Wednesday, 10 June 2026 | 05:15 PM

Interviews

നടനം മോഹനം വിസ്മയം -കുമാര്‍ശാന്തി

അപ്പൂസ് കെ.എസ് 05 May 2026 12:30 PM
നടനം മോഹനം വിസ്മയം -കുമാര്‍ശാന്തി

നൃത്തവൈഭവത്താല്‍  സിനിമാലോകത്തെ ആകമാനം വിസ്മയിപ്പിച്ച കുമാര്‍ശാന്തി 'നാന'യ്ക്കൊപ്പം...

പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയില്‍ മമ്മൂക്കയെക്കൊണ്ട് ഡാന്‍സ് ചെയ്യിപ്പിച്ച അനുഭവം...?

സിനിമയിലെ ആ ടീമിനെയാണ് ഞാന്‍ ആദ്യം നോക്കിയത്. ഫാസില്‍ സാറിന്‍റെ സംവിധാനത്തില്‍ മമ്മൂക്കയുടെ അഭിനയം. സെറ്റിലെ എല്ലാ കണ്‍ട്രോളും ഫാസില്‍ സാറിന്‍റെ കയ്യിലാണ്. നമുക്കറിയാം, മമ്മൂക്ക അങ്ങനെ അധികം ഡാന്‍സ് ചെയ്യാത്ത നടനാണ്. അപ്പോള്‍ അദ്ദേഹത്തിനു വേണ്ടി, അദ്ദേഹം ചെയ്യുന്ന കഥാപാത്രത്തിനുവേണ്ടി ചെറിയ ക്യൂട്ട് സ്റ്റെപ്സ് ഒക്കെ സെറ്റ് ചെയ്തുകൊടുത്തു. അത് അദ്ദേഹം അടിപൊളിയായി തന്നെ സിനിമയില്‍ ചെയ്യുകയും ചെയ്തു. ആ പാട്ടും ഹിറ്റ് ആയിരുന്നല്ലോ.

മലയാളത്തിന്‍റെ നടനവിസ്മയം മോഹന്‍ലാലിനെക്കൊണ്ട് നൃത്തം ചെയ്യിപ്പിച്ച അനുഭവങ്ങള്‍...?

അദ്ദേഹം ഒരു മാജിക്ക് ആണ്. നമ്മള്‍ എന്താണോ പഠിപ്പിക്കുന്നത് അതിന്‍റെ ടെക്നിക്കല്‍ വശം കൂടി അദ്ദേഹം നിരീക്ഷിക്കും. എല്ലാ നൃത്ത ഇനങ്ങളും അദ്ദേഹത്തിന് ചെയ്യാന്‍ പറ്റിയിട്ടുണ്ട്. ഫോക് സ്റ്റെപ്സ് പോലും അദ്ദേഹം അടിപൊളിയായി തന്നെ ചെയ്യും. ലാല്‍ സാര്‍ അദ്ദേഹത്തിന്‍റെ ശൈലിയും കൂടി നമ്മള്‍ പറയാതെ തന്നെ അതില്‍ ഉള്‍പ്പെടുത്തും.

ദേവദൂതന്‍ എന്ന സിനിമയിലെ പൂവേ പൂവേ പാലപ്പൂവേ എന്ന സിനിമയിലെ കൊറിയോഗ്രാഫ് അനുഭവങ്ങള്‍?

അത് ഊട്ടിയില്‍ വച്ചായിരുന്നു. വളരെ പെട്ടെന്ന് ഷൂട്ട് ചെയ്യേണ്ടി വന്നു അത്. എനിക്ക് തെങ്കാശിപ്പട്ടണത്തിന്‍റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. അതിന് പോകണമായിരുന്നു. മൂന്നുദിവസം കൊണ്ട് ചെയ്തുതീര്‍ക്കണമായിരുന്നു. ലാലേട്ടനും ഡേറ്റ് കുറവായിരുന്നു. കോളേജിലെ പിള്ളേരുടെ കൂടെ ലാലേട്ടന്‍ അടിപൊളിയായി ചെയ്തു.

ജഗതി ശ്രീകുമാറിനെ മലയാളസിനിമ ഇപ്പോള്‍ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. തകില് പുകില്, പൊട്ടുകുത്തടി പുടവ ചുറ്റടി തുടങ്ങി അദ്ദേഹത്തിന്‍റെ കൂടെ വര്‍ക്ക് ചെയ്യാന്‍ താങ്കള്‍ക്ക് സാധിച്ചിട്ടുണ്ട്. ജഗതി ശ്രീകുമാറിന്‍റെ കൂടെയുള്ള അനുഭവങ്ങള്‍ എങ്ങനെ ഓര്‍മ്മിക്കുന്നു?

ലാല്‍ സാറിനെ എടുത്ത് പറയാവുന്നപോലെ തന്നെ ജഗതിച്ചേട്ടനെയും ജഗദീഷിനെയും പറയാനാകും. നല്ല ടൈമിംഗ് ആണ് ഇവര്‍ക്ക്. ഭയങ്കര പെര്‍ഫെക്ട് ആണ് ഇരുവരും. നന്നായി നിരീക്ഷിക്കുകയും ചെയ്യും. അങ്ങനെയുള്ള ആര്‍ട്ടിസ്റ്റുകളുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ഞങ്ങളുടെ ജോലി കുറച്ചധികം എളുപ്പമാകും. ഒരു സ്റ്റെപ്പ് ഒരൊറ്റത്തവണ കണ്ടാല്‍ മതി. നമ്മള്‍ ദൂരെ നിന്ന് സ്റ്റെപ്പ് കമ്പോസ് ചെയ്യുന്നത് തന്നെ അവര്‍ വീക്ഷിക്കാറുണ്ട്. പിന്നീട് അടുത്തുവന്ന് അതൊന്ന് പഠിച്ചെടുത്താല്‍ മാത്രം മതി. സിനിമാമേഖലയില്‍ അവര്‍ക്ക് അത്രയധികം മതിപ്പുണ്ട്, മര്യാദയുണ്ട്.

സുരേഷ്ഗോപിയുടെ കൂടെ ടൈം, പ്രണയവര്‍ണ്ണങ്ങള്‍, മേഘസന്ദേശം തുടങ്ങിയ ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്?

സുരേഷ് സാറിന്‍റെ ഒരുപാട് പാട്ടുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. സാറിനെ ദൂരെനിന്ന് കാണുമ്പോള്‍ നമ്മള്‍ക്ക്  ഭയങ്കര ദേഷ്യക്കാരന്‍ ആണെന്ന് തോന്നും എങ്കിലും അടുത്ത് വന്നാല്‍ ഭയങ്കര പാവമാണ്. ആള്‍ക്ക് ആളിന്‍റേതായ സ്റ്റൈല്‍ ഉണ്ട്.

മലയാള സിനിമയിലെ മുന്‍കാല നായികമാര്‍ എല്ലാവരും കലാപരമായി ഒട്ടേറെ കഴിവുള്ളവരാണ്. മിക്കവരും കലാതിലകങ്ങള്‍... അവരുടെ കൂടെയുള്ള പെര്‍ഫോമിങ് അനുഭവങ്ങള്‍ എങ്ങനെയായിരുന്നു?

ആദ്യംതന്നെ, സൂപ്പര്‍സ്റ്റാറായ മഞ്ജുവാര്യരുടെ കൂടെ അവരുടെ ആദ്യസിനിമയായ സല്ലാപത്തില്‍ തന്നെ വര്‍ക്ക് ചെയ്യാന്‍ പറ്റി. മേക്കപ്പ് ഒന്നുമില്ലാത്ത നീളന്‍ മുടിയുള്ള ഒരു സുന്ദരിക്കുട്ടിയായിരുന്നു. അന്ന് അവര്‍ ഇത്ര വലിയ നായിക ആകും എന്ന് കരുതിയില്ല. ആറാം തമ്പുരാന്‍ കണ്ടപ്പോഴാണ് ഇവര്‍ മികച്ച നടിയാകും എന്ന് ഉറപ്പിക്കുന്നത്. ഒരിടവേളയ്ക്കുശേഷം തിരിച്ച് എത്തിയപ്പോഴും അവര്‍ക്കു വേണ്ടി വര്‍ക്ക് ചെയ്യാന്‍ പറ്റി. കാവ്യ നൃത്തം പഠിക്കുന്ന സമയത്ത് ഒരു ശില്‍പം പോലെയാണ്. നവ്യയും മുന്നേതന്നെ ഡാന്‍സ് പഠിച്ചതുകൊണ്ട് പഠിപ്പിക്കാന്‍ എളുപ്പമാണ്.

കയ്യെത്തും ദൂരത്ത് എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്‍റെ പ്രകടനം നേരിട്ട് കണ്ട വ്യക്തിയാണ്. ഫഹദ് തന്നെ ആ സിനിമയിലെ തന്‍റെ പ്രകടനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഫഹദിന്‍റെ ഇന്നത്തെ നിലയിലേക്കുള്ള മാറ്റത്തെ എങ്ങനെ വിലയിരുത്തുന്നു?

ഷാനുവിനെ (ഫഹദിനെ) അന്ന് എല്ലാവരും കളിയാക്കി. വളരെ വര്‍ഷങ്ങളായി എനിക്ക് ഫഹദിനെഅറിയാം. ഓരോ വളര്‍ച്ചയും കണ്ടിട്ടുണ്ട്. അന്ന് സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തശേഷം വര്‍ഷങ്ങള്‍ക്കുശേഷം വന്ന തിരിച്ചുവരവ് ഞെട്ടിച്ചുകളഞ്ഞു. എന്താണ് സ്ക്രീന്‍ സ്പേസ്, എന്താണ് പെര്‍ഫോമന്‍സ് എന്നതൊക്കെ നന്നായി പഠിച്ചിട്ടാണ് അദ്ദേഹം തിരികെയെത്തിയത്. അതെല്ലാം ഫലം കണ്ടു. ഇന്ന് അദ്ദേഹം വലിയ സ്റ്റാര്‍ ആയി.

സിനിമകളില്‍ ഐറ്റം ഡാന്‍സ് ഉണ്ടാകുന്നത് സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്നതുപോലെയാണ് എന്ന് തോന്നിയിട്ടുണ്ടോ?

ഞങ്ങള്‍ക്ക് ഐറ്റം സോങ് ചെയ്യുന്നവരും മറ്റുള്ളവരും എല്ലാം ഒരുപോലെയാണ്. ഐറ്റം ഡാന്‍സ് ചെയ്യാന്‍ വരുന്നവരും നല്ല പ്രൊഫഷണല്‍ ആണ്. ഷോട്ട് കഴിഞ്ഞാല്‍ അവര്‍ സ്പേസില്‍ പോയിരിക്കുന്നത് എല്ലാം ശരീരം ഒക്കെ നന്നായി കവര്‍ ചെയ്തിട്ടാണ്. സ്ക്രീനില്‍ പ്രേക്ഷകര്‍ക്ക് വേണ്ടി മാത്രമാണ് എക്സ്പോസ് ചെയ്യുന്നത്. എനിക്ക് അങ്ങനെ അവരോട് വേര്‍തിരിവ് ഒന്നുമില്ല. ഓഫ് സ്ക്രീനിലും ഓണ്‍ സ്ക്രീനിക്കും അവരോട് നല്ല റെസ്പെക്ട് തോന്നും. മീഡിയയാണ് ഓരോന്ന് പറഞ്ഞ് വലുതാക്കുന്നത്.
 

Tags
Kumar Shanthi