അഭിനയവും നിത്യജീവിതത്തില്‍നിന്നും പഠിക്കേണ്ടതുതന്നെയാണ്... -Preity Mukhundhan
തന്‍റെ ആദ്യതമിഴ് ചിത്രമായ 'സ്റ്റാര്‍' വിജയിച്ചതോടെ തിരുച്ചിറപ്പള്ളി സ്വദേശിയായ പ്രീതിമുകുന്ദന്‍ തെന്നിന്ത്യന്‍ സിനിമയുടെ തന്നെ ശ്രദ്ധാകേന്ദ്രമായി.
മ്യൂസിക് ആല്‍ബങ്ങളില്‍ അഭിനയിച്ചും മോഡലിംഗ് ചെയ്തും ക്യാമറയ്ക്ക് മുന്നിലെത്തിയ പ്രീതിയുടെ സിനിമയിലെ അരങ്ങേറ്റം 'ഓം ഭീം ഭുഷ്' എന്ന തെലുങ്ക് സിനിമയിലൂടെയാണ്. ശേഷം 'കണ്ണപ്പാ' എന്ന ചിത്രത്തിലും അഭിനയിച്ച പ്രീതി മുകുന്ദന്‍ സ്റ്റാറിലൂടെ തമിഴില്‍ എത്തിയപ്പോള്‍ മലയാള സിനിമാക്കാരുടേയും ശ്രദ്ധയില്‍പ്പെട്ടു. 'മേനേ പ്യാര്‍ ക്യാ' എന്ന മലയാള സിനിമയില്‍ നായികയാവുന്നതോടെ മലയാളത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലാണ് പ്രീതി മുകുന്ദന്‍. അടുത്തിടെ പ്രീതിയെ കണ്ടപ്പോള്‍ ചോദിച്ചു...
സ്റ്റാര്‍ എന്ന സിനിമയ്ക്കുശേഷം തമിഴ് സിനിമാപ്രേമികളില്‍ നിന്നും ലഭിച്ച സ്വീകരണം എങ്ങനെയുണ്ട്...?
'സ്റ്റാര്‍ റിലീസാവുന്നതിന് മുമ്പ് എന്നെ ഒരു മോഡലായിട്ടേ എല്ലാവര്‍ക്കും അറിയുമായിരുന്നുള്ളൂ. ആരും നടിയായി എന്നെ പരിഗണിച്ചിരുന്നില്ല. സ്റ്റാര്‍ റിലീസായി അതിലെ വീഡിയോഗാനങ്ങള്‍ ഇന്ത്യമുഴുവന്‍ പോപ്പുലറായശേഷം 'പ്രീതി നമ്മുടെ പെണ്‍കുട്ടിയല്ലേچ എന്ന സ്നേഹത്തോടെ സ്വീകരിക്കുന്നു. സ്വന്തം വീട്ടിലെ പെണ്‍കുട്ടിയോടെന്നപോലെയാണ് എല്ലാവരും എന്നെ സ്നേഹിക്കുന്നത്.'
എങ്ങനെയാണ് പ്രീതിക്ക് സിനിമയോട് മോഹമുണ്ടായത്?
'ഞാന്‍ മോഡലിംഗ് ചെയ്തുകൊണ്ടിരിക്കയായിരുന്നു. അതിലായിരുന്നു എന്‍റെ ശ്രദ്ധ. സ്റ്റാറില്‍ അഭിനയിച്ചശേഷമാണ് സിനിമയോട് താല്‍പ്പര്യം വര്‍ദ്ധിച്ചത്. ഇപ്പോള്‍ ഞാന്‍ ധാരാളം സിനിമകള്‍ കാണാന്‍ തുടങ്ങി. അഭിനയത്തെക്കുറിച്ച് എന്തൊക്കെ പുറമേനിന്നു പഠിച്ചാലും സെറ്റില്‍ സംവിധായകനൊപ്പവും മറ്റുള്ളവര്‍ക്കൊപ്പവും ഒന്നിച്ചു ജോലി ചെയ്യുമ്പോള്‍ ഉള്ള അനുഭവം കൂടുതല്‍ പ്രോത്സാഹജനകവും ഊര്‍ജ്ജവും പകരുന്നു. ആ അനുഭവം എനുക്ക് സിനിമയോടുള്ള താല്‍പ്പര്യം വര്‍ദ്ധിപ്പിച്ചു.'
സിനിമയിലെത്തിയ ശേഷം പ്രീതി അധികം മിനക്കെട്ടത് ഏത് കാര്യത്തിലാണ്?
'ഒട്ടേറെയുണ്ട്. എടുത്തുപറയുകയാണെങ്കില്‍, മിനക്കെട്ട കാര്യങ്ങളേക്കാള്‍ പഠിച്ച കാര്യങ്ങളാണ് അധികം. കഠിനാദ്ധ്വാനം ഒരിക്കലും പാഴാവില്ല. വര്‍ഷങ്ങളോളം ഇവിടെ പലരും പല രീതിയില്‍ അവരുടെ കഠിനാദ്ധ്വാനം നല്‍കുന്നു. അത് അര്‍പ്പണത്തോടെ വേണം എന്ന് ഞാന്‍ പഠിച്ചു. എല്ലാവരുടേയും അദ്ധ്വാനത്തിന്‍റെ ഫലമായിട്ടാണ് ഞാനിന്ന് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത്. അത് ഇനിയും കൂടുതല്‍ അര്‍പ്പണത്തോടെ ചെയ്യണം എന്ന് മനസ്സിലായി.'
ഷൂട്ടിംഗിന് മുമ്പ് ഒരു നടിയായി തന്നെ സജ്ജമാക്കാറുണ്ടോ?
തീര്‍ച്ചയായും... റിഹേഴ്സലുകളും ഹോംവര്‍ക്കുമൊക്കെ അത്യന്താപേക്ഷിതമാണ്. ഞാന്‍ ഒറ്റയ്ക്ക് സജ്ജമാവുന്നതിലുപരി സെറ്റിലുള്ളവരുമായി ആശയങ്ങള്‍ പങ്കിട്ടും അഭിപ്രായങ്ങള്‍ ആരാഞ്ഞും സജ്ജമായി വരുന്നു. ഷൂട്ടിംഗിന് എത്രമാത്രം പ്രാധാന്യം നല്‍കുന്നുവോ അതിനുതുല്യമായ പ്രാധാന്യം റിഹേഴ്സലിനും നല്‍കുന്നു. അതുപോലെ അഭിനയം എപ്പോള്‍ എവിടെവെച്ചു വേണമെങ്കിലും പഠിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞാന്‍ അപ്പോളപ്പോള്‍ ട്രെയിനേഴ്സിനോട് സംശയങ്ങള്‍ ചോദിച്ച് മനസ്സിലാക്കി എന്നെത്തന്നെ ഞാന്‍ പുതുക്കിക്കൊണ്ടിരുന്നു. കൂടാതെ നിത്യജീവിതത്തില്‍ ഞാന്‍ ചെയ്യുന്ന കൊച്ചുകൊച്ചു പ്രവൃത്തികള്‍ പോലും എന്‍റെ അഭിനയത്തില്‍ കൊണ്ടുവരുന്നു. അഭിനയവും നിത്യജീവിതത്തില്‍നിന്നും പഠിക്കേണ്ടതുതന്നെയാണ്.
പ്രീതിയുടെ അടുത്ത റിലീസ്?
'തെലുങ്കില്‍ മോഹന്‍ലാല്‍, പ്രഭാസ്, വിഷ്ണു മഞ്ജു, അക്ഷയ്കുമാര്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ച 'കണ്ണപ്പ' റിലീസായി. 'ഇദയം മുരളി' എന്ന തമിഴ് ചിത്രവും മലയാളത്തില്‍ 'മേനേ പ്യാര്‍ ക്യാ'യും പ്രേക്ഷക സമക്ഷമാണ്.