Thursday, 12 November 2026 | 08:57 AM

Interviews

കത്തനാര്‍ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് എന്‍റെ ജീവിതത്തിലെ വലിയ ഒരു ടേണിംഗ് മൊമെന്‍റായി ഞാന്‍ കാണുന്നു... -ഋഷിലാല്‍ ഉണ്ണികൃഷ്ണന്

ജി. കൃഷ്ണന് 12 November 2026 08:37 AM
കത്തനാര്‍ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് എന്‍റെ ജീവിതത്തിലെ വലിയ ഒരു ടേണിംഗ് മൊമെന്‍റായി ഞാന്‍ കാണുന്നു... -ഋഷിലാല്‍ ഉണ്ണികൃഷ്ണന്

Highlights

2022 ല്‍ ഏറ്റവും നല്ല ഫോട്ടോഗ്രാഫിക്കുള്ള സ്റ്റേറ്റ് അവാര്‍ഡ് വാങ്ങാന്‍ കഴിഞ്ഞതും ഋഷിലാലിനെ വേറിട്ടുനിര്‍ത്തുന്നു. ഇപ്പോള്‍ ഋഷിലാല്‍ റഷ്യയിലാണുള്ളത്. ജോര്‍ജിയയില്‍ ഷൂട്ടിംഗ് തുടരുന്ന മോഹന്‍ലാല്‍ ചിത്രമായ 'ഓപ്പറേഷന്‍ ഗംഗ'യുടെ അണിയറയിലുമുണ്ട് നിഴലും വെളിച്ചവും ഒപ്പിയെടുക്കാന്‍ ഋഷിയുടെ ക്യാമറ. ഈ ബിഗ് പ്രോജക്ടിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞത് ഇരട്ടിമധുരമാണ് നല്‍കുന്നതത്രെ.

ചെറുപ്പം മുതലെ ഫോട്ടോഗ്രാഫിയോട് അമിതമായ ആവേശവും ഇഷ്ടവുമായിരുന്നു ഋഷിലാലിന്. നിഴലും വെളിച്ചവും ഇരുട്ടുമെല്ലാം സന്നിവേശിപ്പിച്ചെടുക്കുന്ന ഒരു ആര്‍ട്ടാണല്ലോ ഫോട്ടോഗ്രാഫി. ചലനാത്മകമായ ദൃശ്യങ്ങളെ നിശ്ചലമാക്കിക്കൊണ്ടുള്ള കല.

ആ സ്വപ്നങ്ങള്‍ മനസ്സിലിങ്ങനെ ചിറകുമുളച്ച് പറക്കാന്‍ തുടങ്ങിയപ്പോള്‍ എങ്ങനെയും ആ രംഗത്തെത്തണമെന്നുള്ള മോഹം ഋഷിലാല്‍ എന്ന ചെറുപ്പക്കാരനെ മഥിച്ചുകൊണ്ടിരുന്നു. പല പ്രമുഖ ഫോട്ടോഗ്രാഫേഴ്സിന്‍റെയും ഫോട്ടോഗ്രാഫുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. സിനിമയിലും പുറത്തുമുള്ള നിശ്ചലഛായാഗ്രഹകരുടെ ചിത്രങ്ങള്‍ കൗതുകത്തോടെ ആസ്വദിക്കുന്നുണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു സിനിമാരംഗത്ത് പ്രശസ്തനായ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സിനറ്റ് സേവ്യര്‍. സിനറ്റിന്‍റെ മിക്ക ഫോട്ടോകളും ഋഷിലാലിന്‍റെ മനസ്സിനെ സ്വാധീനിക്കുന്നുണ്ടായിരുന്നു.

ഫാമിലി ഫ്രണ്ടായ കിരണ്‍ റാഫേലിനോട് സിനിമയെക്കുറിച്ചും ഫോട്ടോഗ്രാഫിയെക്കുറിച്ചും പറയുകയുണ്ടായി. പ്രതീക്ഷകളുമായി കാത്തിരിക്കുമ്പോഴാണ് ഒരു ദിവസം കിരണ്‍ ചേട്ടന്‍റെ വിളിവന്നത്. 'ജനഗണമന' എന്നൊരു പുതിയ സിനിമ തുടങ്ങുന്നു. അതിന്‍റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സിനറ്റ് സേവ്യറാണ്, അസിസ്റ്റന്‍റായി കൂടെ നില്‍ക്കുവാന്‍ താല്‍പ്പര്യമുണ്ടോയെന്നായിരുന്നു ചോദ്യം. ഞാന്‍ കൂടുതലൊന്നും ആലോചിച്ചില്ല. ആ സിനിമയില്‍ സിനറ്റ് ചേട്ടനൊപ്പം കൂടി. അതിനുശേഷം കടുവ, 2018, ആര്‍.ഡി.എക്സ്... തുടങ്ങി കുറെ സിനിമകള്‍ക്കുവേണ്ടി സിനറ്റ് ചേട്ടന്‍റെയൊപ്പം അസിസ്റ്റന്‍റായി വര്‍ക്ക് ചെയ്തു.

അതിനുശേഷമാണ് ഋഷി ഇന്‍ഡിപെന്‍റന്‍റായി വര്‍ക്ക് ചെയ്തത്. വിന്‍സി അലോഷ്യസ് പ്രധാനവേഷം ചെയ്ത 'രേഖ' ആയിരുന്നു ആ സിനിമ. അതുകഴിഞ്ഞപ്പോള്‍ 'നല്ല നിലാവുള്ള രാത്രി' എന്ന സിനിമ ചെയ്തു. ഈ സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫി വര്‍ക്കിന് ഋഷിക്ക് മികച്ച സ്റ്റില്‍ ഫോട്ടോഗ്രാഫിക്കുള്ള പൂവച്ചല്‍ ഖാദര്‍ അവാര്‍ഡ് ലഭിക്കുകയുണ്ടായി. തുടര്‍ന്ന് റിട്ടേണ്‍ ആന്‍റ് ഡയറക്ടഡ് ബൈ ഗോഡ്, ജാനകിജാനെ, ജെറി, സൂപ്പര്‍ സിന്ദകി തുടങ്ങിയ സിനിമകള്‍ക്കുവേണ്ടി സ്റ്റില്‍ ഫോട്ടോഗ്രാഫി രംഗത്ത് വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞ ഋഷിലാലിന് ജയസൂര്യ നായകനാകുന്ന 'കടമറ്റത്ത് കത്തനാര്‍' എന്ന സിനിമയില്‍ അവസരം കിട്ടി. 

ക്യാമറാമാന്‍ നീല്‍ ഡി. കുഞ്ഞയുടെ ശുപാര്‍ശ പ്രകാരമാണ് ഈ സിനിമ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതെന്ന് ഋഷിലാല്‍ പറയുകയുണ്ടായി. കത്തനാര്‍ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് എന്‍റെ ജീവിതത്തിലെ വലിയ ഒരു ടേണിംഗ് മൊമെന്‍റായി ഞാന്‍ കാണുന്നുവെന്ന് ഋഷി കൂട്ടിച്ചേര്‍ത്തു. കാരണം അതുവരെ ചെറിയ സിനിമകള്‍ക്ക് വേണ്ടിയാണ് വര്‍ക്ക് ചെയ്തിട്ടുള്ളതെങ്കിലും കത്തനാര്‍ സിനിമ തന്‍റെ ഗ്രാഫ് ഉയര്‍ത്തിക്കാട്ടിയെന്നും അതിന് സംവിധായകന്‍ റോജിന്‍ സാറിനോടും നീല്‍ ചേട്ടനോടുമുള്ള നന്ദി നിസ്സീമമാണെന്നും ഋഷി അഭിപ്രായപ്പെട്ടു.

പിന്നീട് അനന്തന്‍കാട്, പള്ളിച്ചട്ടമ്പി തുടങ്ങിയ സിനിമകളിലൂടെ യാത്ര ചെയ്തുവന്ന ഋഷിയെ ഇപ്പോള്‍ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യം 'ബേത്ലഹേം കുടുംബ യൂണിറ്റ്' എന്ന സിനിമയുടെ വലിയ വിജയമാണ്. ആ സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ ഒരാളാകാന്‍ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായി കരുതുകയാണ് ഋഷി.

2022 ല്‍ ഏറ്റവും നല്ല ഫോട്ടോഗ്രാഫിക്കുള്ള സ്റ്റേറ്റ് അവാര്‍ഡ് വാങ്ങാന്‍ കഴിഞ്ഞതും ഋഷിലാലിനെ വേറിട്ടുനിര്‍ത്തുന്നു.

ഇപ്പോള്‍ ഋഷിലാല്‍ റഷ്യയിലാണുള്ളത്. ജോര്‍ജിയയില്‍ ഷൂട്ടിംഗ് തുടരുന്ന മോഹന്‍ലാല്‍ ചിത്രമായ 'ഓപ്പറേഷന്‍ ഗംഗ'യുടെ അണിയറയിലുമുണ്ട് നിഴലും വെളിച്ചവും ഒപ്പിയെടുക്കാന്‍ ഋഷിയുടെ ക്യാമറ. ഈ ബിഗ് പ്രോജക്ടിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞത് ഇരട്ടിമധുരമാണ് നല്‍കുന്നതത്രെ.

ഈ സിനിമ പൂര്‍ത്തിയായി കഴിഞ്ഞാല്‍ പെപ്പയും കീര്‍ത്തിസുരേഷും പ്രധാന വേഷം ചെയ്യുന്ന 'തോട്ടം' എന്ന സിനിമയാണ് ഋഷിയുടെ അടുത്ത ചിത്രം.  തൃശൂരിലെ പെരിങ്ങോട്ടുകര സ്വദേശിയാണ് ഋഷിലാല്‍ ഉണ്ണികൃഷ്ണന്‍.

 

Tags
rishilal unnikrishnan kathanar