Tuesday, 23 June 2026 | 07:58 PM

Top News

'അമ്മ'യിൽ പൊട്ടിത്തെറി; തർക്കങ്ങൾക്കൊടുവിൽ ഭരണസമിതി കൂട്ടരാജി

sreyas 21 June 2026 11:21 AM
'അമ്മ'യിൽ പൊട്ടിത്തെറി; തർക്കങ്ങൾക്കൊടുവിൽ ഭരണസമിതി കൂട്ടരാജി

Highlights

കുറ്റാരോപിതരോട് ചേർന്നു നിൽക്കുന്ന നിലപാടാണ് സംഘടന സ്വീകരിക്കുന്നതെന്ന് ശ്വേത മേനോൻ 

കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നടന്ന ജനറൽ ബോഡി യോഗം കടുത്ത തർക്കങ്ങൾക്കും നാടകീയ സംഭവവികാസങ്ങൾക്കും സാക്ഷിയായി. വാർഷിക റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും സംബന്ധിച്ച വിവാദം രൂക്ഷമായതോടെ പ്രസിഡൻ്റ് ശ്വേത മേനോൻ ഉൾപ്പെടെയുള്ള മുഴുവൻ ഭരണസമിതിയും രാജിവെച്ചു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും മറ്റ് ഭാരവാഹികളും രാജി സമർപ്പിച്ചതോടെ സംഘടനയുടെ പ്രവർത്തനം വീണ്ടും അഡ്ഹോക്ക് കമ്മിറ്റിക്ക് കീഴിലാക്കാനുള്ള നടപടികൾ ആരംഭിച്ചു.

അമ്മയുടെ ഭാരവാഹിത്വം രാജിവെച്ചെന്ന് ശ്വേത മേനോൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കുറ്റാരോപിതരോട് ചേർന്നു നിൽക്കുന്ന നിലപാടാണ് സംഘടന സ്വീകരിക്കുന്നതെന്ന് ശ്വേത മേനോൻ ആരോപിച്ചു. അജണ്ട വെച്ച് തങ്ങളെ പുറത്താക്കാൻ ശ്രമിച്ചെന്നും ശ്വേത കുറ്റപ്പെടുത്തി. 

ഇന്നു രാവിലെ ആരംഭിച്ച ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടിലെ സാമ്പത്തിക കണക്കുകളിൽ വ്യക്തതയില്ലെന്ന ആരോപണം ഉയർന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു തുടങ്ങിയ പ്രമുഖ അംഗങ്ങൾ റിപ്പോർട്ട് നിലവിലെ രൂപത്തിൽ അംഗീകരിക്കാനാകില്ലെന്ന് നിലപാട് സ്വീകരിച്ചു. കണക്കുകളിൽ പിഴവുകളുണ്ടെന്ന വിമർശനവുമായി രഞ്ജി പണിക്കരും രംഗത്തെത്തിയതോടെ യോഗം കൂടുതൽ സംഘർഷഭരിതമായി.

തർക്കം പരിഹരിക്കാൻ റിപ്പോർട്ട് പരിശോധിക്കുന്നതിനായി 45 ദിവസത്തെ സമയം അനുവദിക്കണമെന്ന് ശ്വേത മേനോൻ നിർദേശിച്ചെങ്കിലും അതും വിവാദങ്ങൾ ശമിപ്പിച്ചില്ല. ഇതിന് പിന്നാലെ യോഗത്തിനിടെ വേദിയിലെത്തി അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെക്കുന്നതായി ശ്വേത വികാരാധീനയായി പ്രഖ്യാപിച്ചു. തനിക്ക് രാഷ്ട്രീയ ബന്ധങ്ങളൊന്നുമില്ലെന്നും, തന്നെ ബിജെപി അനുകൂലിയായി ചിത്രീകരിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുണ്ടെന്നും അവർ ആരോപിച്ചു.

രാജി പ്രഖ്യാപിച്ച ശേഷം വേദി വിട്ട ശ്വേതയെ തിരികെ എത്തിക്കാൻ ബാബുരാജിന്റെ നേതൃത്വത്തിൽ മുതിർന്ന അംഗങ്ങൾ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഭരണസമിതി ഒന്നാകെ രാജിവെക്കാൻ തീരുമാനിക്കുകയായിരുന്നു.

ഭരണസമിതിയുടെ രാജിയോടെ 'അമ്മ'യിൽ പുതിയ നേതൃത്വത്തെ കണ്ടെത്തുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പുതിയ അഡ്ഹോക്ക് കമ്മിറ്റിയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.