Wednesday, 10 June 2026 | 11:15 AM

Interviews

ഗാര്‍ഗിയുടെ വിശേഷങ്ങള്‍

രമ്യ മുകുന്ദന്‍ 05 May 2026 12:30 PM
 ഗാര്‍ഗിയുടെ വിശേഷങ്ങള്‍

സ്‌ക്കൂള്‍നാടകങ്ങളില്‍ തിളങ്ങിയ ഒരു പെണ്‍കുട്ടിക്ക് പ്ലസ് ടു പഠനശേഷം കാനഡയിലേക്ക് പോകാനായിരുന്നു ആഗ്രഹം. ഈ സ്വപ്നത്തിനിടയിലെവിടെയോ വച്ച്  സ്‌ക്കൂള്‍ ഓഫ് ഡ്രാമയിലേക്കുള്ള ബിരുദകോഴ്‌സിന് അപേക്ഷ ക്ഷണിച്ചിരിക്കുന്ന വാര്‍ത്ത കണ്ണില്‍പ്പെടുന്നു. അങ്ങനെ തൃശൂരിലെ സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ പ്രവേശനനടപടികള്‍ക്കായി എത്തുന്നു.

അവിടെ എത്തിയ ആ നിമിഷം, അതേനിമിഷം തന്നെ അവള്‍ക്ക് മനസ്സിലായി, ഇതാണ് തന്റെ ഇടം, ഇവിടെയാണ് തന്റെ ജീവിതം. ആ തോന്നല്‍ അക്ഷരംപ്രതി ശരിയായി. ഗാര്‍ഗി അനന്തന്‍ എന്ന ആ പെണ്‍കുട്ടി സ്വതഃസിദ്ധമായ അഭിനയമികവുകൊണ്ട് മലയാള സിനിമയില്‍ തന്റെ പേര് പതിപ്പിക്കുകയാണ്. പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ പെര്‍ഫോമിംഗ് ആര്‍ട്‌സില്‍ പി.ജിയും ഇതിനിടെ ഗാര്‍ഗി സ്വന്തമാക്കി. നാരായണീയന്റെ മൂന്നാണ്‍മക്കള്‍ എന്ന ചിത്രത്തിലെ ആതിര എന്ന കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ച് അഭിനന്ദനങ്ങള്‍ സ്വന്തമാക്കിയ ഗാര്‍ഗിയുടെ വിശേഷങ്ങള്‍.

ഉള്ളില്‍ നിറഞ്ഞ സന്തോഷം

സിനിമ ഒ.ടി.ടിയില്‍ വന്നശേഷം ഒരുപാട് പേര്‍ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് വിളിച്ചിരുന്നു. കഥാപാത്രങ്ങള്‍ അംഗീകരിക്കപ്പെടുന്നത് വലിയ സന്തോഷമാണല്ലോ. നാരായണന്റെ മൂന്നാണ്‍മക്കള്‍ സിനിമയുടെ സംവിധായകന്‍ ശരണ്‍ വേണുഗോപാലിന്റെ ഒരു പാതിരാസ്വപ്നം പോലെ എന്നൊരു ഷോര്‍ട്ട് ഫിലിമില്‍ ഞാന്‍ നേരത്തെ അഭിനയിച്ചിരുന്നു. രണ്ടരവര്‍ഷം മുമ്പാണ് ഈ സിനിമയെക്കുറിച്ച് ശരണ്‍ സംസാരിച്ചത്. കഥയുടെ ബേസിക്ക് കാര്യങ്ങളൊക്കെയാണ് അന്ന് പറഞ്ഞിരുന്നതെന്നാണ് ഓര്‍മ്മ.

തിരക്കഥ വായിച്ചശേഷം എന്റെ മനസ്സില്‍ വന്ന കുറച്ച് ഇമേജുകള്‍ ശരണിന്റെയടുത്തും പങ്കുവച്ചു. ഞങ്ങളുടെ രണ്ടുപേരുടെയും കാഴ്ചപ്പാടുകള്‍ ഏതാണ്ട് ഒരേപോലെയായിരുന്നു. ശരണിനെ നേരത്തെ അറിയുന്നതുകൊണ്ട് അഭിപ്രായങ്ങള്‍ പറയാനുള്ള ഒരു സ്‌പേസ് ഉണ്ട്. ഏതെങ്കിലും വ്യക്തതക്കുറവ് നമുക്ക് തോന്നുന്നെങ്കില്‍ അതും ധൈര്യമായി തുറന്നുപറയാന്‍ കഴിയും. അങ്ങനെ രസകരമായ ആശയവിനിമയങ്ങള്‍ തന്ന സ്‌പേസായിരുന്നു ശരണുമായുള്ളത്.

Tags
garggi ananthan Narayaneente Moonnaanmakkal Thomas Mathew