Wednesday, 10 June 2026 | 04:08 PM

Interviews

കരിയറിലെ വഴിത്തിരിവുകള്‍ -മഹേഷ് ഭുവനേന്ദ്

നിരഞ്ജന ഇന്ദു 05 May 2026 12:30 PM
കരിയറിലെ വഴിത്തിരിവുകള്‍ -മഹേഷ് ഭുവനേന്ദ്

 

ആട്ടത്തിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള ദേശീയ പുരസ്ക്കാരം നേടിയ മഹേഷ് ഭുവനേന്ദാണ് ഒ.ടി.ടിയിലെത്തിയ ഹിറ്റ് വെബ്സീരിസ് കെ.സി.എഫിന്‍റെ എഡിറ്ററും. ഒന്നാം സീസണില്‍ നിന്ന് രണ്ടാം സീസണിലേക്കുള്ള യാത്രയെക്കുറിച്ച് മഹേഷ് സംസാരിക്കുന്നു.

ഉത്തരവാദിത്തം കൂട്ടുന്ന കെ.സി.ഫ്-2

കെ.സി.ഫ്-2 പക്കാ ടീം വര്‍ക്കാണ്. അതുകൊണ്ടുതന്നെ എല്ലാവരുടെയും സഹകരണം എപ്പോഴുമുണ്ടായിരുന്നു. സീസണ്‍ 1 കഴിഞ്ഞു സീസണ്‍ 2 വിലേക്ക് പോകുമ്പോള്‍, അതില്‍ വര്‍ക്ക് ചെയ്ത എല്ലാവര്‍ക്കും ഒരുപാട് സബ് പ്ലോട്ടുകള്‍ വരുന്ന ഫ്രഷായ ഒരു കണ്ടന്‍റ് കൊടുക്കണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നു. സീരീസ് വിജയിച്ചാലും പരാജയപ്പെട്ടാലും ശരി, ടെക്നീഷ്യന്‍സിനെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും വ്യത്യസ്തമായി ചെയ്തു എന്നുള്ള ഫീല്‍ വരണം.

ആ ഒരു സംതൃപ്തി കിട്ടാനായിരുന്നു എല്ലാവരും കാര്യമായി വര്‍ക്ക് ചെയ്തത്. പിന്നെ ബാഹുല്‍ എഴുതിയ സ്ക്രിപ്റ്റ് വായിക്കുന്ന സമയത്ത് ഇതെങ്ങനെ വിഷ്വലൈസ് ചെയ്യുമെന്നുള്ള ആശങ്കയുണ്ടായിരുന്നു. ഒരുപാട് ലെയറുകള്‍ വരുന്നതുകാരണമാണ് അത്തരത്തിലൊരു ആശങ്ക വന്നത്. എങ്കിലും ഷൂട്ട് പെട്ടെന്നുതന്നെ മുന്നോട്ടുകൊണ്ടുപോകണം എന്നാണ് എല്ലാവരും ഒരുപോലെയെടുത്ത തീരുമാനം. ഹോട്ട് സ്റ്റാറിനും ഒറ്റവായനയോട് കൂടിത്തന്നെ സ്ക്രിപ്റ്റ് ഓക്കെയായി. അവര്‍ ചെയ്യാമെന്ന് ഏറ്റതോടുകൂടി പെട്ടെന്നുതന്നെ കാര്യങ്ങള്‍ നടന്നു.

ബാഹുല്‍രമേശിന്‍റെ സ്ക്രിപ്റ്റ്

ചില സ്ക്രിപ്റ്റുകള്‍ വായിക്കുമ്പോള്‍ തന്നെ നമുക്ക് ഒരു ഹൈ മൂഡ് കിട്ടും. പക്ഷേ ഷൂട്ട് ചെയ്തുവരുമ്പോള്‍ ആ ഒരു ഫീല്‍ നമുക്ക് കിട്ടില്ല. അതായത് നമ്മുടെ ചിന്തകളും ഡയറക്ടറുടെ വിഷനും തമ്മില്‍ ഒരു വ്യത്യാസം ഉണ്ടായിരിക്കും. രണ്ടുപേരുടെയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാകുന്നത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ ഈ സീരീസിനെ സംബന്ധിച്ചിടത്തോളം ഞാനെന്തു ചിന്തിച്ചുവോ അതിനുമുകളില്‍ നില്‍ക്കുന്ന ഔട്ടാണ് എനിക്ക് എല്ലായ്പ്പോഴും കിട്ടിയിട്ടുള്ളത്. പ്രൊഡക്ഷന്‍ ക്വാളിറ്റി അത്രമാത്രം മികവുള്ളതായിരുന്നു. ഷൂട്ട് ചെയ്ത റഷ് കാണുമ്പോള്‍ പോലും ഞാന്‍ അങ്ങേയറ്റം സംതൃപ്തനായിരുന്നു. 

ഞാന്‍ വായിച്ച ഒരു സീന്‍ പോലും ഷൂട്ട് ചെയ്തതിനുശേഷം ഡൗണ്‍ ആയി എനിക്ക് ഫീല്‍ ചെയ്തിട്ടില്ല. അതുപോലെ ബാഹുലിന്‍റെ സ്ക്രിപ്റ്റ് ഞാന്‍ ഒറ്റവായനയില്‍ ആണ് തീര്‍ത്തത്. പിറ്റേദിവസം സംവിധായകന്‍ അഹമ്മദ് കബീര്‍ ഈ വര്‍ക്കുമായിട്ട് മുന്‍പോട്ട് പോകണോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ. ഇത് വായിച്ചുതുടങ്ങിയ എനിക്ക് വായനനിര്‍ത്താന്‍ പറ്റിയിട്ടില്ലെങ്കില്‍ ഉറപ്പായും സ്ക്രീനില്‍ കണ്ടുതുടങ്ങുന്നവര്‍ക്ക് ഇത് പൂര്‍ത്തീകരിക്കാതിരിക്കാന്‍ കഴിയില്ല എന്ന്. അത്രയും കൃത്യമായി എഡിറ്റഡ് സ്ക്രിപ്റ്റ് പോലെയാണ് ബാഹുല്‍ സ്ക്രിപ്റ്റ് എഴുതിവെച്ചിരിക്കുന്നത്.

കെ.സി.എഫ്-2 വിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍

സീസണ്‍ വണ്‍ ഹിറ്റ് ആയതുകാരണം സീസണ്‍ 2 വിനെ പ്രേക്ഷകര്‍ ആദ്യത്തേതുമായി താരതമ്യം ചെയ്യുമോ എന്നുള്ള പേടിയുണ്ടായിരുന്നു. പക്ഷേ ഫസ്റ്റ് കട്ട് ഒക്കെ കഴിഞ്ഞു ഫൈനല്‍ സ്റ്റേജ് എഡിറ്റിങ്ങിനുവേണ്ടി ഇരിക്കുമ്പോള്‍ എനിക്ക് വളരെയധികം പോസിറ്റിവിറ്റി ഫീല്‍ ചെയ്തു. നമ്മള്‍ നോബിളിലൂടെയാണ് കഥ പറഞ്ഞുതുടങ്ങുന്നത്. 

നോബിള്‍ ഒരു പുതിയ എസ്.ഐ ആണ്. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ക്ക് യാതൊരുവിധ മുന്‍വിധിയും ഇല്ലാതെ ആ കഥാപാത്രത്തിലേക്കും കഥയിലേക്കും ഇറങ്ങാന്‍ പറ്റി. വാസ്തവത്തില്‍ ആ കഥാപാത്രത്തിനോടൊപ്പമാണ് പ്രേക്ഷകര്‍ സഞ്ചരിച്ചത്. പറ്റുക എന്നുള്ളത് വളരെയധികം പോസിറ്റീവായ കാര്യമായിട്ടാണ് എനിക്ക് തോന്നിയത്. അതുപോലെ ബാഹുല്‍ എഴുതിയ തിരക്കഥയുടെ ഡെപ്ത് നല്ലപോലെ ഫോളോ ചെയ്യാന്‍ എനിക്ക് പറ്റിയിട്ടുണ്ട്. പ്രധാന കഥാപാത്രങ്ങളുടെ ഇമോഷന്‍സിനപ്പുറത്തേക്ക് സബ് പ്ലോട്ടില്‍ വരുന്ന കഥാപാത്രങ്ങളുടെയും ഇമോഷന്‍സിന് വളരെയധികം പ്രാധാന്യമുണ്ട് ഈ സീരീസില്‍. 

കൂടാതെ സ്ക്രിപ്റ്റ് വായിക്കുമ്പോഴേ ശ്രദ്ധിച്ച കാര്യമാണ് ഒരു സീന്‍ കഴിഞ്ഞു മറ്റൊരു സീനിലേക്ക് പോകുമ്പോള്‍ അതിലേക്ക് പുതിയ കഥാപാത്രങ്ങളാണ് ആഡ് ആവുന്നതെന്ന്. പക്ഷേ ആ പുതിയ കഥാപാത്രം ഒരിക്കലും പുതിയതായി വരുന്നതും അല്ല. അയാള്‍ മുന്‍പ് ചെയ്തിരുന്ന കാര്യത്തിന്‍റെ തുടര്‍ച്ച പോലെയാണ് നമ്മള്‍ അത് അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. അതായത് അത്തരം കഥാപാത്രങ്ങളെക്കൊണ്ട് യാതൊരുവിധ ഇന്‍ട്രൊഡക്ഷന്‍ പരിപാടിയും നമ്മള്‍ ചെയ്യിപ്പിച്ചിട്ടില്ല. അതിനുവേണ്ടി എഡിറ്റിംഗില്‍ നല്ലപോലെ പണി ചെയ്തിട്ടുണ്ട്.

സൗണ്ട് ആന്‍ഡ് എഡിറ്റിംഗ്

സീസണ്‍ 1 ചെയ്ത സമയത്ത് അത്യാവശ്യം ഹെവി ആയിട്ടുള്ള സൗണ്ടാണ് ഉപയോഗിച്ചിരുന്നത്. പക്ഷേ ഇതിലോട്ട് വരുമ്പോള്‍ ഒരു പെയിന്‍ സംഭവം ഒക്കെ ഇതില്‍ കൊണ്ടുവരണം എന്നുള്ള തീരുമാനം ഉണ്ടായിരുന്നു. എന്നാല്‍ സ്ക്രിപ്റ്റ് അത്രേം പെര്‍ഫെക്റ്റ് ആയി നില്‍ക്കുമ്പോള്‍ അതിനുമുകളിലോട്ട് നില്‍ക്കുന്ന മ്യൂസിക് ചെയ്താല്‍ പ്രേക്ഷകരുടെ ശ്രദ്ധ മ്യൂസിക്കിലേക്ക് മാറിപ്പോകും. അത് ചിലപ്പോള്‍ അപകടമാകും എന്നുള്ള ചിന്ത കാരണം സ്മൂത്ത് വേയിലൂടെയാണ് അവസാനംവരെ കൊണ്ടുപോകാമെന്ന് വിചാരിച്ചത്. അതായത് പ്രേക്ഷകര്‍ക്ക് കഥയിലേക്ക് എത്താനുള്ള സാവകാശം കൊടുക്കണം.

പിന്നെ എഡിറ്റിംഗ് കാര്യം പറയുകയാണെങ്കില്‍ സിനിമയെക്കാള്‍ കുറച്ചുകൂടി ഡിസൈന്‍ ചെയ്താണ് നമ്മള്‍ സീരീസ് ചെയ്യുന്നത്. പ്രീ പ്രൊഡക്ഷന്‍ തന്നെ ഏകദേശം 2 മാസത്തെ പ്രോസസ് ഉണ്ട്. ഒ.ടി.ടിയില്‍ സ്ക്രിപ്റ്റ് കൊടുത്തവിടന്ന് അപ്രൂവല്‍ കിട്ടിയിട്ടാണ് നമ്മള്‍ ഷൂട്ട് തുടങ്ങുന്നത്. അതുകൊണ്ടുതന്നെ ഷൂട്ട് ചെയ്യുമ്പോഴും ഒരു ഓര്‍ഡറില്‍ തന്നെ എടുത്തുപോകണം. സിനിമയില്‍ ചെയ്യുന്നപോലെ സീനുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റി എടുക്കാന്‍ ഒന്നും പറ്റില്ല. പിന്നെ ഇതിലെ പട്ടിയുടെ ഒരു ഭാഗം പോലും സി.ജി അല്ല. അതെല്ലാം ട്രെയിന്‍ഡ് ഡോഗ്സാണ്. എല്ലാം ഒറിജിനലാണ്. സാധാരണ സിനിമകള്‍ക്ക് വരുന്നതുപോലെയുള്ള ചെറിയ ചെറിയ സി ജികളാണ് നമ്മള്‍ ഉപയോഗിച്ചിട്ടുള്ളത്.

ട്രെയിലര്‍ കട്ട് ചെയ്യുന്ന എഡിറ്റര്‍

തുടരും, ആലപ്പുഴ ജിംഖാന, സര്‍ക്കീട്ട് തുടങ്ങിയ 50 ഓളം സിനിമകള്‍ക്ക് ട്രെയിലര്‍ കട്ട് ചെയ്തിട്ടുണ്ട്. തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്ത മൂന്ന് സിനിമകളുടെയും ട്രെയിലര്‍ കട്ട് ചെയ്തിട്ടുള്ളത് ഞാനാണ്. ട്രെയിലര്‍ കട്ട് ചെയ്യുന്ന സമയത്ത് ചില സംവിധായകര്‍ അവര്‍ ഉദ്ദേശിക്കുന്ന രീതീയെക്കുറിച്ച് നമ്മളോട് പറയും. അതേസമയം ചില സംവിധായകര്‍ ഒരു നിര്‍ദ്ദേശവും പറയില്ല. മഹേഷിന്‍റെ ഇഷ്ടം പോലെ ചെയ്യാനാണ് പറയുക. എന്നാലും ട്രെയിലറില്‍ എനിക്കൊരു ഹൈ കിട്ടാറുണ്ട്. കാരണം അവിടെ നമുക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം ലഭിക്കും. 'തുടരും' സിനിമയില്‍ രണ്ട് ട്രെയിലര്‍ ആയിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തെ ട്രെയിലര്‍ ഫാമിലിയെ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു. കൂടുതലായും കാണിച്ചുപോയിട്ടുള്ളത്.

രണ്ടാമത്തെ ട്രെയിലര്‍ ആഫ്റ്റര്‍ റിലീസ് കാണിക്കാന്‍ ആയിരുന്നു ഉദ്ദേശിച്ചത്. പിന്നെ സിനിമ മൊത്തം കണ്ടുകഴിഞ്ഞാണ് ട്രെയിലര്‍ കട്ട് ചെയ്യാറുള്ളത്. സൗദി വെള്ളക്കയുടെ ട്രെയിലര്‍ കട്ട് ചെയ്യുമ്പോള്‍ 7 ദിവസം യാതൊരു ഐഡിയയും കിട്ടാതെ ഞാന്‍ ഇരുന്നു. ഏഴാമത്തെ ദിവസം കഴിഞ്ഞിട്ടാണ് ഞാന്‍ ആ ട്രെയിലര്‍ കട്ട് ചെയ്യുന്നത്. അതായത് ചില ആശയങ്ങളൊക്കെ പെട്ടെന്ന് വരും. ചിലത് വന്നെത്താന്‍ ഭയങ്കര പാടാണ്. ചില സിനിമകള്‍ക്ക് ട്രെയിലര്‍ കട്ട് ചെയ്യാന്‍ പറ്റാതെ ഒഴിഞ്ഞുമാറേണ്ടി വന്നിട്ടുണ്ട്. നല്ല ഫോക്കസ് ഉണ്ടെങ്കില്‍ മാത്രമേ എനിക്കത് ചെയ്യാന്‍ പറ്റൂ.

അഹമ്മദ് കബീറുമായുള്ള കൂട്ടുകെട്ട്

ഞാന്‍ ആദ്യമായി സ്വതന്ത്ര എഡിറ്റര്‍ ആവുന്നത് അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത മധുരം സിനിമയിലൂടെയാണ്. അതിനുമുന്‍പ് ഞങ്ങള്‍ മഴവില്‍ മനോരമയില്‍ ഒരുമിച്ചുണ്ടായിരുന്നു. അഹമ്മദിന്‍റെ രണ്ടാമത്തെ സിനിമയിലൂടെയാണ് ഞാന്‍ സിനിമയില്‍ എത്തുന്നത്. ഞങ്ങള്‍ ഒരുമിച്ചു മൂന്ന് വര്‍ക്കുകള്‍ ചെയ്തു. അഹമ്മദിന്‍റെ വര്‍ക്കിംഗ് പാറ്റേണ്‍ ഏകദേശം എനിക്കറിയാം. അതുപോലെ കൊള്ളില്ല എന്ന് തോന്നിയാല്‍ അഹമ്മദ് കൃത്യമായി മുഖത്ത് നോക്കി പറയും.

പുതിയ പ്രോജക്ട്

ഗോളം സിനിമയുടെ സംവിധായകന്‍റെ പുതിയ സിനിമയാണ് പുതിയ വര്‍ക്ക്. അതിനോടൊപ്പം ചില ട്രെയിലര്‍ കട്ടുകളും ചെയ്തിട്ടുണ്ട്.

 

Tags
kerala crime files season 2 kerala crime files season 1 Aattam Mahesh Bhuvanend