മമ്മൂട്ടിക്കൊപ്പം ആ 21 നായികമാരില്‍ ഒരാളായി അനുപമ
ചിത്രത്തിലുടനീളം കഥാപാത്രമായി ഇവരില്‍ ആരും സിനിമയിലുണ്ടായിരുന്നില്ലെങ്കിലും എല്ലാവരും തൃപ്തരായി അഭിനയിച്ചുമടങ്ങി എന്നാണറിയുന്നത്. ആ 21 നായികമാരില്‍ ഒരാളായ അനുപമ സംസാരിക്കുന്നു.
കളങ്കാവല്‍ എന്ന സിനിമയില്‍ അനുപമ ഒരു വേഷം ചെയ്തുവല്ലോ..?
അനുപമ: കളങ്കാവല്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്നുള്ള കാര്യം ആദ്യംതന്നെ പറയട്ടെ. ഈ സിനിമ അപ്രതീക്ഷിതമായി എനിക്ക് കിട്ടിയതാണ്. മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ സിനിമയിലാണ് ഞാനിപ്പോള്‍ അഭിനയിച്ചത്. ആദ്യം അഭിനയിച്ചത് 'ഡൊമനിക്' എന്ന സിനിമയിലാണ്. മമ്മുക്കയുടെ പേഴ്സണല്‍ മേക്കപ്പ്മാന്‍ ജോര്‍ജ് സാര്‍ വഴിയാണ് 'ഡൊമിനിക്കി'ല്‍ അഭിനയിക്കാന്‍ എനിക്ക് അവസരം കിട്ടിയത്. ഈ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ ലൊക്കേഷനില്‍ എത്തണമെന്ന് പറഞ്ഞ് ഒരു കാള്‍ വരികയായിരുന്നു. അവിടെ ചെല്ലുമ്പോഴാണ് മമ്മുക്ക ഹീറോ ആയി അഭിനയിക്കുന്ന സിനിമയാണെന്ന കാര്യം. ഏറെ സന്തോഷം.

21 ഫീമെയില്‍ കഥാപാത്രങ്ങള്‍ ഈ സിനിമയിലുണ്ടെന്നുള്ള കാര്യം ആദ്യം അറിയാമായിരുന്നോ?
ഇല്ല. ഒന്നില്‍ കൂടുതല്‍ നായികമാര്‍ അഭിനയിക്കുന്നുണ്ടെന്ന് മാത്രം അറിഞ്ഞിരുന്നു. സയനൈഡ് മോഹന്‍റെ കഥയാണെന്നും കേട്ടിരുന്നു. അത്രമാത്രം ഇത്രയും കൂടുതല്‍ നായികമാര്‍ അഭിനയിക്കുന്ന സിനിമയാണെങ്കില്‍ കൂടി എന്‍റെ സീനിന്‍റെ മുന്നിലെന്തൊക്കെ സീനുണ്ടെന്നോ, ഞാനഭിനയിച്ച സീനിന് ശേഷമുള്ള സീനുകള്‍ എന്തൊക്കെയാണോ എനിക്കൊരറിവും ഇല്ലായിരുന്നു. മൂവി ഇറങ്ങി സിനിമ കണ്ടതിനുശേഷമാണ് ഇതാണ് സിനിമ എന്നറിഞ്ഞത്. പ്രേക്ഷകരുടെ എക്സൈറ്റ്മെന്‍റ് എന്തായിരുന്നോ, അതുതന്നെയായിരുന്നു എനിക്കും.
സിനിമ കണ്ടിട്ട് എന്ത് തോന്നി...?
ഇതായിരുന്നു അല്ലേ സിനിമയുടെ ഉള്ളിലെ മാജിക് എന്നെനിക്ക് തോന്നി. 21 നായികമാര്‍ ഉണ്ടെന്നത് എല്ലാവര്‍ക്കും ഒരു സര്‍പ്രൈസ് ആയിരുന്നു. എന്നാല്‍, ഞങ്ങളെല്ലാവരും തമ്മില്‍ ഒരുമിച്ച് കാണുന്നത് സിനിമയുടെ ട്രെയ്ലര്‍ ലോഞ്ച് നടന്നപ്പോഴാണ്.
ഒരു പുരുഷന്‍റെ സ്ത്രീകളോടുള്ള സമീപനം വിവിധരീതിയില്‍ കാണിക്കുന്നുണ്ടല്ലോ?
ഉണ്ട്. ശരിക്കും പറഞ്ഞാല്‍ ഈ സിനിമ സമൂഹത്തിന് ഒരു ബോധവല്‍ക്കരണം കൂടിയാണ്. ഇങ്ങനെയും ചില കാര്യങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട് എന്നൊരു തിരിച്ചറിവ് നല്‍കുന്ന സിനിമയും കൂടിയാണ്.
സ്ത്രീകള്‍ക്കെതിരെയുള്ള ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു സമയം കൂടിയാണിത്. വളരെ ലളിതമായ രീതിയില്‍, എന്നാല്‍ അത് പ്രേക്ഷകരുടെ മനസ്സിലേക്ക് ഡീപ്പായി എത്തിക്കാന്‍ പറ്റുന്ന രീതിയില്‍ സിനിമ എടുത്തിട്ടുണ്ട്. അത് സംവിധായകന്‍റെയും സ്ക്രിപ്റ്റ് റൈറ്ററുടെയും ഒരു മികവ് തന്നെയാണ്. ഒരു പ്രേക്ഷക എന്ന നിലയില്‍ ഈ സിനിമ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

മമ്മൂട്ടി ചെയ്ത ആ കഥാപാത്രത്തെക്കുറിച്ച്?
മമ്മുക്ക എപ്പോഴും ഒരത്ഭുതമാണ.് ഒരു മാജിക്കാണ്. അദ്ദേഹം ചെയ്തിട്ടുള്ള ഏത് കഥാപാത്രവും ഒന്നിനൊന്ന് ഡിഫറന്‍റാണ്. ഓരോ സിനിമയിലും ആ ക്യാരക്ടര്‍ മാത്രമേ മമ്മുക്കയിലൂടെ നമുക്ക് കാണാന്‍ കഴിയൂ. ഒരു സിമിലാരിറ്റിയുമില്ലാതെ അനായാസമായി ഇങ്ങനെ അഭിനയിക്കാന്‍ കഴിയുന്നത് എങ്ങനെയാണെന്ന് എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള കാര്യം തന്നെയാണ്.
പിന്നെ... ട്രെയ്ലര്‍ ലോഞ്ചിന് വന്നപ്പോള്‍ മമ്മൂക്ക പറയുകയുണ്ടായി, ഈയൊരു കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് എത്രമാത്രം ഇഷ്ടപ്പെടാന്‍ കഴിയുമെന്ന് എനിക്കറിയില്ല. പക്ഷെ, ഈ സിനിമ കണ്ട് നിങ്ങള്‍ തീയേറ്ററില്‍ നിന്നും പുറത്തുപോകുമ്പോള്‍ ഈ കഥാപാത്രത്തെ തീയേറ്ററിനകത്ത് വച്ചിട്ട് പോകാനും നിങ്ങള്‍ക്ക് കഴിയില്ല. അത് സിനിമ കണ്ടപ്പോള്‍ മാത്രമാണ് അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന കാര്യം എനിക്ക് മനസ്സിലായത്.
മമ്മുക്ക അല്ലെങ്കില്‍ ഏതൊരു നടനും എപ്പോഴും നായകനായി അഭിനയിക്കുമ്പോള്‍ ഏതൊരു സന്ദര്‍ഭത്തിലും പ്രേക്ഷകര്‍ നായകന്‍റെ പക്ഷത്തായിരിക്കും. ഇവിടെ ഈ സിനിമയില്‍ ക്ലൈമാക്സില്‍ മമ്മുക്കയ്ക്ക് ഒരടി കിട്ടുമ്പോള്‍ പ്രേക്ഷകര്‍ കയ്യടിക്കുക എന്നുപറഞ്ഞാല്‍...., ആ ഒരു മുഹൂര്‍ത്തം ആരും പ്രതീക്ഷിക്കാത്തതായിരുന്നു. അതില്‍ നിന്നും നമ്മള്‍ മനസ്സിലാക്കേണ്ടത് അദ്ദേഹം അത്രയധികം ഡീപ്പായി ആ കഥാപാത്രത്തെ പ്രേക്ഷകരിലേയ്ക്ക് എത്തിച്ചിട്ടുണ്ട് - അനുപമ പറഞ്ഞു.
'എഴുത്തോല' എന്ന സിനിമയിലാണ് അനുപമ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. രണ്ടാമത്തെ ചിത്രം ഡൊമിനിക്. അതില്‍ നായികയുടെ ഫ്രണ്ടായി അഭിനയിച്ചു. കളങ്കാവലില്‍ എത്തിയപ്പോള്‍ ഒരു പ്രൊമോഷന്‍ കിട്ടി. കൂട്ടുകാരിയില്‍നിന്നും കാമുകിയായി അഭിനയിക്കാന്‍ കഴിഞ്ഞു. ഇങ്ങനെ ഓരോ സിനിമകളിലും പ്രമോഷന്‍ കിട്ടി കിട്ടി നല്ലൊരു നടിയായി മാറണം എന്നാണ് ഞാനാഗ്രഹിക്കുന്നത്.