Friday, 09 October 2026 | 05:04 AM

Exclusive

തുഷാരഹാരം മാറില്‍ച്ചാര്‍ത്തിയ താരുണ്യം - ശോഭ

എന്‍.ടി. സതീഷ് 23 June 2026 09:09 AM
തുഷാരഹാരം മാറില്‍ച്ചാര്‍ത്തിയ താരുണ്യം -  ശോഭ

Highlights

ആരോടും പറയാന്‍ കഴിയാത്ത നോവിന്‍റെ കനലായിരുന്നു നടി ശോഭ. അവരുടെ മരണത്തെ പുനര്‍വിചിന്തനം ചെയ്യുകയാണ് ഇവിടെ.



മലയാളസിനിമയില്‍ ശാലീനസൗന്ദര്യത്തിന്‍റെയും ചമല്‍ക്കാരങ്ങളില്ലാത്ത നൈസര്‍ഗ്ഗിക അഭിനയത്തിന്‍റെയും ഉടമയായിരുന്നു ശോഭ. ശാലിനി എന്‍റെ കൂട്ടുകാരി എന്ന ചിത്രത്തില്‍ യേശുദാസിന്‍റെ ശബ്ദത്തില്‍ രവിമേനോന്‍റെ കഥാപാത്രം 'സുന്ദരി നിന്‍റെ തുമ്പുകെട്ടിയിട്ട ചുരുള്‍മുടിയില്‍' എന്ന് പാടിപ്പുകഴ്ത്തിയത് ശോഭയെ ആയിരുന്നു. അത്രമാത്രം സിനിമയിലും ജീവിതത്തിലും ഗ്രാമീണ സൗന്ദര്യത്തിന്‍റെ പ്രതിബിംബമായി മാറാന്‍ ശോഭയ്ക്ക് അനായാസേന കഴിഞ്ഞിരുന്നു. കെ.പി. മേനോന്‍റെയും നടി പ്രേമയുടെയും മകളായ ശോഭയുടെ യഥാര്‍ത്ഥ നാമം മഹാലക്ഷ്മി എന്നായിരുന്നു.

മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ ശോഭ കെ.പി. ചന്ദ്രഭാനു സംവിധാനം ചെയ്ത തട്ടുങ്കല്‍ തിറക്കപ്പെടും എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായാണ് അഭിനയം തുടങ്ങിയത്. മലയാളത്തില്‍ കെ. വേണു സംവിധാനംചെയ്ത 'ഉദ്യോഗസ്ഥ' എന്ന ചിത്രത്തിലായിരുന്നു ആദ്യാഭിനയം. അന്ന് ബേബി മഹാലക്ഷ്മി എന്നായിരുന്നു പേര്. മുതിര്‍ന്നുകഴിഞ്ഞ് ചില ചലച്ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ശോഭ എന്ന പേര് സ്വീകരിച്ചത്. ശോഭ നായികയായി അഭിനയിച്ച ആദ്യമലയാള ചിത്രം ഉത്രാടരാത്രിയാണ്. തമിഴ്ചിത്രമായ പശിയിലെ അഭിനയത്തിന് പതിനേഴാം വയസ്സില്‍ മികച്ച നടിക്കുള്ള ദേശീയപുരസ്ക്കാരം ശോഭ നേടിയിരുന്നു.

പക്ഷേ ശോഭയുടെ ജീവിതത്തിലേയ്ക്ക് വിവാഹത്തിലൂടെ സംവിധായകനും ഛായാഗ്രാഹകനുമായ ബാലുമഹേന്ദ്രയുടെ കടന്നുവരവ് സ്വകാര്യജീവിതത്തില്‍ പല കൊടുങ്കാറ്റുകളും കാര്‍മേഘങ്ങളും സൃഷ്ടിച്ചു. സീലിംഗ് ഫാനില്‍ കുരുക്കിട്ടുമരിച്ച രീതിയെപ്പറ്റിയുള്ള ചില സംശയങ്ങളാണ് അതിന് കാരണം. ശോഭയുടെ മൃതശരീരം തൂങ്ങി നില്‍ക്കുന്ന അവസ്ഥയിലായിരുന്നില്ല കാണപ്പെട്ടത്. കഴുത്തില്‍ മുറുകിയ സാരിയുമായി ശോഭ നിലത്തുകിടക്കുകയായിരുന്നു. സാരിയുടെ ഒരു ഭാഗം ഫാനിന്‍റെ ഹൂക്കില്‍ തൂങ്ങിക്കിടന്നിരുന്നു. തൂങ്ങിയ അവസരത്തില്‍ ഭാരം മൂലം സാരി കീറി ശോഭ നിലംപതിച്ചുവെന്നായിരുന്നു ഇതേക്കുറിച്ചുള്ള പോലീസ് നിഗമനം. എന്നാല്‍ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പലരും ഇത് നിഷേധിക്കുന്നു.

കെട്ടിത്തൂങ്ങാന്‍ ഉപയോഗിച്ചതായി കാണപ്പെട്ടത് വില കൂടിയ ഒരു ഷിഫോണ്‍ സാരിയായിരുന്നു. ഇഴകള്‍ ബലമുള്ളതും പിഞ്ചിപ്പോകാത്തതുമായ ആ ഷിഫോണ്‍ സാരി, ശോഭയെപ്പോലെ ആരോഗ്യം കുറഞ്ഞ ഒരാള്‍ തൂങ്ങിയാല്‍ ഒരിക്കലും കീറിപ്പോകില്ലെന്നവര്‍ തറപ്പിച്ചുപറയുന്നു. 200 കിലോ ഭാരം വരെ താങ്ങാനുള്ള ഇടബലം അതിനുണ്ടത്രെ. ഇങ്ങനെ നോക്കുമ്പോള്‍ സാരി മുറിഞ്ഞു ശോഭ നിലംപതിച്ചുവെന്നത് സംശയാസ്പദമാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. കഴുത്തില്‍ മുറുകിയ സാരിത്തുണ്ടുമായി ശോഭ നിലത്ത് മരിച്ചുകിടക്കുന്നതിനര്‍ത്ഥം മരിച്ച ശേഷമായിരിക്കും സാരി കീറിയതെന്നായിരിക്കുമല്ലോ.

എന്നാല്‍ അങ്ങനെ സംഭവിക്കില്ലെന്നാണ് പലരുടെയും അഭിപ്രായം. ഭാരം താങ്ങാനാവാതെ സാരി കീറണമെങ്കില്‍ കഴുത്തില്‍ കുരുക്കുമുറുകി, മരണവെപ്രാളത്തില്‍ കൈകാലുകളിട്ടടിക്കുന്ന നിമിഷത്തില്‍ തന്നെ അത് സംഭവിക്കണമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ശോഭ ഒരിക്കലും മരിക്കുമായിരുന്നില്ല. ശരീരം നിശ്ചലമായ ശേഷം സാരി കീറാന്‍ സാധ്യതയില്ലെന്നവര്‍ തറപ്പിച്ചുപറയുന്നു. തൂങ്ങിക്കിടന്നപ്പോള്‍തന്നെ ജീവന്‍ പോയിരുന്നെങ്കില്‍, സാരി കീറാതെ മൃതദേഹം തൂങ്ങിത്തന്നെ നില്‍ക്കുമായിരുന്നെന്നുമവര്‍ പറയുന്നു.

മൃതദേഹം നിലത്തുനിവര്‍ന്നാണ് കിടന്നിരുന്നത്. അതും ഒരു സംശയകാരണമാണ്. തൂങ്ങിയ കയറോ, സാരിയോ അറ്റ് മരിച്ചുവീഴുന്നയാള്‍ തറയില്‍ നേരെ കിടക്കില്ലെന്നതാണ് സംശയത്തിന്‍റെ മറ്റൊരടിസ്ഥാനം. അങ്ങനെ കാണപ്പെടണമെങ്കില്‍ പോലീസ് വന്നുപരിശോധിക്കും മുമ്പ് മൃതദേഹം മറ്റാരെങ്കിലും മാറ്റിക്കിടത്തിയിരിക്കും. അതിന് പിന്നിലെ കാരണം ഇപ്പോഴും ദുരൂഹമാണ്.

ശോഭയുടെ മരണം ആത്മഹത്യയാണ് എന്ന തീരുമാനത്തിലെത്താന്‍ പോലീസിനെ പ്രേരിപ്പിച്ച പ്രധാന കാര്യം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടായിരുന്നു. കഴുത്തില്‍ കുരുക്കുമുറുക്കി ശ്വാസം മുട്ടി മരിച്ചുവെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ പല വിദഗ്ദ്ധന്മാരും ഇതിന്‍റെ സാധുതയെ ചോദ്യം ചെയ്തിരുന്നു. ജീവന്‍ വേര്‍പെട്ട ശരീരം ഏകദേശം രണ്ടുമണിക്കൂര്‍ നേരം തൂങ്ങിനിന്നാല്‍, സ്വയം തൂങ്ങി ആത്മഹത്യ ചെയ്താല്‍ എന്തെല്ലാം ലക്ഷണങ്ങള്‍ കാണപ്പെടുമോ അതെല്ലാം ഉണ്ടാകുമെന്ന് മെഡിക്കല്‍ ജൂറിസ് പ്രുഡന്‍സിലെ വിദഗ്ദ്ധരായ പലരും വിലയിരുത്തുന്നു. ആത്മഹത്യാനിഗമനത്തില്‍ പോലീസ് എത്താന്‍ മറ്റൊരു കാരണം ശോഭ എഴുതിയതായിപ്പറയുന്ന ഒരു കത്താണ്.

എന്നാല്‍ ശോഭ മരിച്ച ദിവസം ഇങ്ങനൊരു കത്തിനെക്കുറിച്ച് ആരും പറഞ്ഞിരുന്നില്ല. മരിച്ച ദിവസം തന്നെ പോലീസ് ശോഭയുടെ മുറിയും വീടുമെല്ലാം വിശദമായി പരിശോധിച്ചിരുന്നു. അന്നൊന്നും കാണാത്ത കത്താണ് പിന്നെ കണ്ടെത്തിയത്. സാധാരണഗതിയില്‍ ആത്മഹത്യക്കൊരുങ്ങുന്ന ഒരാള്‍, ഒരു കത്തെഴുതിവയ്ക്കുകയാണെങ്കില്‍ അത് പെട്ടെന്ന് കണ്ണില്‍പ്പെടുന്ന സ്ഥലത്തേക്കായിരിക്കും വയ്ക്കുക. എന്നാല്‍ ഇവിടെ അത് സംഭവിച്ചിട്ടില്ല.
സാഹചര്യങ്ങളെയും ചില സംഭവങ്ങളെയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ശോഭയുടെ മരണത്തിന് പിന്നില്‍ ചില നിഗൂഢതകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് ചിലര്‍ വാദിക്കുന്നത്. മരണം സംഭവിക്കുന്നതിന് തലേന്നുരാത്രി ഏപ്രില്‍ 30 ന് കരുണാനിധി നഗറിലെ വീട്ടില്‍ ബാലുമഹേന്ദ്രയും ശോഭയും കാറില്‍ വന്നിറങ്ങുമ്പോള്‍ അവരോടൊപ്പം ഒരു യുവനടനും ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.

മലയാളിയും തമിഴ്നടനും അന്ന് അവാര്‍ഡ് സംവിധായകനുമായ ആ യുവനടന്‍ ആ സമയത്ത് അവരോടൊപ്പം എന്തിനുവന്നുവെന്ന് ആര്‍ക്കും അറിയില്ല. കാറില്‍ നിന്നിറങ്ങിയപ്പോള്‍ ബാലുമഹേന്ദ്ര ശോഭയെ തല്ലിയെന്നും ശോഭ കരഞ്ഞുകൊണ്ട് വീട്ടിലേയ്ക്ക് ഓടിപ്പോയെന്നും പറയുന്നു. വീടിനെതിരെയുള്ള കടക്കാരന്‍ ഇതിന് സാക്ഷിയാണ്. ഇതുകൂടാതെ ശോഭയുടെ വീട്ടില്‍ നിന്ന് എല്ലാ രാത്രികളിലും കരച്ചിലും ബഹളവും കേള്‍ക്കുമായിരുന്നെന്ന് അയല്‍വാസികളും മറ്റു കച്ചവടക്കാരും പറഞ്ഞിരുന്നു.

എന്നാല്‍ അവര്‍ പോലീസിനെ ഭയന്ന് ഇതൊന്നും തുറന്നുപറഞ്ഞിരുന്നില്ല. എന്തായാലും ശോഭയും ബാലുമഹേന്ദ്രയും അന്ത്യനാളുകളില്‍ ഒട്ടും യോജിപ്പിലായിരുന്നില്ലെന്നും മാനസികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും ഇതില്‍നിന്നും വ്യക്തമാക്കപ്പെടുന്നു. 1985 സെപ്തംബര്‍ 22 ലെ നാനയില്‍ ഇതേക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

ശോഭ മരിക്കുന്നത് 1980 മെയ് 1 നാണ്. ദക്ഷിണേന്ത്യന്‍ ചലച്ചിത്രലോകത്തെ സ്വാഭാവിക അഭിനയത്തിന്‍റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു അവര്‍. അവരുടെ ദുരൂഹമരണം അക്കാലത്ത് സിനിമാമേഖലയില്‍ വലിയ പ്രകമ്പനം തന്നെ സൃഷ്ടിച്ചിരുന്നു. കെ.ജി. ജോര്‍ജ്ജ്, അവരുടെ മരണത്തെ ഇതിവൃത്തമാക്കി ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് എന്നൊരു ചലച്ചിത്രംതന്നെ സൃഷ്ടിച്ചു. ആ പാവം നടിയുടെ മികച്ച അഭിനയപ്രതിഭയുടെ 46-ാം ചരമവാര്‍ഷികദിനമാണ് വരുന്ന മെയ് 1. സിനിമയുടെ സര്‍വ്വതിളങ്ങള്‍ക്കുമപ്പുറം ആരോടും പറയാന്‍ കഴിയാത്ത നോവിന്‍റെ യാഥാര്‍ത്ഥ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന് തെളിയിക്കുന്നതാണ് ശോഭയുടെ ജീവിതം.


 

Tags
Shobha balumahendra urvasi Shobha balumahendra