Wednesday, 10 June 2026 | 01:54 PM

Interviews

കക്ഷി അമ്മിണിപ്പിള്ള, കിഷ്കിന്ധാകാണ്ഡം എന്നീ സിനിമകളുടെ സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍ അനുഭവങ്ങള്‍ പങ്കിടുമ്പോള്‍...

രജനികൃഷ്ണ 05 May 2026 12:30 PM
കക്ഷി അമ്മിണിപ്പിള്ള, കിഷ്കിന്ധാകാണ്ഡം എന്നീ സിനിമകളുടെ സംവിധായകന്‍ 
ദിന്‍ജിത്ത് അയ്യത്താന്‍ അനുഭവങ്ങള്‍ പങ്കിടുമ്പോള്‍...

 

സിനിമാ സംവിധായകന്‍ ആവണം എന്ന ആഗ്രഹം കുഞ്ഞുനാള്‍ മുതല്‍ കൊണ്ടുനടന്ന ഒരു വ്യക്തിയല്ല ഞാന്‍. ഒരു ആവറേജ് സ്റ്റുഡന്‍റ് എന്നതിനപ്പുറം, നന്നായി വരയ്ക്കും എന്നത് മാത്രമാണ് എടുത്തുപറയാനുള്ള സവിശേഷത. പ്രീഡിഗ്രി പഠനശേഷം ഒരു മാരാര്‍ സാറാണ് ഫൈന്‍ ആര്‍ട്സ് പഠിക്കുന്നതിനെക്കുറിച്ച് എന്നോട് സംസാരിക്കുന്നത്. വരയ്ക്കാനുള്ള കഴിവിലെ എന്‍റെ ആത്മവിശ്വാസം എന്നെ ചെന്നൈ ഫൈന്‍ ആര്‍ട്സ് കോളേജില്‍ എത്തിച്ചു. പിന്നീട് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പഠിച്ചു. അവിടെനിന്നാണ് അനിമേഷന്‍ എന്നതിന്‍റെ സാദ്ധ്യതകള്‍ മനസ്സിലാക്കുന്നത്.

പിന്നീട് നേരെ പരസ്യചിത്രം എന്ന മേഖലയിലേക്ക് തിരിഞ്ഞു. അതില്‍ വലിയ കുഴപ്പങ്ങള്‍ ഇല്ലാതെ പോകുന്ന സമയത്ത് ഒരു ആര്‍ട്ട് ഡയറക്ടര്‍ ആണ് എന്നോട് എന്‍റെ കഴിവ് പരസ്യ മേഖലയില്‍ ഒതുക്കരുതെന്നും അനിമേഷന്‍ പഠിക്കണമെന്നും പറയുന്നത്. അങ്ങനെ ചെന്നൈയില്‍ പെന്‍റമീഡിയ എന്നൊരു കമ്പനിയില്‍ ചേര്‍ന്നു. ഒപ്പം അനിമേഷന്‍, 3 ഡി മോഡലിംഗ് എന്നിവ പഠിച്ചു. ലിറ്റില്‍ കൃഷ്ണ പോലുള്ള പ്രശസ്തമായ പ്രോജക്ടിന്‍റെ പല എപ്പിസോഡുകളും സൂപ്പര്‍വൈസ് ചെയ്തത് ഞാന്‍ ആയിരുന്നു. പിന്നീട് ബിഗ് അനിമേഷനില്‍ ജോയിന്‍ ചെയ്തു. 

ആ ഇടയ്ക്ക് കയ്യില്‍ ഒരു ഹാന്‍ഡി ക്യാമ് കൊണ്ടുനടക്കുന്ന പതിവെനിക്ക് ഉണ്ടായിരുന്നു. കണ്ട് ഇഷ്ടപ്പെടുന്ന പലതും ക്യാമറയില്‍ ഒപ്പിയെടുക്കും. ഒരിക്കല്‍ കൂട്ടുകാരെ പലരെയും ഒപ്പിച്ച്, ഒരു ഷോര്‍ട്ട് ഫിലിം തട്ടിക്കൂട്ടിയിരുന്നു. ഉള്ളില്‍ ഒരു സംവിധായകന്‍ ഉണ്ടെന്ന് പതുക്കെ തിരിച്ചറിയാന്‍ തുടങ്ങി. പൂനെയില്‍ തന്നെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആറുമാസത്തെ ക്രാഷ് കോഴ്സിന് കയറി. അന്ന് അവിടെയുള്ളവര്‍ക്ക് ഞാന്‍ എടുത്ത ഷോര്‍ട്ട് ഫിലിം കാണിച്ചപ്പോള്‍, നല്ല അഭിപ്രായങ്ങള്‍ ആയിരുന്നു ലഭിച്ചത്. ഇതെന്‍റെ ആത്മവിശ്വാസം കൂടാന്‍ ഒരു കാരണം ആയിട്ടുണ്ട്. അങ്ങനെ പൂനെയില്‍ നിന്ന് കൊച്ചിയിലെത്തി. സിനിമാമോഹം ഉള്ളില്‍ നില്‍ക്കേ, ടോര്‍പിഡോ എന്നൊരു അനിമേഷന്‍ സീരീസ് ചെയ്തു. ഒരുപാട് അഭിപ്രായങ്ങളും ഫാന്‍സും ആ സീരീസിനുണ്ടായിരുന്നു. 

ആ ഇയ്ക്കൊണ് സനിലേഷ് എന്ന ഒരു എഴുത്തുകാരനെ പരിചയപ്പെടുന്നത്. സ്വന്തമായി എഴുതാനുള്ള ആത്മവിശ്വാസം എനിക്ക് ഇല്ലാതിരുന്നതുകൊണ്ട് തന്നെ ഞാന്‍ അദ്ദേഹത്തോട് ഒരു സിനിമ എഴുതണം എന്നും, അതിനെക്കുറിച്ചുള്ള ചില ചര്‍ച്ചകളിലും മറ്റും ഏര്‍പ്പെട്ടു. ആ ഇടയ്ക്ക് ഞാന്‍ പല മലയാളസിനിമകളുടേയും വി.എഫ്.എക്സ് ഡയറക്ടറായും, സി.ജി ചെയ്യാനുമെല്ലാമായി പ്രവര്‍ത്തിച്ചിരുന്നു. അങ്ങനെ ബന്ധങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി.

എബ്രിഡ് ഷൈന്‍ എന്ന സംവിധായകനാണ് ഈ ബന്ധങ്ങളില്‍ ഏറെയും എനിക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത ഒരു വ്യക്തി. അങ്ങനെ കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമ ആദ്യം ദുല്‍ഖര്‍ സല്‍മാനോട് പറഞ്ഞു. പല നടന്മാരെയും, പ്രൊഡക്ഷന്‍ ഹൗസുകളെയും ആ ഇടയ്ക്ക് പരിചയപ്പെട്ടതില്‍ നിന്ന് എനിക്ക് മനസ്സിലായത്, ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ പലര്‍ക്കും നമ്മളില്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്നതാണ്. സ്റ്റോറി ബോര്‍ഡ് സഹിതം എന്‍റെ പക്കല്‍ ഒരു ഐഡിയ ഉണ്ടായിരുന്നു.

'നമ്മള്‍ അതിയായി ആഗ്രഹിക്കുന്നതിനുവേണ്ടി പ്രകൃതി ഗൂഢാലോചനനടത്തും' എന്നുപറയുന്നതുപോലെ, ഞാന്‍ അത്രമേല്‍ ആഗ്രഹിച്ചതുകൊണ്ടാവണം, അതിലേക്ക് ആസിഫ് അലി എന്ന നടന്‍ എത്തിയതും, സിനിമ സംഭവിച്ചതും എന്നാണ് വിശ്വസിക്കുന്നത്. ഞാന്‍ മാനസികമായി ഏറെ സന്തോഷിച്ച് ചെയ്ത സിനിമയാണ് അത്. കക്ഷി അമ്മിണിപ്പിള്ളയാണ്, ആസിഫിന്‍റെ കരിയറില്‍, ഫാമിലി ഓഡിയന്‍സിലേക്ക് കൂടുതല്‍ അടുപ്പം ചെലുത്താന്‍ സഹായിച്ച സിനിമ. സത്യത്തില്‍, അമ്മിണിപ്പിള്ള ഒരു വലിയ പ്രതീക്ഷയായിരുന്നു. സിനിമ കഴിഞ്ഞാല്‍, ജീവിതം രക്ഷപ്പെടും, ഫൈനാന്‍ഷ്യലി മെച്ചപ്പെടും എന്നെല്ലാം സ്വപ്നം കണ്ടിരുന്നു. എന്നാല്‍, ഇതൊന്നും യാഥാര്‍ത്ഥ്യമായില്ല....

അങ്ങനെയിരിക്കെ അടുത്ത സിനിമ എന്ത് എങ്ങനെ എന്നൊരു എത്തും പിടിയും ലഭിക്കാത്ത ഒരു സമയത്താണ് ബാഹുല്‍ രമേശ് എന്ന അമ്മിണിപ്പിള്ളയുടെ സിനിമാട്ടോഗ്രാഫര്‍, കിഷ്കിന്ധാകാണ്ഡത്തിന്‍റെ കഥ പറയുന്നത്. ഞാന്‍ അപ്പൊ ത്തന്നെ എഴുതാന്‍ പറയുകയായിരുന്നു. അത്ഭുതം എന്ന് പറയട്ടെ, ബാഹുല്‍ എട്ടുദിവസം കൊണ്ടാണ് കിഷ്കിന്ദാകാണ്ഡത്തിന്‍റെ സ്ക്രിപ്റ്റ് എഴുതിത്തീര്‍ക്കുന്നത്. ഞാന്‍ ആ സിനിമ ചെയ്യാന്‍ വല്ലാതെ ആഗ്രഹം കൊണ്ടു. ഓരോ ദിവസവും സിനിമ ഹിറ്റ് ആവുന്നതും, ആഗ്രഹിച്ച നിലയില്‍ എത്തുന്നതും, എല്ലാവരെയും വിളിച്ചു തീയേറ്ററിന് മുന്നില്‍ കേക്ക് മുറിക്കുന്നതും എല്ലാം സ്വപ്നം കാണാന്‍ തുടങ്ങി. 

മനസ്സില്‍ ഞാന്‍ അടിത്തറയിട്ട് വിശ്വസിച്ചു. 'ഇതാണ് എന്‍റെ ഹിറ്റ്.' ഒരു ബാഹ്യമായ കഥ പ്രമേയത്തിനപ്പുറം കിഷ്കിന്ധാകാണ്ഡം അപ്പുപിള്ള അടക്കമുള്ള ഒരുപാട് കഥാപാത്രങ്ങളുടെ മാനസികവ്യാപാരം സംസാരിക്കുന്ന സിനിമയാണ്. ഏതെങ്കിലും രീതിയില്‍, ഒരു റിയാക്ഷന്‍ പോലും ഒരു കഥാപാത്രത്തിന്‍റേത് മാറിയാല്‍ കഥ മാറും. ചോദ്യങ്ങള്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ റിസ്ക്കായിരുന്നു സിനിമ. 

പലര്‍ക്കും വലിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഈ കഥ പ്രേക്ഷകര്‍ സ്വീകരിക്കുമോ, തീയേറ്ററില്‍ ആളുകള്‍ കയറുമോ എന്നെല്ലാം. പക്ഷേ ഒരിക്കല്‍പ്പോലും ഇത്തരം സംശയങ്ങള്‍ എന്നെ ബാധിച്ചിട്ടില്ല. സിനിമ ഇറങ്ങിയത് അജയന്‍റെ രണ്ടാം മോഷണം എന്നൊരു വലിയ സിനിമയ്ക്കൊപ്പം ആയിരുന്നു. വലിയ പബ്ലിസിറ്റികള്‍ ഒന്നും ഇല്ലാതെ തന്നെ സിനിമ വിജയിച്ചു. ഹിറ്റ് ആയി മാറി. ഒപ്പം എന്‍റെ ജീവിതവും മാറി. 

മലയാളത്തിന്‍റെ ക്ലാസിക് സ്ക്രിപ്റ്റ് എന്ന നിലയിലെല്ലാം ഈ സിനിമ വാഴ്ത്തപ്പെടുമ്പോള്‍, ഉള്ളില്‍ ഒരു കൊച്ചുകുട്ടി എന്നപോലെ മനസ്സ് തുള്ളിച്ചാടാറുണ്ട്. പുറംനാട്ടിലും കിഷ്കിന്ധാകാണ്ഡം ചര്‍ച്ചയായി മാറി. മലയാള സിനിമയുടെ കഥകള്‍ അത്ഭുതപ്പെടുത്തുന്നു എന്നെല്ലാം ആളുകള്‍ പറയുമ്പോള്‍ ഉദാഹരണമായി എന്‍റെ സിനിമയെപ്പറ്റി സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന അഭിമാനത്തിന് കയ്യും കണക്കും ഇല്ല. ഞാന്‍ നിലവില്‍ ചെന്നൈയിലാണ് താമസം. ഇവിടെ കിഷ്കിന്ധാകാണ്ഡത്തിന്‍റെ സംവിധായകന്‍ ആണെന്ന് പറയുമ്പോള്‍ കിട്ടുന്ന ഒരു സ്നേഹവും അംഗീകാരവും ഉണ്ട്. അത് ഞാന്‍ ആസ്വദിക്കുന്നുണ്ട്. 

മകന്‍റെ ക്ലാസ്സിലെ കൂട്ടുകാരോട് അച്ഛന്‍ ഈ സിനിമയുടെ സംവിധായകന്‍ ആണെന്ന് പറയുമ്പോള്‍, അവര്‍ സംശയം കൊണ്ട് വീണ്ടും വീണ്ടും ചോദിക്കും. വീട്ടിലെത്തി മക്കള്‍ ഇത് പറയുമ്പോള്‍ എനിക്കുണ്ടാകുന്ന അഭിമാനം വലുതാണ്. ഒരുപാട് നാളുകള്‍ക്ക് മുന്‍പ്, ഞാന്‍ ആഗ്രഹിച്ചതും ഈ നിമിഷത്തിനുവേണ്ടി ആയിരുന്നല്ലോ!! ഭാര്യ ശര്‍മ്മിള ആണെങ്കില്‍, എന്‍റെ എല്ലാ താഴ്ചയിലും ഉയര്‍ച്ചയിലും ഒപ്പം നിന്നിട്ടുണ്ട്.

ഇന്ന് മലയാളികള്‍ എനിക്ക് നല്‍കുന്ന ഈ അംഗീകാരം ഭാവിയില്‍ നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്നുണ്ട്. എന്നെ കൗതുകപ്പെടുത്തുന്ന, ഞെട്ടിക്കുന്ന, മറ്റൊരു സിനിമ, അതാണ് അടുത്ത ലക്ഷ്യം...
 

Tags
Dinjith Ayyathan Interview kishkindha kandam