"എല്ലാ കുടുംബാംഗങ്ങളും ഒരേ രക്തത്തിൽ പെട്ടവരാകണം എന്നില്ല"; ഗൗരി ലക്ഷ്മിയുടെ വിവാഹത്തിൽ സജീവ സാന്നിധ്യമായ ആദ്യ ഭർത്താവ് ചർച്ചകളിൽ നിറയുന്നു
Highlights
2018-ലായിരുന്നു ഗൗരിയും ഗണേഷും വിവാഹിതരായത്
ഗായിക ഗൗരി ലക്ഷ്മിയുടെ രണ്ടാം വിവാഹമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഞായറാഴ്ച്ചയായിരുന്നു വിഷ്വൽ ആർട്ടിസ്റ്റായ കലേഷുമായി ഗൗരി വിവാഹിതയായത്. എന്നാൽ വിവാഹച്ചടങ്ങിൽ മുൻഭർത്താവ് ഗണേഷ് വെങ്കട്ടരമണിയുടെ സാന്നിധ്യമാണ് ഏറെ ചർച്ചയായത്. വിവാഹത്തിൽ സജീവ സാന്നിധ്യമായിരുന്ന ഗണേഷ് പിന്നീട് വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി.
വരനും വധുവിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച ഗണേഷ്, "എല്ലാ കുടുംബാംഗങ്ങളും ഒരേ രക്തത്തിൽ പെട്ടവരാകണം എന്നില്ല" എന്ന ഹൃദയസ്പർശിയായ കുറിപ്പും ചേർത്തു. പോസ്റ്റിന് താഴെ ഗൗരിയും കലേഷും പ്രതികരിച്ചതോടെ ചിത്രങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
2018-ലായിരുന്നു ഗൗരിയും ഗണേഷും വിവാഹിതരായത്. ചെന്നൈ സ്വദേശിയായ ഗണേഷ്, ഗൗരിയുടെ സംഗീത ബാൻഡിലെ ഡ്രമ്മറായിരുന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞെങ്കിലും സൗഹൃദം നിലനിർത്തി. ഗൗരിയുടെ നിരവധി സംഗീത പദ്ധതികളിലും ആൽബങ്ങളിലുമെല്ലാം ഗണേഷ് പങ്കാളിയായിട്ടുണ്ട്.
മലയാള സംഗീതലോകത്ത് ചെറുപ്പത്തിലേ ശ്രദ്ധ നേടിയ ഗൗരി ലക്ഷ്മി, മോഹൻലാൽ നായകനായ 'കാസനോവ'യിലെ 'സഖിയേ' എന്ന ഗാനത്തിലൂടെയാണ് മുഖ്യധാരയിലേക്ക് എത്തിയത്. തുടർന്ന് 'ഗോദ'യിലെ 'ആരോ നെഞ്ചിൽ' ഉൾപ്പെടെ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിക്കുകയും സംഗീതം നൽകുകയും രചിക്കുകയും ചെയ്തു. മലയാളത്തിനൊപ്പം തമിഴ് സംഗീതരംഗത്തും ഗൗരി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.