'തുടരുമി'ലെ പോലീസുകാരനില്‍ നിന്നും 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ പോലീസിലേക്ക് ഒരുപാട് കാതങ്ങളുടെ ദൂരമുണ്ട്... -
Highlights
'തുടരും' എന്ന ചിത്രത്തിലെ കടുപ്പക്കാരനായ ജോര്‍ജ് സാറായി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടനും പ്രശസ്ത പരസ്യസംവിധായകനുമായ പ്രകാശ് വര്‍മ്മ അടുത്തകാലത്ത് രഞ്ജിത്ത് സംവിധാനം ചെയ്ത 'ലോ ആന്‍ഡ് ഓര്‍ഡറി'ല്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ആ ചിത്രത്തിലെ അനുഭവങ്ങള്‍ പ്രകാശ് വര്‍മ്മ പങ്കുവയ്ക്കുന്നു
'തുടരും' എന്ന സിനിമയ്ക്കുശേഷം 'ലോ ആന്‍ഡ് ഓര്‍ഡര്‍' എന്ന വലിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. സിനിമയില്‍ വന്നിട്ട് അധികം കാലമായില്ല. എന്താണ് തോന്നുന്നത്? വലിയ സമ്മര്‍ദ്ദമുണ്ടോ?
സമ്മര്‍ദ്ദം ഒട്ടുമില്ല. ജീവിതത്തില്‍ ഇതിലും വലിയൊരുപാട് പ്രതിസന്ധികളും കടമ്പകളും കടന്നാണ് ഞാന്‍ വന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളൊന്നും വലിയ സമ്മര്‍ദ്ദമായി കാണാറില്ല. സിനിമ നന്നായി വന്നിട്ടുണ്ട്. ഞാന്‍ മാത്രമല്ല, എന്‍റെ കൂടെ അഭിനയിച്ചവരും അണിയറപ്രവര്‍ത്തകരും ഉള്‍പ്പെടെ ഒരുപാടുപേരുടെ കഠിനാധ്വാനം കൊണ്ടാണ് ഈ സിനിമ പൂര്‍ത്തിയാക്കിയത്.
എന്തുകൊണ്ടാണ് 'ലോ ആന്‍ഡ് ഓര്‍ഡര്‍' ചെയ്യാന്‍ തീരുമാനിച്ചത്?
അതിന് പ്രധാനമായും രണ്ടുമൂന്ന് കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, എനിക്ക് ഏറ്റവും അനുയോജ്യമായ ഒരു സമയത്താണ് ഈ സിനിമ എന്‍റെ മുന്നിലേക്ക് വന്നത് എന്നതാണ്. ഇതിന്‍റെ തിരക്കഥ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഞാന്‍ അടിസ്ഥാനപരമായി ഒരു സിനിമാവിദ്യാര്‍ത്ഥിയാണ്. 'തുടരുമി'ലെ പോലീസുകാരനില്‍ നിന്നും 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ പോലീസിലേക്ക് ഒരുപാട് കാതങ്ങളുടെ ദൂരമുണ്ട്. ആ കഥാപാത്രത്തില്‍ ആവര്‍ത്തനസാധ്യത ഉണ്ടായിരുന്നുവെങ്കിലും അത് വരാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. അത് എന്നെ വല്ലാതെ സ്പര്‍ശിച്ചു. അങ്ങനെയാണ് ഈ സിനിമയുടെ ഭാഗമാകുന്നത്.
കലാമേഖലയില്‍ ഇത്രയും വര്‍ഷത്തെ പരിചയസമ്പത്തുണ്ട്. എന്നെങ്കിലും അഭിനയിക്കാന്‍ കഴിയുമെന്ന് മുന്‍പ് തോന്നിയിട്ടുണ്ടോ?
ഒട്ടും പ്രതീക്ഷിക്കാതെ സിനിമയിലേക്ക് വന്നൊരാളാണ് ഞാന്‍. അഭിനയിക്കാന്‍ കിട്ടിയത് കുറച്ചുദിവസങ്ങള്‍ മാത്രമായിരുന്നു. ഓരോ ദിവസവും പുതിയൊരു വെല്ലുവിളിയായാണ് ഏറ്റെടുത്തത്. എന്നാല്‍ പതുക്കെ ആ പ്രോസസ് എനിക്ക് ഇഷ്ടപ്പെട്ടുതുടങ്ങി. അഭിനയം തുടരാന്‍ തോന്നി. പരസ്യനിര്‍മ്മാണം തന്നെയാണ് എന്‍റെ എന്നും പ്രിയപ്പെട്ട പാഷന്‍. അതില്‍ നിന്നൊന്ന് മാറി ച്ചിന്തിച്ചതാണ്. ഇപ്പോള്‍ അഭിനയവും എനിക്ക് ആസ്വദിക്കാന്‍ സാധിക്കുന്നുണ്ട്.
ആഗ്രഹിച്ച കാര്യങ്ങളെല്ലാം ജീവിതത്തില്‍ പതുക്കെയാണോ സംഭവിക്കുന്നത്?
മാനിഫെസ്റ്റ് ചെയ്താല്‍ മാത്രമേ ആഗ്രഹങ്ങള്‍ നടക്കൂ എന്ന് എല്ലാവരും പറയാറുണ്ട്. എനിക്ക് എപ്പോഴും ദൈവത്തോടും ജീവിതത്തോടും നന്ദിയേയുള്ളൂ. പലര്‍ക്കും ജീവിതത്തിലെ പ്രാരാബ്ധങ്ങള്‍ കാരണം ആഗ്രഹിച്ച വഴിയേ പോകാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ എനിക്ക് അങ്ങനെയല്ല, വിചാരിച്ച കാര്യങ്ങളൊക്കെ നടന്നുവന്നിട്ടുണ്ട്. മുന്‍പ് എത്രയോ ഹെക്റ്റിക് ആയ വര്‍ക്കുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ അതൊന്നും വലിയൊരു പണിയായി എനിക്ക് തോന്നിയിട്ടില്ല. ഇപ്പോഴും എനിക്ക് ഇതിനോടൊക്കെയുള്ളത് കൗതുകമാണ്. ജീവിതത്തില്‍ എല്ലാ ദിവസവും കൗതുകത്തോടെ കാണാനാണ് എനിക്കിഷ്ടം.