'ഹൃദയപൂര്‍വ്വം...' സത്യേട്ടനൊപ്പം
എഫ്.ബിയില്‍ പതിവായി എന്തെങ്കിലും കുറിപ്പുകളെഴുതുന്ന ഒരാളാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. പുതിയ മോഹന്‍ലാല്‍ ചിത്രം(ഹൃദയപൂര്‍വ്വം) തുടങ്ങിയതിനുശേഷം അദ്ദേഹം എഴുതിയ ഒരു കുറിപ്പ് വായിക്കാനിടയായി.
ആ സിനിമയുടെ ഷൂട്ടിംഗിനിടയില്‍ മോഹന്‍ലാല്‍ ചോദിച്ചുവത്രെ. 'ഇന്നസെന്‍റും ഒടുവില്‍ ഉണ്ണികൃഷ്ണനും മാമുക്കോയയും നെടുമുടി വേണുവും ലളിതച്ചേച്ചിയും ഒന്നുമില്ലാതെ സത്യേട്ടന്‍റെ സെറ്റ് എങ്ങനെയാണ് പൂര്‍ണ്ണമാകുക?
ആ ചോദ്യത്തിന് മറുപടിയായി സത്യന്‍ അന്തിക്കാട് പറഞ്ഞതിങ്ങനെയായിരുന്നു.
'അവരുടെയെല്ലാം ആത്മാവും അനുഗ്രഹവും നമ്മളോടൊപ്പമുണ്ടല്ലോ.. അതുമതി.'
സത്യന്‍ അന്തിക്കാടിന്‍റെ മുന്‍കാല സിനിമകളേതും ശ്രദ്ധിച്ചാലറിയാം, മേല്‍പ്പറഞ്ഞ നടന്മാരെല്ലാം സത്യന്‍സിനിമകളിലെ പ്രധാന വേഷക്കാരായിരുന്നു. ഇതുപോലെ വേറെയുമുണ്ട്, അഭിനേതാക്കള്‍. ജഗതി ശ്രീകുമാര്‍, സുകുമാരി, കരമന ജനാര്‍ദ്ദനന്‍ നായര്‍.... ഇങ്ങനെ പോകുന്നു.

ഈ അഭിനേതാക്കളെല്ലാം സ്ഥിരമായി സത്യന്‍ അന്തിക്കാട് സിനിമകളില്‍ അഭിനയിക്കുന്നതുകൊണ്ടുതന്നെ മറ്റ് പല അഭിനേതാക്കള്‍ക്കും അവസരങ്ങള്‍ നഷ്ടപ്പെടുന്നുണ്ടായിരുന്നു. സത്യന്‍ അന്തിക്കാട് പക്ഷേ, അവരെ ആരെയും മനപ്പൂര്‍വ്വമായി അകറ്റി നിര്‍ത്തുന്നതുമായിരുന്നില്ല. സത്യന്‍സിനിമകളില്‍ ഒരു ചെറിയ വേഷത്തിലെങ്കിലും അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നു പല ആര്‍ട്ടിസ്റ്റും എന്നുള്ളതാണ് ഒരു സത്യം. ഒരിക്കല്‍ നടന്‍ മുകേഷ് ഇക്കാര്യം മനസ്സുതുറന്ന് വെളിപ്പെടുത്തി. ആ തുറന്നുപറച്ചില്‍ നടന്നപ്പോഴാണ് സത്യന്‍ അന്തിക്കാടുപോലും അക്കാര്യം തിരിച്ചറിയുന്നത്. ഏറെ വൈകിയില്ല, 'വിനോദയാത്ര' എന്ന സിനിമയില്‍ മുകേഷ് ഒരു പ്രധാന നടനായി അഭിനയിച്ചു. ഒരുപാട് നാളുകള്‍ക്കുശേഷം വിജയരാഘവനും സിദ്ധിഖും ഒക്കെ സത്യന്‍ ചിത്രത്തില്‍ അഭിനയിച്ചു. ഇതെല്ലാം വലിയ വാര്‍ത്തകള്‍ പോലെ പ്രചരിക്കുന്നുണ്ടായിരുന്നു.
എന്തായാലും ഒരു കാര്യം സമ്മതിച്ചേ പറ്റൂ. മേല്‍പ്പറഞ്ഞ നടീനടന്മാരെല്ലാം സത്യന്‍ സിനിമകളില്‍ അഭിനയിക്കുമ്പോഴും പ്രേക്ഷകര്‍ക്ക് ആവര്‍ത്തനവിരസത തോന്നാറില്ലായിരുന്നു. ആരും അതൊരു പരാതിയായി പറഞ്ഞുകേട്ടിട്ടുമില്ല.
ഇനി പറയാന്‍ പോകുന്നത് മറ്റൊരു കാര്യമാണ്. അഭിനേതാക്കളുടെ കാര്യം മാത്രമായിരിക്കും പ്രേക്ഷകര്‍ക്ക് അറിയാവുന്നത്. സത്യന്‍സിനിമകളിലെ ടെക്നീഷ്യന്‍സിന്‍റെ കാര്യത്തിലും ഈ രീതി തന്നെയാണ് തുടരുന്നതെന്ന കാര്യം സിനിമയ്ക്കുള്ളിലെ സിനിമാക്കാര്‍ക്ക് മാത്രമായിരിക്കും അറിയാന്‍ കഴിയുക.
ആദ്യകാല സത്യന്‍സിനിമകളിലെ ക്യാമറാമാന്‍മാര്‍ ആരൊക്കെയായിരുന്നുവെന്നറിയാമോ? ആനന്ദക്കുട്ടനും വിപിന്‍മോഹനും. ഇവര്‍ രണ്ടുപേരും ഒരുപാട് സത്യന്‍സിനിമകള്‍ക്കുവേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ളവരാണ്. കലാസംവിധാനരംഗത്ത് കെ. കൃഷ്ണന്‍കുട്ടിയും പ്രേമചന്ദ്രനുമായിരുന്നു പതിവായി വര്‍ക്ക് ചെയ്തുകൊണ്ടിരുന്നത്. എം.കെ. മോഹനന്‍ എന്ന മോമിയായിരുന്നു സത്യന്‍സിനിമകളുടെ സ്ഥിരം സ്റ്റില്‍ ഫോട്ടോഗ്രാഫര്‍.
ഒരിടക്കാലത്ത് ജോണ്‍സനായിരുന്നു സത്യന്‍സിനിമകളുടെ മ്യൂസിക് ഡയറക്ടര്‍. പിന്നീട് ഇളയരാജയായി. മുന്‍കാലത്ത് സ്ഥിരമായി പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ച ആളാണ് കെ.ആര്‍. ഷണ്‍മുഖം. പില്‍ക്കാലത്ത് ഷണ്‍മുഖത്തിന്‍റെ ശിഷ്യന്മാരായ നാരായണന്‍ നാഗലശ്ശേരിയും സേതു മണ്ണാര്‍ക്കാടും പ്രൊഡക്ഷന്‍ കണ്‍ട്രോളരായി പ്രവര്‍ത്തിച്ചു. സേതു സിനിമാ നിര്‍മ്മാണരംഗത്തേയ്ക്ക് കടന്നതോടെ ആ രംഗത്തേയ്ക്ക് ശിഷ്യനായി പ്രവര്‍ത്തിച്ചുവന്ന ബിജുതോമസ് എത്തി.
ഇങ്ങനെ അഭിനേതാക്കള്‍ മാത്രമല്ല, ടെക്നീഷ്യന്‍സും സത്യന്‍ അന്തിക്കാട് സിനിമകളിലെ പതിവ് പ്രവര്‍ത്തകരാണ്.

'സുന്ദര' പാണ്ഡ്യന്‍
ഡോ. ബാലകൃഷ്ണന്‍റെയും പി. ചന്ദ്രകുമാറിന്‍റെയുമൊക്കെ ശിഷ്യനായി പ്രവര്‍ത്തിച്ചുവന്ന സത്യന്‍ അന്തിക്കാടിന്‍റെ ആദ്യസിനിമ 'കുറുക്കന്‍റെ കല്യാണം' ആയിരുന്നു. ഈ സിനിമയില്‍ മേക്കപ്പ്മാനായി പ്രവര്‍ത്തിച്ചത് പാണ്ഡ്യനാണ്. ആ സിനിമ മുതല്‍ 'ഹൃദയപൂര്‍വ്വം' എന്ന പുതിയ സിനിമ വരെ പാണ്ഡ്യന്‍ തന്നെ മേക്കപ്പമാനായി പ്രവര്‍ത്തിച്ചുവരുന്നു.
കിന്നാരം, അപ്പുണ്ണി, കളിയില്‍ അല്‍പ്പം കാര്യം, അടുത്തടുത്ത്, മണ്ടന്മാര്‍ ലണ്ടനില്‍, ഗാന്ധിനഗര്‍ സെക്കന്‍റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്... ഇങ്ങനെ സത്യന്‍ അന്തിക്കാടിന്‍റെ ആദ്യകാല സിനിമ മുതല്‍ പാണ്ഡ്യന്‍ പ്രവര്‍ത്തിക്കുന്നു.
'ഹൃദയപൂര്‍വ്വം' സിനിമയുടെ വണ്ടിപ്പെരിയാറിലെ ലൊക്കേഷനില്‍ വച്ച് പാണ്ഡ്യന്‍ സത്യന്‍ അന്തിക്കാടിനെക്കുറിച്ച് സംസാരിച്ചത് അക്ഷരാര്‍ത്ഥത്തില്‍ ഹൃദയപൂര്‍വ്വം തന്നെയായിരുന്നു. സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിലും ഉപരി അദ്ദേഹം എന്നെ പലപ്പോഴും സഹായിച്ചിട്ടുണ്ട്. ബൈപ്പാസ് സര്‍ജറി ഉള്‍പ്പെടെ എനിക്ക് ഏഴ് ഓപ്പറേഷന്‍ നടന്നിട്ടുണ്ട്. ലിവര്‍, കിഡ്നി, കണ്ണ്... ഇങ്ങനെ ഓരോ അവയവങ്ങള്‍ക്കും ഓപ്പറേഷന്‍ വേണ്ടി വന്നിട്ടുണ്ട്. ആ സമയങ്ങളിലെല്ലാം എന്നെ സഹായിച്ചത് സത്യന്‍ സാര്‍ മാത്രമല്ല, ലാല്‍ സാര്‍ ഉള്‍പ്പെടെ പ്രൊഡക്ഷന്‍ ബോയ്സ് വരെ എന്നെ സഹായിച്ചു. അതെല്ലാം ഞാനിപ്പോള്‍ ഹൃദയപൂര്‍വ്വം, നന്ദിപൂര്‍വ്വം ഓര്‍ക്കുന്നുവെന്നും ചികിത്സയും വിശ്രമവും കഴിഞ്ഞ് മൂന്ന് മാസങ്ങള്‍ക്കുശേഷം ഞാന്‍ വീണ്ടും 'മനസ്സിനക്കരെ' സിനിമ മുതല്‍ വര്‍ക്കുചെയ്തു തുടങ്ങിയെന്നും പാണ്ഡ്യന്‍ പറയുകയുണ്ടായി.
സത്യന്‍ സാറുമായി എനിക്ക് സിനിമാബന്ധം മാത്രമല്ല, കുടുംബബന്ധമാണുള്ളതെന്നും സത്യന്‍ സാറിന്‍റെ മകന്‍ അനൂപ് സത്യന്‍റെ സിനിമയ്ക്കുവേണ്ടിയും ഞാന്‍ തന്നെയാണ് മേക്കപ്പ്മാനായി വര്‍ക്കുചെയ്തതെന്നും അത് സന്തോഷം തരുന്നുവെന്നും പാണ്ഡ്യന്‍ ഓര്‍മ്മിപ്പിച്ചു.
തിരുനെല്‍വേലി സ്വദേശിയായ പാണ്ഡ്യന്‍ പണ്ട് മദ്രാസിലെത്തുന്നത് ക്യാമറ അസിസ്റ്റന്‍റായിട്ടാണ്. പിന്നീട് കൃഷ്ണരാജ്, ബാലകൃഷ്ണന്‍... തുടങ്ങിയ മേക്കപ്പ്മാന്‍മാരുടെ കൂടെ അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ചു. ആദ്യസിനിമ ഭീകര നിമിഷങ്ങള്‍. സത്യന്‍സിനിമകളിലെ മുഖ്യമേക്കപ്പ്മാനായിരുന്നു കൃഷ്ണരാജ്. ഇദ്ദേഹം എം.ജി.ആര്‍ സിനിമകള്‍ക്കുവേണ്ടിയും വര്‍ക്ക് ചെയ്തിട്ടുണ്ട്. മദ്രാസിലെ ശാരദാ സ്റ്റുഡിയോയില്‍ മാസം അന്‍പത് രൂപ ശമ്പളത്തില്‍ കുറേനാള്‍ ജോലി ചെയ്തിട്ടുള്ള പാണ്ഡ്യന്‍ എം.ജി.ആറുമായി നല്ല സൗഹൃദത്തിലായിരുന്നുവെന്ന് പറഞ്ഞു. എം.ജി. ആറിനൊപ്പം ഏറ്റവും ഒടുവില്‍ വര്‍ക്കുചെയ്ത സിനിമ 'മധുരൈ മീട്ടെ സുന്ദരപാണ്ഡ്യന്‍' ആയിരുന്നു. ക്യാമറാമാന്‍ ജെ. വില്യംസ് സംവിധാനം ചെയ്ത 'മദാലസ' എന്ന സിനിമയിലൂടെയാണ് താന്‍ സ്വതന്ത്ര മേക്കപ്പ്മാനായതെന്നും അന്നെനിക്ക് 24 വയസ്സ് പ്രായമായിരുന്നുവെന്നും പാണ്ഡ്യന്‍ സൂചിപ്പിച്ചു.
സത്യേട്ടന്‍റെ സെറ്റ് സ്വന്തം വീടുപോലെ
ഈ സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിക്കുന്ന ബിജുതോമസ് നാരായണന്‍ നാഗലശ്ശേരിയുടെ ശിഷ്യനായിട്ടാണ് സിനിമയിലെത്തിയത്. സത്യന്‍ അന്തിക്കാടിന്‍റെ 'ഗോളാന്തര വാര്‍ത്ത'യായിരുന്നു ആദ്യസിനിമ. തൂവല്‍കൊട്ടാരം, വിനോദയാത്ര, അച്ചുവിന്‍റെ അമ്മ, സ്നേഹവീട്, രസതന്ത്രം, ഒരു ഇന്ത്യന്‍ പ്രണയകഥ... തുടങ്ങി കുറെ സിനിമകള്‍ക്കുവേണ്ടി ബിജു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടക്കാലത്ത് സേതു മണ്ണാര്‍ക്കാടായിരുന്നു ബിജുവിന്‍റെ ചീഫ്. ഏറെക്കുറെ എല്ലാം സത്യന്‍ അന്തിക്കാട് സിനിമകള്‍. സേതു നിര്‍മ്മാണരംഗത്തേയ്ക്ക് മാറിയതോടെ ബിജുതോമസ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായി വര്‍ക്ക് ചെയ്യാന്‍തുടങ്ങി. സത്യന്‍ സെറ്റില്‍ ജോമോന്‍റെ സുവിശേഷങ്ങളായിരുന്നു കന്നിച്ചിത്രം. ഞാന്‍ പ്രകാശന്‍, മകള്‍ തുടങ്ങിയ സിനിമകള്‍ തുടര്‍ന്നുചെയ്തു. സത്യന്‍ അന്തിക്കാട് സിനിമകള്‍ ചെയ്യും മുമ്പെ അഴകപ്പന്‍ സംവിധാനം ചെയ്ത 'പട്ടം പോലെ' എന്ന സിനിമ സ്വന്തമായി ആദ്യം ചെയ്തിരുന്നു. രഞ്ജിത്തിന്‍റെ ലീല, പുത്തന്‍ പണം... തുടങ്ങി കുറെ സിനിമകളും വേറെ ചെയ്തിട്ടുണ്ട്. സത്യേട്ടന്‍റെ സിനിമകള്‍ വര്‍ക്ക് ചെയ്തുതുടങ്ങിയാല്‍ സ്വന്തം വീട് പോലെയാണ് അനുഭവപ്പെടുന്നതെന്ന് ബിജു പറഞ്ഞു. കൂടുതല്‍ സ്വാതന്ത്ര്യവുമുണ്ട്.
ആദ്യം തന്നെ ഫുള്‍ സ്ക്രിപ്റ്റ് വായിക്കാന്‍ തരും. സ്ക്രിപ്റ്റ് വായിക്കുന്നതോടെ സിനിമയുടെ രീതി മനസ്സിലാകും. അതിനനുയോജ്യമായ ലൊക്കേഷന്‍, വീടുകള്‍ ഒക്കെ കണ്ടെത്തണം. മിക്കപ്പോഴും അതിന്‍റെ പൂര്‍ണ്ണചുമതല എനിക്കായിരിക്കും. സത്യേട്ടന്‍ മനസ്സില്‍ കരുതുന്നതുപോലെയുള്ള വീടും മറ്റ് ബില്‍ഡിംഗും ഗ്രാമവും എല്ലാം ഞാന്‍ കണ്ടെത്തി കൊടുക്കാറുണ്ട്. സത്യേട്ടന്‍ ഇക്കാര്യത്തില്‍ സംതൃപ്തി പ്രകടിപ്പിക്കാറുമുണ്ട്. അതില്‍ ഞങ്ങള്‍ തമ്മില്‍ ഒരു 'രസതന്ത്രം' തന്നെയുണ്ടെന്ന് തോന്നുന്നു. ഈ 'ഹൃദയപൂര്‍വ്വം' സിനിമയ്ക്ക് പൂന പശ്ചാത്തലമാകുന്നുണ്ട്.

പൂനയില്‍ കുറച്ച് ആര്‍മി രംഗങ്ങള്‍ ചിത്രീകരിക്കാനുണ്ട്. ഒരു പഴയകാല ബംഗ്ലാവ് വേണമായിരുന്നു. പൂനയില്‍ തന്നെ അന്വേഷിച്ചു. ഉദ്ദേശിച്ചത് കിട്ടിയില്ല. കാഞ്ഞിരപ്പള്ളി പോലുള്ള പല സ്ഥലങ്ങളിലും തിരക്കി. ഒന്നും ശരിയായില്ല. ഒടുവില്‍ വണ്ടിപ്പെരിയാറിനടുത്തുള്ള 'ആനക്കുഴി' എന്ന സ്ഥലത്തുനിന്നും ബംഗ്ലാവ് കിട്ടി. ലാല്‍ സാര്‍ അഭിനയിക്കുന്ന സിനിമയായതുകൊണ്ട് അതിനനുസരിച്ചുള്ള ബംഗ്ലാവായിരിക്കണം, പിന്നെ ശബ്ദം അപ്പോള്‍തന്നെ റെക്കോര്‍ഡ് ചെയ്യുന്നതിനാല്‍ പുറത്തുനിന്നുള്ള ശബ്ദകോലാഹലങ്ങളും പാടില്ല. ഇങ്ങനെ പല രീതിയില്‍ നോക്കിവേണമായിരുന്നു ബംഗ്ലാവ് കിട്ടേണ്ടത്. ചുറ്റും തേയിലക്കാടുകളുള്ള ബംഗ്ലാവ് ഒടുവില്‍ ഒത്തുകിട്ടി.
- ബിജുതോമസ് പറഞ്ഞു.