'ചെറിയ അദ്ധ്വാനം പോലും നിനക്ക് ചെയ്യാനാവില്ലേ...' എന്ന് അച്ഛന്‍ പരോക്ഷമായി ചോദിക്കും. ആ വെല്ലുവിളി എനിക്ക് ഇഷ്ടപ്പെട്ടു. തീര്‍ച്ചയായും എന്‍റെ ഓരോ ചലനത്തേയും അച്ഛനുമായി താരതമ്യപ്പെടുത്തും. അത് ഒഴിവാക്കാനാവില്ല തന്നെ... -ധ്രുവ് വിക്രം
തമിഴ് സിനിമയില്‍ ഒരു താരപുത്രന്‍കൂടി ആധിപത്യം ഉറപ്പിക്കയാണ്. തെന്നിന്ത്യന്‍ താരം വിക്രമിന്‍റെ പുത്രന്‍ ധ്രുവ് വിക്രം 'ബൈസന്‍' എന്ന ചിത്രത്തിന്‍റെ വിജയത്തിലൂടെ അഭിനയമികവുകൊണ്ട് ആരാധകശ്രദ്ധനേടി തന്‍റെ സ്ഥാനം ഉറപ്പിച്ചുവെന്ന് പറയാം. 'ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ എന്നാണല്ലോ ചൊല്ല്. അതുപോലെ അരങ്ങേറ്റച്ചിത്രമായ 'ആദിത്യ വര്‍മ്മ' അച്ഛനൊപ്പം അഭിനയിച്ച 'മഹാന്‍' എന്നീ സിനിമകള്‍ ഉദ്ദേശിച്ച വിജയം നേടിയില്ലെങ്കിലും 'ബൈസന്‍' ആ ക്ഷീണം തീര്‍ത്തിരിക്കയാണ്. ഈ സിനിമയുടെ വിജയം ധ്രുവിന് പുതിയ ഊര്‍ജ്ജവും ഉത്തേജനവുമാണ് നല്‍കിയിരിക്കുന്നത്. അടുത്തിടെ ധ്രുവ് വിക്രമുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍...
ബൈസനാണ് നിങ്ങളുടെ ആദ്യത്തെ സിനിമ എന്ന് അഭിമുഖങ്ങളില്‍ പറയുന്നത് എന്തുകൊണ്ടാണ്..?
ധ്രുവ് വിക്രം: ഞാന്‍ തെറ്റിപ്പറഞ്ഞതൊന്നുമല്ല. അരങ്ങേറ്റ ചിത്രമായ 'ആദിത്യവര്‍മ്മ' റീമേക്ക് ചിത്രമായിരുന്നു. അതിനുശേഷം അഭിനയിച്ച 'മഹാന്‍' അച്ഛന്‍റെ സിനിമയായിരുന്നു. ഒരു നടനായി പൂര്‍ണ്ണസമര്‍പ്പണത്തോടെ ജോലി ചെയ്തതും, ഒരു മനുഷ്യനായി ഈ സമൂഹത്തിന് ഒരു നല്ല സന്ദേശം നല്‍കാനായതും 'ബൈസന്‍' എന്ന ചിത്രത്തിലൂടെയാണ്. അപ്പോള്‍ ഈ സിനിമയല്ലേ എന്‍റെ ആദ്യസിനിമ എന്ന് പറയാനാവൂ.

ഒരു കായിക അഭ്യാസിയായി മാറാന്‍ ഏറെ ബുദ്ധിമുട്ടിയോ?
ധ്രുവ് വിക്രം: ബുദ്ധിമുട്ട് എന്ന് ഞാന്‍ പറയില്ല. കുറെ അധികം അദ്ധ്വാനിച്ചു എന്നുവേണമെങ്കില്‍ പറയാം. ധാരാളം വര്‍ക്ക് ഔട്ട് ചെയ്ത് റിയലായി കബഡി കളിച്ചു. ടെന്നീസ്, ബാഡ്മിന്‍റന്‍ എന്നിങ്ങനെയുള്ള കളികള്‍ എനിക്കറിയാം. അതൊക്കെ നേരത്തെ കളിച്ചിട്ടുമുണ്ട്. എന്നാല്‍ കബഡി ആദ്യമായിട്ടാണ്. അത് കളിച്ചത് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലോ അല്ലെങ്കില്‍ തൂത്തുവൃത്തിയാക്കിയ മൈതാനത്തോ വെച്ചല്ല. മണ്ണും പൊടിയും പറക്കുന്ന കല്ലുകള്‍ നിറഞ്ഞിടത്തുവെച്ചാണ് കളിച്ചത്. സേഫ്റ്റിക്കായി കാല്‍മുട്ടിനുള്ള ക്യാഷ്, ഷൂ, കൈമുട്ടില്‍ ബെല്‍റ്റ് എന്നിങ്ങനെയുള്ള ഒരു മുന്‍കരുതലുകളും ഇല്ലായിരുന്നു. വളരെ നാച്ച്വറലായിട്ടാണ് കളിച്ചത്. എന്‍റെ ജീവിതത്തില്‍ എനിക്കീ കളിയും അതിന്‍റെ പശ്ചാത്തലവും പരിചയമില്ല. അതുകൊണ്ട് ശീലമില്ലായിരുന്നു.
മണ്ണില്‍ കളിക്കുമ്പോള്‍ തോല്‍ ഉരിയും, മുട്ടിന് പരിക്ക് പറ്റും, കാലുകളിലെ തോല് കീറും, കാല്‍പ്പാദം തേഞ്ഞ് വേദനയെടുക്കും. ഈ വേദനയെല്ലാം സന്തോഷത്തോടെ ഞാന്‍ അനുഭവിച്ചു. പരിക്ക് പറ്റുമ്പോഴും വേദനിക്കുമ്പോഴും 'ജയിക്കണമെങ്കില്‍ ബുദ്ധിമുട്ടിയേ പറ്റൂ... ഒരു വിജയവും അത്ര എളുപ്പത്തില്‍ കിട്ടില്ല. എന്‍റെ അച്ഛന്‍ അനുഭവിച്ച വേദനകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വേദനയൊന്നും വേദനയല്ല' എന്ന് മനസ്സ് പറയും. ആ സെക്കന്‍റില്‍ വേദനയെല്ലാം അപ്രത്യക്ഷമാവും. എന്നാല്‍ ഷൂട്ടിംഗ് സമയത്ത് എനിക്കൊരു നിസ്സാരപരിക്ക് പറ്റിയാല്‍ പോലും ഡയറക്ടര്‍ മാരി സെല്‍വരാജ് സാര്‍ പേടിച്ച് ഓടിവന്ന് എന്നെ പൊക്കിയെടുത്ത് പ്രഥമശുശ്രൂഷകള്‍ നല്‍കുമായിരുന്നു.

സംവിധായകന്‍ പ്രത്യേക പരിശീലനത്തിന് എന്തെങ്കിലും ഏര്‍പ്പാട് ചെയ്തിരുന്നോ?
ധ്രുവ് വിക്രം: എനിക്ക്(എന്‍റെ കഥാപാത്രത്തിന്) ജീവന്‍ നല്‍കി. ആദ്യം എന്നെ ഒരു നാട്ടില്‍ കൊണ്ടുചെന്ന് വിട്ടു. അവിടെയുള്ള കൊച്ചുപയ്യന്മാര്‍ കബഡികളിയില്‍ വെറിപിടിച്ചവരായിരുന്നു. അവര്‍ക്കൊപ്പം കബഡി കളിക്കാന്‍ പറഞ്ഞു. അവര്‍ക്കൊപ്പം ജീവിക്കാന്‍ പറഞ്ഞു. ദിവസവും ഏറ്റവും ചുരുങ്ങിയത് ഒരു മണിക്കൂര്‍ കബഡികളി. അതിനുശേഷം അവിടെയുള്ള ആടുമാടുകളെ മേയ്ക്കണം. പിന്നെ നീന്തല്‍ പരിശീലനം. ഇങ്ങനെ ഒട്ടേറെ, ടാസ്ക് തന്നു.
ഒരു ഘട്ടത്തില്‍ ഞാനാരാണ്... ഞാന്‍ എവിടെയാണ്... ഞാന്‍ എവിടെയായിരുന്നു.. ഇപ്പോള്‍ എവിടെയാണുള്ളത് എന്നതുതന്നെ മറന്നു. ആ നാട്ടുകാരനായി ജീവിക്കാന്‍ തുടങ്ങി. അവിടുത്തെ ജനങ്ങളും എന്നെ അവരില്‍ ഒരാളായി സ്വീകരിച്ച് എന്നോട് ഇടപഴകാന്‍ തുടങ്ങി. ഈ റിയാലിറ്റി വന്നശേഷമാണ് മാരി സാറിന്‍റെ മുഖത്ത് പുഞ്ചിരി കണ്ടത്. ഇതിനെ പരിശീലനം എന്നുപറഞ്ഞാല്‍ ഞാന്‍ അത് അക്സപ്റ്റ് ചെയ്യുന്നു. എന്നാല്‍ ഇത് എന്‍റെ ജീവിതത്തിന്‍റെ തുടക്കമായിരുന്നു.
സിനിമാപ്രയാണത്തിന് നല്ല രീതിയില്‍ തുടക്കം കുറിക്കുമ്പോള്‍ തന്നെ കടുത്ത വിമര്‍ശനങ്ങളേയും ധ്രുവിന് നേരിടേണ്ടി വന്നല്ലോ...?
ധ്രുവ് വിക്രം: അതെ, നല്ലതുപറഞ്ഞാല്‍ ഞാന്‍ ഉള്‍ക്കൊള്ളും, സ്വീകരിക്കും. അതേസമയം അഭ്യൂഹങ്ങള്‍, അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ ഇവയിലൊന്നും ശ്രദ്ധ ചെലുത്താറില്ല. സോഷ്യല്‍ മീഡിയായിലും ഞാന്‍ അത്ര ആക്ടീവല്ല.

അച്ഛന്‍ അഭിപ്രായങ്ങള്‍ പറയാറുണ്ടോ?
ധ്രുവ് വിക്രം: അദ്ദേഹം കലയുടെ കാര്യത്തിലോ പ്രോജക്ടുകളുടെ കാര്യത്തിലോ ഒന്നും തല കടത്താറില്ല. ബൈസനുവേണ്ടി ഞാന്‍ ബുദ്ധിമുട്ടിയതിനെക്കുറിച്ച് കേട്ടിട്ടും അദ്ദേഹം വിഷമിച്ചില്ല. പകരം, ഒരു സിനിമയ്ക്കുവേണ്ടി പോരാടാന്‍ തുടങ്ങി എന്നുപറഞ്ഞ് സന്തോഷിച്ചു. ഒരു കാര്യം പറയാം, അച്ഛനോളം ഒരു സിനിമയ്ക്കുവേണ്ടി ഞാന്‍ മെനക്കെടുമോ എന്ന് പറയാനാവില്ല.
അച്ഛനുമായുള്ള താരതമ്യപ്പെടുത്തല്‍ നേരിടാന്‍ ഒരുങ്ങിക്കഴിഞ്ഞോ?
ധ്രുവ് വിക്രം: ഞാന്‍ തയ്യാറെടുത്തുകഴിഞ്ഞു. എനിക്ക് അഖില്‍ എന്ന് പേര് വയ്ക്കാനായിരുന്നു അമ്മ ആഗ്രഹിച്ചത്. എന്നാല്‍ അച്ഛന്‍ നിശ്ചയിച്ചത് ധ്രുവ് എന്ന പേരാണ്. ഞാന്‍ ധ്രുവനക്ഷത്രം പോലെയാവണം എന്ന് ഞാന്‍ ജനിച്ചപ്പോള്‍തന്നെ അദ്ദേഹം തീരുമാനിച്ചിരിക്കുന്നിരിക്കാം. ഏത് തുറയില്‍ ഞാന്‍ ഉണ്ടാവണം എന്ന് അച്ഛനോ അമ്മയോ അല്ല തീരുമാനിച്ചത്. എന്നാല്‍ എന്‍റെ തിരഞ്ഞെടുപ്പിനെ(സിനിമ) അവര്‍ പൂര്‍ണ്ണമായി അംഗീകരിച്ച് പ്രോത്സാഹിപ്പിച്ചു. സിനിമാരംഗം തിരഞ്ഞെടുത്തത് ഞാന്‍ തന്നെയാണ്. അച്ഛന്‍ ഞാന്‍ അദ്ദേഹത്തെക്കാള്‍ മുന്നിലെത്തണം എന്ന് ആഗ്രഹിച്ചു. ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും അദ്ദേഹം എനിക്ക് പരോക്ഷമായി വെല്ലുവിളികള്‍ നല്‍കിക്കൊണ്ടിരുന്നു.
അദ്ദേഹം പറയുകയുണ്ടായി 'ഞാന്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സാമ്പത്തികശേഷി കുറവായിരുന്നു. അവസരങ്ങള്‍ക്കായി കുറേയേറെ അദ്ധ്വാനിക്കേണ്ടി വന്നു. നിനക്ക് എല്ലാ സൗകര്യങ്ങളുമുണ്ട്. എല്ലാം സുലഭമായി നടക്കുന്നു. അങ്ങനെയുള്ളപ്പോള്‍ ചെറിയ അദ്ധ്വാനം പോലും നിനക്ക് ചെയ്യാനാവില്ലേ...' എന്ന് പരോക്ഷമായി ചോദിക്കും. ഈ വെല്ലുവിളി എനിക്ക് ഇഷ്ടപ്പെട്ടു. തീര്‍ച്ചയായും എന്‍റെ ഓരോ ചലനത്തേയും അച്ഛനുമായി താരതമ്യപ്പെടുത്തും. അത് ഒഴിവാക്കാനാവില്ല തന്നെ. പക്ഷേ തുടക്കത്തില്‍ മാത്രമേ അച്ഛന്‍റെ പശ്ചാത്തലം സിനിമയില്‍ എനിക്ക് സഹായകമാവുകയുള്ളൂ. അതിനുശേഷം മുന്നേറണമെങ്കിലും ഇവിടെ സ്ഥിരപ്രതിഷ്ഠ നേടണമെങ്കിലും കുറച്ച് ബുദ്ധിമുട്ടിയേ മതിയാവൂ. അത്ര എളുപ്പം ഉയരത്തിലെത്താനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അമ്മ ആരുടെ ആരാധികയാണ്... അച്ഛന്‍റെയോ ധ്രുവിന്‍റെയോ...?
ധ്രുവ് വിക്രം: വളരെ റിസ്ക്കുള്ള ചോദ്യമാണിത്. 'എന്തൊക്കെ ഭര്‍ത്താവ് നേടിയാലും മകന്‍ ചെയ്യുന്നത് അതിനെ നിഷ്പ്രഭമാക്കും' എന്നാണ് പറയാറ്. അങ്ങനെ നോക്കുമ്പോള്‍, അമ്മ എന്‍റെ ആരാധികയാണ് എന്നാണ് ഞാന്‍ കരുതുന്നത്. എന്തുകൊണ്ടെന്നാല്‍ അച്ഛനേക്കാള്‍ അധികം അമ്മ എന്നെ പ്രശംസിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഒരു അച്ഛനായി ഇതോര്‍ത്ത് അദ്ദേഹം സന്തോഷിക്കും എന്നാണ് ഞാന്‍ കരുതുന്നത്. ഒരുപക്ഷേ അച്ഛനും എന്‍റെ ആരാധകനാവാം. അദ്ദേഹം അത് പ്രകടിപ്പിക്കാതിരിക്കുന്നതാവാം.