Wednesday, 10 June 2026 | 12:41 PM

Interviews

സ്വപ്നംപോലെ ഒരു മൊമെന്‍റ് -ഭാനുപ്രിയ

നിരഞ്ജന ഇന്ദു 05 May 2026 12:30 PM
സ്വപ്നംപോലെ ഒരു മൊമെന്‍റ് -ഭാനുപ്രിയ

ദക്ഷിണകൊറിയയിലെ ബുസാനില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പുരസ്കാരം സ്വന്തമാക്കിയ സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത 'ഇഫ് ഓണ്‍ എ വിന്‍റേഴ്സ് നൈറ്റ്' (ഖിഡ്കി ഗാവ്) എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമായെത്തി കൈയടി നേടിയ ഭാനുപ്രിയ ഇപ്പോള്‍ സ്വപ്നനിമിഷത്തിലെന്ന് പറയുന്നു. ബുസാനിലെത്തി പുരസ്കാരം ഏറ്റുവാങ്ങിയതിനെക്കുറിച്ചും അവിടെ ഉണ്ടായ അനുഭവങ്ങളെക്കുറിച്ചും ഭാനുപ്രിയ നാനയോട് തുറന്നു സംസാരിക്കുന്നു.. 

 
എഫ് എഫ് കെ വേദികളില്‍ സിനിമകള്‍ കാണാന്‍ പോയിട്ടുണ്ടെങ്കിലും കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ഒരു സിനിമ ഇന്ത്യ കടന്ന് കൊറിയയിലെ മുപ്പതാമത് ബുസാന്‍ ഇന്‍റര്‍നാഷണല്‍ വേദിയില്‍ എത്തുന്നുവെന്നതെല്ലാം സ്വപ്നതുല്യമാണ്. അവിടെ ഞങ്ങളുടെ സിനിമാ പ്രദര്‍ശിപ്പിക്കുക എന്നതുതന്നെ അവാര്‍ഡിന് തുല്യമായിരുന്നു. ലൈഫില്‍ ഒരു സര്‍റിയല്‍ മൊമെന്‍റ്  ആയിരുന്നു അത്. അവിടെ എത്തി അഞ്ചാമത്തെ ദിവസം ഞങ്ങളുടെ സിനിമയെ ത്തേടി എത്തിയത് ഹൈലൈഫ് വിഷന്‍ അവാര്‍ഡാണ്. മറ്റൊരു മനോഹരമായ കാര്യം എന്തെന്നാല്‍, അവാര്‍ഡ് കിട്ടുന്ന സെപ്റ്റംബര്‍ 25 ന് ഇന്‍റര്‍നാഷണല്‍ ഡ്രീം ഡേ ആയിരുന്നു. ആ സ്വപ്നദിവസം തന്നെ സ്വപ്നങ്ങളില്‍ പോലും കാണാത്ത ഒരു ഇന്‍റര്‍നാഷണല്‍ വേദിയില്‍ ഞാന്‍ ലീഡ് ചെയ്യുന്ന സിനിമയ്ക്ക് അവാര്‍ഡ് കിട്ടുന്നു. 

സാറ ഞാനുമായി കണക്ടഡാണ് 

സാമ്പത്തികമായെല്ലാം ഇന്‍ഡിപെന്‍ഡാവാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീയാണ് സാറ. വിവാഹശേഷം പാര്‍ട്ണര്‍ അഭിയുമായി മറ്റൊരു നഗരത്തിലേക്ക് മാറി ത്താമസിക്കേണ്ടി വരുമ്പോള്‍ അവര്‍ അനുഭവിക്കുന്ന സ്ട്രഗില്‍ ഫേസ് ആണ് സിനിമയില്‍ കാണിക്കുന്നത്. ഡല്‍ഹിയില്‍ എത്തുന്ന ഈ ദമ്പതികള്‍ നേരിടുന്ന വെല്ലുവിളികളാണ് സിനിമയില്‍ പറഞ്ഞു പോകുന്നത്. സാറ ജീവിതത്തെ കുറച്ചുകൂടെ ഗൗരവമായി കാണുമ്പോള്‍, അഭി ഒരു ആര്‍ട്ടിസ്റ്റ് ആണ്, അതുകൊണ്ട് തന്നെ അയാള്‍ ജീവിതത്തെ കാണുന്ന രീതി മറ്റൊന്നാണ്. കലയോട് അടുത്ത് നില്‍ക്കുന്ന ആ മനുഷ്യനും ജീവിതത്തെ വളരെ പ്രാക്ടിക്കലായി കാണുന്ന സാറയും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പറഞ്ഞു പോവുന്നതിനൊപ്പം അവരുടെ പ്രണയവും ബോണ്ടും മനോഹരമായി തുറന്നു കാണിക്കുന്നുണ്ട്.

ഭാനുവും സാറയും ജീവിതത്തിന്‍റെ രണ്ടു സാഹചര്യങ്ങളിലുള്ളവരാണെങ്കിലും ഏറെ ചേര്‍ന്നു നില്‍ക്കുന്നവരാണ്. സ്വപ്നങ്ങള്‍ക്ക് വേണ്ടി വീടും നാടും വിട്ട് മറ്റൊരു സിറ്റിയില്‍ എത്തി അവിടെ സ്ട്രഗില്‍ ചെയ്ത് പിന്നീട് ആ ബുദ്ധിമുട്ടുകളോടൊപ്പം ഒഴുക്കില്‍പ്പെട്ടു സഞ്ചരിച്ച ഒരാളും അതിന്‍റെ മറ്റൊരു ഫേസിലൂടെ സഞ്ചരിക്കുന്ന സാറയും തമ്മിലുള്ള ജീവിതമാണത്. വെല്ലുവിളികളും കാരണങ്ങളും പലതാണെങ്കിലും  എല്ലാത്തിനും അവസാനം അനുഭവിക്കുന്ന അനുഭവം എല്ലാ സ്ത്രീകളിലും ഒരുപോലെയാണെന്ന് തോന്നിയിട്ടുണ്ട്. നാല് സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഞാനുമായി സാറ ഏറെ അടുത്ത് നില്‍ക്കുന്നതു കൊണ്ടാവാം ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഞാന്‍ ചെയ്ത കഥാപാത്രമാണ്  സാറയെന്നു പറഞ്ഞത്. 

സാറയിലേക്ക് എത്തുന്നത് 

എന്‍റെ ആദ്യ സിനിമ ചാള്‍സ് എന്‍റര്‍പ്രൈസസ് സംഭവിച്ചതിന് പിന്നെയാണ് എന്‍റെ മറ്റു സിനിമകളിലേക്ക് അവസരം വരുന്നത്. അതിനുമുന്‍പ് പുറം എന്ന ഷോര്‍ട് ഫിലിം ചെയ്തിരുന്നു. ആ ടീമിന്‍റെയായിരുന്നു മദ്രാസ് മാറ്റിനി എന്ന തമിഴ് സിനിമ. അങ്ങനെയാണ് അതിന്‍റെ ഭാഗമാവുന്നത്. ചാള്‍സ് എന്‍റര്‍പ്രൈസിസിലെ ബാലു വര്‍ഗീസിന്‍റെ നായികയായി രഞ്ജിനി എന്ന കഥാപാത്രമായാണ് തുടക്കം. മദ്രാസ് മാറ്റിനിക്ക് മുന്‍പാണ് 'ഇഫ് ഓണ്‍ എ വിന്‍റേഴ്സ് നൈറ്റ്' (ഖിഡ്കി ഗാവ്) എന്ന ചിത്രത്തിലേക്കുള്ള കാള്‍ വരുന്നത്. അഭിജ ശിവകല എന്ന ആര്‍ട്ടിസ്റ്റുമായി നേരത്തെ ചാള്‍സ് എന്‍റര്‍പ്രൈസസില്‍ അഭിനയിച്ചിട്ടുണ്ട്, അല്ലാതെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളുമാണ്. അഭിജയാണ് ഇങ്ങനെയൊരു കഥകേള്‍ക്കാന്‍ എന്നോട് പറയുന്നത്. സാറയ്ക്ക് ആപ്റ്റായ ഒരാളെ ടീം തപ്പികൊണ്ടിരിക്കുകയായിരുന്നു. 

അവസാനനിമിഷമാണ് ആ കഥാപാത്രം എന്നിലേക്ക് എത്തിയതെന്നത് സന്തോഷം നല്‍കുന്ന 
കാര്യമാണ്. ഷൂട്ട് തുടങ്ങുന്നതിന്‍റെ മൂന്ന് ദിവസം കൊണ്ടാണ് സാറയെ അവര്‍ ഫിക്സ് ചെയ്യുന്നത്. പിന്നീട് ഡല്‍ഹിയിലായിരുന്നു ഷൂട്ട്. അഭിയായി റോഷനായിരുന്നു. ടീം നല്ലതായതുകൊണ്ട് തന്നെ വളരെ കംഫര്‍ട്ടബിളായി അഭിനയിക്കാന്‍ കഴിഞ്ഞു. ഒപ്പം നല്ലൊരു അനുഭവവുമായിരുന്നു. 

രഞ്ജിനിയായി തുടങ്ങി

ബിഗ് സ്ക്രീനില്‍ ആദ്യമായി എത്തുന്നത് ചാള്‍സ് എന്‍റര്‍പ്രൈസസിലെ രഞ്ജിനിയായിട്ടായിരുന്നു. ബാലു വര്‍ഗീസിന്‍റെ നായികാ കഥാപാത്രം. അതുകണ്ട് നല്ല രീതിയില്‍ പ്രശംസകള്‍ കിട്ടിയിരുന്നു. ഒപ്പം ഉര്‍വശി ചേച്ചിക്കൊപ്പമൊക്കെയുള്ള അനുഭവം കരിയറില്‍ തന്നെ ഒരു മൈല്‍ സ്റ്റോണായാണ് കാണുന്നത്. പുറം എന്ന ഷോര്‍ട് ഫിലിമിനെ തേടിയും ഒരുപാട് പുരസ്കാരങ്ങള്‍ എത്തിയിരുന്നു. അതേ ടീമിന്‍റെ തമിഴ്ചിത്രം മദ്രാസ് മാറ്റിനിയില്‍ ഒരു സുപ്രധാന വേഷം ചെയ്യാന്‍ സാധിച്ചു. ദാവീദില്‍ ഒരു ചെറിയ വേഷം ചെയ്തു. ഇതിനിടയില്‍ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ രണ്ടു ഡിപ്ലോമ സിനിമകളില്‍ അഭിനയിച്ചു. സിഫയുടെ ഡിപ്ലോമ പ്രോജക്ടില്‍ വര്‍ക്ക് ചെയ്തു. അതിന് ബെസ്റ്റ് ആക്ടറെസ്സ് അവാര്‍ഡ് ലഭിച്ചിരുന്നു. വിഫ്റ്റിന്‍റെയും ഡിപ്ലോമ സിനിമയില്‍ അഭിനയിച്ചു. അങ്ങനെ ഒരുപാട് ചെറുതും വലുതുമായ വര്‍ക്കുകളുടെ ഭാഗമായി. ഇനി റിലീസ് ചെയ്യാനുണ്ട് വര്‍ക്കുകള്‍. 

ഭാനുവും നൃത്തവും

ചെറുപ്പം മുതല്‍ നൃത്തം ഒപ്പമുണ്ട്. അഭിനയത്തോടൊപ്പം സ്നേഹിക്കുന്ന ഒന്നാണ് നൃത്തവും. കുച്ചിപ്പിടി പെര്‍ഫോമറാണ്. ഗീത പദ്മകുമറാണ് എന്‍റെ ഗുരു. ടീച്ചര്‍ക്ക് കീഴില്‍ ഇപ്പോള്‍ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ഇതിനോടകം ഒരുപാട് വേദികളില്‍ പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞു.

 

Tags
Bhanupriya if on a winter's night