Friday, 09 October 2026 | 12:56 AM

Latest

ധൈര്യത്തിന് രണ്ടെണ്ണം അടിച്ചിട്ടുണ്ട് കേട്ടോ..; ലണ്ടനിൽ ധ്യാനിന്റെ തകർപ്പൻ പെർഫോമൻസ്

sreyas 29 June 2026 06:22 AM
ധൈര്യത്തിന് രണ്ടെണ്ണം അടിച്ചിട്ടുണ്ട് കേട്ടോ..; ലണ്ടനിൽ ധ്യാനിന്റെ തകർപ്പൻ പെർഫോമൻസ്

Highlights

 'ഓമൽ കൺമണി'യുടെ ഇൻട്രോ സംഗീതം മുഴങ്ങിയതോടെ സദസ്സ് ആവേശത്തിലായി

ലണ്ടനിൽ നടന്ന മോഹൻലാലിന്റെ 'ബിയോണ്ട് ദ സ്‌ക്രീൻ' ലൈവ് ഷോയിൽ നടൻ ധ്യാൻ ശ്രീനിവാസൻ പാടിയ ഗാനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കെ.എസ്. ചിത്രയ്‌ക്കൊപ്പം മോഹൻലാൽ ചിത്രം നരനിലെ 'ഓമൽ കൺമണി' എന്ന ഗാനമാണ് ധ്യാൻ ആലപിച്ചത്. സിനിമയിൽ സഹോദരൻ വിനീത് ശ്രീനിവാസൻ പാടിയ ഭാഗം വേദിയിൽ ധ്യാൻ അവതരിപ്പിച്ചതും ശ്രദ്ധേയമായി.

ശനിയാഴ്ച ലണ്ടനിലെ ഓവോ അരീന വെംബ്ലിയിൽ അരങ്ങേറിയ പരിപാടിയിൽ മോഹൻലാലിനൊപ്പം കലാഭവൻ ഷാജോൺ, ഷൈൻ ടോം ചാക്കോ, സ്വാസിക, സാനിയ അയ്യപ്പൻ, ജീവ, റംസാൻ മുഹമ്മദ്, അഞ്ജു ജോസഫ്, വിധു പ്രതാപ് തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തു. മോഹൻലാൽ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളും നൃത്തരൂപങ്ങളുമാണ് പരിപാടിയുടെ പ്രധാന ആകർഷണമായത്.

കെ.എസ്. ചിത്രയ്‌ക്കൊപ്പമുള്ള മോഹൻലാലിന്റെ ഗാനത്തിന് ശേഷമാണ് ധ്യാൻ വേദിയിലെത്തിയത്. "ഇത്രയും വലിയ സ്വീകരണം പ്രതീക്ഷിച്ചില്ല" എന്ന് പറഞ്ഞ ധ്യാൻ, "ധൈര്യത്തിന് രണ്ടെണ്ണം അടിച്ചിട്ടുണ്ട്" എന്ന തമാശയും പങ്കുവെച്ചു. അതിന് മറുപടിയായി, "ധ്യാനിനെ എല്ലാവർക്കും അത്ര ഇഷ്ടമാണ്" എന്ന് ചിത്ര പറഞ്ഞപ്പോൾ, "ഞാൻ പാടിത്തുടങ്ങിയാൽ ആ ഇഷ്ടമെല്ലാം പോകും" എന്നായിരുന്നു ധ്യാനിന്റെ രസകരമായ മറുപടി.

തുടർന്ന് 'ഓമൽ കൺമണി'യുടെ ഇൻട്രോ സംഗീതം മുഴങ്ങിയതോടെ സദസ്സ് ആവേശത്തിലായി. ചിത്രയുടെ ആലാപനത്തിനും പിന്നാലെ ധ്യാൻ 'ഓ... നരൻ' ഭാഗം പാടിയപ്പോൾ കാണികൾ കൈയടികളോടെയും മൊബൈൽ ഫ്ലാഷ് ലൈറ്റുകളോടെയും വേദിയെ വരവേറ്റു.

ധ്യാനിന്റെ ആലാപനത്തിന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രശംസ ലഭിക്കുന്നതിനൊപ്പം, വേദിയിൽ നടത്തിയ മദ്യപാനത്തെ പരാമർശിച്ച തമാശ ചിലരിൽ വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്.