നൃത്തം സംഗീതം അഭിനയം... അശ്വതി മനോജ്
പാട്ടിലും നൃത്തത്തിലും അഭിനയത്തിലും കവിതാരചനയിലും മോഡലിംഗിലുമൊക്കെ കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുള്ള ഒരു പെണ്‍കുട്ടിയാണ് അശ്വതി മനോജ്. കാസര്‍ഗോഡ് നീലേശ്വരം സ്വദേശിയായ അശ്വതി ഈയടുത്ത് തൃശൂരില്‍ നടന്ന ഒരു സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുകയും സെക്കന്‍റ് റണ്ണര്‍ അപ്പാകുകയും ചെയ്തിരുന്നു.
വീട്ടില്‍ എന്‍റെ അമ്മ ഉള്‍പ്പെടെ സംഗീതവും നൃത്തവും കുടുംബാംഗങ്ങളില്‍ മിക്കവര്‍ക്കും ഒരനുഗ്രഹമായി കിട്ടിയിട്ടുണ്ട്. അമ്മ നന്നായി പാടുകയും ഡാന്‍സ് ചെയ്യുകയും ഒക്കെ ചെയ്യുമായിരുന്നു. എന്നാല്‍, വലിയ പ്രശസ്തിയിലേയ്ക്കൊന്നും ഉയര്‍ന്നില്ല എന്നുമാത്രം. അമ്മയുടെ മനസ്സിലെ ആഗ്രഹം എന്നിലൂടെ നിറവേറണമെന്ന ചിന്തയില്‍ നിന്നുമാണ് അമ്മ എന്നെ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഡാന്‍സ് സ്കൂളില്‍ ചേര്‍ത്തത്.
ആ പ്രായം മുതല്‍ നല്ലൊരു അഭിനേത്രിയാകണം, നല്ലൊരു നര്‍ത്തകിയാകണം എന്നെല്ലാമുള്ള വലിയ ആഗ്രഹം മനസ്സില്‍ കടന്നുകൂടിയിരുന്നു.

ആല്‍ബങ്ങള്‍, ഷോര്‍ട്ട് ഫിലിം, സിനിമ, സീരിയല്‍ രംഗത്തുനിന്നും ഓഫറുകള്‍ വന്നിരുന്നോ?
പാട്ടും നൃത്തവും അഭിനയവും എല്ലാം മനസ്സിലുണ്ടായിരുന്നതുകൊണ്ട് ആ മോഹവുമായി തന്നെയായിരുന്നു കലാജീവിതയാത്ര നടന്നത്. കലയെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു കുടുംബമാണ് എന്‍റേത്. എങ്കിലും പഠനകാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിലായിരുന്നു വീട്ടുകാരുടെ ശ്രദ്ധ.
പ്ലസ് ടൂ പഠനം കഴിഞ്ഞപ്പോള്‍തന്നെ അഭിനയരംഗത്തേക്ക് ഞാന്‍ കാലെടുത്തുവച്ച് തുടങ്ങിയിരുന്നു. ആല്‍ബങ്ങളിലും ഷോര്‍ട്ട് മൂവികളിലും ഒക്കെ അഭിനയിക്കുന്ന സമയത്തുതന്നെ എനിക്ക് സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും അവസരങ്ങള്‍ വന്നിരുന്നു.
എന്നാല്‍ ആ സമയത്തുതന്നെയായിരുന്നു എന്‍റെ വിവാഹവും. വിവാഹം കഴിഞ്ഞയുടനെ ഞാന്‍ ഗള്‍ഫിലേക്ക് പോയി. ഖത്തറില്‍. ബി.എസ്.സി നേഴ്സിംഗ് പഠിച്ചിരുന്നതുകൊണ്ട് അവിടെ നേഴ്സായി ജോലി നോക്കിയിരുന്നു. നേഴ്സിംഗ് ജോലി എന്‍റെ ദീര്‍ഘകാലത്തെ പ്രൊഫഷനായി കൊണ്ടുനടക്കാന്‍ എനിക്ക് ഉദ്ദേശമില്ലായിരുന്നു. അപ്പോഴെല്ലാം മനസ്സുനിറയെ നൃത്തവും അഭിനയവും തന്നെയായിരുന്നു. കലാജീവിതം വിട്ടിട്ട് ഒരു ലൈഫ് എനിക്ക് പറ്റില്ലെന്ന് മനസ്സിലാക്കി..., അതു ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ ഞാന്‍ നാട്ടില്‍ തിരിച്ചെത്തുകയും ശ്രീജിത്ത് പലേരി സംവിധാനം ചെയ്ത 'മാംഗല്യം തന്തുനാനെ...' എന്ന സീരിയലില്‍ അഭിനയിക്കുകയും ചെയ്തു.

അഭിനയമാണോ, നൃത്തമാണോ ഇപ്പോള്‍ കൂടുതലായി ഫോക്കസ് ചെയ്യുന്നത്? ഖത്തറില്‍ ആയിരിക്കുമ്പോള്‍ കലാരംഗത്ത് പ്രവര്‍ത്തിച്ചിരുന്നോ?
നൃത്തമാണ് കൂടുതലായി ഞാന്‍ ഫോക്കസ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍, അഭിനയരംഗത്തും നല്ല കഥാപാത്രങ്ങളിലൂടെ നല്ലൊരു നടിയായി പേരെടുക്കണമെന്നൊരു ആഗ്രഹമുണ്ട്. അഭിനയം, സാഹിത്യം, സംഗീതം, മോഡലിംഗ്... ഈ മേഖലയിലെല്ലാം നിന്നുകൊണ്ട് സജീവമായി പ്രവര്‍ത്തിക്കണമെന്നും ആഗ്രഹിക്കുന്നു. ഒരു ഡാന്‍സ് സ്ക്കൂള്‍ തുടങ്ങണമെന്നും നല്ലൊരു നര്‍ത്തകി എന്ന നിലയില്‍ പ്രശസ്തിയും അംഗീകാരവും നേടണമെന്നും ആഗ്രഹിക്കുന്നു.
ഖത്തറിലും എന്‍റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാന്‍ ശ്രമിച്ചു. ഒരുപാട് സ്റ്റേജ് ഷോയില്‍ അവിടെ പങ്കെടുത്തിട്ടുണ്ട്. ഖത്തറില്‍ നടന്ന കേരളോത്സവത്തില്‍ എനിക്ക് സ്പീച്ചില്‍ സെക്കന്‍റ് പ്രൈസ് കിട്ടിയിട്ടുണ്ട്. കലയിലൂടെത്തന്നെ ജീവിക്കണം എന്നതാണ് ഇപ്പോഴത്തെ എന്‍റെ ആഗ്രഹം. കലാരംഗത്ത് കുറച്ചെങ്കിലും എന്‍റെ കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. അതിന് ഞാന്‍ ഈശ്വരനോട് നന്ദി പറയുന്നു.
വീട്ടുകാരുടെയെല്ലാം സപ്പോര്‍ട്ട് എങ്ങനെ?
എല്ലാവരും നല്ല സപ്പോര്‍ട്ട് തരുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് എട്ടുവയസ്സുള്ളപ്പോള്‍ തന്നെ എന്നെ നൃത്തവും സംഗീതവും ഒക്കെ പഠിപ്പിക്കാന്‍ ചേര്‍ത്തത്. എന്‍റെ അമ്മയുടെ ഒരനുജത്തിയുണ്ട്. ആ ആന്‍റിയാണ് കലയുമായി ബന്ധപ്പെട്ടതെല്ലാം പഠിപ്പിക്കാന്‍ കൂടെയുണ്ടായിരുന്നത്. കവിത ചൊല്ലാനും കവിത എഴുതാനും എല്ലാം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞപ്പോള്‍ കലാരംഗത്തുള്ള എന്‍റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് ഹസ്ബന്‍റും എനിക്ക് നല്ല പ്രോത്സാഹനം തരുന്നുണ്ട്.
എങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുവാനാണ് താല്‍പ്പര്യം?
നമ്മള്‍ സാധാരണ കണ്ടുവരുന്ന കഥാപാത്രങ്ങള്‍. നെഗറ്റീവായാലും പോസിറ്റീവായാലും അഭിനയസാദ്ധ്യതയുള്ള ഏത് റോളും അഭിനയിക്കണം എന്നുതന്നെയാണ് ആഗ്രഹിക്കുന്നത്.

തൃശൂരില്‍ ഈയിടെ നടന്ന സൗന്ദര്യമത്സരത്തില്‍ പ്രൈസ് കിട്ടി അല്ലെ?
അതെ. തീരെ പ്രതീക്ഷിക്കാതിരുന്നപ്പോള്‍ ഒരു പ്രിപ്പറേഷനും ഇല്ലാതിരിക്കുമ്പോള്‍. ഇതിന് മുന്‍പ് ഞാന്‍ കുറച്ച് ഡിസൈന്‍ ഷോ ചെയ്തിട്ടുണ്ടായിരുന്നു. പെട്ടെന്നാണ് ഇങ്ങനെ ഒരവസരം കൈവരുന്നത്. പ്രിപ്പറേഷനൊന്നുമില്ലെങ്കിലും ഒന്നു ശ്രമിച്ചുനോക്കാം എന്നുമാത്രം കരുതി പങ്കെടുത്തു. ഒരു പരീക്ഷണം എന്ന നിലയില്‍ കയറി. ടോപ്പ് സിക്സ്ത്തില്‍ ഞാനെത്തുകയും പിന്നെ ടോപ്പ് ത്രീയിലേയ്ക്ക് എത്തുന്നു. സെക്കന്‍റ് റണ്ണര്‍ അപ്പായി എന്നെ തിരഞ്ഞെടുത്തു. അതറിഞ്ഞപ്പോള്‍ വലിയ സന്തോഷമായി. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനം.
പുതിയ സിനിമ..., പുതിയ സീരിയല്‍?
പുതിയ ചില ഓഫറുകള്‍ വന്നിട്ടുണ്ട്. അതിന്‍റെ ചര്‍ച്ചകളും ആലോചനകളും നടന്നുവരികയാണ്. ഒന്നും തീരുമാനിച്ചില്ല.