എം ടി യുടെ കഥാപാത്രങ്ങളും ആത്മമിത്രങ്ങളും ഒരുമിക്കുന്ന നാടകം പട്ടണം റഷീദിന്റെ സംവിധാനത്തിൽ..
മലയാളസാഹിത്യ നഭോമണ്ഡലത്തിൽ എം.ടി എന്ന രണ്ടക്ഷരക്കാരൻ സൃഷ്ടിച്ചെടുത്ത ഒട്ടേറെ കഥാപാത്രങ്ങളെ മലയാളികൾ നെഞ്ചോട് ചേർത്തു പിടിച്ചിട്ടുണ്ട്. എം.ടി. സാഹിത്യ ലോകത്തിന് നൽകിയ മികച്ച സംഭാവനകളെയും എം.ടി.യുടെ സാഹിത്യവലയത്തിലെ പ്രതിഭാശാലികളെയും ഒരുമിപ്പിച്ചുകൊണ്ട് ഒരു നാടകം അരങ്ങിലെത്തുന്നു..
'എം.ടി. മലയാളത്തിന്റെ രണ്ടക്ഷരം' എന്ന് പേരിട്ടിരിക്കുന്ന ഈ നാടകം സംവിധാനം ചെയ്ത് അരങ്ങിലെത്തിക്കുന്നത് മലയാളസിനിമയിലെ പ്രശസ്ത ചമയ വിദഗ്ധനായ പട്ടണം റഷീദ് ആണ്. ഈ കലാകാരൻ സിനിമാരംഗത്ത് എത്തും മുമ്പേ നാടകലോകത്തായിരുന്നു പ്രവർത്തിച്ചു തുടങ്ങിയത്. അക്കാലഘട്ടത്തിലെ നാടകാനുഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഇപ്പോൾ ഒരു നാടകം സ്വന്തമായി സംവിധാനം ചെയ്തു അവതരിപ്പിക്കുന്നത.്
എം.ടി. വാസുദേവൻ നായർ എന്ന തിരക്കഥാകൃത്ത് ഒടുവിൽ ഉണ്ണികൃഷ്ണനെ നായകനാക്കി സംവിധാനം ചെയ്ത 'ഒരു ചെറുപുഞ്ചിരി' എന്ന സിനിമയിൽ റഷീദായിരുന്നു ചമയ കലാകാരൻ. ഹരികുമാർ സംവിധാനം ചെയ്ത എം.ടി.യുടെ തിരക്കഥയിൽ പൂർത്തിയായ 'സുകൃതം' എന്ന സിനിമയ്ക്ക് വേണ്ടിയും പട്ടണം റഷീദായിരുന്നു മേക്കപ്പ്മാനായി പ്രവർത്തിച്ചിട്ടുള്ളത്. പഴശ്ശിരാജയാണ് മറ്റൊരു ചിത്രം.
നാടകത്തിന്റെ ആദ്യ പ്രദർശനം നവംബർ 30ന് കൊച്ചിയിൽ നടന്നിരുന്നു. ഈ നാടകത്തിനു വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത് ബിനു ലാൽ ഉണ്ണിയാണ.് തേച്ചു മിനുക്കിയ ഡയലോഗുകളാണ് അദ്ദേഹം എഴുതിയിരിക്കുന്നതെന്നും എം.ടി.യുടെ തന്നെ കഥകളിലുള്ള ഡയലോഗുകൾ പോലെ സാമ്യമുള്ള വാക്കുകൾ കേൾക്കാൻ കഴിഞ്ഞപ്പോൾ നാടകം ചെയ്യാൻ ആത്മധൈര്യം കൂടുതലായി കിട്ടിയെന്നും പട്ടണം റഷീദ് പറഞ്ഞു..
തിരക്കഥയിലെ ഓരോ രംഗങ്ങളും തമ്മിൽ ഒരു പ്രത്യേക രീതിയിലുള്ള ബന്ധമാണ് തിരക്കഥാകൃത്തു.... നൽകിയിരിക്കുന്നതെന്നും അത് എം.ടി.യുടെ കഥാപാത്രങ്ങളെ മാത്രമല്ല ജീവിതത്തിലെ വലിയ അടുപ്പക്കാരെ കൂടി അവതരിപ്പിക്കാൻ സാധിച്ചുവെന്നും റഷീദ് കൂട്ടിച്ചേർത്തു. അതായത് വൈക്കം മുഹമ്മദ് ബഷീർ, ആർട്ടിസ്റ്റ് നമ്പൂതിരി, കെ.ടി.മുഹമ്മദ,് എൻ.പി. മുഹമ്മദ്.. തുടങ്ങിയവരെയും നാടകത്തിലെ പ്രധാന കഥാപാത്രമാക്കാൻ കഴിഞ്ഞു.
എം.ടി.യായി അഭിനയിക്കുന്നത് രാജേഷ് അഴീക്കോടാണ്. ബാബു അന്നൂർ, ഗോപൻ മങ്ങാട്ട,് അഞ്ചു കീഴുമല, സജി സോപാനം, ഡേവീസ് പയ്യപ്പിള്ളി, ഷാജി മാലൂർ, പ്രിയ ശ്രീജിത്ത,് കെ.പി.എ.സി. അനിത, മീരാ കേശവൻ, സിറിയക് ആലഞ്ചേരി, രാഹുൽ, ആസിഫ്, സുജിത് കലാമണ്ഡലം തുടങ്ങിയവരും അഭിനയരംഗത്തുണ്ട്...
ക്രിയേറ്റീവ് ഡയറക്ടർ ശ്രീജിത്ത് രമണൻ, ഗാനങ്ങൾ റഫീക്ക് അഹമ്മദ്, സംഗീതം ബിജിലാൽ, രംഗപടം ആർട്ടിസ്റ്റ് സുജാതൻ, കോസ്റ്റ്യൂംസ് ഇന്ദ്രൻസ് ജയൻ,മേക്കപ്പ് പട്ടണം ഷാ, ലൈറ്റ് ഡിസൈൻ ശ്രീകാന്ത് കാമിയോ. ആലാപനം സുദീപ്, രാജേഷ് അഴീക്കോടൻ, പശ്ചാത്തല സംഗീതം സത്യജിത്ത.്
കേരള ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ സഹകരണത്തോടെ ഏലൂർ കാഴ്ച നാടകസംഘം ഈ വരുന്ന ജനുവരി 24ന് വൈകിട്ട് 7 മണിക്ക് 'എം.ടി. മലയാളത്തിന്റെ രണ്ടക്ഷരം' എന്ന നാടകം എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ അവതരിപ്പിക്കുന്നു. അടുത്തുതന്നെ കോട്ടയം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലും നാടകം അവതരിപ്പിക്കും.