Wednesday, 10 June 2026 | 05:17 PM

Interviews

ഞാന്‍ മിന്നല്‍ പോലെയല്ല നക്ഷത്രമായി പ്രകാശിക്കാനാണ് ആഗ്രഹിക്കുന്നത്... -വേദിക

അജയ്കുമാര്‍ 05 May 2026 12:30 PM
ഞാന്‍ മിന്നല്‍ പോലെയല്ല നക്ഷത്രമായി  പ്രകാശിക്കാനാണ് 
ആഗ്രഹിക്കുന്നത്... -വേദിക

എഴുപതുകളിലേയും എണ്‍പതുകളിലേയും ഇന്‍ഡ്യന്‍ സിനിമയിലെ 'സ്വപ്നോം കി റാണി' ആയിരുന്ന ശ്രീദേവിയുടെ തീവ്ര ആരാധികയായ വേദിക, അവരെ റോള്‍ മോഡലായി സ്വീകരിച്ചുകൊണ്ടാണ് സിനിമയില്‍ ചുവടുവെച്ചത്. എം.എസ്.സി ബിരുദധാരിയായ താരം ശാസ്ത്രീയനൃത്തം, കഥക്, ജാസ് ഡാന്‍സിങ്, ബാസ്കറ്റ് ബോള്‍, ബാറ്റ്മിന്‍റണ്‍ എന്നിങ്ങനെ കലാ-കായിക പരിശീലനം നേടിയ ശേഷമാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ മിക്ക ഭാഷാ സിനിമകളിലും അഭിനയിച്ച് 'പാന്‍ ഇന്‍ഡ്യന്‍' താരമായ വേദികയെ അടുത്തിടെ ചെന്നൈയില്‍ വെച്ചു മുഖാമുഖം കണ്ടപ്പോള്‍...

ഒന്നരപ്പതിറ്റാണ്ടിലേറെക്കാലത്തെ നായികയായിട്ടുള്ള സിനിമാ പ്രയാണത്തില്‍ അരസെഞ്ച്വറി നേടിയിട്ടുണ്ടാവുമോ?

വേദിക: എണ്ണത്തില്‍ എനിക്ക് താല്‍പ്പര്യമില്ല. ഹീറോയെ ചുറ്റിനടന്ന്, മരം ചുറ്റി പാട്ടുപാടുന്ന ഹീറോയിനായി അഭിനയിച്ചിരുന്നെങ്കില്‍ എന്നേ ഞാന്‍ അമ്പത് പടമല്ല നൂറുപടം തികച്ചേനെ. ഞാന്‍ മിന്നല്‍ പോലെയല്ല നക്ഷത്രമായി പ്രകാശിക്കാനാണ് ആഗ്രഹിക്കുന്നത്. എന്‍റെ സിനിമകള്‍ നിങ്ങള്‍ പരിശോധിച്ചുനോക്കൂ. ബോധ്യമാവും.

മലയാളത്തില്‍ ഞാന്‍ അഭിനയിച്ച 'ഉസ്താദ് ഹോട്ടല്‍', 'ജെയിംസ് ആന്‍റ് ആലീസ്', 'വെല്‍കം ടു സെന്‍ട്രല്‍ ജയില്‍', 'ശൃംഗാരവേലന്‍' തമിഴില്‍ അഭിനയിച്ച 'മുനി', 'കാളൈ', 'പരദേശി','കാവിയ തലൈവന്‍','കാഞ്ചന 3' കന്നഡത്തില്‍ അഭിനയിച്ച 'ശിവലിംഗാ' കൂടാതെ ഹിന്ദി സിനിമയില്‍ ഇവ എല്ലാം തന്നെ ഒന്നിനൊന്ന് എന്‍റെ അഭിമാനത്തിന്‍റെ പല പരിണാമങ്ങള്‍ വെളിപ്പെടുത്തിയ സിനിമകളായിരുന്നു. അതൊക്കെ എനിക്ക് സന്തോഷം പകരുന്നു. മനസ്സിന് സംതൃപ്തിയും നല്‍കി.

ഒരു സിനിമയ്ക്കും മറ്റൊരു സിനിമയ്ക്കും മദ്ധ്യേ വലിയ ഇടവേള ഉണ്ടാവുന്നില്ലല്ലോ?

വേദിക: ഒരു സിനിമയില്‍ അഭിനയിച്ച് ആ സിനിമ വിജയിച്ചാല്‍ അതെ ടൈപ്പിലുള്ള വേഷങ്ങളുമായി ക്ഷണം വരും. രണ്ട് ഡ്യുയറ്റ്, നാല് ലവ് സീനുകളില്‍ വന്നുപോകുന്ന ക്യൂട്ട് ഗേളായി ഒരേതരം കഥാപാത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ എനിക്ക് താല്‍പ്പര്യമില്ല. ഓരോ നടനോ നടിയോ ഒരേപോലുള്ള അപ്പിയറന്‍സില്‍, പളപളക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നത് ആരാധകരെ ബോറടിപ്പിക്കും. മേക്കപ്പ്, കോസ്റ്റ്യൂം, ഹെയര്‍സ്റ്റൈല്‍ ഇവ എല്ലാറ്റിലും പുതുമയുണ്ടെങ്കില്‍ ആരാധകര്‍ക്ക് ഇഷ്ടപ്പെടും. അവര്‍ സ്വീകരിക്കും. അവര്‍ കയ്യടിച്ച് സന്തോഷിക്കും. ഇത് മനസ്സില്‍ വെച്ചാണ് കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ഇത് കൊമേഴ്സ്യല്‍ മൂവിയാണോ, സോഷ്യല്‍ മൂവിയാണോ എന്നതിലപ്പുറം കഥാപാത്രത്തിനായുള്ള അര്‍പ്പണവും വേണം. 

കുറച്ചുവര്‍ഷം മുമ്പ് പഠിക്കാന്‍ യു.കെയില്‍ പോയിരുന്നുവെന്ന് കേട്ടു...?

വേദിക: അതെ. വിദേശത്ത് മാര്‍ക്കറ്റിങ് ആന്‍റ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ പഠിക്കാന്‍ പോയതാണ്. അതും അമ്മയുടെ ആഗ്രഹപ്രകാരം. ഒരു പെണ്ണിന് പഠിത്തം വളരെ പ്രധാനമാണല്ലോ. അതാണ് അവളെ സ്വന്തം കാലില്‍ നില്‍ക്കുവാനും, എന്തിനേയും നേരിടുവാനുള്ള ശക്തിയും ആത്മവിശ്വാസവും നല്‍കുക. ഇതില്‍ എന്താണ് വിഷയമെന്നാല്‍, ഉപരിപഠനത്തിന് പോയതിനു മറ്റൊരു ചായംപൂശി, 'വേദിക സിനിമ വിട്ട് ഓടി' എന്ന് പ്രചരിപ്പിക്കുവാന്‍ തുടങ്ങി. അതുകൊണ്ട് വീണ്ടും സിനിമയില്‍ വന്ന് 'ഹാജര്‍' എന്ന് അറ്റന്‍റന്‍സ് നല്‍കി.

എപ്പോഴാണ് സോഷ്യല്‍മീഡിയയില്‍ സജീവമായത്...?

വേദിക: പത്തുവര്‍ഷം മുമ്പേ തന്നെ ഞാന്‍ സമൂഹമാധ്യമങ്ങളില്‍ പ്രവേശിച്ചു. രണ്ട് മില്യനില്‍പ്പരം ആരാധകരുടെ സ്നേഹവും, ലൈക്കും നേടാനായി എന്നത് സന്തോഷം പകരുന്നു. ഇത് ഒരുതരം സൗഹൃദത്തിനുള്ള മാര്‍ഗ്ഗമാണ്. ജനലിലൂടെ ജനങ്ങളുടെ ആസ്വാദനത്തെ മനസ്സിലാക്കുന്നതുപോലെ. എന്‍റെ ഫോട്ടോസ് എന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരിട്ട് ഫാന്‍സിന് കാണുവാനും, അവരുടെ കമന്‍റുകള്‍ വായിക്കുവാനും സോഷ്യല്‍ മീഡിയ വളരെയധികം സഹായകമാണ്.

ആരാണ് വേദികയുടെ ഇന്‍സ്പിരേഷന്‍?

വേദിക: ചെറുപ്പം തൊട്ടേ ശ്രീദേവിയുടെ തീവ്രമായ ആരാധികയാണ് ഞാന്‍. അവരാണ് എനിക്ക് പ്രചോദനം, റോള്‍മോഡല്‍. അവരുടെ എല്ലാ സിനിമയും മിസ് ചെയ്യാതെ അന്വേഷിച്ചുകണ്ടെത്തി കണ്ടിട്ടുണ്ട്. അവരുടെ 'മൂന്നാം പിറ'യിലെ അഭിനയത്തെ എത്ര പറഞ്ഞാലും മതിവരില്ല. അത്ര ഇഷ്ടമാണ്. 'മൂന്നാം പിറ' എത്രയോ ആവര്‍ത്തി ഞാന്‍ കണ്ടിട്ടുണ്ട്.

എപ്പോഴാണ് വേദിക നൃത്തം പഠിച്ചത്..?

വേദിക: സ്ക്കൂളിലും കോളേജിലും പഠിക്കുന്ന കാലത്തുതന്നെ ഒട്ടേറെ കള്‍ച്ചറല്‍ പ്രോഗ്രാമുകളില്‍ പങ്കെടുക്കുമായിരുന്നു. ഡാന്‍സിന് ആദ്യത്തെ ആളായി ചെന്നുനില്‍ക്കുമായിരുന്നു. അങ്ങനെയൊരു അട്രാക്ഷന്‍ എനിക്ക് നൃത്തത്തോടുണ്ട്. ഭരതനാട്യം, ജാസ്, കഥക് എല്ലാം മുറപ്രകാരം അഭ്യസിച്ചിട്ടുണ്ട്. അതൊക്കെ എന്‍റെ സിനിമാ ജീവിതത്തിന് വളരെയധികം ഉപകാരപ്രദമായിട്ടുണ്ട്. എന്‍റെ പെര്‍ഫോമന്‍സ് ചര്‍ച്ചാവിഷയമായതിനുകാരണം ഞാന്‍ ഒരു ഡാന്‍സര്‍ കൂടിയായതുകൊണ്ടാണ്.

കന്നടക്കാരിയാണെങ്കിലും വേദിക നന്നായിട്ട് തമിഴ് സംസാരിക്കുന്നുണ്ടല്ലോ..?

വേദിക: എന്‍റെ പൂര്‍വ്വികര്‍ കര്‍ണ്ണാടകയാണ്. എന്നാല്‍ ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ മുംബയിലാണ്. അച്ഛന്‍റെ സ്വദേശം ബാംഗ്ലൂര്‍. അമ്മയുടെ സ്വദേശം മുംബൈ. അവരുടേത് പ്രണയവിവാഹമായിരുന്നു. ഞാന്‍ പഠിച്ചത് ചെന്നൈയിലാണ്. അതുകൊണ്ട് എനിക്ക് തമിഴ് സരളമായി സംസാരിക്കാന്‍ കഴിയുന്നു. എനിക്ക് കന്നഡ, മറാത്തി, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകള്‍ അറിയാം. മലയാളം കുറച്ച് കുറച്ച് അറിയാം. രണ്ട് മലയാള സിനിമകളില്‍ കൂടി അഭിനയിച്ചാല്‍ മലയാളവും ഞാന്‍ സരളമായി സംസാരിക്കും.

വേദിക കായികതാരം കൂടിയാണ് എന്നുപറഞ്ഞുകേട്ടു?

വേദിക: അതെ. ബാസ്ക്കറ്റ് ബോള്‍, ബാറ്റ്മിന്‍റന്‍, ക്രിക്കറ്റ് എന്നിങ്ങനെ എല്ലാ കളികളും കളിക്കും. ഷൂട്ടിങ് ഇല്ലാത്ത സമയത്ത് മണിക്കൂറുകളോളം നീന്തും. സ്റ്റേറ്റ്ലെവല്‍ നീന്തല്‍ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. എല്ലാ സ്ത്രീകള്‍ക്കും എന്‍റെ ഒരു പേഴ്സണല്‍ അഡ്വൈസുണ്ട്. ദിവസവും കുറച്ചുസമയമെങ്കിലും നീന്തും. അത് മനസ്സിന് സുഖം നല്‍കും. സൗന്ദര്യവും വര്‍ദ്ധിക്കും. കടലില്‍ നീന്തണം എന്നതാണ് എന്‍റെ ലക്ഷ്യം. ആഴക്കടലില്‍ നീന്തിച്ചെന്ന് നഷ്ടപ്പെട്ട, കടല്‍ വിഴുങ്ങിയ ഏതെങ്കിലും ഒരു നഗരത്തെ കണ്ടുപിടിച്ച് സര്‍ക്കാരിനെ അറിയിക്കണം എന്ന ഒരു ലക്ഷ്യമുണ്ട്.

വേദികയുടെ സൗന്ദര്യത്തിന്‍റെ രഹസ്യം എന്താണ്...?

വേദിക: വലിയ രഹസ്യമൊന്നുമില്ല. നല്ല ആഹാരം, നല്ല വായു സഞ്ചാരമുള്ള അന്തരീക്ഷം, ദിവസവും രാവിലെയും വൈകുന്നേരവും വ്യായാമം ചെയ്യും. മനസ്സ് ശാന്തമാവാന്‍ യോഗ ചെയ്യും. ധ്യാനവും പ്രാര്‍ത്ഥനയും ചെയ്യും. ആ പ്രാര്‍ത്ഥനയില്‍ എല്ലാവര്‍ക്കും നല്ലത് വരണം എന്നുപ്രാര്‍ത്ഥിക്കും. എളിമയാണ് പ്രധാനം. അതാണ് സൗന്ദര്യം.

അജയ്കുമാര്‍

Tags
Vedhika aadu 3