Tuesday, 23 June 2026 | 06:44 PM

Latest

'അമ്മ'യിൽ വീണ്ടും രാജി; അഡ്‌ഹോക് കമ്മിറ്റിയിൽ നിന്നും ആശാ അരവിന്ദ് പിന്മാറി

sreyas 22 June 2026 03:26 PM
'അമ്മ'യിൽ വീണ്ടും രാജി; അഡ്‌ഹോക് കമ്മിറ്റിയിൽ നിന്നും ആശാ അരവിന്ദ് പിന്മാറി

Highlights

'അമ്മ' അംഗങ്ങൾക്ക് സൗജന്യമായി മരുന്നുകൾ ലഭ്യമാക്കുന്ന 'സഞ്ജീവനി' പദ്ധതിയുടെ ചുമതല ആശാ അരവിന്ദിനായിരുന്നു

 

കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ വീണ്ടും അപ്രതീക്ഷിത രാജി. നടി ആശാ അരവിന്ദ് സംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചതായി അറിയിച്ചു. ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കൂട്ടരാജി പ്രഖ്യാപിച്ചതിന് പിന്നാലെ രൂപീകരിച്ച താൽക്കാലിക സമിതിയിൽ അംഗമായിരുന്നു ആശ. രമേഷ് പിഷാരടി അധ്യക്ഷനായ അഡ്‌ഹോക് കമ്മിറ്റിയിൽ ആശാ അരവിന്ദിനെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, മുൻ ഭരണസമിതിയിലെ അംഗമായിരുന്ന ഒരാൾ പുതിയ അഡ്‌ഹോക് കമ്മിറ്റിയിലും അംഗമാകുന്നത് എങ്ങനെ എന്ന ചോദ്യം ഉയർന്നതോടെ വിഷയത്തിൽ വ്യാപക ചർച്ചകൾക്ക് വഴിയൊരുങ്ങി. ഇതിന് പിന്നാലെയാണ് ആശാ അരവിന്ദ് രാജി പ്രഖ്യാപിച്ചത്.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് രാജിക്കാര്യം അവർ അറിയിച്ചത്. പിന്നീട് ഔദ്യോഗികമായി ഇമെയിൽ വഴിയും രാജിക്കത്ത് കൈമാറി. എന്നാൽ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ തുടരുമെന്നും ആശാ അരവിന്ദ് വ്യക്തമാക്കി.

രാജിയെക്കുറിച്ചുള്ള വിശദീകരണത്തിൽ, ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ച സാഹചര്യത്തിൽ അതേ ഓഫീസിലേക്ക് പുതിയ ചുമതലയുമായി കടന്നുചെല്ലുന്നത് തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആശ പറഞ്ഞു. നിലവിലെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ താൻ മാനസികമായി തയ്യാറായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

'അമ്മ' അംഗങ്ങൾക്ക് സൗജന്യമായി മരുന്നുകൾ ലഭ്യമാക്കുന്ന 'സഞ്ജീവനി' പദ്ധതിയുടെ ചുമതല ആശാ അരവിന്ദിനായിരുന്നു. അതിനാലാണ് അഡ്‌ഹോക് കമ്മിറ്റിയിലേക്ക് അവരെ പരിഗണിച്ചതെന്നാണ് വിവരം.

ഇതിനിടെ, നടി മല്ലികാ സുകുമാരനും നേരത്തെ 'അമ്മ'യിൽ നിന്ന് രാജിവെച്ചിരുന്നു. മുൻ അധ്യക്ഷ ശ്വേതാ മേനോന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മല്ലികാ സുകുമാരൻ സംഘടനയിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. തുടർച്ചയായ രാജികളും ആഭ്യന്തര വിവാദങ്ങളും 'അമ്മ'യുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിയൊരുക്കിയിരിക്കുകയാണ്.