മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇരട്ടി മധുരവുമായി എത്തിയിരിക്കുന്ന നടന്‍ ജിതേഷ് റേച്ചല്‍ സാമുവല്‍ തന്‍ റെവിശേഷങ്ങള്‍ 'നാന'യുമായി പങ്കുവയ്ക്കുന്നു...
മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇരട്ടി മധുരവുമായി എത്തിയിരിക്കുകയാണ് നടന്‍ ജിതേഷ് റേച്ചല്‍ സാമുവല്‍. താന്‍ അഭിനയിച്ച രണ്ട് സിനിമകള്‍ ഐ.എഫ്.എഫ്.കെയില്‍ സ്ക്രീന്‍ ചെയ്യപ്പെട്ടു. ബുസാന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഹൈലൈവ് വിഷന്‍ പുരസ്കാരം നേടിയ, സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഗിഡ്കി ഗാവ്, നിപിന്‍ നാരായണന്‍ സംവിധാനം ചെയ്ത കാത്തിരിപ്പ് എന്നിവയാണ് ജിതേഷിന്‍റെ സിനിമകള്‍. ചിത്രങ്ങളെക്കുറിച്ചുള്ള വിശേഷങ്ങള്‍ 'നാന'യുമായി പങ്കുവയ്ക്കുകയാണ്
ജിതേഷ് റേച്ചല്‍ സാമുവല്‍.
ഗിഡ്കിഗാവ് എന്ന സിനിമയിലേക്ക് എത്തിപ്പെടുന്നത്?
സംവിധായകന്‍ സഞ്ജു സുരേന്ദ്രനുമായി കോണ്‍ട്രാക്ടില്‍ ഉണ്ടായിരുന്നു. അവസരങ്ങള്‍ ചോദിച്ച് മെസേജുകള്‍ അയയ്ക്കുമായിരുന്നു. കുറച്ചുനാള്‍ അദ്ദേഹം എന്‍റെ അധ്യാപന്‍ കൂടിയായിരുന്നു. സഞ്ജു സാര്‍ ആദ്യം മറ്റൊരു സിനിമ പ്ലാന്‍ ചെയ്തപ്പോള്‍ അതിനായുള്ള ഓഡീഷന്‍ ഞാന്‍ അറ്റന്‍ഡ് ചെയ്തിരുന്നു. പക്ഷേ അത് നടന്നില്ല. പിന്നീടാണ് ഈ സിനിമയിലേക്ക് എത്തുന്നത്. ആദ്യം പറഞ്ഞിരുന്നത് ഡല്‍ഹിയില്‍ നിന്നുള്ള ആരെങ്കിലും തന്നെ ചെയ്യാനാണ് സാധ്യത എന്നായിരുന്നു. പക്ഷേ പിന്നീട് എനിക്ക് വിളി വന്നു, പോയി ചെയ്തു.
കേരളത്തില്‍നിന്നും ഡല്‍ഹിയിലെത്തുന്ന കഥാപാത്രമായി മാറാന്‍ ഉണ്ടായിരുന്ന വെല്ലുവിളികള്‍?
ഹിന്ദി ഡയലോഗുകള്‍ പറയാന്‍ ഭയങ്കര ബുദ്ധിമുട്ടുണ്ടായിരുന്നു. കാണാതെ പഠിച്ച് ഓര്‍ത്തെടുക്കുന്ന രീതി മാത്രമാണ് ഇതിന് മുമ്പുവരെ ചെയ്തുകൊണ്ടിരുന്നത്. ഞാന്‍ കരുതിയിരുന്നത് അതേ രീതി ഹിന്ദിയിലും വര്‍ക്ക് ആകും എന്നായിരുന്നു. പക്ഷേ അത് അങ്ങനെയായിരുന്നില്ല. പിന്നെ സഞ്ജു സാര്‍ പറഞ്ഞു. നീ 1, 2, 3 പറഞ്ഞാലും അത് ഓക്കെയാണ് എന്നൊക്കെ...
ഷൂട്ടിങ് പ്രോസസ് തന്നെ വളരെ രസകരമായ ഒന്നായിരുന്നു. ഒരു ഹാളിലായിരുന്നു എല്ലാവരും ഉറങ്ങുക. അതുതന്നെ രസകരമായിരുന്നു. പിന്നെ, 8 ഡിഗ്രി തണുപ്പിലൊക്കെ ഷൂട്ട് ചെയ്തിട്ടുണ്ട്. അതെല്ലാം പുതിയ അനുഭവങ്ങളായിരുന്നു.
മുപ്പതാമത് ഐ.എഫ്.എഫ്.കെ ജിതേഷിനെ സംബന്ധിച്ചിടത്തോളം ഇരട്ടിമധുരമാണ്. ഗിഡ്കി ഗാവ് മാത്രമല്ല, കാത്തിരിപ്പ് കൂടെ സ്ക്രീനിലെത്തുകയാണ്. രണ്ട് സിനിമകളുടെ ഭാഗമായി ചലച്ചിത്ര മേളയിലേക്ക് എത്തുമ്പോള്‍...?
ഞാന്‍ പഠിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിലെ സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന് ചെയ്തൊരു സിനിമയാണ് കാത്തിരിപ്പ്. ഞങ്ങള്‍ക്കിടയില്‍ നിന്നുതന്നെ ഒരു സംവിധായകനും നിര്‍മ്മാതാവുമെല്ലാം ഉണ്ടായപ്പോള്‍ സംഭവിച്ച സിനിമ. അത് ഐ.എഫ്.എഫ്.കെയ്ക്ക് വേണ്ടി തന്നെയാണ് ചെയ്തത്, അവിടെത്തന്നെ എത്തിനില്‍ക്കുന്നു എന്നതില്‍ സന്തോഷമുണ്ട്.
ഡിജിറ്റല്‍ സ്പേസില്‍ നിന്നും സിനിമയിലേക്ക് വരുമ്പോള്‍, ആ യാത്ര കുറച്ചുകൂടി എളുപ്പമാണോ, അതോ ഇപ്പോഴും വെല്ലുവിളികള്‍ ഒരുപാടുണ്ടോ?
ഇപ്പോഴും സ്ട്രഗ്ലിങ്ങില്‍ തന്നെയാണ്. ഗിഡ്കി ഗാവാണ് ഞാന്‍ മുഴുനീളന്‍ കഥാപാത്രം ചെയ്യുന്ന, അങ്ങനെയുള്ള ആദ്യത്തെ സിനിമ. അതിനുശേഷമാണ്, എന്നെ ആളുകള്‍ തിരിച്ചറിയാന്‍ കാരണമായ, കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട സിംന്‍റംസ് ഓഫ് ലവ് എന്ന ഷോട്ട് ഫിലിം വരുന്നത്.
ഡിജിറ്റല്‍ സ്പേസില്‍ നിന്നും വരുമ്പോഴുള്ള സാധ്യതകള്‍ അടുത്താണോ എന്ന് അറിയില്ല. അതില്‍ ഓരോരുത്തര്‍ക്കും ഓരോ രീതിയിലാണ് വര്‍ക്ക് ആകുന്നത്. എന്‍റെ കാര്യത്തില്‍, സിനിമ പെട്ടെന്ന് സംഭവിച്ച ഒന്നല്ല. വളരെ സ്ലോ ആയ ഓര്‍ഗാനിക്ക് പ്രോസസായിരുന്നു. അതിനുവേണ്ടി ഞാന്‍ വെയ്റ്റ് ചെയ്തു. പാരലലി എനിക്ക് വരുന്ന അവസരങ്ങള്‍ എന്തുതന്നെയാണെങ്കിലും ചെയ്യുക. ഇതില്‍നിന്നുതന്നെ ഒരു റവന്യൂ ക്രിയേറ്റ് ചെയ്യുക, ജീവിക്കുക, ശ്രമങ്ങള്‍ തുടരുക എന്നതാണ് നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയ. പക്ഷേ അത് നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
ഇന്‍ഡസ്ട്രിയില്‍ ലൈവ് ആയി നിന്ന് അവസരങ്ങള്‍ കണ്ടെത്തുക എന്ന രീതി ഫോളോ ചെയ്യാറുണ്ടോ?
ഇന്‍ഡസ്ട്രിയില്‍ ലൈവ് ആയി നില്‍ക്കുന്ന രീതിയിലുള്ള കാര്യങ്ങള്‍ പൊതുവെ ശ്രദ്ധിക്കാറില്ല. എന്നെ സംബന്ധിച്ചിടത്തോളം, ഇനി പുതിയൊരു വാതില്‍ തുറക്കുമെങ്കില്‍ അത് ഈ ഐ.എഫ്.എഫ്.കെയില്‍ നിന്നായിരിക്കും. അതുകൊണ്ട് അവിടെ പോവുക, നമ്മള്‍ ഭാഗമായിട്ടുള്ള സിനിമകളുടെ കൂടെ സഞ്ചരിക്കുക എന്നതാണ് ഇപ്പോഴത്തെ പ്ലാന്‍. അതിനുശേഷം മാത്രമേ അടുത്തതെന്ത് എന്നതിനെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ. ചിലപ്പോള്‍ അവിടെ നിന്നും അവസരങ്ങള്‍ സംഭവിച്ചേക്കാം.