Tuesday, 23 June 2026 | 08:03 PM

Latest

'അമ്മ' ജനറൽ ബോഡിയിൽ കടുത്ത ഭിന്നത; വാർഷിക റിപ്പോർട്ട് പാസാക്കാനായില്ല; വികാരാധീനനായി മോഹൻലാൽ

sreyas 21 June 2026 10:33 AM
'അമ്മ' ജനറൽ ബോഡിയിൽ കടുത്ത ഭിന്നത; വാർഷിക റിപ്പോർട്ട് പാസാക്കാനായില്ല; വികാരാധീനനായി മോഹൻലാൽ

Highlights

സംഘടനയ്ക്കുള്ളിലെ ഭിന്നതകൾ കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനകളാണ് ജനറൽ ബോഡി യോഗത്തിൽ നിന്ന് പുറത്തുവരുന്നത്.

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗം കടുത്ത തർക്കങ്ങൾക്കും അഭിപ്രായ ഭിന്നതകൾക്കും വേദിയായി. സാമ്പത്തിക കണക്കുകളിൽ വ്യക്തതയില്ലെന്ന ആരോപണത്തെ തുടർന്ന് വാർഷിക റിപ്പോർട്ട് പാസാക്കാനുള്ള ശ്രമം പരാജയപ്പെട്ടു.

റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമല്ലെന്നും ഇത്തരമൊരു രേഖ അംഗീകരിക്കാനാവില്ലെന്നും നടന്മാരായ സിദ്ദിഖ്, ഇടവേള ബാബു എന്നിവർ യോഗത്തിൽ ശക്തമായി നിലപാട് സ്വീകരിച്ചു. റിപ്പോർട്ടിലെ കണക്കുകൾ തെറ്റാണെന്നും അത് നിലവിലെ രൂപത്തിൽ അംഗീകരിക്കാനാകില്ലെന്നും രഞ്ജി പണിക്കരും അഭിപ്രായപ്പെട്ടു.

തർക്കം രൂക്ഷമായതോടെ വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് കെ ബി ​ഗണേഷ് കുമാർ ആവശ്യപ്പെട്ടു. തുടർന്ന് സംസാരിച്ച മോഹൻലാൽ, സംഘടനയെ തകർക്കാൻ ആർക്കും കഴിയില്ലെന്ന് പറഞ്ഞ് അംഗങ്ങളോട് ഐക്യം പാലിക്കണമെന്ന് അഭ്യർഥിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം വികാരനിർഭരമായിരുന്നു.

റിപ്പോർട്ടിലെ വിവരങ്ങൾ കൂടുതൽ വ്യക്തതയോടെ അവതരിപ്പിക്കാൻ 45 ദിവസത്തെ സമയം അനുവദിക്കണമെന്ന് പ്രസിഡന്റ് ശ്വേത മേനോൻ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് ശേഷമുള്ള യോഗത്തിൽ റിപ്പോർട്ട് വീണ്ടും അവതരിപ്പിച്ച് പാസാക്കാനുള്ള ശ്രമം നടത്തുമെന്നും അവർ അറിയിച്ചു. അതേസമയം, സംഘടനയുടെ പ്രതിച്ഛായ ഗുരുതരമായി ബാധിച്ചെന്നും നിലവിലെ ഭരണസമിതി പിരിച്ചുവിടണമെന്നും ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടു. സംഘടനയെ മോശം നിലയിലാക്കിയത് പുറത്തുള്ളവർ അല്ല, സംഘടനയ്ക്കുള്ളിലെ ചിലരാണെന്ന വിമർശനവും ഉയർന്നു.

യോഗത്തിൽ മലയാള സിനിമയിലെ നിരവധി യുവതാരങ്ങൾ വിട്ടുനിന്നതും ശ്രദ്ധേയമായി. ആസിഫ് അലി, പൃഥ്വിരാജ്, ടോവിനോ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ബേസിൽ ജോസഫ്, ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ എന്നിവർ യോഗത്തിൽ പങ്കെടുത്തില്ല.

ഇതിനിടെ, ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവച്ച അൻസിബ ഹസന് സംഘടന കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഭാരവാഹികൾക്കെതിരെ പൊതുവേദികളിൽ ആരോപണങ്ങൾ ഉന്നയിച്ചതാണ് നടപടിക്ക് കാരണമായതെന്നാണ് സൂചന. എന്നാൽ തനിക്ക് സംഘടനയിലെ ചില ഭാരവാഹികളിൽ നിന്ന് അപമാനകരമായ പെരുമാറ്റം നേരിട്ടതായാണ് അൻസിബയുടെ വിശദീകരണം.

ഭരണസമിതിക്കെതിരെ ഒരു വിഭാഗം അംഗങ്ങൾ അവിശ്വാസ പ്രമേയത്തിനായും ഒപ്പുശേഖരണം നടത്തി. നേതൃത്വത്തിന്റെ പ്രവർത്തനം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും പുതിയ ഭരണസമിതി അധികാരത്തിൽ നിന്ന് മാറിനിൽക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. കൂടാതെ, ഭരണസമിതിയിലെ ചില അംഗങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രസിഡന്റ് വേണ്ടത്ര ഇടപെടലുകൾ നടത്തിയില്ലെന്ന വിമർശനവും അംഗങ്ങൾ ഉയർത്തി.

അൻസിബ വിഷയത്തിൽ അച്ചടക്ക നടപടി ഉണ്ടാകുമോ എന്നതിൽ വ്യക്തത വന്നിട്ടില്ലെങ്കിലും, സംഘടനയ്ക്കുള്ളിലെ ഭിന്നതകൾ കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനകളാണ് ജനറൽ ബോഡി യോഗത്തിൽ നിന്ന് പുറത്തുവരുന്നത്.

Tags
amma association general body meeting kochi ansiba hassan tini tom mohanlal controversy