ദിവ്യ നായര്‍ @ ഡി.ജെ.ആര്‍ ലൈവ്
'മധുരമായൊരു കോകിലനാദം വേനല്‍ വന്നു കവരുന്നുവോ...' ഈയിടെ പുറത്തിറങ്ങിയ ഈ പാട്ടിലൂടെ മലയാള ചലച്ചിത്ര പിന്നണിഗാനരംഗത്ത് ഒരു പുതിയ സ്വരത്തിന്‍റെ വരവായി.
മനസ്സിനെ ഏതോ മായികഭാവത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുന്ന ഹൃദ്യമായ ആലാപനം. നേരറിയും നേരത്ത് എന്ന ചിത്രത്തില്‍ സന്തോഷ് വര്‍മ്മ എഴുതി ടി.എസ്. വിഷ്ണു ഈണമിട്ട ആ പാട്ട്, ജെ.ആര്‍. ദിവ്യ നായര്‍ എന്ന ഗായികയുടെ സ്ഥാനം ഉറപ്പിക്കുന്നതായി. വളരി എന്ന തെലുങ്ക് ചിത്രത്തിന്‍റെ മലയാളം പതിപ്പില്‍ ഒരു യുഗ്മഗാനം പാടിക്കൊണ്ടാണ് ദിവ്യ ചലച്ചിത്ര ഗാനരംഗത്തേക്ക് കടന്നത്. അതിലെ ഏറെ ശ്രദ്ധേയമായ പശ്ചാത്തല സംഗീതത്തിലെ സ്വരങ്ങള്‍ പാടുകയും ചെയ്തു.
ആറുവയസ്സില്‍ കര്‍ണ്ണാടക സംഗീതപ്രതിഭകളായ കെ. ഓമനക്കുട്ടി, ആലപ്പുഴ ശ്രീകുമാര്‍ എന്നിവരുടെ കീഴില്‍ ശാസ്ത്രീയസംഗീതം അഭ്യസിച്ചുതുടങ്ങി. പന്ത്രണ്ടാം വയസ്സില്‍ അരങ്ങേറ്റം നടത്തി. സ്ക്കൂള്‍, കോളേജ് പഠനകാലത്ത് തന്നെ സംഗീതമത്സരങ്ങളില്‍ വിജയിയായി. എന്നും പാട്ടിനോട് ഭ്രമമാണ്.
ദിവ്യ പാടിയ കവര്‍സോങ്ങുകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. ആല്‍ബങ്ങളും ഭക്തിഗാനങ്ങളും അതിനുപുറമെ, ഡി.ജെ.ആര്‍ ലൈവ് എന്ന പേരില്‍ സ്വന്തം ബാന്‍ഡ് ഉള്ള പാട്ടുകാരിയുമാണ്. ഓര്‍ക്കസ്ട്രായുടെ പൂര്‍ണ്ണ സംഘം ഒപ്പമുണ്ട്. അതുകൊണ്ടുതന്നെ ലൈവ് ഷോ ധാരാളമായി ചെയ്യുന്നു.
കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാര്‍ തുടങ്ങി പ്രശസ്തരായ മിക്ക ഗായകരുമൊത്ത് സ്റ്റേജ് ഷോകളില്‍ പാടാന്‍ അവസരം ലഭിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മാത്രമല്ല, കുവൈറ്റ്, ബെഹറേന്‍, ദുബായ്, അമേരിക്ക എന്നിവിടങ്ങളിലും വേദികളില്‍ പാടിയിട്ടുണ്ട്. ബോസ്റ്റനില്‍ 'കാര്‍മുകില്‍ വര്‍ണ്ണന്‍റെ ചുണ്ടില്‍' എന്ന പാട്ട് പാടുമ്പോള്‍ കൃഷ്ണാ എന്ന ഹൃദയത്തില്‍ നിന്നുള്ള ആലാപനത്തില്‍ സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്നത് മറക്കാനാവില്ല. തെക്കന്‍ പ്രണയകഥ എന്ന ജാസിഗിഫ്റ്റിനൊപ്പം പാടിയ ആല്‍ബം വൈറല്‍ ആയി.
സ്വന്തമായി എഴുതി, സംഗീതം നല്‍കി പാടിയ
ഓണപ്പാട്ടും വിഷുപ്പാട്ടും ഒരു പ്രണയഗീതവും സംഗീതലോകത്തിന്‍റെ പ്രശംസ നേടി.
സ്വന്തം യൂ ട്യൂബ് ചാനലിലും ടി സീരീസിലും മ്യൂസിക് 24/7 ലും പരിപാടികള്‍ ചെയ്യുന്നുണ്ട്.
ബി.ടെക്കും തിരുവനന്തപുരം ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് എം.ബി.എയും നേടിയ ദിവ്യ ഇപ്പോള്‍ ഓണ്‍ലൈന്‍ സംഗീത ടീച്ചര്‍ ആണ്.
പകിട്ടുള്ള, സാംസ്കാരിക പ്രാധാന്യമുള്ള വേദികളില്‍ അവതാരകയാവാറുണ്ട്. ഏഷ്യാനെറ്റ്, കൗമുദി, ദൂരദര്‍ശന്‍, ജയ്ഹിന്ദ് ടി.വി ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നു. പ്രഗത്ഭരായ കലാകാരന്മാരെ ആഴത്തില്‍ പഠിച്ചു അഭിമുഖം നടത്തിയ 'ചായക്കൂട്ട്' എടുത്തുപറയേണ്ടതാണ്. ആകാശവാണിയിലെയും ദൂരദര്‍ശനിലെയും ബി ഹൈ ഗ്രേഡ് ഉള്ള ഗായികയാണ്.
സിനിമകളിലും ആല്‍ബങ്ങളിലും അഭിനയിച്ചു. ഈയിടെ റിലീസ് ചെയ്ത 'ഉത്രാടപ്പുലരി' എന്ന റൊമാന്‍റിക് വീഡിയോ ആല്‍ബത്തിലെ ആലാപനവും അഭിനയവും ലൈക്കുകള്‍ വാരിക്കൂട്ടി. കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ ബാന്‍ഡ് അവതരിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാരിന്‍റെ ക്ഷണം കിട്ടിയ കലാകാരിയാണ്.
ലോകവിപണി ലക്ഷ്യമാക്കി പ്രിയദര്‍ശനും സന്തോഷ് ശിവനും സംവിധാനം ചെയ്ത പരസ്യചിത്രങ്ങള്‍ക്കായി ദിവ്യ പാടിയിട്ടുണ്ട്. വസ്ത്രവ്യാപാര പരസ്യങ്ങളില്‍ പാടുന്ന മോഡല്‍ ആയിട്ടുമുണ്ട്. ദിവ്യയുടെ ദാമ്പത്യവും സംഗീതം പകരുന്നതാണ്. കോളേജിലെ ടെക്ക്ഫെസ്റ്റില്‍ പാടാന്‍ വന്ന എഞ്ചിനീയര്‍ സാരംഗ് അശോക് സുഹൃത്തായി. പിന്നെ ഭര്‍ത്താവായി. ദൂരദര്‍ശന്‍ ന്യൂസ് റീഡറും റേഡിയോ അവതാരകയും അഭിനേത്രിയും നര്‍ത്തകിയുമായ രാജേശ്വരിയുടെയും ബാങ്ക് ഉദ്യോഗസ്ഥനായി വിരമിച്ച ജയകുമാറിന്‍റെയും മകളാണ് ദിവ്യ. തിരുവനന്തപുരത്ത് മാനവ നഗറില്‍ താമസം.