എനിക്ക് എന്‍റെ ഭര്‍ത്താവിന്‍റെ കീഴില്‍ ജീവിക്കാന്‍ ആണ് ഇഷ്ടം -സ്വാസിക
വിവിധ ഭാഷാചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ അഭിനയിച്ച് കഴിവ് തെളിയിച്ച സ്വാസികയ്ക്ക് വിവാഹശേഷം ജീവിതത്തില്‍ മാറ്റങ്ങള്‍ അനവധിയാണ്. തിരക്ക് കൂടുകയും ആഗ്രഹിച്ചപോലൊരു ജീവിതം ലഭിക്കുകയും ചെയ്തു എന്നുപറഞ്ഞുകൊണ്ട് സ്വാസിക വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു
അഭിപ്രായം പറഞ്ഞതിനുശേഷം അത് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ?
ഒരിക്കലും ഇല്ല. ഞാന്‍ പറഞ്ഞത് എന്‍റെ അഭിപ്രായം ആണ്. എനിക്ക് എന്‍റെ ഭര്‍ത്താവിന്‍റെ കീഴില്‍ ജീവിക്കാന്‍ ആണ് ഇഷ്ടം. അത് എന്‍റെ മാത്രം ഇഷ്ടമാണ്. അല്ലാതെ മറ്റുള്ളവരോടും അങ്ങനെ ജീവിക്കൂ എന്നല്ല ഞാന്‍ പറഞ്ഞത.് എന്നെ ഇന്‍റര്‍വ്യൂവിന് വിളിക്കുമ്പോള്‍ എന്‍റെ അഭിപ്രായം അല്ലെ എനിക്ക് പറയാന്‍ പറ്റൂ. അല്ലാതെ കേരള സമൂഹത്തിന്‍റെ അഭിപ്രായം എനിക്ക് പറയാന്‍ പറ്റില്ലല്ലോ. ഞാന്‍ പറയുന്നത് ശരിയാണ് എന്നോ ഇങ്ങനെ ജീവിച്ചാലെ നിങ്ങളുടെ ലൈഫില്‍ ഉയര്‍ച്ച ഉണ്ടാവുകയുള്ളൂ എന്നൊന്നും അല്ല ഞാന്‍ പറഞ്ഞത്. എന്‍റെ ഭര്‍ത്താവിനോടുള്ള എന്‍റെ ഇഷ്ടമാണ് ഞാന്‍ പറഞ്ഞത്.
കുടുംബവും ജോലിയും ഒരുമിച്ചുകൊണ്ടുപോകുമ്പോള്‍?
ജോലിയും കുടുംബജീവിതവും നന്നായിട്ട് മാനേജ് ചെയ്യാന്‍ പറ്റണം. വലിയ പൊസിഷനിലിരിക്കുന്ന, അങ്ങനെയുള്ള ഒരുപാട് സ്ത്രീകളെ എനിക്ക് അറിയാം. ഭര്‍ത്താവിനും മക്കള്‍ക്കും ഇഷ്ടപ്പെട്ട സാധനങ്ങള്‍ പാചകം ചെയ്തുകൊടുത്തും വലിയ സ്ഥാനങ്ങളില്‍ ഇരിക്കുന്ന സ്ത്രീകളുണ്ട്. ഞാന്‍ ആഗ്രഹിക്കുന്നത് അങ്ങനെ ആകാനാണ്. ചിലരൊക്കെ അമ്മമാരുടെ ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നത് കാണാറുണ്ട്. ഒരു പത്ത് വര്‍ഷം കഴിയുമ്പോള്‍ അങ്ങനെയുള്ള അമ്മമാരെക്കുറിച്ച് ആരെങ്കിലും പറയുമോ എന്നറിയില്ല. ഞാന്‍ ജോലി ചെയ്യുന്ന അമ്മയായതുകൊണ്ട് ഇതിനൊക്കെയുള്ള സമയമില്ലെന്നാണ് പലരും പറയുന്നത്. അമ്മയുടെ രുചി എന്നൊക്കെ അപ്പോ പറയാന്‍ നമുക്ക് പറ്റുമോ എന്നറിയില്ല. എന്‍റെ മക്കള്‍ക്ക് ഞാന്‍ തന്നെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണം എന്നാണ് ആഗ്രഹം. എനിക്ക് നന്നായി കുക്ക് ചെയ്യാന്‍ പറ്റുമോ എന്നറിയില്ല. എന്‍റെ ആഗ്രഹമാണത്.
ഫാമിലി പ്ലാനിങ്?
ഫാമിലി പ്ലാനിങ്ങിനെക്കുറിച്ച് ഞങ്ങള്‍ കല്യാണത്തിന് മുന്നേ സംസാരിച്ചിരുന്നു. അമ്മയാകുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്. കല്യാണം കഴിഞ്ഞിട്ട് ഒരു വര്‍ഷം ആയതേയുള്ളൂ. ചിലപ്പോള്‍ അടുത്ത വര്‍ഷമൊക്കെ ഉണ്ടാകുമായിരിക്കാം.
ഡബ്ല്യു.സി.സി?
വിന്‍സി ധൈര്യപൂര്‍വ്വം മുന്നോട്ടുവന്ന് അവരുടെ അനുഭവം തുറന്നുപറയുമ്പോള്‍ നമ്മളെല്ലാം അതുകേള്‍ക്കണം. അതെന്താണെന്ന് അന്വേഷിക്കണം. ഇപ്പോള്‍ ഡബ്ല്യു സി സി ആയിക്കോട്ടെ, ഏത് സ്ഥാനത്തായാലും നമ്മള്‍ ഒരു പരാതിയുമായി ചെന്നെന്ന് കരുതുക. ആ പരാതി കൊണ്ടുചെന്നാല്‍ ഉടനെതന്നെ നീതി ലഭിക്കുന്നുണ്ടോ, നീതി കിട്ടുന്നുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് അറിയില്ല. അതിനും സമയമെടുക്കും. അതിനുവേണ്ടി കാത്തിരിക്കാം.