ആദ്യചിത്രത്തിലൂടെ തന്നെ സിനിമാലോകം കീഴടക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട നായികനടി മനീഷാ യാദവ്
ആദ്യചിത്രത്തിലൂടെ തന്നെ സിനിമാലോകം കീഴടക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട നായികനടിയാണ് മനീഷാ യാദവ്.
ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന മനീഷയുടെ നായികയായിട്ടുള്ള അരങ്ങേറ്റം 'വഴക്കു എണ്‍ 18/9' എന്ന സൂപ്പര്‍ഹിറ്റ് തമിഴ് സിനിമയിലൂടെയായിരുന്നു. തുടര്‍ന്നങ്ങോട്ട്, ഒട്ടേറെ തമിഴ്- തെലുങ്ക് സിനിമകളില്‍ നായികയായെങ്കിലും പ്രതീക്ഷിച്ച ഉയരത്തിലെത്താന്‍ കഴിഞ്ഞില്ല. ഇനിയും അതിനുള്ള സമയമുണ്ടെന്ന് ആത്മവിശ്വാസത്തോടെ പറയുന്ന മനീഷ താന്‍ പിന്നിട്ട വഴികളെക്കുറിച്ചും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളുമൊക്കെ പങ്കുവയ്ക്കുന്നു.
പത്തുവര്‍ഷത്തില്‍ പത്തുസിനിമകള്‍. അഭിനയപാടവവും സൗന്ദര്യവുമുള്ള മനീഷയുടെ കരിയര്‍ഗ്രാഫില്‍ വലിയ ഗ്രോത്ത് കാണിക്കുന്നില്ലല്ലോ...?
മനീഷാ യാദവ്: നോക്കൂ ഞാന്‍ എവിടെയാണോ അവിടെ സ്വസ്ഥമായിട്ടിരിക്കുന്നു. കരിയര്‍ ഗ്രാഫിന്‍റെ ഉച്ചം തൊടുക എന്നതുമാത്രമല്ല എന്‍റെ ലക്ഷ്യം. എത്ര കയറിയാലും അത് എത്തിപ്പിടിക്കാനാവാത്ത ഉയരത്തില്‍ തന്നെയായിരിക്കും. ആരോ ഇരിക്കുന്ന ഇടം എനിക്ക് ഉച്ചമായി തോന്നുന്നില്ല. അത് അവരുടെ ഇടം അത്രയേയുള്ളൂ. ഞാനെന്തിന് മറ്റുള്ളവരുടെ സ്ഥാനത്തേയ്ക്ക് എത്താന്‍ മത്സരിക്കണം. എന്നേക്കാള്‍ താഴെ ഉള്ളവര്‍ക്ക് കൈകൊടുത്ത് അവരെ എനിക്കൊപ്പം ഉയര്‍ത്താനായാല്‍, അതാണ് എനിക്ക് സന്തോഷം.
വളരെ എളിമയോടെ , സ്നേഹത്തോടെ, സോഫ്റ്റായി പെരുമാറാന്‍ കഴിയുന്നത് എങ്ങനെയാണ്?
അമ്മ, അച്ഛന്‍, ജ്യേഷ്ഠന്‍ എന്നിവരടങ്ങുന്ന സ്നേഹമുള്ള കൊച്ചുകുടുംബമാണ് എന്‍റേത്. അമ്മ ഒരു പ്ലേ സ്ക്കൂള്‍ നടത്തുന്നു. ഞാന്‍ സ്ക്കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ അമ്മയുടെ പ്ലേ സ്ക്കൂളില്‍ പോയി അവിടെ സമയം ചെലവഴിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമായിരുന്നു. അവിടെ പഠിക്കുന്ന കുട്ടികളെ അമ്മ പരിചരിക്കുന്ന രീതിയും, കുട്ടികളുടെ മാതാപിതാക്കളുമായി അമ്മ സംസാരിക്കുന്ന രീതിയും, വിനയപൂര്‍വ്വം അവരോട് ഇടപഴകുന്ന രീതിയുമൊക്കെ എന്നെ ആകര്‍ഷിച്ച അവരുടെ സ്വഭാവസവിശേഷതയിലെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. അമ്മയെപ്പോലെ തന്നെ എപ്പോഴും എല്ലാവരോടും സ്നേഹത്തോടെയും വാത്സല്യത്തോടെയും ഇടപഴകണം എന്നാണ് എപ്പോഴും ഞാന്‍ ആഗ്രഹിക്കുന്നത്. അമ്മയാണ് എന്‍റെ ഈ സ്വഭാവത്തിന് കാരണം.
ആദ്യസിനിമയില്‍ ശക്തമായ കഥാപാത്രത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച മനീഷയ്ക്ക് ആ ഇമേജില്‍ നിന്നും പുറത്തുവരാന്‍ കഴിഞ്ഞില്ല എന്ന് തോന്നുന്നുണ്ടോ?
വഴക്ക് എണ്‍ 18/9 ആയിരുന്നു ആദ്യസിനിമ. അതൊരു നല്ലസിനിമയായി ഭവിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അതിനുശേഷം കഥ കേട്ടിട്ടാണ് പ്രോജക്ടുകള്‍ തെരഞ്ഞെടുക്കുന്നത് എങ്കിലും, പിന്നീട് എനിക്ക് ലഭിച്ച കഥാപാത്രങ്ങളെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നവ തന്നെയായിരുന്നു. പൊതുവേ ഓവര്‍ മേക്കപ്പിട്ട് ഡാന്‍സ്, ഗ്ലാമര്‍ എന്നിങ്ങനെ ബൊമ്മയായി വന്നുപോകുന്ന കഥാപാത്രങ്ങളോട് എനിക്ക് തെല്ലും താല്‍പ്പര്യമില്ല.
ആദ്യസിനിമയില്‍നിന്നും എന്തെങ്കിലും മോശപ്പെട്ട അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ?
മോഡലിങ് ചെയ്യുന്നത് നല്ല എക്സ്പീരിയെന്‍സ് ആയിരുന്നു. സിനിമയില്‍ അഭിനയിക്കുക എന്നത് പുതിയ അനുഭവമല്ലേ. തന്‍റെ ആദ്യസിനിമയായതുകൊണ്ട് നെഞ്ചിടിപ്പ് ഉണ്ടായിരുന്നു. ആദ്യത്തെ അഞ്ചുദിവസം എനിക്ക് ഭയം കാരണം നന്നായി അഭിനയിക്കാന്‍ കഴിഞ്ഞില്ല. എനിക്കുതന്നെ അതില്‍ വല്ലാത്ത വിഷം തോന്നി. 'എനിക്ക് അഭിനയം വരുന്നില്ലല്ലോ' എന്ന് സംവിധായകന്‍ ബാലാജി ശക്തിവേല്‍ സാറിനോട് പറഞ്ഞ് വിഷമിച്ചു. എന്നാല്‍ അദ്ദേഹത്തിനാകട്ടെ എന്നില്‍ വളരെയധികം കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. 'നിനക്ക് നന്നായി അഭിനയിക്കാനാവും... ഒന്നും വിഷമിക്കേണ്ട.' എന്നു പറഞ്ഞ് ആശ്വസിപ്പിച്ചുകൊണ്ട് എന്നെ അഭിനയിപ്പിച്ചു.
ആരാണ് മനീഷയുടെ റോള്‍മോഡല്‍?
ഞാന്‍ കണ്ടിട്ടുള്ള സിനിമകളിലെ ഒട്ടനവധി ഹീറോയിന്‍സിനെ എനിക്ക് ഇഷ്ടമാണ്. ജെനീലിയായെ വളരെയധികം ഇഷ്ടമാണ്. സിമ്രാന്‍, വിദ്യാബാലന്‍, ജ്യോതിക എന്നിവരുടെ അഭിനയവും അവര്‍ കരിയറിനോട് പുലര്‍ത്തുന്ന സമീപനവും എന്നെ ഇംപ്രസ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അവരെയൊക്കെ ഞാന്‍ എന്‍റെ റോള്‍മോഡലായി കരുതുന്നു.
ഹീറോമാരില്‍ ആരെയാണ് കൂടുതലിഷ്ടം?
സൂര്യ, ധനുഷ് ഇരുവരുടേയും അഭിനയം വളരെയധികം ഇഷ്ടമാണ്, അവരേയും. എന്നിരുന്നാലും വിജയ്, അജിത്, ചിമ്പു എന്നിവരും ഇഷ്ടപ്പെട്ടവരുടെ പട്ടികയിലുണ്ട്. അവര്‍ എല്ലാവര്‍ക്കൊപ്പവും അഭിനയിക്കണമെന്ന ആഗ്രഹവുമുണ്ട്.