Wednesday, 10 June 2026 | 06:31 PM

Interviews

വെള്ളാരം കുന്നിലെ ട്വിങ്കിള്‍

ജി. കൃഷ്ണന്‍ മാലം 05 May 2026 12:30 PM
വെള്ളാരം കുന്നിലെ ട്വിങ്കിള്‍

 

'ഇടുക്കിയിലെ ഒരു മലയോര ഗ്രാമമായ വെള്ളാരംകുന്നില്‍ ജനിച്ച പെണ്‍കുട്ടി അല്ലേ..? പേര് ട്വിങ്കിള്‍ ജോബി. രാജസ്ഥാനിലെ ജയ്പൂരില്‍ പോയി ആമോദിനി രാജ്യാന്തര ചലച്ചിത്രോത്സവത്തിനിടയില്‍ സ്റ്റേജില്‍ നിന്ന് അവാര്‍ഡ് വാങ്ങുന്ന ചിത്രങ്ങള്‍ കണ്ടുവല്ലോ..?

സന്തോഷം....

ആ സന്തോഷം, ഇങ്ങനെ ഒറ്റവാക്കില്‍ പറയുവാനല്ല, 'നാന' വായനക്കാര്‍ക്ക് വേണ്ടി അതൊന്ന് പങ്കുവയ്ക്കാമോ?

ഉണ്ണി കെ. ആര്‍ കഥയെഴുതി സംവിധാനം ചെയ്യുകയും രാജേഷ് തില്ലങ്കേരി തിരക്കഥയെഴുതുകയും ചെയ്ത 'എ പ്രഗ്നന്‍റ് വിഡോ' എന്ന സിനിമയില്‍ ഞാന്‍ നായികയായി അഭിനയിച്ചിരുന്നു. ഡോ. പ്രഹ്ലാദ് വടക്കെപ്പാട്ടും വിനോയ് വിനോദ് വടക്കെപ്പാട്ടും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം ജയ്പൂരില്‍ നടന്ന ആമോദിനി രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ സെലക്ട് ചെയ്തിരുന്നു.

സിനിമയ്ക്ക് നല്ല തിരക്കഥയ്ക്കുള്ള അവാര്‍ഡ് ലഭിക്കുകയും ചെയ്തു. ഞാന്‍ നായികയായി അഭിനയിച്ചതുകൊണ്ട് ജയ്പൂരിലെ ആ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എന്നെയും ക്ഷണിച്ചു. ക്ഷണം കിട്ടിയതുകൊണ്ട് ഞാന്‍ പോയി എന്നുമാത്രം. ഞാന്‍ പക്ഷെ, അവാര്‍ഡ് കിട്ടുമെന്നോ ഒന്നും തീരെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. അവിടെ എത്തിയതിനുശേഷം മാത്രമാണ് നായികയായി അഭിനയിച്ച എനിക്ക് മികച്ച നടിക്കുള്ള അവാര്‍ഡുണ്ടെന്നുള്ള പ്രഖ്യാപനമുണ്ടായത്. അതറിഞ്ഞ നിമിഷം മുതല്‍ വലിയ സന്തോഷത്തിലായിരുന്നു കേട്ടൊ.

അതിനും മുമ്പ് കല്‍ക്കട്ട ഫിലിം ഫെസ്റ്റിവലിലും ഈ സിനിമ തിരഞ്ഞെടുത്തിരുന്നു. എന്നെ അറിയാത്തവരും മലയാളം ഭാഷ അറിയാത്തവരും ആ സിനിമ കണ്ടു. സിനിമ കണ്ടിറങ്ങി വന്ന പലരും തീയേറ്ററില്‍ വച്ച് എന്നെ കണ്ട് തിരിച്ചറിഞ്ഞു. എല്ലാവരും അഭിനന്ദമറിയിച്ചു. ചിലരൊക്കെ സെല്‍ഫിയെടുക്കാന്‍ ധൃതി കൂട്ടി. അന്നത്തെ ആ നല്ല മുഹൂര്‍ത്തങ്ങളൊന്നും എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. ആനന്ദത്താല്‍ എന്‍റെ കണ്ണു നനയിച്ച നിമിഷങ്ങള്‍ കൂടിയായിരുന്നു അത്.

ഓഡിയന്‍സ് എന്‍റെ ആ കഥാപാത്രത്തെ ഏറ്റെടുത്തു എന്ന് മനസ്സിലായപ്പോള്‍ അത് ആദ്യത്തെ അംഗീകാരമായി ഞാന്‍ കാണുന്നു. അതുപോലെതന്നെ ജയ്പൂരിലെ സ്വീകരണവും ആദരവും മറക്കാവുന്നതല്ല. അതെല്ലാം അവര്‍ വളരെ നല്ല രീതിയില്‍ അവതരിപ്പിക്കുന്നുണ്ടായിരുന്നു.

എങ്ങനെയാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്?

എന്നെ അറിയാവുന്ന വിജിത്ത് വിജയനാണ് ഈ സിനിമയെപ്പറ്റി എന്നോട് ആദ്യം പറയുന്നത്. അദ്ദേഹത്തിന് പരിചയമുള്ള സംവിധായകനാണ് ഉണ്ണി കെ.ആര്‍. അദ്ദേഹം ഇങ്ങനെയൊരു സിനിമ ചെയ്യാന്‍ പോകുന്നതായി പറഞ്ഞിരുന്നു. ഫോട്ടോ അയച്ചുകൊടുത്തു. അടുത്ത ദിവസം വീഡിയോ കാളിലൂടെ എന്നെ കാണുകയും സംസാരിക്കുകയും ചെയ്തു. പിന്നീട് ഷൂട്ടിംഗ് തുടങ്ങുന്നതിന്‍റെ തലേദിവസം പാലക്കാട്ട് എത്തണമെന്നും നായികയായി എന്നെ സെലക്ട് ചെയ്തിട്ടുണ്ടെന്നും ഡയറക്ടര്‍ പറയുകയുണ്ടായി. ഇങ്ങനെയാണ് ഈ പ്രോജക്ടിലേക്ക് ഞാന്‍ വരുന്നത്.

'എ പ്രഗ്നന്‍റ് വിഡോ' എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ചും ചിത്രീകരണ അനുഭവങ്ങളെക്കുറിച്ചും?

എന്‍റെ കഥാപാത്രത്തിന്‍റെ പേര് അംബിക എന്നാണ്. ഈ സിനിമയ്ക്ക് മുന്‍പ് ഞാന്‍ പതിനൊന്നോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരുപാട് സ്ട്രെയിനെടുക്കേണ്ടി വന്ന ഒരു കഥാപാത്രമായിരുന്നു ഇത്. ഫിസിക്കലിയും അല്ലാതെയും ഒക്കെ അംബികയ്ക്കുവേണ്ടി തയ്യാറാകേണ്ടതുണ്ടായിരുന്നു. ഗര്‍ഭിണിയായി അഭിനയിക്കുന്നതുകൊണ്ടുതന്നെ എന്നെ മേക്കപ്പില്‍ തന്നെ ഡള്‍ ആക്കിയിരുന്നു. നല്ല ചൂടുള്ള കാലാവസ്ഥയില്‍ ബുദ്ധിമുട്ടിയാണ് ആ വേഷത്തിനുവേണ്ടി അഭിനയിച്ചത്. ഇത്രയും അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രമായി ഞാന്‍ അഭിനയിക്കുന്നത് ഇതാദ്യമാണ്. എന്‍റെ വേഷവും മട്ടും ഭാവവും ഒക്കെ കണ്ടിട്ട് കൂടെ അഭിനയിച്ചവര്‍ക്കും മറ്റും റിയാലിറ്റി ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു. എന്തായാലും നല്ല അനുഭവങ്ങളാണ് ഈ സിനിമ തന്നത്.

ട്വിങ്കിള്‍ സിനിമയിലേക്ക് വന്ന വഴി എങ്ങനെയാണ്?

ഞാനാദ്യം ഒരു ആല്‍ബം സോംഗില്‍ അഭിനയിച്ചിരുന്നു. അതുവഴിയാണ് സിനിമയിലെത്തിയത്. ദര്‍ശനാ എന്നൊരു ആല്‍ബം. ആന്‍റപ്പന്‍റെ അത്ഭുത പ്രവൃത്തികളായിരുന്നു എന്‍റെ ആദ്യ സിനിമ. തുടര്‍ന്ന് പൊമ്പളൈ ഒരുമൈ, മറുവശം, ഹൗഡിനി, വരാല്‍, 19-ാം നൂറ്റാണ്ട്, പത്താം വളവ്, ലൈവ്.. തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

സിനിമയും അഭിനയവും ഒക്കെ ഒരു പാഷനായി കൊണ്ട് നടന്നിരുന്നോ?

അങ്ങനെ ഒരു പാഷനൊന്നുമായിരുന്നില്ല. ആല്‍ബത്തില്‍ അഭിനയിച്ചതിനുശേഷമാണ് സിനിമാഭിനയത്തിനോട് ഒരിഷ്ടം തോന്നിത്തുടങ്ങിയത്. സിനിമയിലെത്തിക്കഴിഞ്ഞപ്പോള്‍ ടെക്നിക്കല്‍ സൈഡിനോടും താല്‍പ്പര്യമായി. അങ്ങനെ ഞാന്‍ ഒന്നുരണ്ട് സിനിമകള്‍ക്കുവേണ്ടി സ്ക്രിപ്റ്റ് വര്‍ക്കിലും ഡയറക്ഷന്‍ രംഗത്തും സഹകരിച്ചിട്ടുണ്ട്.

 

Tags
a pregnant widow twinkle joby