Sunday, 20 September 2026 | 06:09 PM

Interviews

ഈ സിനിമയിലെ വാദങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം എന്ന് ആഗ്രഹിക്കുന്നുണ്ട്... -Asif Ali

അപ്പൂസ് കെ.എസ് 05 May 2026 12:30 PM
ഈ സിനിമയിലെ വാദങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം എന്ന് ആഗ്രഹിക്കുന്നുണ്ട്... -Asif Ali

രേഖാചിത്രം, കിഷ്കിന്ധാകാണ്ഡം എന്നീ ഹിറ്റ് സിനിമകള്‍ക്കുശേഷം മലയാളികളുടെ പ്രിയനടന്‍ ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. നവാഗതനായ സേതുനാഥ് പത്മകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഈ അവധിക്കാലത്ത് നല്ലൊരു ഫാമിലി എന്‍റര്‍ടെയ്നര്‍ ആകുമെന്ന് ഉറപ്പ് തരുന്നു. സിനിമയുടെ വിശേഷങ്ങളുമായി ആസിഫ് അലി.

ആഭ്യന്തരകുറ്റവാളി ചര്‍ച്ചയ്ക്ക് വയ്ക്കുന്ന പ്ലോട്ടിന് ഇന്നത്തെ സമൂഹത്തില്‍ ഒരുപാട് എതിര്‍അഭിപ്രായങ്ങള്‍ ഉണ്ടാകാനിടയുണ്ട്. അതുകൊണ്ട് സിനിമ പുറത്തിറങ്ങുന്നു എന്നത് കുറച്ചെങ്കിലും സമ്മര്‍ദ്ദം തരുന്ന വിഷയമാണോ?

പുരുഷന്മാരുടെ പ്രശ്നങ്ങള്‍ പറയുമ്പോഴും, സ്ത്രീകളുടെ പ്രശ്നങ്ങള്‍ പറയുമ്പോഴും രണ്ടും രണ്ടുതരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്ന ഒരു സമൂഹമാണിത്. കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പോലുമുള്ള ഒരു വലിയ വ്യത്യാസമുണ്ട്. ആ ഒരു വിഷയം ഈ സിനിമയില്‍ പറയുന്നുണ്ട്. അതുപക്ഷേ വളരെ സഭ്യമായ രീതിയില്‍ കുടുംബപ്രേക്ഷകര്‍ കാണുന്നതാണ് എന്ന തിരിച്ചറിവില്‍ നിന്ന് വളരെ മാന്യമായാണ് സംവിധായകന്‍ സേതു ഈ സിനിമ ഉണ്ടാക്കിയിരിക്കുന്നത്. സിനിമയിലെ വാദങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം എന്ന് ആഗ്രഹിക്കുന്നുണ്ട്.

രമേശ് നാരായണനുമായുള്ള ആ വിവാദം ആസിഫിനെ നന്നായി ബാധിച്ചിരുന്നു എന്ന് പറയാനാകുമോ?

അന്ന് വേദിയില്‍ വച്ച് അങ്ങനെയൊരു സംഭവം ഉണ്ടായതിനുശേഷം അദ്ദേഹവുമായി പിന്നീട് സംസാരിക്കാനുള്ള സമയം കിട്ടിയിരുന്നില്ല. കണ്ടുകഴിഞ്ഞാല്‍ എങ്ങനെ പെരുമാറും എന്നും എനിക്ക് ചിന്തയുണ്ടായിരുന്നു. പിന്നീട് ഒരു നോമ്പുതുറയ്ക്ക് ആയിരുന്നു ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചത്. പക്ഷേ അന്ന് ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ സാധാരണ പോലെ ഞങ്ങള്‍ക്ക് വളരെ ബഹുമാനത്തോടെയും സ്നേഹത്തോടെയും ഇടപഴകാന്‍ കഴിഞ്ഞു. അത് പിന്നീട് ചര്‍ച്ചയാവുകയായിരുന്നു.

Tags
abhyanthara kuttavali Asif Ali