Tuesday, 23 June 2026 | 06:57 PM

Latest

താരസംഘടനയ്ക്ക് ഇനി രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക്ക് കമ്മിറ്റി

sreyas 21 June 2026 01:42 PM
താരസംഘടനയ്ക്ക് ഇനി രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക്ക് കമ്മിറ്റി

Highlights

നടൻ ജഗദീഷാണ് പുതിയ സംവിധാനത്തെ പ്രഖ്യാപിച്ചത്

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ഉണ്ടായ ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ സംഘടനയുടെ ചുമതല ഇനി ഒമ്പതംഗ അഡ്‌ഹോക്ക് കമ്മിറ്റിക്ക്. നടനും എംഎൽഎയുമായ രമേഷ് പിഷാരടിയെ കൺവീനറാക്കി രൂപീകരിച്ച കമ്മിറ്റിയിൽ കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണപ്രഭ, ആശാ അരവിന്ദ്, ഷാജോൺ, ദേവി ചന്ദന എന്നിവർ അംഗങ്ങളാണ്. നാല് മാസത്തേക്ക് സംഘടനയുടെ പ്രവർത്തനങ്ങൾ ഈ സമിതി നിയന്ത്രിക്കും. സ്ഥിരം ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്നത് അഡ്‌ഹോക്ക് കമ്മിറ്റി തീരുമാനിക്കും. നടൻ ജഗദീഷാണ് പുതിയ സംവിധാനത്തെ പ്രഖ്യാപിച്ചത്.

വാർഷിക ജനറൽ ബോഡി യോഗത്തിൽ പൊട്ടിപ്പുറപ്പെട്ട കടുത്ത തർക്കങ്ങളും ആരോപണപ്രതിയോഗങ്ങളും ഒടുവിൽ മുഴുവൻ ഭരണസമിതിയുടെയും രാജിയിലേക്ക് നയിച്ചു. പ്രസിഡന്റ് ശ്വേത മേനോൻ ഉൾപ്പെടെ 17 അംഗങ്ങളാണ് സ്ഥാനമൊഴിഞ്ഞത്. പ്രസിഡന്റ് സ്ഥാനത്തിന് പുറമേ സംഘടനയിലെ അംഗത്വവും രാജിവെക്കുന്നതായി ശ്വേത മേനോൻ അറിയിച്ചു.

തന്റെ നേതൃത്വത്തിനെതിരെ ആസൂത്രിത നീക്കങ്ങൾ നടന്നുവെന്ന് ആരോപിച്ച ശ്വേത മേനോൻ, സംഘടനയെ ചിലരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് നിയന്ത്രിക്കാൻ ശ്രമമുണ്ടായെന്നും വിമർശിച്ചു. കുറ്റാരോപിതരായ വ്യക്തികളുടെ കൈകളിലേക്ക് സംഘടനയെ തിരിച്ചുകൊണ്ടുപോകാനുള്ള അജണ്ടയാണ് നടക്കുന്നതെന്നായിരുന്നു അവരുടെ ആരോപണം. നിലവിലെ ഭരണസമിതി അധികാരത്തിലെത്തിയതിന് ശേഷമുള്ള സാമ്പത്തിക കണക്കുകൾ കൃത്യമാണെന്നും മുൻ ഭരണസമിതിയുടെ കാലത്തെ കണക്കുകളിൽ നിരവധി സംശയങ്ങളുണ്ടെന്നും അവർ പറഞ്ഞു.

ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ട്രഷറർ ഉണ്ണി ശിവപാൽ, വൈസ് പ്രസിഡന്റുമാരായ ലക്ഷ്മിപ്രിയയും ജയൻ ചേർത്തലയും ഉൾപ്പെടെ ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും രാജിവെച്ചവരിൽ ഉൾപ്പെടുന്നു. ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ നേരത്തേ തന്നെ രാജി സമർപ്പിച്ചിരുന്നു.

യോഗത്തിനിടെ സംഘടനയുടെ നിലവിലെ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങളാണ് ഒരു വിഭാഗം അംഗങ്ങൾ ഉന്നയിച്ചത്. സംഘടനയുടെ പ്രതിച്ഛായ തകർന്നുവെന്നും ഭരണസമിതി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് അവിശ്വാസ പ്രമേയത്തിനായി ഒപ്പുശേഖരണവും നടന്നു. സംഘടനയെ വിവാദങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്ന ആരോപണവും ഉയർന്നു.

ഇതിനിടെ വാർഷിക റിപ്പോർട്ട് പാസാക്കുന്നതിലും യോഗം പരാജയപ്പെട്ടു. സാമ്പത്തിക കണക്കുകളിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്ന് നടൻ സിദ്ദിഖ്, ഇടവേള ബാബു, രഞ്ജി പണിക്കർ എന്നിവർ നിലപാട് സ്വീകരിച്ചു. വിഷയം കൂടുതൽ സങ്കീർണമാകുന്നതിനിടെ മോഹൻലാൽ ഇടപെട്ട് സംഘടനയുടെ ഐക്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാലും ‘അമ്മ’യെ തകർക്കാൻ ആർക്കും കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.