യാതൊരഒത്തുതീര്‍പ്പുകള്‍ക്കും തയ്യാറാകാതെ കഥാപാത്രങ്ങള്‍ക്ക് ചേരുന്ന ഒറിജിനല്‍ സ്കിന്‍ ടോണുള്ളവരെ തന്നെ തിരഞ്ഞെടുക്കുന്നുണ്ട്. ലീഡ് റോളുകളിലേക്ക് പോലും ഡസ്കി സ്കിന്‍ ഉള്ളവര്‍ക്ക് അവസരം കിട്ടുന്നുണ്ട്. തീര്‍ച്ചയായും ഒരു പത്തുവര്‍ഷത്തിനുള്ളില്‍ സിനിമയില്‍ ഈ വിവേചനം പൂര്‍ണ്ണമായും ഇല്ലാതാകുമെന്ന് തന്നെയാണ് എന്‍റെ പ്രതീക്ഷ.