Monday, 13 July 2026 | 09:48 AM

Latest

വണ്ണം കൂട്ടാൻ ഉപയോ​ഗിച്ചത് ആ ടെക്നിക്; 'മോളിവുഡ് ടൈംസ്' അനുഭവം പങ്കുവെച്ച് നടി ഗോപിക രമേശ്

sreyas 06 July 2026 03:40 AM
വണ്ണം കൂട്ടാൻ ഉപയോ​ഗിച്ചത് ആ ടെക്നിക്; 'മോളിവുഡ് ടൈംസ്' അനുഭവം പങ്കുവെച്ച് നടി ഗോപിക രമേശ്

Highlights

സിനിമയിൽ ചിപ്‌സ് കഴിക്കുന്ന രംഗത്തിൽ കാണുന്ന ശരീരഭാരം യഥാർഥത്തിൽ താൻ കൂട്ടിയതാണെന്നും, ആ രംഗത്തിൽ വി.എഫ്.എക്‌സ് ഉപയോഗിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി.

 

നസ്ലെൻ നായകനായ 'മോളിവുഡ് ടൈംസ്' തിയേറ്റർ റിലീസിന് പിന്നാലെ ഒടിടിയിലും പ്രേക്ഷകരിലെത്തിയിരിക്കുകയാണ്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് യുവനടി ഗോപിക രമേശ് അവതരിപ്പിച്ചത്. 'തണ്ണീർ മത്തൻ ദിനങ്ങൾ' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഗോപിക, ഈ സിനിമയ്ക്കായി നടത്തിയ ശാരീരിക മാറ്റങ്ങളെക്കുറിച്ചാണ് ഇപ്പോൾ തുറന്നുപറയുന്നത്.

ഷോസ്‌കേപ്പ് ജേണലിന് നൽകിയ അഭിമുഖത്തിൽ, കഥാപാത്രത്തിന്റെ ആവശ്യത്തിനനുസരിച്ച് ഭാരം കുറയ്ക്കുകയും പിന്നീട് കൂട്ടാൻ ശ്രമിക്കുകയും ചെയ്ത അനുഭവമാണ് ഗോപിക പങ്കുവെച്ചത്. ചിത്രത്തിലെ ചില രംഗങ്ങളിൽ കൂടുതൽ വണ്ണമുള്ളതായി തോന്നിക്കാൻ വി.എഫ്.എക്‌സ് സാങ്കേതികവിദ്യയുടെ സഹായവും ഉപയോഗിച്ചിരുന്നുവെന്ന് നടി വ്യക്തമാക്കി.

തനിക്ക് പി.സി.ഒ.ഡി ഉള്ളതിനാൽ ഭക്ഷണകാര്യത്തിൽ കർശന നിയന്ത്രണങ്ങൾ പാലിക്കേണ്ടിവരുന്നുണ്ടെന്ന് ഗോപിക പറയുന്നു. ജങ്ക് ഫുഡുകളും എണ്ണ കൂടുതലുള്ള ഭക്ഷണങ്ങളും ഒഴിവാക്കേണ്ട സാഹചര്യമാണുള്ളത്. ഓഡിഷന് പോകുമ്പോൾ കഥാപാത്രത്തിനായി ഭാരം മാറ്റേണ്ടിവരുമെന്ന് അറിയില്ലായിരുന്നുവെന്നും, തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ഭാരം കൂട്ടേണ്ടതുണ്ടെന്ന് മനസ്സിലായതെന്നും താരം പറഞ്ഞു.

എന്നാൽ ചിത്രത്തിലെ മറ്റൊരു ഭാഗത്തിനായി ആദ്യം ഭാരം കുറയ്ക്കേണ്ടിവന്നു. ഒരു മാസക്കാലം കർശനമായ ഡയറ്റും സ്ഥിരമായ വർക്ക്‌ഔട്ടും പിന്തുടർന്ന് ആറുകിലോയോളം ഭാരം കുറച്ചതായി ഗോപിക വെളിപ്പെടുത്തി. ഈ സമയത്താണ് ചിത്രത്തിലെ യക്ഷിയുമായി ബന്ധപ്പെട്ട രംഗങ്ങൾ ചിത്രീകരിച്ചത്.

അതിന് പിന്നാലെ കഥാപാത്രത്തിന്റെ മറ്റൊരു ഘട്ടത്തിനായി വീണ്ടും ഭാരം കൂട്ടേണ്ടിവന്നെങ്കിലും ആവശ്യത്തിന് സമയം ലഭിച്ചില്ല. കഴിയുന്നത്ര ഭക്ഷണം കഴിച്ച് ഭാരം കൂട്ടാൻ ശ്രമിച്ചെങ്കിലും കഥാപാത്രത്തിന് ആവശ്യമായ രൂപം പൂർണമായി കൈവരിക്കാൻ സാധിച്ചില്ലെന്ന് ഗോപിക പറഞ്ഞു. സിനിമയിൽ ചിപ്‌സ് കഴിക്കുന്ന രംഗത്തിൽ കാണുന്ന ശരീരഭാരം യഥാർഥത്തിൽ താൻ കൂട്ടിയതാണെന്നും, ആ രംഗത്തിൽ വി.എഫ്.എക്‌സ് ഉപയോഗിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി.

എന്നാൽ ശേഷിക്കുന്ന ചില രംഗങ്ങളിൽ കഥാപാത്രത്തിന്റെ ലുക്ക് കൃത്യമാക്കാൻ വി.എഫ്.എക്‌സ് സഹായം തേടേണ്ടിവന്നുവെന്നും, കൂടുതൽ സമയം ലഭിച്ചിരുന്നെങ്കിൽ സ്വാഭാവികമായി തന്നെ ആ മാറ്റം വരുത്താനാകുമായിരുന്നുവെന്നും ഗോപിക പറഞ്ഞു. എന്നിരുന്നാലും, കഥാപാത്രത്തിനായി നടത്തിയ ആ മുഴുവൻ പ്രക്രിയയും താൻ ഏറെ ആസ്വദിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.