Interviews
അഭിനയിച്ചുസമ്പാദിച്ച് സ്വരൂപിച്ച പണം കൊണ്ട് ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ എന്‍റെ അമ്മയ്ക്കുവേണ്ടി ചെന്നൈ അഡയാറില്‍ ഒരു വീടുവാങ്ങിച്ചു... -അമല
പ്രീത അജയ്
05 May 2026 12:30 PM
ആദ്യം വിസമ്മതിച്ചിട്ട് പിന്നെ അഭിനയിക്കാന്‍ തീരുമാനിച്ചതെന്തേ ?
അമല: ആദ്യം വിസമ്മതിച്ചുവെങ്കിലും അന്നത്തെ എന്‍റെ സാഹചര്യത്തില്‍ അഭിനയം നല്ല അവസരമാണെന്ന് തോന്നി. നിനക്ക് ഇഷ്ടമുണ്ടെങ്കില്‍ നീ അഭിനയിക്ക്. നിനക്ക് സഹായത്തിനായി ഞാനും വരാം എന്ന് അമ്മ പറഞ്ഞു. അതിനുശേഷമാണ് ഞാന്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത്. അഭിനയം, തമിഴ് ഉച്ചാരണം തുടങ്ങി പല കാര്യങ്ങള്‍ ടി.ആര്‍ സാര്‍ എനിക്ക് പഠിപ്പിച്ചുതന്നു. ആ സിനിമയില്‍ അഭിനയിച്ച ശ്രീവിദ്യചേച്ചി വ്യക്തിപരമായി എന്നില്‍ സ്നേഹം കാണിച്ച് എന്നെ പ്രോത്സാഹിപ്പിച്ചു. ആ പടം(മൈഥിലി എന്നെ കാതലി) റിലീസാവും മുമ്പെ തന്നെ എനിക്ക് ധാരാളം പുതിയ അവസരങ്ങള്‍ വന്നു.

പക്ഷേ ഒന്നും ഞാന്‍ സ്വീകരിച്ചില്ല. ടി.ആര്‍ സാര്‍ ഉപദേശിച്ച പ്രകാരം പടം റിലീസാവുന്നതുവരെ കാത്തിരുന്നു. അന്നൊക്കെ പുതുമുഖ നടിമാരോടും ഉയര്‍ന്നുവരുന്ന നടിമാരോടും കോള്‍ഷീറ്റുണ്ടോ എന്ന് ചോദിച്ചുമാത്രമേ കഥ പൂര്‍ണ്ണമായും പറയുമായിരുന്നുള്ളൂ. അന്ന് എനിക്ക് സിനിമയില്‍ സഹായിക്കാനും വഴികാട്ടാനും ആരുമില്ലായിരുന്നു. അതുകൊണ്ട് ഒരേപോലുള്ള ക്യാരക്ടര്‍, കോസ്റ്റ്യൂം തുടങ്ങി വ്യത്യസ്തതയില്ലാതെ പല സിനിമകളില്‍ അഭിനയിച്ചു. അതിന്‍റെ ഫലമായി എന്‍റെ ആറുസിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. അപ്പോഴാണ് തെറ്റുകള്‍ എനിക്ക് മനസ്സിലായത്. അങ്ങനെയിരിക്കെയാണ് കമലഹാസന്‍ സാറിന്‍റെ ജോഡിയായി പുഷ്പകവിമാനം എന്ന കന്നട സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്.

1987 ലായിരുന്നു 'പുഷ്പകവിമാന'ത്തിന്‍റെ ഷൂട്ടിംഗ്. പ്രശസ്തനായ സീങ്കിതം ശ്രീനിവാസറാവുവാണ് സംവിധായകന്‍. നീ മേക്കപ്പ് ഒന്നും ചെയ്യണ്ട. നീ എങ്ങനെയാണോ അതുപോലെ മതി. നിനക്ക് കഴിയുന്ന രീതിയില്‍ അഭിനയിച്ചോളൂ എന്ന് സീങ്കിതം സാര്‍പറഞ്ഞു. സത്യം പറഞ്ഞാല്‍ അദ്ദേഹമാണ് എന്‍റെ കഴിവ് പുറത്തുകൊണ്ടുവന്ന് ആ സിനിമയിലെ എന്‍റെ അഭിനയത്തിലൂടെ മറ്റുഭാഷാ സിനിമാക്കാരുടേയും അഭിനന്ദനം നേടിത്തന്നത്. അതുപോലെ 'അഗ്നിനക്ഷത്രം' സിനിമയിലൂടെ മണിരത്നം സാറും എനിക്കൊരു വഴിത്തിരിവ് സൃഷ്ടിച്ചുതന്നു. അടുത്തടുത്തായി കുറെ ഹിറ്റ് സിനിമകളില്‍ അഭിനയിച്ചുവെങ്കിലും ഞാനൊരു ഹീറോയിനാണ് എന്ന തോന്നല്‍ എനിക്കുണ്ടായതേയില്ല. സ്വന്തം കാലില്‍ നില്‍ക്കാനും സമ്പാദിക്കാനും കൈവശമുള്ള അഭിനയം എന്ന തൊഴിലിനെ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തണം എന്നേ ഓരോ ദിവസവും ഞാന്‍ ചിന്തിക്കുമായിരുന്നുള്ളൂ.
നേരം പുലര്‍ന്ന് ഷൂട്ടിംഗിന് പുറപ്പട്ടുപോയാല്‍ രാത്രി ഉറങ്ങാന്‍ മാത്രമേ ഞാന്‍ വീട്ടില്‍ വരുമായിരുന്നുള്ളൂ. ഇങ്ങനെ കാലം കുതിച്ചുപാഞ്ഞു. ഒരു ഘട്ടത്തില്‍ തുടര്‍ന്ന് ഊര്‍ജ്ജസ്വലതയോടെ ആക്ടീവായി എനിക്ക് അഭിനയിക്കാന്‍ കഴിയാത്ത അവസ്ഥയായി. മൂന്നുമാസത്തെ വിശ്രമത്തിനായി അമേരിക്കയിലേക്ക് പോയി. ആ സമയത്ത് ഒരു ആത്മപരിശോധന നടത്തി. എണ്ണം തികയ്ക്കാന്‍ ഹിറ്റുകള്‍ക്കായി, പ്രശസ്തിക്കായി, പണത്തിനായി ഇനി അഭിനയിക്കരുതെന്ന് തീരുമാനിച്ചു. അതിനുശേഷം വളരെയധികം പ്രാധാന്യമുള്ള കഥാപാത്രങ്ങളാണെങ്കില്‍ മാത്രം തെരഞ്ഞെടുക്കാന്‍ തുടങ്ങി.
.jpg)
കുറെ ഓഫറുകളെ മനപ്പൂര്‍വ്വം ഒഴിവാക്കി. വളരെ ഡെഡിക്കേഷനോടെ പൂര്‍ണ്ണമായ പ്രതിബദ്ധതയോടെ ഒരു ദിവസം രണ്ട് ഷിഫ്റ്റ് മാത്രം അഭിനയിച്ചു. അഭിനയിച്ചുസമ്പാദിച്ച് സ്വരൂപിച്ച പണം കൊണ്ട് ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ എന്‍റെ അമ്മയ്ക്കുവേണ്ടി ചെന്നൈ അഡയാറില്‍ ഒരു വീടുവാങ്ങിച്ചു. അളവറ്റ ആഹ്ലാദം ലഭിച്ച തന്‍റെ ജീവിതത്തിലെ ഒരു ധന്യമായ നിമിഷമായിരുന്നു അത്. അഭിനയം കാരണം ഡാന്‍സ് തുടരാന്‍ കഴിഞ്ഞില്ല. അതുകാരണം ശരീരം വണ്ണം വയ്ക്കാന്‍ തുടങ്ങി. അതിനുശേഷം പതിവായി യോഗ ചെയ്ത് ശരീരഭാരം നിയന്ത്രിച്ചു.