Wednesday, 10 June 2026 | 11:21 AM

Interviews

ആസിഫ് പറഞ്ഞത് സത്യമായ സന്തോഷത്തിലാണ് ഉണ്ണിലാലു...

അപ്പൂസ് കെ.എസ് 05 May 2026 12:30 PM
ആസിഫ് പറഞ്ഞത് സത്യമായ സന്തോഷത്തിലാണ് ഉണ്ണിലാലു...


യൂട്യൂബിലൂടെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയ ഉണ്ണിലാലു മലയാള സിനിമകളുടെ  സജീവ സാന്നിദ്ധ്യമാകുന്നതിന്റെ പിന്നാമ്പുറങ്ങളിലൂടെ...

ആസിഫിന്റെ വാക്കുകള്‍

രേഖാചിത്രം ഇറങ്ങുന്നതിന് മുന്‍പ് ഒരു പ്രമോഷന്‍ പരിപാടിയില്‍ അവതാരക ഷോര്‍ട്ട് ഫിലിം ആക്ടര്‍ എന്ന് ഉണ്ണിയെ പരിചയപ്പെടുത്തിയപ്പോള്‍ നടന്‍ ആസിഫ് അലി ഇടപെട്ടു. 'പലരും ഉണ്ണിയെ പരിചയപ്പെടുത്തുന്നത് ഷോര്‍ട്ട് ഫിലിം താരം എന്നാണ്, എന്നാല്‍ ഞാന്‍ വാക്കുതരാം, രേഖാചിത്രത്തിനുശേഷം ഉണ്ണിക്ക് ഷോര്‍ട്ട് ഫിലിമിന്റെ അഡ്രസ്സ് ആവശ്യമുണ്ടാകില്ല.'- ആസിഫ് പറഞ്ഞത് സത്യമായ സന്തോഷത്തിലാണ് ഉണ്ണി.

സിനിമ തന്നത് സൗഹൃദങ്ങള്‍

ഞാനിടയ്ക്ക് ആലോചിക്കാറുണ്ട്, എങ്ങനെയാണ് ഞാനിത്ര കാലം അഭിനയരംഗത്ത് പിടിച്ചു നിന്നത് എന്ന്. അഭിനയത്തോടുള്ള പാഷന്‍ ഉള്ളില്‍ കിടക്കുന്നതുകൊണ്ടുമാത്രമാണ് അതുസാധ്യമായത്. ഉള്ളിലെ ആഗ്രഹം അത്രയും സത്യമായതുകൊണ്ടായിരിക്കും കാലം കൂടെ നിന്നത്. ചുരുങ്ങിയത് 15 വര്‍ഷമായിട്ടുണ്ടാകും ഞാന്‍ സിനിമയ്ക്ക് പിന്നാലെയുള്ള അലച്ചില്‍ തുടങ്ങിയിട്ട്. സിനിമയില്‍ അവസരങ്ങള്‍ കിട്ടിയത് സൗഹൃദങ്ങളിലൂടെയാണ്. ആദ്യമായി എനിക്കൊരു ഡയലോഗ് കിട്ടിയത് തരംഗം എന്ന സിനിമയിലാണ്. ഇവിടെ ഞാനുണ്ടാക്കിയിട്ടുള്ളതും സൗഹൃദങ്ങള്‍ മാത്രമാണ്. രേഖാചിത്രത്തിന്റെ സംവിധായകന്‍ ജോഫിനും അസോസിയേറ്റ് സുമേഷുമൊക്കെ എന്റെ സുഹൃത്തുക്കളാണ്.

മമ്മൂക്കയെക്കുറിച്ച്

മമ്മൂക്കയെ നേരിട്ട് കാണാന്‍ പറ്റിയതുതന്നെ ഭാഗ്യമാണ്. മമ്മൂക്കയോട് വക്കച്ചനെപ്പറ്റി പറഞ്ഞപ്പോള്‍ മമ്മൂക്ക പറഞ്ഞത് ഞാന്‍ സിനിമ കണ്ടിട്ടില്ല കണ്ടിട്ട് പറയാം എന്നായിരുന്നു. ശരിക്കും ആള് കിടിലം മനുഷ്യന്‍ ആണ്. നോര്‍മലി എല്ലാവരും കേക്ക് മുറിക്കുമ്പോള്‍ അടുത്തുനില്‍ക്കുന്ന ഒന്ന് രണ്ട് പേര്‍ക്ക് കേക്ക് കൊടുക്കും. ബാക്കി എല്ലാരും എടുത്ത് കഴിക്കൂ എന്നല്ലേ പറയുക. എന്നാല്‍ മമ്മൂക്ക തന്റെ കൂടേ ഉള്ള എല്ലാവര്‍ക്കും കേക്ക് വായില്‍ വച്ച് കൊടുക്കാറാണ് പതിവ്.

പുതിയ ചിത്രങ്ങള്‍ 

പുതിയൊരു ചിത്രം ചെയ്യുന്നുണ്ട്. ആന്റണി വര്‍ഗ്ഗീസും ഞാനുമാണ് പ്രധാനവേഷങ്ങളില്‍. കോവിഡിന് മുമ്പ് തുടങ്ങിയ പടമാണ്. ക്യാംപസ് ഒക്കെയുള്ള കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നര്‍ ആണ്. അത് വീണ്ടും തുടങ്ങുകയാണ്. പിന്നെ വേറെയും ചിത്രങ്ങള്‍ക്കായി സംസാരം നടന്നുകൊണ്ടിരിക്കുന്നു.

 

Tags
Unni Lalu Asif Ali Rekhachithram Mammootty